അപ്രതീക്ഷിതമായി നിങ്ങളുടെ വരുമാനം നിലച്ചാല്‍ 'പണി കിട്ടാതിരിക്കാന്‍' എന്തുചെയ്യണം?

കഴിഞ്ഞ ലക്കത്തില്‍ ചര്‍ച്ച ചെയ്ത കാര്യം മറന്നില്ലല്ലോ? സമ്പാദ്യവും നിക്ഷേപവും തമ്മിലുള്ള വ്യത്യാസമെന്താണെന്നാണ് അതില്‍ വിവരിച്ചത് (Click here to read). ഇത്തവണ വ്യത്യസ്ത സമ്പാദ്യ പദ്ധതികളെപ്പറ്റിയും എമര്‍ജന്‍സി ഫണ്ട് സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാം.
സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യപടി എന്താണെന്നറിയാമോ? ഒരു എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കലാണ്. എന്താണീ എമര്‍ജന്‍സി ഫണ്ട്? സര്‍ക്കസില്‍ ട്രപ്പീസുകളിക്കാര്‍ക്ക് താഴെ ഒരു വലവലിച്ച് കെട്ടുന്നത് കണ്ടിട്ടില്ലേ, കളിക്കിടെ താഴെ വീണാല്‍ അപകടം പറ്റാതിരിക്കാനുള്ള മുന്‍കരുതല്‍. ഇതു
പോലെ ഒരു സുരക്ഷാവലയമാണ് എമര്‍ജന്‍സി ഫണ്ട്. നമ്മുടെ വരുമാനം അപ്രതീക്ഷിതമായ ചില കാര്യങ്ങള്‍ കൊണ്ട് കുറയുകയോ കിട്ടാതിരിക്കുകയോ ചെയ്യാം. അങ്ങനെ സംഭവിച്ചാലും തട്ട്കേട് പറ്റാതെ ജീവിക്കാനുള്ള ഫണ്ടാണിത്.
എത്ര രൂപ സമാഹരിക്കണം?
എമര്‍ജന്‍സി ഫണ്ടായി എത്ര രൂപ സമാഹരിച്ചുവെയ്ക്കണം എന്നത് ഓരോ വ്യക്തിയെയും അവരുടെ മാസവരുമാനത്തെയും ജോലി സുരക്ഷിതത്വത്തെയുമെല്ലാം ആശ്രയിച്ചിരിക്കുന്നു. എമര്‍ജന്‍സി ഫണ്ട് സ്വരുക്കൂട്ടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അത് വളരെ പെട്ടെന്ന് പണമാക്കി എടുക്കാന്‍ പറ്റണം. സുരക്ഷിതമായിരിക്കണം.
വിവിധ സമ്പാദ്യ പദ്ധതികള്‍
ഓരോ വ്യക്തിയുടെയും ആവശ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് പണം സൂക്ഷിക്കാന്‍ പറ്റുന്ന വിവിധ പദ്ധതികളില്‍ ചിലത് താഴെ കൊടുക്കുന്നു.
  • ബാങ്ക് നിക്ഷേപങ്ങള്‍: ബാങ്കിലെ സ്ഥിരനിക്ഷേപങ്ങള്‍, റെക്കറിംഗ് നിക്ഷേപം, സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് (സി.ഡി) എന്നിവയെല്ലാം പൊതുവെ ഉള്ള സമ്പാദ്യ പദ്ധതികളാണ്. അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് മാത്രമേ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളൂ എങ്കില്‍ പോലും ബാങ്ക് നിക്ഷേപം ഇന്ത്യയില്‍ നൂറ് ശതമാനം സുരക്ഷിതമായ ഒന്നായാണ് കരുതുന്നത്.
  • നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്: സര്‍ക്കാര്‍ പിന്തുണയുള്ള ഈ സമ്പാദ്യ പദ്ധതിക്ക് പലിശ സ്ഥിരമായി ലഭിക്കും. നികുതി ഇളവുമുണ്ട്. ഇതിന്റെ ഏറ്റവും കുറഞ്ഞ ലോക്ക്-ഇന്‍ പിരീഡ് അഞ്ചുവര്‍ഷമാണ്.
  • പബ്ലിക് പ്രൊവിഡന്റ് ഫണ്ട്: ഇന്ത്യന്‍ സര്‍ക്കാര്‍ പിന്തുണയുള്ള ദീര്‍ഘകാല സമ്പാദ്യ പദ്ധതിയാണിത്. ആദായനികുതി നിയമം സെക്ഷന്‍ 80ഇ പ്രകാരം നികുതി ഇളവും ആകര്‍ഷകമായ പലിശ നിരക്കുമാണ് ഇതിന്റെ സവിശേഷത. പി.പി.എഫ് നിക്ഷേപത്തിന് 15 വര്‍ഷത്തെ ലോക്ക്-ഇന്‍ കാലാവധിയുണ്ട്. എന്നാല്‍ പ്രത്യേക കാലാവധിക്ക് ശേഷം ഭാഗികമായി പിന്‍വലിക്കാനുള്ള അനുവാദമുണ്ട്.
  • ചിട്ടി: ചിട്ടികള്‍ വളരെ സാധാരണമായ സമ്പാദ്യ പദ്ധതിയാണ്. ഒരു പ്രത്യേക കാലയളവിലേക്ക് വ്യക്തികള്‍ക്ക് അവരുടെ പണം സ്വരുക്കൂട്ടി വെയ്ക്കാന്‍ ചിട്ടികള്‍ സഹായകരമാണ്. തട്ടിപ്പിലൂടെ പണം നഷ്ടമാകാതിരിക്കാന്‍ പാരമ്പര്യവും വിശ്വാസവും മികച്ച അടിത്തറയുള്ളതുമായ കമ്പനികളുടെ ചിട്ടികളില്‍ വേണം ചേരാന്‍.
  • ബോണ്ടുകള്‍, ഡിബഞ്ചറുകള്‍: ബോണ്ടുകള്‍ വളരെ സുരക്ഷിതമായ നിക്ഷേപമായാണ് കരുതുന്നതെങ്കിലും പലവിധത്തിലുള്ള റിസ്‌കുകള്‍ ഇതിനുണ്ട്. ക്രെഡിറ്റ് റിസ്‌ക്, പണപ്പെരുപ്പം മൂലമുള്ള റിസ്‌ക്, പെട്ടെന്ന് പണമാക്കി മാറ്റാന്‍ പ്രയാസമുള്ളതുകൊണ്ടുള്ള റിസ്‌ക് എന്നിവയാണവ. ഉയര്‍ന്ന റേറ്റിംഗുള്ള ബോണ്ടുകള്‍ക്ക് ഉയര്‍ന്ന സുരക്ഷിതത്വമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നികുതി ആസൂത്രണത്തിന് ഉപകരിക്കുന്ന ബോണ്ടുകളും ലഭ്യമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അംഗീകൃത സ്ഥാപനങ്ങള്‍ തുടങ്ങിയവരാണ്ഇ ത്തരം ബോണ്ടുകള്‍ പുറത്തിറക്കുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ സാമ്പത്തിക സുരക്ഷിതത്വവും സാമ്പത്തിക സ്വാതന്ത്ര്യവും നേടിയെടുക്കാനുള്ള ആദ്യപടി മതിയായ എമര്‍ജന്‍സി ഫണ്ട്, അനുയോജ്യമായ സമ്പാദ്യ പദ്ധതികളിലൂടെ സമാഹരിച്ചുവെയ്ക്കുക എന്നതാണ്. അടുത്ത ലക്കത്തില്‍ വ്യത്യസ്ത നിക്ഷേപ പദ്ധതികളെ പരിചയപ്പെടാം.


(ധനം ബിസിനസ് മാഗസിന്റെ മേയ് 15 ലക്കത്തിൽ നിന്ന്)
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it