ടിസിഎസിലെ ജീവനക്കാരനില്‍ നിന്ന് ടാറ്റയുടെ തലപ്പത്തേക്ക്: അറിയാം പത്മഭൂഷന്‍ എന്‍ ചന്ദ്രശേഖരന്റെ കഥ!

30 വര്‍ഷം ടാറ്റയ്‌ക്കൊപ്പം. താഴെ തട്ടില്‍ നിന്ന് പടവുകള്‍ ചവിട്ടിക്കയറി തലപ്പത്തെത്തി
ടിസിഎസിലെ ജീവനക്കാരനില്‍ നിന്ന് ടാറ്റയുടെ തലപ്പത്തേക്ക്: അറിയാം പത്മഭൂഷന്‍ എന്‍ ചന്ദ്രശേഖരന്റെ കഥ!
Published on

ഈ റിപ്പബ്ലിക് ദിനത്തില്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്റെ കരിയര്‍ ആരെയും ത്രസിപ്പിക്കുന്ന ഒന്നാണ്. വ്യവസായ-വാണിജ്യ മേഖലയില്‍ നിന്ന് സൈറസ് പൂനാവാല, സുന്ദര്‍ പിച്ചൈ എന്നിവര്‍ക്കൊപ്പമാണ് ഈ വര്‍ഷം എന്‍. ചന്ദ്രശേഖരനും പത്മ ഭൂഷണ്‍ ലഭിച്ചിരിക്കുന്നത്.

ഇന്ത്യന്‍ വ്യവസായ ലോകത്ത് ചന്ദ്രശേഖരന് ഒരു വിളിപ്പേരുണ്ട്; മാരത്തോണ്‍ മാന്‍. മാരത്തോണിലെ സ്ഥിരം സാന്നിധ്യമാണ് ഇദ്ദേഹം. ചന്ദ്രശേഖരന്റെ ടാറ്റ യാത്രയും മാരത്തോണിന് സമം. ടിസിഎസില്‍ ഇന്റേണ്‍ ആയി ജോലിയില്‍ കയറിയ അദ്ദേഹം കഴിഞ്ഞ 30 വര്‍ഷമായി ടാറ്റ ഗ്രൂപ്പിനൊപ്പമുണ്ട്. നിര്‍ത്താതെ, പുതിയ ഊര്‍ജ്ജം ആവാഹിച്ചുകൊണ്ടുള്ള ഒരി മാര്‍ത്തോണ്‍ തന്നെ അതും.

1987ലാണ് ചന്ദ്രശേഖരന്‍ ടിസിഎസില്‍ ചേരുന്നത്. 30 വര്‍ഷം കൊണ്ട് ടാറ്റ സണ്‍സ് ചെയര്‍മാന്‍ പദവിയിലെത്തി. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടാറ്റ ഗ്രൂപ്പ് അക്ഷരാര്‍ത്ഥത്തില്‍ പടയോട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. നൂറ്റാണ്ടിന്റെ പഴക്കമുള്ള ഗ്രൂപ്പ് അടുത്ത നൂറ് വര്‍ഷം പ്രസക്തിയോടെ നിലനില്‍ക്കാനുള്ള കാര്യങ്ങള്‍ ചെയ്യുന്നു. ഡിജിറ്റല്‍ രംഗത്തേക്കുള്ള ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ അതിന് ഉദാഹരണം.

ഒരുനാള്‍ ആകാശം അടക്കി വാണ ടാറ്റ എയര്‍ ഇന്ത്യയുടെ ഏറ്റെടുക്കലിലൂടെ ആ രംഗത്തെ പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതും ചന്ദ്രശേഖരന്റെ നേതൃത്വത്തിന്റെ കീഴിലാണ്.

2016ലാണ് ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സിന്റെ ബോര്‍ഡിലേക്ക് എത്തുന്നത്. 2017 ജനുവരിയില്‍ ചെയര്‍മാനുമായി.

1963ല്‍ തമിഴ്‌നാട്ടില്‍ ജനിച്ച ചന്ദ്രശേഖരന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തിരുച്ചിറപ്പിള്ളി റീജിയണല്‍ എന്‍ജിനീയറിംഗ് കോളെജില്‍ നിന്ന് മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് നേടിയ ശേഷമാണ് ടിസിഎസിലേക്ക് എത്തുന്നത്.

രണ്ടുദശാബ്ദങ്ങള്‍ കൊണ്ട് ടിസിഎസിന്റെ നേതൃനിരയിലേക്ക് ചന്ദ്രശേഖരന്‍ എത്തി. ചന്ദ്ര എന്ന ചുരുക്കപ്പേരില്‍ വിളിക്കപ്പെടുന്ന ചന്ദ്രശേഖരന്‍ ടിസിഎസിനെ ടാറ്റ ഗ്രൂപ്പിലെ ഏറ്റവും മികച്ച കമ്പനിയായി വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. കമ്പനിയെ കൂടുതല്‍ ഉപഭോക്തൃ കേന്ദ്രീകൃതമാക്കിയതിനൊപ്പം ഇന്നൊവേഷന് കൂടുതല്‍ ഊന്നല്‍ നല്‍കിയും അക്ഷരാര്‍ത്ഥത്തില്‍ സ്വകാര്യമേഖലയിലെ രാജ്യത്തെ സുവര്‍ണ ശോഭയുള്ള കമ്പനിയാക്കി ടിസിഎസിനെ അദ്ദേഹം മാറ്റി.

''അതിവേഗമാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ലോകത്ത് മുന്നേറാന്‍, ബിസിനസുകള്‍ക്കിടയിലെ സങ്കീര്‍ണതകള്‍ പരമാവധി കുറച്ച് ലളിതമാക്കണം. ഇത് നമ്മളെ മാറ്റങ്ങളോട് അതിവേഗ പ്രതികരണത്തിന് പ്രാപ്തരാക്കും,'' ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ പദവി ഏറ്റെടുത്തപ്പോള്‍ ചന്ദ്രശേഖരന്‍ പറഞ്ഞ വാക്കുകളാണിത്. അതുതന്നെയാണ് അദ്ദേഹം ചെയ്യുന്നതും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com