പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക്; ധരംപാല്‍ ഗുലാത്തിയുടെ മസാലക്കഥ

ഇന്ത്യ-പാക്ക് വിഭജനകാലത്ത് അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തിയവരാണ് മഹാശായി ധരംപാല്‍ ഗുലാത്തിയുടെ കുടുംബം. അമൃത്‌സറിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ധരംപാല്‍ ആദ്യം ഒരു കുതിരവണ്ടി വാങ്ങി. വിനോദസഞ്ചാരികളെ ഡല്‍ഹി ചുറ്റിക്കാണിക്കുകയായിരുന്നു പണി. എന്നാല്‍ കാര്യമായ നേട്ടങ്ങള്‍ ഉണ്ടാകില്ല എന്ന് തിരിച്ചറിഞ്ഞതോടെ അജ്മല്‍ ഖാന്‍ റോഡില്‍ ശര്‍ക്കര വില്‍പ്പനയായി ധര്‍മപാലിന്റെ ഉപജീവന മാര്‍ഗം.

ശര്‍ക്കര വില്‍പ്പനയില്‍ നിന്ന് സ്വരുക്കൂട്ടിയ പണം കൊണ്ട് സുഗന്ധവ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന ഒരു കട ആരംഭിക്കുമ്പോള്‍ ധരംപാലിന്റെ ഉള്ളില്‍, തനിക്ക് ഏറെ പരിചിതമായ ഒരു കച്ചവടത്തിലേക്ക് എത്തുന്നതിന്റെ ആശ്വസമായിരുന്നിരിക്കണം. കാരണം ഇന്നത്തെ പാക്കിസ്ഥാനിലെ സിയാല്‍കോട്ടില്‍ 1919ല്‍ തന്റെ പിതാവ് തുടങ്ങിയ മസാലക്കമ്പനി ഉപേക്ഷിച്ചാണ് ധരംപാല്‍ ഇന്ത്യയിലേക്ക് കുടിയേറിയത്. ഇന്ത്യന്‍ സുഗന്ധവ്യഞ്ജന വിപണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനി, എംഡിഎച്ച് മസാലയുടെ (Mahashian Di Hatti Private Limited) തുടക്കം ഡല്‍ഹിയിലെ ആ കുഞ്ഞുകടയില്‍ നിന്നായിരുന്നു.

പായ്ക്കറ്റുകളിലാക്കിയ മസാലപ്പൊടികളിലൂടെയാണ് എംഡിഎച്ച് വളര്‍ന്നത്. 1949ല്‍ മഞ്ഞള്‍പ്പൊടിയും ഗരം മസാലയും പായ്ക്കറ്റിലാക്കി വില്‍പ്പനയ്‌ക്കെത്തിച്ചു. ആദ്യ കാലത്ത് പായ്ക്കിംഗ് ഉള്‍പ്പടെ എല്ലാം ധരംപാല്‍ ഒറ്റയ്ക്കാണ് ചെയ്തിരുന്നത്. മസാലപ്പൊടികള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചപ്പോള്‍ 1967ല്‍ ഒരു ചെറിയ ഫാക്ടറിയും ആരംഭിച്ചു.

പരസ്യങ്ങളിലുടെ ജനങ്ങളിലേക്ക്

രാജ്യത്ത് ടിവി പരസ്യങ്ങളുടെ സാധ്യതകള്‍ ഏറ്റവും ഭംഗിയായി പ്രയോജനപ്പെടുത്തിയ ആദ്യകാല ബ്രാന്‍ഡുകളിലൊന്നായാണ് എംഡിഎച്ച് വിലയിരുത്തപ്പെടുന്നത്. ചുവപ്പ് തലക്കെട്ടുമായി എംഡിച്ച് പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട ധരംപാല്‍ കമ്പനിയുടെ മുഖമായി മാറുകയായിരുന്നു. 2020 ഡിസംബര്‍ 3ന് തൊണ്ണുറ്റിയേഴാം വയസിലാണ് ധരംപാല്‍ മരിക്കുന്നത്. 1984ലെ ആദ്യ പരസ്യം മുതല്‍ തന്റെ തൊണ്ണൂറുകളിലും എംഡിഎച്ചിന്റെ മുഖമായി ധരംപാല്‍ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. പരസ്യ ചിത്രങ്ങള്‍ എത്തുംമുമ്പ് തന്നെ ധരംപാലിന്റെ ചിത്രമുള്ള പേപ്പര്‍ കവറുകളിലാണ് എംഡിഎച്ച് ഉല്‍പ്പന്നങ്ങള്‍ എത്തിയിരുന്നത്. 2019ല്‍ അദ്ദേഹത്തെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

ഷാരുഖ് ഖാനെയോ അമിതാഭ് ബച്ചനെയോ വെച്ച് പരസ്യങ്ങള്‍ ചെയ്യാത്തതെന്താണ് എന്ന ചോദ്യത്തിനും ധരംപാലിന് മറുപടി ഉണ്ടായിരുന്നു. താന്‍ വളര്‍ത്തിയ ബ്രാന്‍ഡിനെ പ്രൊമോട്ട് ചെയ്യാന്‍ മറ്റുള്ളവരുടെ വിജയത്തെ ആശ്രയിക്കേണ്ട കാര്യമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മരണ ശേഷം ധരംപാലിന്റെ നിലപാട് പിന്തുടരുകയാണ് മകനും എംഡിഎച്ച് ചെയര്‍മാനുമായ രാജീവ് ഗുലാത്തിയും. ഇപ്പോള്‍ പുറത്തിറങ്ങുന്ന എംഡിഎച്ച് പരസ്യങ്ങളില്‍ പിതാവിന് പകരക്കാരനായി രാജീവ് ആണ് എത്തുന്നത്. ധരംപാലിന്റെ ചിത്രത്തിന് മുന്നില്‍ രാജീവ് നില്‍ക്കുന്ന രംഗത്തോടെയാണ് എംഡിഎച്ചിന്റെ പുതിയ പരസ്യങ്ങള്‍ അവസാനിക്കുന്നത്.

ഇന്ന് യുഎസ്, കാനഡ, യുകെ, സൗത്ത് ഈസ്റ്റ് ഏഷ്യ, യുഎഇ തുടങ്ങിയ ഇടങ്ങളിലേക്ക് എംഡിഎച്ച് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. ഷാര്‍ജയില്‍ ഒരു നിര്‍മാണ യൂണീറ്റും എംഡിഎച്ചിനുണ്ട്. എവെറസ്റ്റ് സ്‌പൈസെസിന് പിന്നാലെ 12 ശതമാനം വിപണി വിഹിതവുമായി രാജ്യത്ത് രണ്ടാമതാണ് എംഡിഎച്ച്. 150 വ്യത്യസ്ത പായ്ക്കറ്റുകളിലായി അറുപത്തിരണ്ടോളം ഉല്‍പ്പന്നങ്ങളാണ് ഇവര്‍ വിപണിയിലെത്തിക്കുന്നത്. കഴിഞ്ഞ മാസം എംഡിഎച്ചിനെ പൂര്‍ണമായും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ച എംഡിഎച്ച്, പൈതൃകം മുന്നോട്ട് കൊണ്ടുപോവാന്‍ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it