

ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റിലെ വമ്പന്മാര്‍ക്കൊപ്പം തിളങ്ങിയ ഒരു പേരുണ്ട്, ശാശ്വത് നക്രണി, അഥവാ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്‍. ഐഐഎഫ്എല്‍ ഹുറൂണ്‍ ലിസ്റ്റ് പുറത്തുവന്നപ്പോള്‍ ബൈജൂസിന്റെ ബൈജു രവീന്ദ്രന് ശേഷം ഭാരത് പേയുടെ നക്രണിയുടെ പേരും ഏറെ ആഘോഷിക്കപ്പെട്ടു. ഐഐടി പഠനം പാതിവഴിയിലുപേക്ഷിച്ച നക്രണി ഈ 23 ാം വയസ്സില്‍ ഹുറൂണ്‍ ലിസ്റ്റില്‍ കയറിയത് ആയിരം കോടിയിലേറെയുള്ള സമ്പത്തുമായിട്ടാണ്.
മൂന്നാം വര്‍ഷ ഐഐടി പഠന കാലത്താണ് വ്യാപാരികള്‍ക്ക് തങ്ങളുടെ മാര്‍ജിന്‍ വെട്ടിക്കുറയ്ക്കാത്ത പേയ്‌മെന്റ് സംവിധാനം കൊണ്ടുവരേണ്ട ആവശ്യകത തിരിച്ചറിയുന്നത്. ഒന്നു രണ്ട് വര്‍ഷമായി പേടിഎം, ഗൂഗ്ള്‍ പേ എന്നിവര്‍ മേഖലയില്‍ സജീവമാണെങ്കിലും ചെറുകിടക്കാര്‍ക്ക് പ്രയോജനമാകുന്നൊരു ആപ്പിന് വിപണിയില്‍ അവസരമുണ്ടോ എന്ന് നക്രണി പഠനം നടത്തി. അതൊരു വഴിത്തിരിവായിരുന്നു.
പ്രശ്‌നരഹിത യുപിഐ സേവനം നല്‍കുന്നതിലൂടെ വ്യാപാരികളുടെ നിരവധി ആവശ്യകതകള്‍ പരിഗണിക്കുന്ന സേവനങ്ങള്‍ ഭാരത് പേ ആപ്പിലൊരുക്കി. 2018 ലാണ് അഷ്നീര്‍ ഗ്രോവര്‍, ഭവിക് കൊളാഡിയ എന്നിവരോടൊപ്പം ഫിന്‍ടെക് ആപ്പ് ആയഭാരത്പേ ആപ്പ് നക്രണി സ്ഥാപിച്ചത്.
സ്റ്റാര്‍ ഫീച്ചര്‍- ഇന്റര്‍ ഓപ്പറബിലിറ്റി എന്ന സവിശേഷത ആപ്പിനെ സവിശേഷമാക്കി. ഗൂഗ്ള്‍ പേ, പേടിഎം തുടങ്ങി ഏത് ആപ്പിലും ഉപയോഗിക്കുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ഏകീകൃതമായി ഉപയോഗിക്കാന്‍ കഴിയുന്ന ഭാരത് പേ ക്ലിക്ക് ആകുകയും ചെയ്തു.
PayTm, PhonePe, Google Pay, BHIM, തുടങ്ങി 150 ലധികം മറ്റ് യുപിഐ ആപ്പുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ പേയ്‌മെന്റ് ആപ്പുകളും സ്വീകരിക്കുന്നതിന് ഭാരത് പേ, വ്യാപാരികള്‍ക്ക് ഒരൊറ്റ ക്യുആര്‍ കോഡ് വാഗ്ദാനം ചെയ്യുന്നു.
ചെറുകിടക്കാര്‍ക്കും ഗ്രാമങ്ങളിലെ അക്ഷരാഭ്യാസമില്ലാത്ത കച്ചവടക്കാര്‍ക്ക് പോലും ഇത് സാമ്പത്തിക ഇടപാടുകളിലെ വേഗത നൽകി, ഇത് ഈ രംഗത്ത് വിപ്ലവകരമായ മാറ്റവും സൃഷ്ടിച്ചു. പ്രത്യേകിച്ച് ഫിൻ ടെക് കമ്പനികൾ വളർച്ച നേടിയ കോവിഡ് കാലത്ത്. അങ്ങനെ യൂണികോൺ ആയി കമ്പനി വളര്‍ന്നു, നക്രണിയും. സ്വത്ത് വളര്‍ന്നതോ ആയിരം കോടിക്ക് മേലെ.
ഇത്തവണത്തെ ഹുറൂണ്‍ റിച്ച് ലിസ്റ്റില്‍ നക്രണി അടക്കം 13 പേരാണ് 90 കളില്‍ ജനിച്ചവരായുള്ളത്. അതായത് യുവ സംരംഭക നിര തന്നെയാണ് ഇത്തവണത്തെ ഹുറൂണ്‍ ലിസ്റ്റിനെ സമ്പന്നമാക്കിയത്. പത്ത് വര്‍ഷം മുമ്പ് ഹുറൂണ്‍ ഇന്ത്യ ലിസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി 37 കാരനായിരുന്നെങ്കില്‍ ഇപ്പോള്‍ 23 കാരനാണെന്നതും യുവ സംരംഭകര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഏറെ പ്രചോദനം നൽകുന്ന വാര്‍ത്ത കൂടിയാണ്. സോഫ്‌റ്റ്വെയര്‍ മേഖലയില്‍ നിന്നുള്ളവരുടെ ലിസ്റ്റിലെ സ്ഥാനം 10 വര്‍ഷം മുമ്പുള്ള അഞ്ച് എന്നത് ഇത്തവണ മൂന്നാമതിലേക്കും ഉയര്‍ന്നിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine