റീപോ റേറ്റ് വീണ്ടും ഉയര്‍ന്നു, ഫിക്‌സഡ് ഡെപ്പോസിറ്റ് ഉള്ളവര്‍ക്ക് ഗുണകരമാകുമോ?

2022 ഓഗസ്റ്റ് 5-ന് നടന്ന പണനയ യോഗത്തില്‍ ആര്‍ബിഐ വീണ്ടും റീപോ നിരക്ക് (Repo Rate) 0.50% വര്‍ധിപ്പിച്ചിരിക്കുകയാണ്. പണപ്പെരുപ്പത്തെ ചെറുക്കാന്‍ 2022 മെയ് മാസത്തില്‍ ആരംഭിച്ച നിരക്ക് വര്‍ധനവ് തുടരുകയാണ്. 93 ദിവസത്തിനുള്ളില്‍ റീപോ നിരക്ക് വര്‍ധിച്ചത് 1.4% (50+90) bsp ആണ്.

തുടര്‍ച്ചയായി മൂന്ന് തവണ റീപോ നിരക്ക് വര്‍ധിപ്പിച്ചതോടെ വായ്പാ പലിശ നിരക്ക് മാത്രമല്ല, ഫിക്‌സഡ് ഡെപ്പോസിറ്റ് (Fixed Deposit) ഉള്ളവര്‍ക്കും ഉയര്‍ന്ന പലിശ നിരക്കുകള്‍ ലഭിക്കും. കഴിഞ്ഞ നിരക്ക് പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് പല ബാങ്കുകളും എഫ്ഡി പലിശ നിരക്കുകള്‍ പുതുക്കി പുറത്തിറക്കുകയും ചെയ്തിരുന്നു.
Also Read: ടേം ഡെപ്പോസിറ്റിന് ഇന്നു മുതല്‍ കൂടുതല്‍ പലിശ നല്‍കി ഈ ബാങ്ക്

പല ബാങ്കുകളും ഇപ്പോള്‍ 6.5% നിരക്കിലാണ് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ നല്‍കുന്നത്. പലിശ നിരക്ക് 6.5% ല്‍ നിന്ന് 7% ആയി 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചാല്‍, 5 വര്‍ഷത്തേക്കുള്ള ഓരോ 1 ലക്ഷം FDയിലും നിക്ഷേപകര്‍ക്ക് 3,436 രൂപ അധിക പലിശ ലഭിക്കും. എംസിഎല്‍ആര്‍(Marginal COst Lending Rates) ഉയര്‍ത്തല്‍ തുടരുന്നതനുസരിച്ച് സ്വാഭാവികമായും വായ്പാ പലിശ നിരക്കുകള്‍ ആണ് ആദ്യം ഉയരുക. കഴിഞ്ഞ പാദത്തിലും നാലോളം ബാങ്കുകള്‍ വായ്പാ പലിശനിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. 0.10 ശതമാനത്തോളം ബിപിഎസ് വര്‍ധനവ് വായ്പാ പലിശ നിരക്കുകളിലും പ്രതീക്ഷിക്കാം.

എസ്ബിഐ യുടെ ഈ നിരക്ക് വര്‍ധന എത്രത്തോളം തുടരുമെന്നത് നിശ്ചയമില്ല. എന്നാല്‍ പല ബാങ്കുകളും നിരക്ക് ഇനിയും ഉയര്‍ത്തിയേക്കും. ഇത്തരത്തില്‍ ദീര്‍ഘകാല FD പലിശനിരക്കുകള്‍ 8 ശതമാനത്തില്‍ എത്തിയേക്കും. 93 ദിവസങ്ങള്‍ക്കുള്ളില്‍ റീപോ നിരക്ക് ഗണ്യമായി 1.4% വരെ വര്‍ധിപ്പിച്ച സ്ഥിതിക്ക് നിരക്കുകള്‍ ഇനിയും ഉയര്‍ന്നേക്കാം. 5.75 വരെ റീപോ നിരക്കുകള്‍ ഉയര്‍ത്താന്‍ സാധ്യത കാണുന്നതായി കോട്ടക് മഹീന്ദ്ര ബാങ്ക് ഉള്‍പ്പെടെയുള്ളവര്‍ പ്രവചിച്ചിട്ടുണ്ട്. മറ്റ് പലരും അത് 6.25 വരെ ഉയരുമെന്നും സൂചനകള്‍ നല്‍കുന്നു.
മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ നേട്ടം
എസ്ബിഐ പോലുള്ള പ്രമുഖ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന എഫ്ഡി നിരക്കുകള്‍ റീപോ ലിങ്ക്ഡ് ആയതിനാല്‍ തന്നെ 5 വര്‍ഷത്തെയൊക്കെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.5% പലിശ നിരക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ വരും മാസങ്ങളില്‍ റീപോ നിരക്ക് 6.25% ല്‍ എത്തിയാല്‍ ബാങ്ക് സാധാരണ പൗരന്മാര്‍ക്കുള്ള FD നിരക്ക് 7.75% ആയി ഉയര്‍ത്തിയേക്കാം. അതേസമയം മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിരക്ക് 8.25% എന്ന വന്‍ പലിശ നിരക്കിലേക്കും ഉയരാന്‍ സാധ്യതയുണ്ട്.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഉള്‍പ്പെടെയുള്ള പല സ്വകാര്യ ബാങ്കുകളും റീപോനിരക്കിന്റെ ചുവടു പിടിച്ച് കഴിഞ്ഞ പാദത്തില്‍ നേരിയ തോതില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. പല പ്രമുഖ ചെറുകിട ബാങ്കുകളും സാധാരണ പൗരന്മാര്‍ക്ക് എഫ്ഡി നിരക്ക് 6.5%, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7% അല്ലെങ്കില്‍ അതിന് മുകളിലുള്ള നിരക്ക് എന്നിങ്ങനെയാണ് നിലവില്‍ വാഗ്ദാനം ചെയ്യുന്നത്.

ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, യെസ് ബാങ്ക് എന്നിവ സാധാരണ പൗരന്മാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്ക് നിലവില്‍ 6.5% ആണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്നത് 0.5 ശതമാനം വര്‍ധനവോടെ 7 ശതമാനവും ആണ്. എന്നാല്‍ ബാങ്കുകള്‍ക്ക് റീപോ ലിങ്ക്ഡ് പലിശ നിരക്കുകളില്‍ പരിധികള്‍ നിശ്ചയിക്കാന്‍ അധികാരമുള്ളതിനാല്‍ നിരക്ക് വര്‍ധന പുറത്തുവിടുന്നതുവരെ കാത്തിരിക്കേണ്ടി വരും.


Related Articles
Next Story
Videos
Share it