ചിപ്പിനുള്ളിലാക്കിയ വിജയം

ചിപ്പിനുള്ളിലാക്കിയ വിജയം
Published on

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ടാറ്റ മോട്ടോഴ്‌സും അവരുടെ ഫ്യൂച്ചറിസ്റ്റിക്കായ ഇലക്ട്രിക് വാഹനങ്ങളിലെ തെര്‍മിസ്റ്ററിനായി (താപനിലയ്ക്ക് അനുസൃതമായി വൈദ്യുതപ്രതിരോധത്തിന്റെ മൂല്യത്തിന് വ്യതിയാനം വരുന്ന തരത്തില്‍ തയ്യാറാക്കപ്പെട്ട ഇലക്ട്രോണിക്‌സ് ഉപകരണം) തേടി വരുന്ന ഒരു സ്ഥാപനമുണ്ട്; തൃശൂരിലെ കോലഴിയില്‍. എം.എം ജയകുമാര്‍ എന്ന കെമിക്കല്‍ എന്‍ജിനീയര്‍ തുടക്കമിട്ട സൗപര്‍ണിക തെര്‍മിസ്റ്റേഴ്‌സ് ആന്‍ഡ് ഹൈബ്രിഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്ടിഎച്ച്). വോള്‍വോയുടെ ട്രക്കില്‍ മുതല്‍ വി ഗാര്‍ഡ് സ്‌റ്റെബിലൈസറുകളില്‍ വരെ സൗപര്‍ണികയില്‍ നിന്നുള്ള കുഞ്ഞന്‍ തെര്‍മിസ്റ്ററുകളുണ്ട്. ഇന്ന് ഇന്ത്യയിലെ ഏക ചിപ്പ് തെര്‍മിസ്റ്റര്‍ നിര്‍മാതാക്കളാണ് എസ്ടിഎച്ച്. ലക്‌സംബര്‍ഗ്, മെക്‌സിക്കോ, അര്‍ജന്റീന, ബ്രസീല്‍, ടര്‍ക്കി, ഇറാന്‍, ഇറ്റലി, ചൈന എന്നിവിടങ്ങളിലേക്കെല്ലാം തെര്‍മിസ്റ്ററുകള്‍ കയറ്റുമതി ചെയ്യുന്ന ഈ യൂണിറ്റിനെ തേടി അടുത്തിടെ സംസ്ഥാന സര്‍ക്കാരിന്റെ ബെസ്റ്റ് എന്റര്‍പ്രണര്‍ അവാര്‍ഡും വന്നു. കെല്‍ട്രോണിലെ സുരക്ഷിതമായ ജോലി വിട്ടെറിഞ്ഞ് ഒട്ടനവധി പ്രതിബന്ധങ്ങള്‍ നീന്തിക്കയറിയ ജയകുമാറിന്റെ ക്ഷമാപൂര്‍വ്വമായ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായിരുന്നു ഇത്.

ഊതിക്കാച്ചിയ മികവ്

തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളെജില്‍ നിന്ന് കെമിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയ ജയകുമാറിന് സംരംഭകത്വമെന്നത് ഏറെ അപരിചിതമായ കാര്യമായിരുന്നു. 1980ല്‍ കെല്‍ട്രോണില്‍ ജോലിയില്‍ പ്രവേശിച്ച ജയകുമാര്‍ പക്ഷേ 1994ല്‍ സ്വന്തമായൊരു പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ജോലി ഉപേക്ഷിച്ചു. ഇന്ത്യയില്‍ കാര്യമായി ഉല്‍പ്പാദനമില്ലാത്ത, ഭാവിയില്‍ വലിയ സാധ്യതകളുണ്ടാകുമെന്ന് ഉറപ്പുള്ള തെര്‍മിസ്റ്ററുകള്‍ നിര്‍മിക്കുന്ന യൂണിറ്റ് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. അന്ന് ഈ രംഗത്ത് കെല്‍ട്രോണില്‍ ഗവേഷണങ്ങള്‍ പുരോഗമിക്കുന്നതേയുണ്ടായിരുന്നുള്ളൂ. കൊച്ചി ആസ്ഥാനമാക്കി നിളടെക് എന്ന കമ്പനിക്ക് രൂപം നല്‍കിയത് അങ്ങനെയാണ്.

ഭാവിയില്‍ ഒട്ടനവധി രംഗങ്ങളില്‍ തെര്‍മിസ്റ്ററുകള്‍ ഉപയോഗിക്കപ്പെടുമെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ രംഗത്തെ ബിസിനസ് സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ജയകുമാര്‍ മുമ്പേ നടന്നത്. രാജ്യത്തെ മുന്‍നിര കമ്പനികളിലേക്ക് കടന്നെത്താന്‍ എളുപ്പവഴികളൊന്നും ജയകുമാറിന് മുന്നിലുണ്ടായിരുന്നില്ല. ''കെല്‍ട്രോണില്‍ ജോലി ചെയ്യവേ അവിടുത്തെ ഒരു സിഇഒ പ്രികോള്‍ എന്ന കമ്പനി തെര്‍മിസ്റ്ററുകള്‍ സ്വീകരിച്ചാല്‍ അത് ഗുണമേന്മയ്ക്കുള്ള ഏറ്റവും വലിയ അംഗീകാരമാണെന്ന് ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. അന്നേ ഞാനത് മനസ്സില്‍ കുറിച്ചു. സ്വന്തമായി സംരംഭം തുടങ്ങിയപ്പോള്‍ മുന്നില്‍ കണ്ട ആദ്യ ഉപഭോക്താവ് പ്രികോളായിരുന്നു. തെര്‍മിസ്റ്റര്‍ നിര്‍മിച്ചു. അതുമായി പ്രികോളിനെ സമീപിച്ചു. അവരുടെ കര്‍ശനമായ പരിശോധനകളില്‍ ഗുണമേന്മ തെളിയിക്കപ്പെട്ടു. പ്രികോളിനെ ഉപഭോക്താവായും ലഭിച്ചു. നല്ലത് നിര്‍മിച്ചാല്‍ നമ്മെ തേടി എവിടെ നിന്നായാലും ഉപഭോക്താക്കള്‍ വരുമെന്ന വിശ്വാസം അന്നും ഇന്നുമുണ്ട്.'' ജയകുമാര്‍ പറയുന്നു.

പത്തു വര്‍ഷത്തോളം നിളടെക്കിനെ മുന്നോട്ടുകൊണ്ടുപോയ ജയകുമാര്‍ പിന്നീട് ബിസിനസ് പങ്കാളികള്‍ക്ക് അത് കൈമാറി സ്വന്തമായി ആരംഭിച്ച സംരംഭമാണ് എസ്ടിഎച്ച്. കെല്‍ട്രോണില്‍ സഹപ്രവര്‍ത്തകനായിരുന്ന ഗംഗാധരന്‍ നമ്പൂതിരിയെയും മറ്റ് ഓഹരി പങ്കാളിയെയും ഉള്‍പ്പെടുത്തി എസ്ടിഎച്ച് 2007ല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി. അന്നുമുതല്‍ എന്‍ടിസി തെര്‍മിസ്റ്റര്‍, ടെമ്പറേച്ചര്‍ സെന്‍സര്‍ മാനുഫാക്ചറിംഗ് രംഗത്ത് ഗവേഷണ മികവിന്റെ കരുത്തില്‍ വഴിമാറി നടക്കാന്‍ തുടങ്ങി എസ്ടിഎച്ച്. ജാപ്പനീസ് കമ്പനിയുമായി പങ്കാളിത്തമുള്ള പ്രികോളുമായുള്ള ബന്ധം ലോകോത്തര നിലവാരമുള്ള സിസ്റ്റവും നടപടിക്രമങ്ങളും നടപ്പാക്കാന്‍ എസ്ടിഎച്ചിനെ സഹായിച്ചു.

കോയമ്പത്തൂരില്‍ എസ്ടിഎച്ച് സെന്‍സേഴ്‌സ് എല്‍എല്‍പി എന്ന നിര്‍മാണ യൂണിറ്റും കമ്പനിക്കുണ്ട്. കഴിഞ്ഞ വര്‍ഷം നിളടെക്കിനെയും എസ്ടിഎച്ച് ഏറ്റെടുത്തു. അതോടെ കോലഴി, ചിത്രപ്പുഴ, കോയമ്പത്തൂര്‍ എന്നിങ്ങനെ മൂന്നിടത്ത് നിര്‍മാണ യൂണിറ്റുകളായി.

നിരന്തര ഗവേഷണത്തിലൂടെയാണ് എസ്ടിഎച്ച് തെര്‍മിസ്റ്റേഴ്‌സ് രംഗത്ത് മുന്‍നിരക്കാരായത്. ഇതോടൊപ്പം ഗുണമേന്മയില്‍ രാജ്യാന്തര സര്‍ട്ടിഫിക്കേഷനുകളും കമ്പനി സ്വന്തമാക്കി. ഇന്റര്‍നാഷണല്‍ ഓട്ടോമോട്ടീവ് ടാസ്‌ക് ഫോഴ്‌സിന്റെ ഏറ്റവും ഉയര്‍ന്ന സര്‍ട്ടിഫിക്കേഷനുകള്‍ എസ്ടിഎച്ചിനുണ്ട്.

എന്‍ജിനീയറിംഗ് ബിരുദധാരികള്‍ മുതല്‍ പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള നൈപുണ്യമുള്ള ജീവനക്കാര്‍ വരെ ജയകുമാറിന്റെ ടീമിലുണ്ട്. ഇവരെ ഓരോരുത്തരെയും പരിശീലനം നല്‍കിയാണ് ടീമിന്റെ ഭാഗമാക്കിയിരിക്കുന്നത്. ഡിസ്‌ക് തെര്‍മിസ്റ്ററുകളുടെ കാലം കടന്ന് ചിപ്പ് തെര്‍മിസ്റ്ററുകള്‍ രംഗം വാഴാന്‍ തുടങ്ങുന്നുവെന്ന് അറിഞ്ഞതോടെ ജയകുമാര്‍ ആ രംഗത്തേക്കും കടന്നു.

വളര്‍ച്ച പടിപടിയായി

സ്വന്തം ടീമിന് നല്‍കാവുന്ന എല്ലാ പരിരക്ഷയും ഉറപ്പാക്കി സംതൃപ്തരാക്കി മുന്നോട്ടുപോകുന്ന ജയകുമാര്‍ കമ്പനിയില്‍ മികവുറ്റ സിസ്റ്റവും സജ്ജമാക്കിയിട്ടുണ്ട്. മക്കളായ ശ്രീരാജും സൂരജും ജയകുമാറിനൊപ്പം ബിസിനസിലുണ്ട്. ശ്രീരാജ് അഡ്മിനിസ്‌ട്രേഷന്‍ നോക്കുമ്പോള്‍ സൂരജ് ടെക്‌നിക്കല്‍ വിഭാഗത്തിലാണ് ശ്രദ്ധയൂന്നുന്നത്. ഇരുവരും പഠനം പൂര്‍ത്തിയാക്കി മറ്റ് കമ്പനികളില്‍ പ്രവര്‍ത്തന പരിചയം നേടിയാണ് പിതാവിനൊപ്പം ബിസിനസിലേക്ക് ഇറങ്ങിയത്. ജയകുമാറിനൊപ്പം വലംകൈയായി നിന്ന് ഗംഗാധരന്‍ നമ്പൂതിരിയും എസ്ടിഎച്ചിനെ ഉയരങ്ങളിലേക്ക് നയിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com