EP 88: ഇടനിലക്കാരില്ലാതെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന 'ചാനല്‍ സ്ട്രാറ്റജി'
നിങ്ങള്‍ സൗന്ദര്യവര്‍ധക ഉല്‍പ്പന്നത്തിന്റെ പരസ്യം കാണുന്നു. ഉല്‍പ്പന്നത്തില്‍ താല്‍പ്പര്യമുണ്ടായ നിങ്ങള്‍ ആ ബ്രാന്‍ഡ് എവിടെയൊക്കെ ലഭ്യമാണെന്ന് തിരയുന്നു. ഓണ്‍ലൈനായി ഉല്‍പ്പന്നങ്ങള്‍ ലഭിക്കുമെന്ന് മനസിലാക്കിയ നിങ്ങള്‍ അവരുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നു. ആ ബ്രാന്‍ഡിന് ഒരിടത്തും മറ്റ് ഷോപ്പുകളൊന്നും തന്നെ ഇല്ല
എന്നതും ഓണ്‍ലൈന്‍ വഴി മാത്രമേ ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നതും നിങ്ങള്‍ ശ്രദ്ധിക്കുന്നു.
ആ കോസ്‌മെറ്റിക് ബ്രാന്‍ഡ് അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ്. അവര്‍ക്ക് ഇടനിലക്കാരില്ല. കമ്പനി നേരിട്ട് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നു. മറ്റൊരു ഷോപ്പിലും നിങ്ങള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ കാണുവാന്‍ സാധിക്കുകയില്ല. ഉല്‍പ്പന്നം ഉപഭോക്താവിലേക്ക് എത്തിക്കുവാന്‍ നേരിട്ടുള്ള വിതരണ സംവിധാനമാണ് കമ്പനി തിരഞ്ഞെടുത്തിരിക്കുന്നത്.
ഓണ്‍ലൈനിലും ഓഫ്ലൈനിലും ഇത്തരത്തിലുള്ള ബ്രാന്‍ഡുകളുടെ പ്രത്യേക ഷോറൂമുകള്‍ കാണാന്‍ സാധിക്കും. നേരിട്ടുള്ള ഇത്തരം വിതരണ സംവിധാനം കമ്പനികള്‍ക്ക് തങ്ങളുടെ ബിസിനസില്‍ കൂടുതല്‍ നിയന്ത്രണം നല്‍കുന്നു. ഉപഭോക്താക്കളെ നേരിട്ട് അറിയുവാനും അവര്‍ക്ക് മികച്ച അനുഭവങ്ങള്‍ പകര്‍ന്നു നല്‍കാനും ഇത് അവരെ സഹായിക്കുന്നു.
കമ്പനികള്‍ അവരുടെ വിതരണ ശൃംഖലയില്‍ നിന്നും ഇടനിലക്കാരെ മുഴുവന്‍ ഒഴിവാക്കി ബ്രാന്‍ഡും കസ്റ്റമറും തമ്മിലുള്ള നേരിട്ടുള്ള ഇടപാടിന് പ്രാധാന്യം നല്‍കുന്ന രീതിയാണ് ചാനല്‍ സ്ട്രാറ്റജി എന്നു പറയുന്നത്. ഈ സ്ട്രാറ്റജിയില്‍ ഓണ്‍ലൈന്‍ പോലുള്ള മാര്‍ഗങ്ങളോ നേരിട്ടുള്ള ഔട്ട്‌ലെറ്റുകള്‍ വഴിയോ ആയിരിക്കും കമ്പനി ഉപഭോക്താക്കളിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുക.
ഡോ.സുധീര്‍ ബാബു ഏഴുതിയ 100 ബിസിനസ് സ്ട്രാറ്റജികള്‍ പങ്കുവയ്ക്കുന്ന പോഡ്കാസ്റ്റിന്റെ 88-ാമത്തെ എപ്പിസോഡ് കേള്‍ക്കാന്‍ മുകളിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക