

ഏകീകൃത പെൻഷൻ പദ്ധതി (UPS) തിരഞ്ഞെടുത്ത ജീവനക്കാർക്ക് ദേശീയ പെൻഷൻ പദ്ധതിയിലേക്ക് (NPS) വൺ-വേ സ്വിച്ച് സൗകര്യം അനുവദിക്കാൻ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഒറ്റത്തവണയായിരിക്കും ഈ സൗകര്യം അനുവദിക്കുക. വിരമിക്കുന്നവര്‍ സൂപ്പർആനുവേഷൻ തീയതിക്ക് ഒരു വർഷം മുമ്പോ, സ്വമേധയാ വിരമിക്കുന്ന സാഹചര്യത്തിൽ വിരമിക്കൽ തീയതിക്ക് മൂന്ന് മാസം മുമ്പോ യുപിഎസ് തിരഞ്ഞെടുത്തവര്‍ക്ക് സ്വിച്ച് സൗകര്യം പ്രയോഗിക്കാമെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
സമയപരിധിക്കുള്ളിൽ സ്വിച്ച് സൗകര്യം വിനിയോഗിച്ചില്ലെങ്കിൽ ജീവനക്കാരൻ യുപിഎസിൽ തന്നെ തുടരുന്നതാണ്. എന്‍പിഎസിൽ ഉൾപ്പെട്ട കേന്ദ്ര സർക്കാർ ജീവനക്കാർക്കായി 2025 ജനുവരി 24 നാണ് ധനകാര്യ മന്ത്രാലയം ഏകീകൃത പെൻഷൻ പദ്ധതി വിജ്ഞാപനം ചെയ്തത്. 2025 ഏപ്രിൽ 1 മുതൽ ആരംഭിച്ച പദ്ധതിയില്‍ മന്ദഗതിയിലുള്ള പുരോഗതിയാണ് ഉളളത്. ജൂലൈ 20 വരെ 31,555 കേന്ദ്ര സർക്കാർ ജീവനക്കാർ മാത്രമാണ് എന്‍പിഎസിൽ നിന്ന് യുപിഎസിലേക്ക് മാറാൻ തിരഞ്ഞെടുത്തിരിക്കുന്നത്.
25 വർഷത്തെ ഏറ്റവും കുറഞ്ഞ യോഗ്യതാ സേവനം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ വിരമിക്കലിന് മുമ്പുള്ള അവസാന 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ജീവനക്കാർക്ക് ഉറപ്പ് നൽകുന്ന പദ്ധതിയാണ് യുപിഎസ്. എൻപിഎസിന് കീഴിലുള്ള വിപണി അധിഷ്ഠിതമായ റിട്ടേണുകളിൽ നിന്ന് ഇത് വ്യത്യസ്തമാണ്. എന്‍പിഎസില്‍ ഒരു വ്യക്തിയുടെ പെൻഷൻ മൂലധനം നിക്ഷേപങ്ങളുടെ പ്രകടനത്തെ ആശ്രയിച്ചാണ് ഉളളത്.
എന്‍പിഎസിലേക്ക് മാറിയാല്‍ യുപിഎസ് പ്രകാരമുള്ള പേഔട്ടുകൾക്കും ആനുകൂല്യങ്ങൾക്കും ജീവനക്കാര്‍ക്ക് അർഹതയുണ്ടായിരിക്കില്ല. ജീവനക്കാര്‍ക്ക് ഒന്നിലധികം ഓപ്ഷനുകള്‍ നല്‍കുന്നതാണ് നടപടി. എന്നാല്‍ ജീവനക്കാരൻ ഒരിക്കല്‍ എന്‍പിഎസ് തിരഞ്ഞെടുത്തുകഴിഞ്ഞാൽ, അവർക്ക് യുപിഎസിലേക്ക് മടങ്ങാൻ കഴിയില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.
Indian government allows a one-time switch from Unified Pension Scheme (UPS) to National Pension System (NPS) with key conditions.
Read DhanamOnline in English
Subscribe to Dhanam Magazine