ശാസ്ത്ര മേഖലയില്‍ നിന്ന് സ്ത്രീകളെ കൂടുതല്‍ നിയമിക്കാന്‍ കമ്പനികള്‍

സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്‌സ് (STEM) എന്നിവയെ അടിസ്ഥാനമാക്കിയുള്ള തൊഴിലുകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ പ്രയത്‌നിക്കുന്നതായി ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇത് സാങ്കേതിക നവീകരണത്തില്‍ ആശയങ്ങളുടെ വൈവിധ്യം കൊണ്ടുവരുന്നതിനും ടാലന്റ് പൂള്‍ വിപുലീകരിക്കുന്നതിനും സഹായിക്കും. ഇതിന്റെ ഭാഗമായി പല കമ്പനികളും സ്ത്രീകളെ കൂടുതലായി നിയമിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എസ്ടിഇഎമ്മില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കമ്പനികള്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. മാത്രമല്ല ഒരു ഇടവേളയ്ക്ക് ശേഷം തൊഴിലിലേക്ക് തിരിച്ചു വരുന്നവരെ സഹായിക്കുകയും ചെയ്യുന്നു. വേദാന്ത, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര എന്നിവയുള്‍പ്പെടെയുള്ള മുന്‍നിര കമ്പനികള്‍, കൂടുതല്‍ സ്ത്രീകളെ ടെക് നേതൃത്വ റോളുകളിലേക്ക് ഉയര്‍ത്തുന്നതിനൊപ്പം ഇത്തരം ജോലികളില്‍ സ്ത്രീകളെ നിയമിക്കുന്നത് വേഗത്തിലാക്കി.

പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ വിവിധ സംരംഭങ്ങളിലൂടെ ലിംഗഭേദം മറികടന്നുള്ള നിയമനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. തുല്യത കൈവരിക്കുന്നതിനുള്ള വ്യവസ്ഥാപരമായ സമീപനം സ്വീകരിക്കുന്നതില്‍ പി ആന്‍ഡ് ജി ഇന്ത്യ മുന്നേറുകയാണെന്ന് കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്സ് മേധാവി പി എം ശ്രീനിവാസ് പറഞ്ഞു. ഒരു ഇടവേളയ്ക്ക് ശേഷം ജോലി പുനരാരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഷ്ടാനുസൃത പരിശീലനം, മെന്റര്‍ഷിപ്പ് പ്രോഗ്രാമുകള്‍, നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോമുകള്‍ എന്നിവയിലൂടെ അവരെ ശാക്തീകരിക്കുന്നതിലും കമ്പനി വലിയ പങ്ക് വഹിക്കുന്നു.

കൂടാതെ സര്‍ക്കാര്‍ നടത്തുന്ന വ്യാവസായിക പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പങ്കാളിത്തത്തോടെ ഇത്തരം തൊഴിലുകള്‍ക്കായി ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന 50 ല്‍ അധികം കോളേജുകളില്‍ കമ്പനി ഇതിനു വേണ്ട സഹായം നല്‍കുന്നുണ്ട്. എസ്ടിഇഎം അടിസ്ഥാനമാക്കിയുള്ള തൊഴിലുകളില്‍ കൂടുതല്‍ സ്ത്രീകളെ നിയമിക്കുന്നതിനും മുതിര്‍ന്ന സ്ത്രീകളെ സാങ്കേതിക നേതൃത്വ റോളുകളിലേക്ക് ഉയര്‍ത്തുന്നതിനും കൊട്ടക് മഹീന്ദ്ര ബാങ്കും ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

പ്രൊഡക്റ്റ് എന്‍ജിനീയറിംഗ്, സോഫ്റ്റ് വെയര്‍ എന്‍ജിനീയറിംഗ്, ഡാറ്റാ അനാലിസിസ് തുടങ്ങിയ റോളുകളില്‍ കാമ്പസുകളില്‍ നിന്നും കൂടുതല്‍ സ്ത്രീകളെ നിയമിക്കുന്നതില്‍ തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കൊട്ടക് മഹീന്ദ്ര ബാങ്ക് ചീഫ് ടെക്നോളജി ഓഫീസര്‍ മിലിന്ദ് നഗ്‌നൂര്‍ പറഞ്ഞു. അടുത്തിടെ രാജസ്ഥാനിനെ വനിതാ സര്‍വകലാശാലയില്‍ നിന്നും ഈ വിഷയങ്ങള്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളെ വേദാന്ത നിയമിച്ചു. കണ്‍ട്രോള്‍ റൂം ഓപ്പറേഷന്‍സ്, ക്വാളിറ്റി അഷ്വറന്‍സ്, ലാബുകള്‍, ഐടി, ഡിജിറ്റല്‍, ഫിനാന്‍സ് തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളില്‍ ഇത്തരം വനിതാ ജീവനക്കാരാണ് കമ്പനിക്കുള്ളതെന്ന് വേദാന്ത ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍ മധു ശ്രീവാസ്തവ പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it