സ്വര്‍ണത്തിന് പിന്നാലെ വെള്ളി ആഭരണങ്ങള്‍ക്കും ഹോള്‍മാര്‍ക്കിംഗ് വരുന്നു

സ്വര്‍ണാഭരണങ്ങള്‍ക്ക് സമാനമായി വെള്ളി ആഭരണങ്ങള്‍ക്കും ഹോള്‍മാര്‍ക്ക് മുദ്ര ഉറപ്പാക്കാന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി.ഐ.എസ്/BIS) ഒരുങ്ങുന്നു. ഇത് സംബന്ധിച്ച മുന്നൊരുക്കങ്ങളുടെ ഭാഗമായി ആഭരണ വിതരണക്കാരുടെ സംഘടനകളുമായും മറ്റും ബി.ഐ.എസ് അധികൃതര്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.

ഉപഭോക്താക്കള്‍ വാങ്ങുന്ന സ്വര്‍ണത്തിന് പരിശുദ്ധി ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ഹോള്‍മാര്‍ക്ക് മുദ്ര നിര്‍ബന്ധമാക്കിയത്. കഴിഞ്ഞ ജൂലൈ ഒന്നുമുതല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് പഴയ ഹോള്‍മാര്‍ക്ക് നിറുത്തലാക്കുകയും പകരം പുതിയ ഹോള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ (എച്ച്.യു.ഐ.ഡി/HUID) പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞമാസം ഇടുക്കി ജില്ലയില്‍ കൂടി എച്ച്.യു.ഐ.ഡി സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ സ്വർണാഭരണങ്ങൾക്ക് എല്ലാ ജില്ലകളിലും പുതിയ ഹോള്‍മാര്‍ക്ക് ഉറപ്പാക്കുന്ന ആദ്യ സംസ്ഥാനമായും കേരളം മാറിയിരുന്നു.
വെള്ളിക്കും പരിശുദ്ധി
വെള്ളി ആഭരണങ്ങളില്‍ ഹോള്‍മാര്‍ക്കിംഗ് ഏര്‍പ്പെടുത്തുമ്പോള്‍ 92.5 ശതമാനം, 90 ശതമാനം, 80 ശതമാനം, 70 ശതമാനം എന്നീ സ്റ്റാന്‍ഡേര്‍ഡുകളില്‍ വേണമെന്നാണ് വ്യാപാരികളുടെ മുഖ്യ ആവശ്യം. കേരളത്തില്‍ ഏറ്റവുമധികം വില്‍പനയുള്ളത് ഈ സ്റ്റാന്‍ഡേര്‍ഡുകളിലാണെന്ന് ചര്‍ച്ചയില്‍ സംബന്ധിച്ച ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ/AKGSMA) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
വെള്ളിക്കും കേരളം വലിയ വിപണി
സ്വര്‍ണാഭരണങ്ങള്‍ക്കെന്ന പോലെ വെള്ളിക്കും കേരളം വലിയ വിപണികളിലൊന്നാണ്. പ്രതിവര്‍ഷം 125 മുതല്‍ 150 ടണ്‍ വരെ വെള്ളി കേരളത്തില്‍ വിറ്റഴിയുന്നുണ്ടെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ ധനംഓണ്‍ലൈനിനോട് പറഞ്ഞു.
ആഭരണങ്ങളായാണ് കൂടുതല്‍ വില്‍പന. പാദസരത്തിനും മറ്റ് ആഭരണങ്ങള്‍ക്കും ഡിമാന്‍ഡേറെ. പാത്രങ്ങള്‍, ഗ്ലാസുകള്‍, ഡിന്നര്‍ സെറ്റുകള്‍, സമ്മാനങ്ങള്‍, നാണയങ്ങള്‍ എന്നിവയ്ക്കും ആവശ്യക്കാരുണ്ട്. വെള്ളി ഫര്‍ണിച്ചറുകളും സംസ്ഥാനത്ത് ഇപ്പോള്‍ ലഭ്യമാണ്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it