
ഇന്ത്യൻ പൗരന്മാർക്കുള്ള വീസ-ഓൺ-അറൈവൽ പ്രോഗ്രാം വിപുലീകരിച്ച് യു.എ.ഇ. ആറ് രാജ്യങ്ങളിൽ നിന്ന് സാധുവായ വീസകളുള്ള യാത്രക്കാരെ കൂടി യോഗ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയാണ് പ്രോഗ്രാം വിപുലീകരിച്ചത്. സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, കാനഡ എന്നിവിടങ്ങളിലെ സാധുവായ വീസകൾ, താമസാനുമതികൾ, ഗ്രീൻ കാർഡുകൾ എന്നിവ ഉള്ള ഇന്ത്യക്കാരെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
14 ദിവസത്തെ വീസയ്ക്ക് 100 ദിർഹം (ഏകദേശം 2,270 രൂപ) യുഎഇ ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റുകളിൽ യാത്രക്കാര്‍ വീസ ഫീസ് അടയ്ക്കേണ്ടതുണ്ട്. 14 ദിവസം കൂടി വീസ നീട്ടുന്നതിനും 60 ദിവസത്തെ വീസയ്ക്കും 250 ദിർഹം (ഏകദേശം 5,670 രൂപ) വീതം അധികമായി നല്‍കണം.
ഇന്ത്യൻ പൗരന്മാർക്ക് സുഗമമായ യാത്ര ഉറപ്പാക്കുക, യുഎഇയിലെ ജീവിതം, താമസം, തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ച് അറിയുന്നതിനുള്ള പുതിയ അവസരങ്ങൾ ഇന്ത്യക്കാര്‍ക്കും അവരുടെ കുടുംബങ്ങൾക്കും നൽകുക എന്നിവയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.
യു.എ.ഇ യുടെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനും സംരംഭകരെ കൂടുതലായി രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനും ഊന്നല്‍ നല്‍കിയാണ് വീസ-ഓൺ-അറൈവൽ പ്രോഗ്രാം വിപുലീകരിച്ചിരിക്കുന്നത്. യു.കെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യു.എസ് എന്നിവിടങ്ങളില്‍ നിന്നുളള ഇന്ത്യന്‍ യാത്രക്കാര്‍ക്ക് നേരത്തെ ഈ സൗകര്യം ലഭ്യമാക്കിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine