

ചെന്നൈയിലെ ഇടത്തരം യാഥാസ്ഥിതിക കുടുംബത്തില്‍ ജനനം. പക്ഷേ അതിരില്ലാതെ സ്വപ്‌നം കാണാന്‍ കാവല്‍ നിന്നൊരു അമ്മയുണ്ടായിരുന്നു കൂടെ. ആ കരുത്തില്‍ സ്‌കൂളിലെ റോക്ക് ബാന്‍ഡില്‍ വരെ ഇടം നേടിയ പെണ്‍കുട്ടി പഠിച്ച് വളര്‍ന്ന് 2006ല്‍ ആഗോള വമ്പനായ പെപ്‌സികോയുടെ ചീഫ് എക്‌സിക്യുട്ടീവ് പദവിയിലെത്തുമ്പോള്‍ ലോകത്തിലെ തന്നെ ഫോര്‍ച്യൂണ്‍ 500 കമ്പനിയുടെ തലപ്പത്ത് എത്തുന്ന 11ാമത്തെ വനിതയായിരുന്നു! ഇന്ദ്ര നൂയി എന്ന ഇന്ത്യയില്‍ ജനിച്ച് വളര്‍ന്ന, ഇന്നും സ്വന്തം വീട്ടില്‍ ഇന്ത്യന്‍ ആചാരങ്ങളും ആരാധാനകളും പിന്തുടരുന്ന കോര്‍പ്പറേറ്റ് ലോകത്തെ ഈ ഉരുക്ക് വനിതയുടെ ജീവിത യാത്രകള്‍ വരച്ചിടുന്ന, അടുത്തിടെ പുറത്തിറങ്ങിയ 'My life in Full' ആണിപ്പോള്‍ പുസ്തകലോകത്തെ പുതിയ ചര്‍ച്ച. Hachette India പ്രസിദ്ധീകരിച്ച ഈ 313 പേജുള്ള ഈ പുസ്തകത്തില്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിനിടയാക്കിയ കാര്യങ്ങളും ആദ്യമായി ഇന്റര്‍വ്യുവിനെ അഭിമുഖീകരിച്ചപ്പോള്‍ അനുഭവിച്ച പ്രയാസങ്ങളും മുതല്‍ വ്യക്തി ജീവിതവും പ്രൊഫഷണല്‍ കരിയറും തമ്മില്‍ ഒരുമിച്ച് കൊണ്ടുപോകുമ്പോള്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ വരെ പച്ചയായി തുറന്നെഴുതുന്നുണ്ട്.
ഒരു ദശാബ്ദത്തിലേറെക്കാലം പെപ്‌സിയുടെ സാരഥ്യത്തിലിരുന്ന് 2019ല്‍ ആ പദവിയില്‍ നിന്ന് വിരമിച്ച ഇന്ദ്ര നൂയി ഇപ്പോള്‍ ആമസോണിന്റെ ബോര്‍ഡംഗമാണ്.
യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് ഇന്ദ്ര പിറന്നതെങ്കിലും സ്‌കൂളില്‍ റോക്ക് ബാന്‍ഡിനെ നയിച്ചിരുന്നു. എപ്പോഴും അത്ഭുതങ്ങള്‍ ജീവിതത്തില്‍ കാത്തുവെച്ച ഇന്ദ്ര നൂയി മദ്രാസ് ക്രിസ്ത്യന്‍ കോളെജിലെ പഠന ശേഷമാണ് ഐഎംഎം കൊല്‍ക്കത്തയില്‍ നിന്ന് ബിരുദമെടുത്ത ശേഷമാണ് അമേരിക്കയിലെ യേല്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലേക്ക് ഉന്നത പഠനത്തിന് പോകുന്നത്. ''പുരുഷന്മാര്‍, പുരുഷന്മാര്‍ നിറഞ്ഞ കോര്‍പ്പറേറ്റ് ലോകത്തെ പുരുഷസാരഥികളെ വാര്‍ത്തെടുക്കാന്‍ വേണ്ടി നടത്തുന്ന'' ക്ലാസ് മുറികളിലിരുന്ന് ഇന്ദ്ര നൂയി കോര്‍പ്പറേറ്റ് ലോകത്തെ മോഹിപ്പിക്കുന്ന പദവിയിലേക്ക് കടന്നുചെന്നത് ഒട്ടേറെ ത്യാഗങ്ങള്‍ അനുഭവിച്ചാണ്. കഠിനമായി അധ്വാനിച്ചാണ്. പെപ്‌സികോയില്‍ ചേരും മുമ്പ് മോട്ടറോള ഉള്‍പ്പടെ വിവിധ കമ്പനികളില്‍ വിവിധ റോളുകള്‍ ഇന്ദ്ര നൂയി വഹിച്ചിരുന്നു. പെപ്‌സികോയിലെ 24 വര്‍ഷത്തില്‍ 12 വര്‍ഷവും ചീഫ് എക്‌സിക്യൂട്ടിവ് പദവിയിലായിരുന്നു അവര്‍.
വ്യക്തിപരമായ ഒരു പാട് സന്തോഷങ്ങളും നിമിഷങ്ങളും ബലികഴിച്ചതിന്റെ കൂടെ ഫലമാണ് തന്റെ കരിയര്‍ നേട്ടങ്ങളെന്ന് ഇന്ദ്ര നൂയി പുസ്തകത്തില്‍ പറയുന്നുണ്ട്. ഒരിക്കല്‍ തന്റെ ഭര്‍ത്താവ് ചോദിച്ച ഒരു ചോദ്യവും ഇന്ദ്ര നൂയി ഓര്‍മിച്ചെഴുതുന്നുണ്ട്. ''നിന്റെ പട്ടികയില്‍ എന്നും പെപ്‌സികോ, പെപ്‌സികോ, പെപ്‌സികോ ... പിന്നെ കുട്ടികള്‍, പിന്നെ അമ്മ, അവസാനം ഏറ്റവും ഒടുവിലായി ഞാനും,'' ഇതായിരുന്നു ഭര്‍ത്താവിന്റെ വാക്കുകള്‍. അതിന് നല്‍കിയ മറുപടിയും ഇന്ദ്ര നൂയി എഴുതിയിട്ടുണ്ട്. ''ആ പട്ടികയില്‍, ഏറ്റവും ചുരുങ്ങിയത്, നിങ്ങള്‍ അവസാനമായെങ്കിലും ഇടം നേടിയല്ലോ?'' തമാശയായാണ് ഇത് പറഞ്ഞതെങ്കിലും ഭര്‍ത്താവിന്റെ നിരീക്ഷണം ശരിയായിരുന്നുവെന്ന് ഇന്ദ്ര നൂയി ഇപ്പോള്‍ തുറന്ന് സമ്മതിക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine