₹5 കോടി കടത്തിൽ നിന്ന് ₹100 കോടി വിറ്റുവരവിലേക്ക്

ഈ രാത്രി പുലരാതിരുന്നെങ്കില്‍! ഭാര്യ സൂസന്റെ കൈകള്‍ നെഞ്ചില്‍ ചേര്‍ത്തുപിടിച്ച് ഇരുട്ടിനെ നോക്കി പ്രാര്‍ത്ഥിച്ചിട്ടുണ്ട് മിന്റോ സാബു. നേരം വെളുക്കുമ്പോള്‍ പലര്‍ക്കും മറുപടി കൊടുക്കേണ്ടി വരും. എല്ലാം കൊടുത്തുതീര്‍ക്കാനുള്ള പണത്തിന്റെ കാര്യം തന്നെ. നല്ല രീതിയില്‍ നടന്ന ബിസിനസ് എട്ട് നിലയില്‍ പൊട്ടി, കോടികളുടെ കടം സ്വന്തം തലയില്‍ വീണ് ഒറ്റപ്പെട്ട് പോയ മിന്റോ സാബു ഇന്ന് രണ്ട് പേറ്റന്റ് ഉല്‍പ്പന്നങ്ങളുമായി ഇന്ത്യക്കകത്തും പുറത്തും അക്ഷരാര്‍ത്ഥത്തില്‍ വിപണിയില്‍ ആഴ്ന്നിറങ്ങിയിരിക്കുകയാണ്. അതും രണ്ട് വിഭിന്ന മേഖലകളില്‍. ഓരോ വീട്ടിലെ അടുക്കളയിലേക്കും വേണ്ട ഉല്‍പ്പന്നങ്ങളുമായി ഗ്രാനോവെയറിലൂടെയും റൂഫ് ടൈല്‍ രംഗത്ത് ഇന്നൊവേറ്റീവ് ബ്രാന്‍ഡായ ഗ്രാനോ നാനോ സെറാമിക്കിലൂടെയും!

2025ഓടെ 100 കോടി രൂപ വിറ്റുവരവുള്ള കമ്പനിയായി ഗ്രാനോ മാറുമെന്ന് ആത്മവിശ്വാസത്തോടെ മിന്റോ സാബു പറയുന്നു. പ്ലാസ്റ്റിക്കിനും മെലാമൈനിനും ബദലായുള്ള മിനറല്‍ ഫില്‍ഡ് പോളിമെറില്‍ നിര്‍മിച്ച ഡിന്നര്‍ സെറ്റുകള്‍ മുതലുള്ള അടുക്കള ഉപകരണങ്ങള്‍, ഏത് കാലാവസ്ഥയെയും പ്രതിരോധിച്ച് ദീര്‍ഘകാലം നിലനില്‍ക്കുന്ന തീരെ ഭാരം കുറഞ്ഞ റൂഫിംഗ് ടൈലുകള്‍ എന്നിവ മിന്റോ സാബുവിന്റെ ഗ്രാനോ കമ്പനിയുടെ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത് പേറ്റന്റ് സമ്പാദിച്ചെടുത്തതാണ്.

ഈ രണ്ട് ഉല്‍പ്പന്നങ്ങളും രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിക്കാന്‍ വേണ്ട വിപണന ശൃംഖലയും ഗ്രാനോയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായ മിന്റോ സാബു സജ്ജമാക്കിക്കഴിഞ്ഞു. ''ബിസിനസില്‍ കുതിച്ചുമുന്നേറ്റവും തകര്‍ച്ചയുടെ നെല്ലിപ്പടിയും നേരില്‍ അനുഭവിച്ചവനാണ് ഞാന്‍. അതുകൊണ്ട് തന്നെ സുസ്ഥിരമായൊരു ബിസിനസ്, ഇന്നൊവേഷന്‍ കരുത്താക്കിക്കൊണ്ടാണ് കെട്ടിപ്പടുത്തിരിക്കുന്നത്''- മിന്റോ സാബു പറയുന്നു.

ജീനിലുണ്ട് സാഹസികത!

മിന്റോ സാബുവിന്റെ പിതാവ് സാബു ജേക്കബ് യൂണിയന്‍ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു. 1996കളില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി മേഖലകളില്‍ പ്ലാസ്റ്റിക് കമ്പനികള്‍ പലതുണ്ട്. സാബു ജേക്കബ് ആ കമ്പനികളുടെ സാധ്യതകള്‍ പഠിച്ചു. ബാങ്ക് ജോലി രാജിവെച്ച് സംരംഭകത്വത്തിലേക്ക് കടന്നു. ആ വര്‍ഷം തന്നെ പ്ലാസ്റ്റിക് വീട്ടുപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനി തുടങ്ങി. ബിസിനസ് നന്നായി മുന്നോട്ട് പോയി. പിന്നീട് കേരളത്തിലെ മുന്‍നിര ബ്രാന്‍ഡുകളുടെ ഐസ്‌ക്രീം കണ്ടെയ്‌നറുകളുടെ നിര്‍മാണക്കരാറും ഗ്രാനോപ്ലാസ്റ്റിന് ലഭിച്ചു. ശേഷം ഡെയറിമാന്‍ എന്ന ബ്രാന്‍ഡില്‍ ഐസ്‌ക്രീം ബിസിനസ് തുടങ്ങി.

ബാംഗ്ലൂരില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദമെടുത്ത് നാട്ടില്‍ തിരിച്ചെത്തിയ മിന്റോസാബു ഉടന്‍ പിതാവിനൊപ്പം ബിസിനസിലേക്ക് കടന്നു. ഒപ്പം വിവാഹിതനുമായി. ഇതോടൊപ്പം ഒരു പെട്രോള്‍ പമ്പ് കൂടി ആരംഭിച്ചതോടെ ബിസിനസ് തിരക്കുകളും കൂടി.

''പമ്പ്, ഐസ്‌ക്രീം കമ്പനി എന്നിവയ്‌ക്കൊന്നും മതിയായ വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ ഉണ്ടായിരുന്നില്ല. പ്ലാസ്റ്റിക് കമ്പനിയെ ആശ്രയിച്ചാണ് മറ്റുള്ളവ നിലനിന്നത്. ഐസ്‌ക്രീമിന്റെ വിറ്റുവരവ് പ്രതിമാസം എട്ട് ലക്ഷത്തില്‍ നിന്ന് 18 ലക്ഷമാക്കി. പക്ഷേ എല്ലാം തകിടം മറിഞ്ഞു. ഒരു സുപ്രഭാതത്തില്‍ കണ്ടെയ്‌നര്‍ കരാര്‍ ഐസ്‌ക്രീം കമ്പനി നിര്‍ത്തി. പ്ലാസ്റ്റിക് കമ്പനിയുടെ ജീവ നാഡിയാണ് തകര്‍ന്നത്''- ബിസിനസിലെ കുത്തനെയുള്ള ഇറക്കം തുടങ്ങിയത് അവിടെ നിന്നാണെന്ന് മിന്റോ സാബു പറയുന്നു.

ജപ്തിയുടെ വക്കില്‍

പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാനായി ജിദ്ദയില്‍ നിന്ന് നേരിട്ട് പ്ലാസ്റ്റിക് കമ്പനികള്‍ക്കുവേണ്ട അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്തു. ''പക്ഷേ വലിയ ചതിപറ്റി. ഇവിടെ എത്തിയ മെറ്റീരിയലില്‍ പക്ഷികാഷ്ടം, മരത്തിന്റെ കഷണങ്ങള്‍ തുടങ്ങി പലവിധ മാലിന്യങ്ങള്‍ ഉണ്ടായി. പിന്നീട് പാടത്ത് നെല്ലും പതിരും വേര്‍തിരിക്കുന്ന മെഷീന്‍ വാടകയ്‌ക്കെടുത്ത് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ആ മെറ്റീരിയല്‍ പാറ്റിയെടുത്തു. അതില്‍ നിന്ന് വേര്‍തിരിച്ചെടുത്ത അസംസ്‌കൃത വസ്തുക്കള്‍ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നത് സ്വയം പഠിക്കാന്‍ തുടങ്ങി. പോളിമെറുകളുടെ ലോകത്തിലേക്ക് ഞാന്‍ ശരിക്കും കടന്നുവന്നത് അങ്ങനെയാണ്- മിന്റോ പറയുന്നു.

ഇതിനിടെ കടം പെരുകിയതോടെ ഐസ്‌ക്രീം കമ്പനിവിറ്റു. പഠനം പൂര്‍ത്തിയാക്കി ഇതിനിടെ മിന്റോയുടെ സഹോദരനും കുടുംബ ബിസിനസിലേക്കെത്തി. കടഭാരത്തിലാണെങ്കിലും പുതിയൊരു വായ്പ സംഘടിപ്പിച്ച് പാക്കേജിംഗ് കമ്പനിയിട്ടു. ശേഷം ആ കമ്പനിയും പൂട്ടേണ്ടി വന്നു. 2012-13 കാലത്ത് ഗ്രാനോ കമ്പനികളുടെ മൊത്തം കടം നാലര-അഞ്ചു കോടി രൂപയായി. അതോടെ വിപണി വിലയുടെ പകുതി തുകയ്ക്ക് പെട്രോള്‍ പമ്പ് വിറ്റു. ഇതിനിടെ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസും കമ്പനിക്ക് വന്നു. സ്വത്തുവകകള്‍ വിറ്റൊഴിഞ്ഞു പോകുന്നതിനിടെ ബാക്കിയുള്ളവയുടെ ഭാഗം വെയ്പ്പും നടന്നതോടെ നാല്മെഷീനുള്ള കമ്പനിയും അതിന്റെ പേരിലുള്ള രണ്ടര കോടി രൂപയുടെ കടവും മിന്റോയുടെ ചുമലിലായി.

''എന്തുചെയ്യണമെന്നറിയാതെ നിന്ന അക്കാലത്ത് പ്രാര്‍ത്ഥനയിലാണ് അഭയം കണ്ടത്. ബ്രദര്‍ ഡെസ്മണ്ട് എന്ന സുവിശേഷകന്റെ വാക്കുകള്‍ എനിക്ക് കരുത്തായി. പിന്നീട് പോളിമെര്‍ രംഗത്ത് ഗവേഷണം ആരംഭിച്ചു. അതില്‍ ആദ്യമായൊരു പ്ലേറ്റ് നിര്‍മിച്ചു. പ്ലാസ്റ്റിക്കിനേക്കാള്‍ ചൂട് പ്രതിരോധിക്കും. ഡെന്‍സിറ്റി പ്ലാസ്റ്റിക്കിനേക്കാള്‍ 40% കൂടുതല്‍, വെള്ളത്തില്‍ താഴ്ന്നുപോകും, കറ പിടിക്കില്ല, മൈക്രോവേവ് ഓവനിലും ഉപയോഗിക്കാം. EU 10/2011, CALIFORNIA PROPOSITION 65, 2015 കിഡ്സ് ആക്റ്റ് റെഗുലേഷന്‍ അപ്രൂവല്‍, ISO QRO തുടങ്ങിയ ലോകോത്തര ക്വാളിറ്റി സര്‍ട്ടിഫിക്കേഷനുകളും നേടിയെടുക്കാന്‍ സാധിച്ചു. അതൊരു യൂറേക്കാ മൊമന്റായിരുന്നു''- വഴിത്തിരിവിനെ കുറിച്ച് മിന്റോ പറയുന്നു.

പേറ്റന്റ് നേടി കുതിച്ചുമുന്നേറ്റം

മിനറല്‍ ഫില്‍ഡ് പോളിമര്‍ അഥവാ എം.എഫ്.പിഎന്ന നൂതന പോളിമര്‍ സംയുക്തത്തിന് പേറ്റന്റ് നേടിയെടുത്ത് അതില്‍ ടേബ്ള്‍വെയറുകളുടെ നിര്‍മാണം തുടങ്ങിയെങ്കിലും വിപണനത്തിന് മാര്‍ഗമില്ലായിരുന്നു. ''ഒരു പ്രമുഖ മാര്‍ക്കറ്റിംഗ് കമ്പനിയെ ഇതിനായി സമീപിച്ചെങ്കിലും അതിന്റെ സാരഥിയെ കാണാന്‍ സമയം തന്നില്ല. നിരാശനായില്ല; ഒരു ദിവസം മുഴുവന്‍ ഭക്ഷണം കഴിക്കാതെ ഓഫീസിന് മുന്നില്‍ നിന്ന ശേഷം രാത്രി എട്ടരയോടെ അദ്ദേഹത്തെ കണ്ടു. കാര്യം പറഞ്ഞപ്പോള്‍ കുറച്ച് ടേബ്ള്‍വെയറുകള്‍ സപ്ലൈ ചെയ്യാന്‍ പറഞ്ഞു. അതൊരു ഗെയിംചേയ്ഞ്ചറായി. അതില്‍ പിടിച്ചുകയറി. വെറും രണ്ട് മാസങ്ങള്‍ കൊണ്ട് വിറ്റുവരവ് 25 ലക്ഷം രൂപയില്‍ നിന്ന് 62 ലക്ഷം രൂപയിലേക്ക് കുതിച്ചെത്തി''- മിന്റോ പറയുന്നു.

ഗ്രാനോവെയറിന്റെ രാജ്യാന്തര സര്‍ട്ടിഫിക്കേഷനുകളുള്ള ഫുഡ്‌ഗ്രേഡ് മെറ്റീരിയല്‍ ഈ രംഗത്ത് പുതിയൊരു വിപ്ലവം തന്നെ സൃഷ്ടിച്ചു. സ്വന്തം ബ്രാന്‍ഡിലും മറ്റനേകം കമ്പനികള്‍ക്കുമായി ഇന്ന് 600-800 ഓളം വ്യത്യസ്ത ഉല്‍പ്പന്നങ്ങളാണ് ഗ്രാനോവെയര്‍ ഉല്‍പ്പാദിപ്പിക്കുന്നത്. രാജ്യമെമ്പാടും ഗള്‍ഫ് നാടുകളിലും വിപണി വ്യാപിപ്പിച്ചിരിക്കുന്ന ഗ്രാനോവെയര്‍ ഇനി ലക്ഷ്യമിടുന്നത് യു.കെ, യു.എസ്.എ, ആഫ്രിക്കന്‍ രാജ്യങ്ങള്‍, യൂറോപ്പ് എന്നിവിടങ്ങളാണ്.

ബിസിനസില്‍ നിന്ന് ലഭിച്ച ലാഭത്തിന്റെ വലിയൊരു പങ്ക് പുനര്‍നിക്ഷേപിച്ച് ഗവേഷണങ്ങള്‍ തുടര്‍ന്നു. ഭാര്യ മേരി സൂസന്‍ ചെറിയാനും ബിസിനസില്‍ സജീവമായി. ബ്രദര്‍ ഡെസ്മണ്ടിന്റെ മകള്‍ ഡെറിന്‍ എമിലിയസ് റോഡ്രിഗ്സ് മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് വന്നു. സൂസന്‍ ഫൈനാന്‍സ് വിഭാഗത്തിനും മേല്‍നോട്ടം വഹിക്കാന്‍ തുടങ്ങി. ലോക്ക്ഡൗണ്‍ കാലത്ത് എല്ലാവരും വീടുകളില്‍ ചെടികളും പച്ചക്കറികളും നട്ടുവളര്‍ത്തല്‍ തുടങ്ങിയപ്പോള്‍ ചെടിച്ചട്ടി ഡിമാന്റ് കൂടി. അക്കാലത്ത് നടത്തിയ നിരന്തര ഗവേഷണങ്ങളിലൂടെ ഭാരം കുറഞ്ഞതും വെയിലിനെ പ്രതിരോധിക്കാന്‍ കഴിയുന്നതുമായ വെതര്‍ പ്രൂഫുള്ള പോളിമെറിന്റെ പുതിയ വകഭേദം കണ്ടെത്തി. അതുപയോഗിച്ച് ലൈറ്റ്വെയ്റ്റ് റൂഫ് ടൈലുകളാണ് മിന്റോ നിര്‍മിച്ചത്. ഇതിനും വീണ്ടും രണ്ട് പേറ്റന്റ് എടുത്തു.

വമ്പന്മാരായ എതിരാളികളുള്ള മറ്റൊരു രംഗത്തേക്ക് ഒട്ടും പരിചയമില്ലാതെ മിന്റോ കാലെടുത്തുവെച്ചു; ഗ്രാനോ നാനോ സെറാമിക് റൂഫ് ടൈലുകളിലൂടെ. ഇന്ന് നാനോ സെറാമിക് റൂഫിംഗ് ടൈലുകള്‍ വിപണി പിടിച്ചെടുക്കുകയും ചെയ്തു. വീടുവീടാന്തരം കയറിയിറങ്ങി വില്‍പ്പന നടത്തുന്നവരുടെ കൈവശം മുതല്‍ പ്രീമിയം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വരെ ഇപ്പോള്‍ ഗ്രാനോവെയറിന്റെ ഉല്‍പ്പന്നങ്ങളുണ്ട്. കേരളത്തിലെ മുക്കിലും മൂലയിലുമുള്ള ഫാബ്രിക്കേറ്റര്‍മാര്‍ക്ക് വരെ ഗ്രാനോ നാനോ സെറാമിക്കിനെ കുറിച്ചറിയാം. ഇന്ത്യയിലെമ്പാടും വിപണി വ്യാപിപ്പിച്ച കമ്പനി കയറ്റുമതിലക്ഷ്യമിട്ട് മുംബൈയില്‍ ഒരു യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്ന് കരകയറിയ മിന്റോ ഓരോ ചുവടും വെയ്ക്കുന്നത് സൂക്ഷിച്ചുതന്നെയാണ്; പുതിയൊരു ചരിത്രം ഇനിയെഴുതാന്‍.

വിപണി പിടിച്ച എട്ടുകാലി തന്ത്രം!

ഒരു പരിചയവുമില്ലാത്ത വിപണിയില്‍, അതും വമ്പന്മാര്‍ വാഴുന്ന മേഖലയില്‍ എങ്ങനെ വിപണി പിടിക്കാം? നാനോ സെറാമിക് റൂഫിംഗ് ടൈല്‍ രംഗത്ത് മിന്റോ സാബു പരീക്ഷിക്കുന്ന വഴികളിലുണ്ട് ഇതിനുള്ള ഉത്തരം. പുതിയൊരു റൂഫ് ടൈല്‍ പരിചയപ്പെടുത്തി അത് വാങ്ങിപ്പിക്കല്‍ അസാധ്യമായിരുന്നു. ഉല്‍പ്പന്നം വികസിപ്പിച്ചെടുത്തതോ കോവിഡ് കാലത്തും. ''അന്ന് സോഷ്യല്‍ മീഡിയ വളരെ സജീവമായല്ലോ.

നാനോ സെറാമിക് റൂഫിംഗ് ടൈലിനെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ചെറിയൊരു കൂര തന്നെ നിര്‍മിച്ചു. അതില്‍ ടൈല്‍ പാകി. അതൊരു വീഡിയോ ആക്കി യൂട്യൂബില്‍ പോസ്റ്റ് ചെയ്തു. പിന്നീട് കുറച്ചുപേര്‍ വന്നു. പക്ഷേ വിപണിയില്‍ ആഴ്ന്നിറങ്ങാന്‍ ഒരു മാര്‍ക്കറ്റിംഗ് പ്ലാന്‍ തയാറാക്കി. ഒപ്പം ഒരു മൊബൈല്‍ ആപ്പും പുറത്തിറക്കി. അതങ്ങ് ക്ലിക്കായി. എട്ടുകാലിയെ പോലെ എട്ട് കാലുകളില്‍ ഊന്നിനില്‍ക്കുന്ന വിപണന തന്ത്രമാണ് മിന്റോ ഒരുക്കിയത്. ഒരു മേഖലയില്‍ പ്രശ്‌നം സംഭവിച്ചാലും മറ്റു മേഖലയില്‍ ഊന്നിനില്‍ക്കാനും ബിസിനസ് താങ്ങിനിര്‍ത്താനും സഹായിക്കുന്ന ഈ സ്‌പൈഡര്‍ മാര്‍ക്കറ്റിംഗ് തന്ത്രമാണ് നാനോ സെറാമിക്കിന്റെ വിപണി വിജയത്തിന്റെ പ്രധാന കാരണം''- മിന്റോ പറയുന്നു.

മിന്റോയുടെ മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ തന്നെയാണ് ഗ്രാനോയുടെ കരുത്തെന്ന് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി നവീന്‍ അഭിപ്രായപ്പെടുന്നു. ബിസിനസുമായി ചേര്‍ന്നുനില്‍ക്കുന്ന ഏവരെയും ഉള്‍ച്ചേര്‍ത്തുള്ള ശൈലിയായതിനാല്‍ എല്ലാതലത്തിലും ശാക്തീകരണവും സാധ്യമാകുന്നുണ്ട്. തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളുമായി ചേര്‍ന്ന് ഗ്രാനോവെയറിന്റെ വിപണനശൃംഖല വ്യാപിപ്പിക്കാനുള്ള നീക്കമൊക്കെ അതിന്റെ ഭാഗമാണ്. ബിസിനസില്‍ എന്ത് പ്രശ്‌നം വന്നാലും മിന്റോ ജീവനക്കാരുടെ വേതനം മുടക്കാറുമില്ല. അസംസ്‌കൃത വസ്തുക്കള്‍ റിഫൈനറികളില്‍ നിന്ന് നേരിട്ട് സംഭരിച്ച് ഉല്‍പ്പന്നം നിര്‍മിച്ച് വിപണിയിലെത്തിച്ച് വില്‍ക്കുന്ന ഗ്രാനോ ക്യാഷ് സൈക്കിള്‍ മാനേജ്‌മെന്റും കൃത്യമായ രീതിയില്‍ തന്നെയാണ് കൊണ്ടുപോകുന്നത്.

തോല്‍വിയില്‍ പതറരുത്; ഇരിക്കും മുമ്പ് കാല് നീട്ടരുത്

ബിസിനസിലെ കയറ്റിറക്കങ്ങള്‍ അടുത്തുനിന്ന് കണ്ടറിഞ്ഞ മിന്റോ സാബുവിന് സംരംഭകരോട് പറയാനുണ്ട് ചില കാര്യങ്ങള്‍.

$ ബിസിനസില്‍ ജയപരാജയങ്ങള്‍ സ്വാഭാവികം. തോല്‍വികളെ പേടിക്കരുത്. അമിത ആത്മവിശ്വാസവും ആത്മവിശ്വാസം ഇല്ലായ്മയും പാടില്ല.

$ ഒരു ബിസിനസുകാരന് അയാളുടെ ഏറ്റവും വലിയ എന്റര്‍ട്ടെയ്ന്‍മെന്റും ലഹരിയും ബിസിനസായിരിക്കണം. ഞാന്‍ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. കോവിഡ് കാലത്താണ് സ്വന്തം വീട് പണിയുന്നത്. അതും സ്ഥിരമായൊരു വിലാസമൊക്കെ വേണ്ടേയെന്ന ചിന്തയൊക്കെ വന്നപ്പോള്‍. ബിസിനസിലെ ലാഭം ബിസിനസില്‍ തന്നെ നിക്ഷേപിക്കുക. അതിനെ വളര്‍ത്തുക.

$ സാമ്പത്തികമായി നല്ല നിലയിലാകാതെ മറ്റ് കാര്യങ്ങള്‍ക്ക് പണം ചെലവിടരുത്.

$ എന്നും നവീകരിക്കുന്നതിന് മുന്‍തൂക്കം നല്‍കുക. നമുക്ക് മേല്‍ക്കൈ നല്‍കുന്ന നൂതന ഉല്‍പ്പന്നം നമ്മുടെ കയ്യില്‍ വേണം.

$ ഒട്ടനവധി സന്ദര്‍ഭങ്ങളില്‍ ഏറെ പ്രതീക്ഷയോടെ ഞാന്‍ നടത്തിയ പല കാര്യങ്ങളും പലരും നിരാകരിച്ചിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ഒരിക്കല്‍ പോലും മനസാന്നിധ്യം കൈവിടരുത്. ഒരിക്കല്‍ ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെയിരുന്ന് തയാറാക്കിയ കാര്യങ്ങളുമായി ഒരു ബിസിനസ് മീറ്റിംഗിനു പോയി. അന്ന് എന്റെ അടുത്ത സുഹൃത്തിന്റെ വിവാഹമായിരുന്നു. പക്ഷേ ആ മീറ്റിംഗ് ഫലപ്രാപ്തിയിലെത്തിയില്ല. അപ്പേഴും ദുഃഖം തോന്നിയില്ല. അതൊക്കെ ബിസിനസിന്റെ ഭാഗമാണ്.

(Originally published in Dhanam Business Magazine August second issue, 2023)

Related Articles
Next Story
Videos
Share it