700 സ്‌ക്വയര്‍ഫീറ്റ് വെയര്‍ഹൗസില്‍ നിന്ന് നാസ്ഡാക്കിലെ അഭിമാനനേട്ടം വരെ; ഇത് ഗിരീഷ് മാതൃഭൂതത്തിന്റെ കഥ

നാസ്ഡാക്കിലെ ഐപിഓയിലൂടെ 1.03 ബില്യണ്‍ ഡോളര്‍ നേടിയ ആദ്യ ഇന്ത്യന്‍ കമ്പനിയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് എങ്ങും. ലിസ്റ്റിംഗിലൂടെ നേടിയ തുകയും ഒറ്റദിവസം കൊണ്ട് 500 ഓളം പേരെ കോടീശ്വരന്മാരാക്കിയതും ചര്‍ച്ചയാകുമ്പോള്‍ ഒരു സിംപിള്‍ വ്യക്തി പുഞ്ചിരിയോടെ തന്റെ കുടുംബത്തെയും ചേര്‍ത്ത് പിടിച്ച് നാസ്ഡാക്ക് വിജയാഘോഷത്തില്‍ നില്‍ക്കുന്നത് കാണാം, ഗീരീഷ് മാതൃഭൂതം എന്ന തമിഴ്‌നാട് സ്വദേശി.

മാതൃഭൂതം തന്റെ സറ്റാര്‍ട്ടപ്പ് തുടങ്ങുന്നത് 700 സ്്ക്വയര്‍ഫീറ്റ് കഷ്ടിച്ച് വലുപ്പമുള്ള ത്രിച്ചിയിലെ ഒരു വെയര്‍ഹൗസിലാണ്. കസ്റ്റമര്‍ സര്‍വീസിലെ വളരെ മോശമായ ചില അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ' ഫ്രഷ് ' ആശയം മാതൃഭൂതത്തിന് തോന്നുന്നത്. തികച്ചും അണ്‍കണ്‍വെന്‍ഷനലായ രീതികളായിരുന്നു തുടക്കം മുതലേ കമ്പനിക്കുണ്ടായിരുന്നതെന്ന് അദ്ദേഹം പറയുന്നു.
ഗിരീഷ് മാതൃഭൂതം നാസ്ഡാക്കിലെ വിജയത്തിന് ശേഷം പങ്കുവച്ച വികാര നിര്‍ഭരമായ വ്‌ളോഗില്‍ അദ്ദേഹം ഇങ്ങനെ കുറിക്കുന്നു, 'സ്വന്തം താല്‍പ്പര്യത്തിന് വേണ്ടിയല്ല, മറിച്ച് ഒരു യുണിക് സമീപനത്തിനായി വിപണിയില്‍ ഒരു ഓപ്പണിംഗ് കണ്ടതില്‍ നിന്നുമായിരുന്നു ഞങ്ങള്‍ ഇതിനായി ഇറങ്ങുന്നത്. ഞങ്ങള്‍ സിലിക്കണ്‍ വാലിയില്‍ സ്ഥാപിക്കപ്പെട്ടവരല്ല. വലിയ സംരംഭങ്ങളെ ഞങ്ങള്‍ ലക്ഷ്യം വച്ചില്ല. സ്ഥാപനത്തിന് ലളിതമായ ഒരു 'മന്ത്രം' ഉണ്ടായിരുന്നു- സന്തുഷ്ടരായ ജീവനക്കാര്‍ സന്തുഷ്ടരായ ഉപഭോക്താക്കളെ സൃഷ്ടിക്കുന്നു'.
സന്തുഷ്ട 'കുടുംബം'
മാതൃഭൂതത്തിന്റെ കമ്പനി 30 വയസ്സിന് താഴെയുള്ള 70 ഓളം പേരെയാണ് ഒറ്റ ദിവസം കൊണ്ട് കോടിപതികളാക്കിയത്. എല്ലാവരെയും ചേര്‍ത്ത് പിടിച്ച് ഒരു മുതിര്‍ന്ന സഹോദരനെപ്പോലെ മാസൃഭൂതവും. സ്ഥാപനത്തിന്റെ സംസ്‌കാരത്തെ വിവരിക്കാന്‍ മാതൃഭൂതം 'കുടുംബ' എന്ന തമിഴ് പദമാണ് ഉപയോഗിക്കുന്നത്. 'ചെന്നൈയില്‍ തമിഴില്‍ കുടുംബം എന്നാണ് അര്‍ത്ഥമാക്കുന്നത്. കുടുംബമാണ് നമ്മളെ ഒന്നിപ്പിക്കുന്നത്. അത് നമ്മുടെ വേരുകള്‍ എന്താണോ അതിനെ ആഘോഷമാക്കാന്‍ നമ്മെ പഠിപ്പിക്കും. നമ്മള്‍ എവിടെ നിന്നാണ് തുടങ്ങിയതെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. കുടുംബമെന്നത് ഒരു വികാരമാണ്. അവ സൃഷ്ടിക്കാനായാല്‍ നമുക്ക് ഒരുമിച്ച് നിന്ന് വളരാനും കഴിയും'.
കമ്പനിയിലെ ജീവനക്കാരാണ് 76 ശതമാനത്തോളം വരുന്ന ഫ്രഷ് വര്‍ക്‌സിന്റെ നിക്ഷേപകര്‍. അവര്‍ തങ്ങളുടെ കഠിനാധ്വാനത്തെ ടീം വര്‍ക്കിലൂടെ ഒറ്റക്കട്ടായി നിന്ന് പുതിയൊരു ചരിത്രം കുറിക്കാന്‍ തന്നെ മാറ്റിയെടുത്തുവെന്നതാണ് സത്യം. ഇത് തന്നെയാണ് ഈ ഇന്ത്യന്‍ ടെക് കമ്പനിയുടെ വിജയത്തെ മികച്ചതാക്കുന്നതും. സിആര്‍എം മേഖലയില്‍ ആഗോള തലത്തില്‍ 4500 ഓളം ജീവനക്കാരുണ്ട് കമ്പനിക്ക്. ഉപഭോക്താക്കള്‍ക്കൊപ്പം, പ്രൊമോട്ടര്‍മാര്‍ക്കൊപ്പം, ജീവനക്കാര്‍ക്കൊപ്പം നില്‍ക്കുക എന്ന തത്വമാണ് ചെന്നൈയില്‍ നിന്നും സിലിക്കന്‍ വാലിയിലെ വിജയക്കൊടി പാറിച്ച മാതൃഭൂതമെന്ന സംരംഭകനെ മുന്നോട്ട് നയിക്കുന്നതും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it