Begin typing your search above and press return to search.
സ്വര്‍ണ ബോണ്ട്: 8 വര്‍ഷത്തിനിടെ സമ്മാനിച്ചത് ശരാശരി 13.7% ആദായം
രാജ്യത്ത് ഭൗതിക സ്വര്‍ണത്തിന്റെ ഇറക്കുമതിയും ഉപഭോഗവും കുറയ്ക്കുകയും സ്വര്‍ണത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രയോജനപ്പെടുംവിധം നിക്ഷേപമായി വളര്‍ത്തുകയും ലക്ഷ്യമിട്ട് 2015ലാണ് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ചേര്‍ന്ന് സോവറീന്‍ ഗോള്‍ഡ് ബോണ്ട് (Sovereign Gold Bond/ SGB) പദ്ധതി അവതരിപ്പിച്ചത്. ഇതിനകം 66 തവണ കേന്ദ്രത്തിന് വേണ്ടി റിസര്‍വ് ബാങ്ക് ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കി. തുടര്‍ന്ന് ഈ എട്ടുവര്‍ഷക്കാലയളവില്‍ നിക്ഷേപകര്‍ക്ക് ഗോള്‍ഡ് ബോണ്ട് സമ്മാനിച്ച റിട്ടേണ്‍ (ആദായം) ശരാശരി 13.7 ശതമാനമാണെന്ന് 'ഇക്കണോമിക് ടൈംസ്' പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Also Read : ബജറ്റ് വലച്ചു; കേരളത്തില്‍ കാര്‍ വില്‍പന പാതിയായി
സ്വര്‍ണവിലയില്‍ ഇക്കാലയളവിലുണ്ടായ വന്‍ വളര്‍ച്ച, ആഗോള സാമ്പത്തികരംഗത്തെ അസ്ഥിരത എന്നിവയാണ് നിക്ഷേപകരെ സുരക്ഷിത നിക്ഷേപമെന്നോണം ഗോള്‍ഡ് ബോണ്ടിലേക്ക് ആകര്‍ഷിച്ചതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും പിന്തുണയും മേല്‍നോട്ടവും ഉള്ളതിനാല്‍ പദ്ധതി ഏറെ സുരക്ഷിതമാണെന്ന വിലയിരുത്തലുകളും നിക്ഷേപകരെ സ്വാധീനിച്ചു.
പലിശ വരുമാനവും നേടാം
സോവറീന്‍ ഗോള്‍ഡ് ബോണ്ടിന്റെ ഇതുവരെയുള്ള ഇഷ്യൂകളില്‍ ഏതിലെങ്കിലും നിക്ഷേപിച്ചവര്‍ക്ക് ഇതിനകം കുറഞ്ഞത് 4.48 ശതമാനം റിട്ടേണ്‍ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. സോവറീന്‍ ഗോള്‍ഡ് ബോണ്ട് വാഗ്ദാനം ചെയ്യുന്ന നികുതിരഹിത 2.50 ശതമാനം പലിശനിരക്ക് ഉള്‍പ്പെടാതെയുള്ള റിട്ടേണാണിത് എന്ന പ്രത്യേകതയുമുണ്ട്. ഗോള്‍ഡ് ഇ.ടി.എഫ് പോലുള്ള മറ്റ് സ്വര്‍ണനിക്ഷേപങ്ങളില്‍ നിന്നുള്ള ആദായത്തിന് ആദായനികുതി ബാധകമാണ്. അത് ആ വ്യക്തി ഉള്‍പ്പെടുന്ന ഇന്‍കം ടാക്‌സ് സ്ലാബ് അടിസ്ഥാനമായാണ് ഈടാക്കുക.
നേട്ടത്തിന്റെ വഴി
2015 നവംബറിലാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ടിന്റെ ആദ്യ ഇഷ്യൂ പുറത്തിറങ്ങിയത്. പദ്ധതിയില്‍ അന്ന് ഗ്രാമിന് വില 2,864 രൂപയായിരുന്നു. ഇത്തരത്തില്‍ വാങ്ങിയ സ്വര്‍ണത്തിന്റെ വില ഇപ്പോള്‍ 6,017 രൂപയാണ്. ഈവര്‍ഷം നവംബറില്‍ ഈ ഇഷ്യൂവിന്റെ കാലാവധി അവസാനിക്കും. അന്നത്തെ വിലപ്രകാരമുള്ള നിക്ഷേപം തിരികെ നിക്ഷേപര്‍ക്ക് ലഭിക്കുകയും ചെയ്യും. ഒരു ഗ്രാമാണ് ഒരു സോവറീന്‍ ഗോള്‍ഡ് ബോണ്ട്.
സോവറീന്‍ ഗോള്‍ഡ് ബോണ്ട്
ഒരു വ്യക്തിക്ക് ഒരു സാമ്പത്തിക വര്‍ഷം ഒരു ഗ്രാം മുതല്‍ നാല് കിലോഗ്രാം വരെ സ്വര്‍ണത്തിന്റെ മൂല്യമുള്ളത്ര ഗോള്‍ഡ് ബോണ്ട് വാങ്ങാം. ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും ട്രസ്റ്റുകള്‍ക്കും വാങ്ങാവുന്നത് പരമാവധി 20 കിലോഗ്രാം. നിക്ഷേപം പൂര്‍ത്തിയാകുന്ന സമയത്തെ സ്വര്‍ണവിലയ്‌ക്കൊപ്പം 2.5 ശതമാനം നികുതിരഹിത പലിശ കൂടി നേടാനാകും.
ഇഷ്യൂ കാലയളവില്‍ തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് ശാഖകള്‍, സ്‌റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഓഹരി വിപണികള്‍, തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസ് ശാഖകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഗോള്‍ഡ് ബോണ്ട് വാങ്ങാനാവുക. ഡിജിറ്റലായി അപേക്ഷിക്കുന്നവര്‍ക്കും പണമടയ്ക്കുന്നവര്‍ക്കും ഗ്രാമിന് 50 രൂപ ഡിസ്‌കൗണ്ടും റിസര്‍വ് ബാങ്ക് നല്‍കുന്നുണ്ട്.
Next Story
Videos