

കേന്ദ്ര സർക്കാർ പിന്തുണയോടെയുള്ള ദീർഘകാല വിരമിക്കൽ സമ്പാദ്യ പദ്ധതികളിലൊന്നായ എൻപിഎസിൽ (നാഷണൽ പെൻഷൻ സിസ്റ്റം) അംഗങ്ങളായിട്ടുള്ളവർക്ക് ഉറപ്പുള്ള പ്രതിമാസ പെൻഷൻ തുക ലഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചു. എൻപിഎസിന്റെ ഔദ്യോഗിക നിയന്ത്രണ ഏജൻസിയായ പിഎഫ്ആർഡിഎ (PFRDA) ആണ്, പദ്ധതിയുടെ ഭാഗമായ നിക്ഷേപകർക്ക് വിപണിയുടെ ചാഞ്ചാട്ടങ്ങളെ അതിജീവിച്ചുകൊണ്ട് ഉറപ്പുള്ള പ്രതിമാസ പെൻഷൻ ലഭ്യമാക്കുന്നതിനായി ഉചിതമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള 15 അംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
മുൻ ഐബിബിഐ (ഇൻസോൾവൻസി & ബാങ്ക്റപ്സി ബോർഡ് ഓഫ് ഇന്ത്യ) ചെയർമാൻ എംഎസ് സാഹൂ അധ്യക്ഷനായ ഉന്നതതല സമിതിയിൽ നിയമം, ധനകാര്യം, ഇൻഷുറൻസ്, ആങ്ചൂറിയൽ സയൻസ്, മൂലധന വിപണി എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എൻപിഎസ് പദ്ധതിയുടെ വിപണി ബന്ധിത സ്വഭാവം നിലനിർത്തിക്കൊണ്ട് തന്നെ, അംഗങ്ങളായവർക്ക് ജോലിയിൽ നിന്നും വിരമിച്ച ശേഷം നിശ്ചിത പ്രതിമാസ പെൻഷൻ തുക ഉറപ്പാക്കാൻ കഴിയുന്ന ഒരു ഫോർമുല കണ്ടെത്തുക എന്നതാണ് വിദഗ്ധ സമിതിക്കുള്ള പ്രധാന ഉത്തരവാദിത്തം.
വ്യവസ്ഥാപിത പ്രതിമാസ പെൻഷൻ ലഭ്യമാക്കുന്നത് സംബന്ധിച്ച്, പിഎഫ്ആർഡിഎ തന്നെ 2025 സെപ്റ്റംബറിൽ മുന്നോട്ടു വച്ചിട്ടുള്ള വിദഗ്ദ്ധാഭിപ്രായങ്ങളുടെ സാധ്യതകളും പുതിയതായി രൂപീകരിച്ചിട്ടുള്ള ഉന്നതതല സമിതി പരിശോധിക്കുന്നതായിരിക്കും. അതുപോലെ എൻപിഎസ് പദ്ധതിയുടെ കീഴിലുള്ള നിക്ഷേപത്തിന്റെ വളർച്ച ഘട്ടത്തിനും പിൻവലിക്കൽ ഘട്ടത്തിനും ഇടയിലുള്ള സുഗമമായ പരിവർത്തനം സാധ്യമാക്കുന്നതിനുള്ള നിർദേശങ്ങളും കണ്ടെത്തണം. ഇവയെല്ലാം വിപണി അധിഷ്ഠിത നിക്ഷേപ മാർഗങ്ങൾക്ക് നിലവിൽ ബാധകമായിട്ടുള്ള നിയമങ്ങൾക്ക് അനുസൃതമായി വരികയും വേണമെന്നതാണ് ഉന്നതതല സമിതിക്ക് മുന്നിലുള്ള യഥാർത്ഥ വെല്ലുവിളി.
അതേസമയം ഉചിതമായ നിർദേശം കണ്ടെത്താൻ സാധിച്ചാൽ അത് രാജ്യത്തെ പെൻഷൻ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും ദീർഘകാല വിരമിക്കൽ സമ്പാദ്യ പദ്ധതിയുടെ സുരക്ഷ വർധിപ്പിക്കുന്നതിനും സഹായകരമാകും. നിശ്ചിത പ്രതിമാസ പെൻഷൻ ഉറപ്പാക്കുന്നതിനുള്ള മികച്ച മാർഗങ്ങൾ കണ്ടെത്തുന്നതിനായി എംഎസ് സാഹൂ അധ്യക്ഷനായ ഉന്നതതല സമിതി പുറത്തുനിന്നുള്ള വിദഗ്ധരുടെ അഭിപ്രായങ്ങളും തേടുന്നതാണ്.
എൻപിഎസിൽ നിന്നും ഉറപ്പുള്ള പ്രതിമാസ പെൻഷൻ തുക പദ്ധതിയിലെ അംഗങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള എന്തെങ്കിലും പുതിയ നിയമങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടോ എന്നതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നിരുന്നാലും ഇന്ത്യയിലെ പെൻഷൻ സംവിധാനത്തെ മികച്ചതാക്കുന്നതിനുള്ള പുതിയ പ്രവർത്തനപദ്ധതികളോ സർക്കാരിന്റെ ധനസഹായം ഉറപ്പാക്കുന്നതിനുള്ള നീക്കങ്ങളോ ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ നിന്നും ഉണ്ടാകുമോ എന്നാണ് നിക്ഷേപകലോകം ഉറ്റുനോക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine