ചൂടന്‍ ഇഡ്ഡലി 1 രൂപയ്ക്ക്; 82 കാരിയെ പ്രണമിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍

ആവി പറക്കുന്ന ചൂടന്‍ ഇഡ്ഡലി കഴിഞ്ഞ 15 വര്‍ഷമായി 1 രൂപയ്ക്കു വില്‍ക്കുന്ന 82 കാരി കമലാ അത്താള്‍ വിവിധ മാധ്യമങ്ങളില്‍ താരമായത് പൊടുന്നനെ. കോയമ്പത്തൂര്‍ വടിവേലമ്പാളയത്തിലെ സാധാരണക്കാര്‍ കൈകൂപ്പി നമിച്ചിരുന്ന കമലാ അത്താളിനെ ഇപ്പോള്‍ വാഴ്ത്തുന്നവരുടെ പട്ടിക മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയില്‍ നിന്നു തുടങ്ങി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാനിലൂടെ നീളുന്നു.

മൂന്നു പതിറ്റാണ്ടു മുമ്പാണ് പാചകത്തോടുള്ള അഭിനിവേശം കൊണ്ട് കമലാ അത്താള്‍ കട തുടങ്ങിയത്. എല്ലാം സ്വന്തമായി ചെയ്യുന്നതായിരുന്നു ശീലം. കുറച്ചു കാലമായി ചെറുമകള്‍ പി. ആരതിയുണ്ട് സഹായത്തിന്. ദിവസവും പുലര്‍ച്ചെ 5 മണിക്ക് ഉറക്കമുണര്‍ന്ന് എട്ട് കിലോ അരി അരച്ചുള്ള ഇഡ്ഡലിക്കായി ഒരുക്കമാരംഭിക്കുന്നു.ചട്ണിക്കുള്ള സാധനങ്ങളുള്‍പ്പെടെ പൊടിക്കുന്നതെല്ലാം കല്ലുപയോഗിച്ച്. രാവിലെ 6 മണിക്ക് കട തുറക്കും.

തന്റെ പരമ്പരാഗത ഇഡ്‌ലി പാത്രങ്ങളില്‍ വിറക് ഉപയോഗിച്ച് മണ്‍പാത്രത്തിലായിരുന്നു ഇതുവരെ പാചകം ചെയ്തിരുന്നത്. എന്തുകൊണ്ടാണ് പാചക വാതകം ഉപയോഗിക്കാത്തതെന്ന് ചോദിക്കുമ്പോള്‍ ഇതായിരുന്നു മറുപടി: എനിക്ക് ഗ്യാസ് സ്റ്റൗ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ല.

എന്നാല്‍ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ ഇവരെക്കുറിച്ചുള്ള ഒരു വീഡിയോ ട്വിറ്ററിലിട്ടതോടെ കാര്യങ്ങള്‍ മാറി. ട്വീറ്റ് വൈറലായി. ഇതോടെ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ സൗജന്യ എല്‍പിജി കണക്ഷന്‍ നല്‍കി. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു പേര്‍ ട്വിറ്ററില്‍ കമലാ അത്താളിനെ വാഴ്ത്തുന്നു. എല്‍പിജി ഉപയോഗിക്കുന്നതിനുള്ള ചെലവ് താന്‍ വഹിക്കുമെന്ന് ആനന്ദ് മഹീന്ദ്ര അറിയിച്ചിട്ടുണ്ട്.

മീഡിയാ സ്റ്റാര്‍ ആയതിന്റെ പേരിലൊന്നും വില വര്‍ദ്ധിപ്പിക്കാന്‍ തയ്യാറല്ല കമലാ അത്താള്‍.'ഇതെല്ലാം പുണ്യത്തിനാണ്.'-അവരുടെ വാക്കുകള്‍.

Related Articles
Next Story
Videos
Share it