IBS @ 25 : കേരളത്തില്‍ നിന്ന് ഒരു ട്രാവല്‍ ടെക്‌നോളജി ഭീമന്‍!

ട്രാവല്‍ ടെക്നോളജി ഭീമന്‍. ഈ വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹമായൊരു കമ്പനിയുണ്ട്; ഐബിഎസ് സോഫ്റ്റ് വെയര്‍. 1997ല്‍ 55 ജീവനക്കാര്‍, അതിലേറെയും പുതുമുഖ ബി ടെക്കുകാരുമായി യാത്ര തുടങ്ങിയ ഈ സോഫ്റ്റ് വെയര്‍ കമ്പനി രജത ജൂബിലിയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോള്‍ കേരളത്തിന് തന്നെ അഭിമാനിക്കാം. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങിയ ഐബിഎസ് ഏവിയേഷന്‍ മേഖലയിലെ ലോകത്തെ മറ്റേതൊരു ടെക്നോളജി കമ്പനിക്കും എത്തിപ്പിടിക്കാനാവാത്ത അത്ര ഉയരങ്ങളിലാണ്. ഐബിഎസ് സോഫ്റ്റ് വെയര്‍ ഇന്ന് ലോക ഏവിയേഷന്‍ കമ്പനികള്‍ക്ക് നല്‍കുന്ന അത്ര സോഫ്റ്റ് വെയര്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന മറ്റൊരു ടെക്നോളജി കമ്പനിയും ലോകത്തെങ്ങുമില്ല! ലോകമെമ്പാടുമുള്ള 50 എയര്‍ലൈനുകള്‍ ഐബിഎസിന്റെ ടെക്നോളജികള്‍ ഉപയോഗിക്കുന്നു. ആഗോളതലത്തിലെ ഏറ്റവും വലിയ 15 എയര്‍ലൈനുകളെടുത്താല്‍ അതില്‍ പത്തും ഐബിഎസിന്റെ ഉപഭോക്തൃനിരയിലുണ്ട്!

പ്രവര്‍ത്തന രംഗത്ത് കാല്‍ നൂറ്റാണ്ട് എന്ന നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ഐബിഎസിന്റെ സാരഥി, കിഴക്കമ്പലം സ്വദേശി വി കെ മാത്യൂസ് പറയുന്നു; ''ഞാന്‍ അങ്ങേയറ്റം ഉറച്ച് വിശ്വസിക്കുന്നു; ഞങ്ങളുടെ നല്ല ദിനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.''

അസാധാരണ ചങ്കൂറ്റം!

ആരും മോഹിക്കുന്ന ഉയര്‍ന്ന പദവി, കനപ്പെട്ട വേതനം, ജീവിതസൗകര്യങ്ങള്‍ ഇവയെല്ലാം വിട്ടെറിഞ്ഞ് കൈയിലുള്ള സമ്പാദ്യവും അതിനൊപ്പം സ്വന്തം ആസ്തികളെല്ലാം ഈടുവെച്ച് നേടിയ തുകയും നിക്ഷേപിച്ചാണ് ഐബിഎസിന് വി കെ മാത്യൂസ് ജന്മം നല്‍കിയത്. ഇത്രയേറെ റിസ്‌കെടുത്ത് സംരംഭം തുടങ്ങാന്‍ മാത്യൂസിന് ധൈര്യം നല്‍കിയത് ഏവിയേഷന്‍ രംഗത്തെ ഐടി വിദഗ്ധന്‍ എന്ന നിലയില്‍ കണ്ടറിഞ്ഞ സാധ്യതകളായിരുന്നു. ഐഐടി കാണ്‍പൂരില്‍ നിന്ന് എയറോനോട്ടിക്കല്‍ എന്‍ജിനീയറിംഗില്‍ എംടെക് ബിരുദം നേടിയ ഉടന്‍ സൈന്യത്തില്‍ ജോലിയില്‍ പ്രവേശിച്ച വി കെ മാത്യൂസ് അതല്ല തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ് ഏവിയേഷന്‍ രംഗത്തേക്ക് കടക്കുകയായിരുന്നു. കരിയര്‍ ആരംഭിച്ചത് എയര്‍ ഇന്ത്യയ്ക്കൊപ്പം. അവിടെ നിന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ മാതൃകമ്പനിയിലേക്ക്. എമിറേറ്റ്സ് ഗ്രൂപ്പിലെ 15 വര്‍ഷക്കാലമാണ് വി കെ മാത്യൂസിനെ എയര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ മേഖലയെ അടുത്തറിയാന്‍ സഹായിച്ചത്. എമിറേറ്റ്സ് ഗ്രൂപ്പ് എയര്‍ലൈന്‍ കമ്പനി തുടങ്ങുമ്പോള്‍ അതിന്റെ സ്ഥാപക ഐടി വിഭാഗത്തിലുണ്ടായിരുന്നു മാത്യൂസ്. അവിടെ ചുരുങ്ങിയ കാലം കൊണ്ട് കരിയറിന്റെ ഉയര്‍ന്ന പടവുകളിലെത്തിയപ്പോള്‍ കണ്ടറിഞ്ഞ കാര്യമാണ് സ്വന്തം സംരംഭത്തിനുള്ള വിത്ത് മാത്യൂസിനുള്ളില്‍ വിതച്ചത്. ''എയര്‍ലൈനുകളെല്ലാം തന്നെ ടെക്നോളജികള്‍ അതിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ ഉള്‍ച്ചേര്‍ക്കും. പക്ഷേ അതിവേഗമാറ്റത്തിന് വിധേയമാകുന്ന ഡിജിറ്റല്‍ ലോകത്തിനൊപ്പം സഞ്ചരിക്കാന്‍ പാകത്തില്‍ പുനര്‍നിക്ഷേപമോ ടെക്നോളജി അപ്ഗ്രഡേഷനോ അവിടെ പലപ്പോഴും നടക്കാറില്ല. കാലോചിതമല്ലാത്ത ടെക്നോളജി എയര്‍ലൈന്‍ കമ്പനികളുടെ പ്രവര്‍ത്തനത്തെ തന്നെ പ്രതികൂലമായി ബാധിക്കും. അത്യാധുനിക ടെക്നോളജികളുണ്ടായാല്‍ മാത്രമേ എയര്‍ലൈനുകള്‍ക്ക് മത്സരാധിഷ്ഠിത സ്വഭാവം നിലനിര്‍ത്തി വിജയിക്കാനാവൂ. ഈ ചിന്തയാണ് ഐബിഎസിന്റെ പിറവിയിലേക്ക് നയിച്ചത്,'' വി കെ മാത്യൂസ് പറയുന്നു.

എമിറേറ്റ്സിലെ ജോലിയും ദുബായിലെ താമസവും വിട്ട് നാട്ടിലേക്ക് വിമാനം കയറിയ മാത്യൂസ് ടെക്നോപാര്‍ക്കില്‍ കമ്പനി സ്ഥാപിച്ച് സ്വന്തമായി വികസിപ്പിച്ച സോഫ്റ്റ് വെയറുമായാണ് ടേക്ക് ഓഫ് നടത്തിയത്. ആദ്യവര്‍ഷം തന്നെ ലോകത്തിലെ പ്രമുഖ എയര്‍ലൈന്‍ കമ്പനിയെ ക്ലയന്റായി ലഭിച്ചെങ്കിലും ആദ്യ രണ്ടുവര്‍ഷത്തില്‍ ഐബിഎസ് ഏറെ പരീക്ഷണങ്ങള്‍ നേരിട്ടു. 2000 ത്തിലെ ഡോട്ട്കോം കുമിളയുടെ തകര്‍ച്ച, ആഗോള സാമ്പത്തിക മാന്ദ്യം, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം, സാര്‍സ് വൈറസിന്റെ വ്യാപനം എന്നിവയെല്ലാം തന്നെ ലോക എയര്‍ലൈന്‍ മേഖലയെ പ്രതികൂലമായി ബാധിച്ചപ്പോള്‍ ഐബിഎസും ആ ചുഴിയില്‍ ഉലഞ്ഞു. പക്ഷേ, സാഹചര്യങ്ങള്‍ മെച്ചപ്പെട്ടപ്പോള്‍ ഐബിഎസ് വിപണിയില്‍ കരുത്തോടെ മുന്നേറ്റം തുടങ്ങി. ''അങ്ങേയറ്റം മൂല്യമുള്ള സോഫ്റ്റ് വെയര്‍ ആസ്തികള്‍ സൃഷ്ടിച്ചും ലോകോത്തര നിലവാരമുള്ള ടീമിനെ കെട്ടിപ്പടുത്തും ഞങ്ങള്‍ വാഗ്ദാനം നല്‍കിയതെന്തോ അത് കൃത്യമായി നല്‍കി ഇന്‍ഡസ്ട്രിയുടെ വിശ്വാസം നേടിയെടുത്തുമായിരുന്നു ഐബിഎസ് വളര്‍ച്ച സാധ്യമാക്കിയത്,'' വി കെ മാത്യൂസ് പറയുന്നു.

ചിറകുവിടര്‍ത്തി മറ്റ് മേഖലകളിലേക്ക്

എയര്‍ലൈന്‍ ഇന്‍ഡസ്ട്രി രംഗത്തെ ടെക്നോളജി പ്രൊവൈഡര്‍ എന്ന നിലയില്‍ അങ്ങേയറ്റം ഫോക്കസോടെ നിലകൊള്ളുമ്പോഴും ട്രാവല്‍ & ട്രാന്‍സ്പോര്‍ട്ടേഷന്‍ രംഗത്തെ മറ്റ് മേഖലകളിലേക്ക് കൂടി ഐബിഎസ് ചിറക് വിടര്‍ത്തിയിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി ബിസിനസ്, ക്രൂസ് ഇന്‍ഡസ്ട്രി, എണ്ണ - പ്രകൃതി വാതക ഖനന, ഉല്‍പ്പാദന രംഗം എന്നിവയിലേയ്ക്കെല്ലാമുള്ള സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ ഇപ്പോള്‍ ഐബിഎസ് നല്‍കുന്നുണ്ട്. ലോകമെമ്പാടുമായി 200 ലേറെ ക്ലയന്റുകളുണ്ട് ഐബിഎസിന് ഇന്ന്. ഇതില്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ എയര്‍പോര്‍ട്ടുകള്‍, വന്‍കിട എയര്‍ലൈന്‍ കമ്പനികള്‍, ലോകപ്രശസ്തമായ ഹോട്ടല്‍ ശൃംഖലകള്‍, ക്രൂസുകള്‍ എല്ലാം ഉള്‍പ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളിലൊന്നായ ബ്ലാക്ക് സ്റ്റോണ്‍ ഐബിഎസ് സോഫ്റ്റ് വെയറില്‍ നിക്ഷേപം നടത്തിയിട്ടുമുണ്ട്.

എന്താണ് ഐബിഎസിന്റെ വിജയരഹസ്യം?

വി കെ മാത്യൂസ് ഇതിന് നല്‍കുന്ന മറുപടിയിതാണ്:

''ട്രാവല്‍ ഇന്‍ഡസ്ട്രിയില്‍ ഞങ്ങള്‍ നല്‍കുന്ന അങ്ങേ യറ്റത്തെ ഫോക്കസ്, സുസജ്ജമായ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്, ഇതോടൊപ്പം മൂല്യങ്ങളില്‍ അടിയുറച്ചുള്ള പ്രവര്‍ത്തനങ്ങളും ടീമിന്റെ പ്രൊഫഷണലിസവുമാണ് ഞങ്ങളുടെ വിജയത്തിനും ഇത്രയും വര്‍ഷത്തെ നിലനില്‍പ്പിനും ആധാരമായിരിക്കുന്നത്.''

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it