ഇന്ത്യയുടെ ഇന്‍ഫ്രാ മാന്‍
ലീഡര്‍ഷിപ്പിനെ കുറിച്ചുള്ള മിത്തുകളും ചിന്താഗതികളും അപ്പാടെ മാറ്റുന്ന ചില വിജയങ്ങള്‍ ഇടയ്‌ക്കെങ്കിലും നമുക്കിടയില്‍ സംഭവിക്കാറുണ്ട്. വിസ്മയിപ്പിക്കുന്ന ചില ഉയര്‍ച്ചകള്‍, ആഗോള രംഗത്ത് തന്നെ ഇന്ത്യയ്ക്ക് അഭിമാനമാകുന്ന കാല്‍വയ്പുകള്‍, ഇങ്ങനെയുള്ളവരെയാണ് രാജ്യത്തിന്റെ വികസനത്തിന് ആവശ്യം എന്ന് ചിന്തിപ്പിക്കുന്നത്ര മികച്ച നേട്ടങ്ങള്‍.
എ.എം നായിക് എന്ന ബിസിനസ് പ്രൊഫഷണല്‍ നേടിയെടുത്തതും ഇതുപോലെ ചരിത്രത്തിന്റെ ഭാഗമായ ഒരു വിജയമാണ്. ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ എന്ന എല്‍&ടിയുടെ ദീര്‍ഘകാല വളര്‍ച്ചയ്ക്കും നേട്ടങ്ങള്‍ക്കും കാരണമായ നായകന്‍. 1980 കളില്‍ ഒരു ആഭ്യന്തര എന്‍ജിനീയറിംഗ് കമ്പനി മാത്രമായിരുന്ന എല്‍&ടിയെ 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഗ്ലോബല്‍ ടെക്‌നോളജി പവര്‍ഹൗസാക്കിയത് നായിക്കിന്റെ നേതൃത്വവും വിഷനുമാണ്.
ഇന്ത്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മേഖലയില്‍ ഒന്നാമതായിരുന്ന എല്‍&ടിക്ക് പുതിയ ദിശാബോധം നല്‍കി, ഏറ്റവും പ്രൊഫഷണലായ ഒരു ബിസിനസ് ഗ്രൂപ്പാക്കി മാറ്റി എന്നതാണ് മറ്റ് ബിസിനസ് പ്രൊഫഷണലുകളില്‍ നിന്നും നായിക്കിനെ വ്യത്യസ്തനാക്കുന്നത്. മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍, ടേണോവര്‍, നെറ്റ്‌വര്‍ത്ത് എന്നിങ്ങനെ ബിസിനസ് പെര്‍ഫോമന്‍സിന്റെ എല്ലാ അളവുകോലുകളിലും ഉയര്‍ച്ച മാത്രം നേടി എല്‍&ടിയെ പ്രൊഫഷണല്‍ മികവിന്റെ മറുപേരാക്കി മാറ്റാനായി രൂപപ്പെടുത്തിയ സ്ട്രാറ്റജിയും ആക്ഷന്‍ പ്ലാനും മാത്രമല്ല, നായിക്കിന്റെ പ്രവര്‍ത്തനശൈലിയും കാഴ്ചപ്പാടുകളും ഇന്ത്യന്‍ വ്യവസായ ചരിത്രത്തിന്റെ ഭാഗമാണിപ്പോള്‍.
വിസ്മയിപ്പിക്കുന്ന നേട്ടം
52 വര്‍ഷമായി എല്‍&ടിയുടെ ഭാഗമാണ് നായിക്, ഇതില്‍ 18 വര്‍ഷം കമ്പനിയുടെ നേതൃത്വം വഹിച്ചു. ഇന്ത്യയില്‍ അധികം ആര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത ഒരു നേട്ടം. ഈ 18 വര്‍ഷങ്ങള്‍ക്കുള്ളില്‍ കമ്പനിയുടെ റെവന്യു 5000 കോടി രൂപയില്‍ നിന്ന് ഉയര്‍ന്നത് 1.25 ലക്ഷം കോടിയിലേയ്ക്ക്. മാര്‍ക്കറ്റ് കാപ് രണ്ടായിരം കോടിയായിരുന്നത് 1.7 ലക്ഷം കോടിയുമായി.
'ഞാന്‍ ചെയ്യുന്നത് എന്തായാലും അതിന്റെ അടിസ്ഥാനം ഒന്നേയുള്ളു, ഇത് രാജ്യത്തിനു ഗുണകരമാണോ? ഇത് ഒരു മികച്ച ഇന്ത്യയെ സൃഷ്ടിക്കാന്‍ സഹായിക്കുമോ? എന്റെ പ്രവൃത്തിയാണ് എന്റെ ദേശസ്‌നേഹം, വെറും വാക്കുകള്‍ അല്ല,' എന്ന് പറയുന്ന നായിക്കിന്റെ ജീവചരിത്രത്തിന ് 'ദ്‌നാഷണലിസ്റ്റ്' എന്നല്ലാതെ മറ്റ് എന്ത് പേരിടാന്‍?
പത്രപ്രവര്‍ത്തകനായ മിനാസ് മര്‍ച്ചന്റ് രചിച്ച ഈ ജീവചരിത്രം ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്റെ കഥ കൂടിയാണ് പറയുന്നത്. റോഡുകളും പാലങ്ങളും വ്യവസായ നിര്‍മാണ യൂണിറ്റുകളും മുതല്‍ എയര്‍പോര്‍ട്ടുകളും മെട്രോസ്റ്റേഷനുകളും മിസൈലുകളും ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകളും ബഹിരാകാശ പര്യവേക്ഷണ പദ്ധതികളും ഉള്‍പ്പെടെ രാജ്യത്തിന്റെ വികസനത്തിന്റെ ഓരോ പുതിയ ചുവടുവയ്പ്പിലും കൂട്ടായി എല്‍&ടിയുണ്ട്. ആഗോളതലത്തില്‍ ശ്രദ്ധ നേടിയ ഹസീറ മാനുഫാക്ച്ചറിംഗ് കോംപ്ലക്‌സും വഡോദരയിലെ നോളജ്‌സിറ്റിയും കട്ടുപള്ളി ഷിപ്പ്‌യാര്‍ഡും എല്‍&ടിയുടെ നിര്‍മാണ മികവിനൊപ്പം ഇന്ത്യയുടെ എന്‍ജിനീയറിംഗ്- ടെക്‌നോളജി പ്രാഗത്ഭ്യമാണ് ലോകത്തിനു മുന്നില്‍ അഭിമാനത്തോടെ ഉയര്‍ന്നുനിന്നത്.
ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ഗ്രാസിം ഇന്‍ഡസ്ട്രീസും റിലയന്‍സ് ഇന്‍ഡസ്ട്രീസും സ്വന്തമാക്കാന്‍ ഏറെ ആഗ്രഹിച്ച എല്‍&ടി എന്ന കമ്പനിക്ക് ചുറ്റും ഓഹരിയുടമകളുടെ സുരക്ഷയുടെ കനത്ത കോട്ട കെട്ടിപ്പടുത്തതും നായിക് തന്നെ. ജീവനക്കാര്‍ക്ക് ഓഹരികള്‍ നല്‍കാനായി തുടക്കമിട്ട എംപ്ലോയീസ് വെല്‍ഫയര്‍ ഫൗണ്ടേഷന്‍ പിന്നീട് ഗ്രാസിമിന്റെ ഷെയറുകള്‍ തിരിച്ചുവാങ്ങി പുതിയൊരു ചരിത്രം തന്നെ സൃഷ്ടിച്ചു.
ഓഹരിയുടമകള്‍ക്ക് ആത്മവിശ്വാസം പകരുന്ന രീതിയില്‍ കമ്പനിയിലെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച നായിക് സിഇഒ ആയി ചുമതലയേറ്റ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ എല്‍&ടിയുടെ വളര്‍ച്ച ആരെയും അസൂയപ്പെടുത്തുന്നതായി മാറി.
'ഇതാണ് ഒറിജിനല്‍ മേക്ക് ഇന്‍ ഇന്ത്യമാന്‍. എണ്‍പതുകളില്‍ ഞാന്‍ ആദ്യം പരിചയപ്പെടുമ്പോഴേ നായിക് എത്ര വ്യത്യസ്തനാണെന്നു മനസിലായിരുന്നു,' പുസ്തകത്തിന്റെ പ്രകാശന വേദിയില്‍ വച്ച് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞ ഈ വാക്കുകളിലുണ്ട് നായിക്കിന്റെ വിജയത്തിന്റെ പ്രധാന രഹസ്യം. റിലയന്‍സ് വിഭജനത്തിനു മുന്‍പ് മുകേഷ് അംബാനിയും അനില്‍ അംബാനിയും എല്‍&ടിയുടെ ഡയറക്ടര്‍മാരായി നായിക്കിനൊപ്പം ഒട്ടേറെ ബോര്‍ഡ് മീറ്റിംഗുകളിലും പങ്കെടുത്തിരുന്നു.
''മറ്റ് രാജ്യങ്ങള്‍ ഉപയോഗിക്കുന്ന എന്തെങ്കിലും ടെക്‌നോളജിയുടെ കാര്യം പറഞ്ഞാല്‍ അത് കൂടുതല്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ അദ്ദേഹം ശ്രമിക്കും. കാഡ് (കംപ്യുട്ടര്‍ എയ്ഡഡ് ഡിസൈന്‍) എത്ര ഫലപ്രദമാണ് എന്ന് ഞാന്‍ പറഞ്ഞു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ എല്‍&ടി അത് വികസിപ്പിച്ചു,'' എത്ര ശ്രമിച്ചിട്ടും റിലയന്‍സിന്റെ കയ്യിലൊതുങ്ങാതെപോയ ഒരു കമ്പനിയുടെ ലീഡറിനെക്കുറിച്ച് മുകേഷ് അംബാനിക്ക് പറയാന്‍ കഥകള്‍ ഏറെ.
ഇന്ത്യയ്ക്ക് പുറത്ത് എല്‍&ടിയുടെ പേര് സുപരിചിതമാക്കിയതും നായിക് തന്നെ. ഇപ്പോള്‍ കമ്പനിയുടെ വരുമാനത്തിന്റെ 30 ശതമാനത്തില്‍ ഏറെ വിദേശരാജ്യങ്ങളിലെ പ്രോജക്ടുകളില്‍ നിന്നാണ്.
ആരാണ് എ.എം നായിക്?
ഗുജറാത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ച്, ഒട്ടേറെ പ്രതികൂലസാഹചര്യങ്ങള്‍ തരണം ചെയ്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് ലീഡര്‍മാരിലൊരാളായി മാറിയ എന്‍ജിനീയര്‍. ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ എന്ന കമ്പനിയെ ലോകത്തെ തന്നെ ഏറ്റവും മികച്ച വ്യവസായ സ്ഥാപനമാക്കി മാറ്റിയ വിഷനറി. ഇന്ത്യയുടെ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ മാന്‍.
1965 ല്‍ 670 രൂപ ശമ്പളത്തില്‍ ജൂനിയര്‍ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ച നായിക് എംഡി & സിഇഒ ആയി എല്‍&ടിയുടെ നായകനാകുന്നത് 1999ല്‍. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ എന്ന പദവിയിലേക്ക്. വിവിധ റാങ്കുകളിലൂടെ ഉയര്‍ന്ന് ഒരു ജീവനക്കാരന്‍ എല്‍&ടിയുടെ ചെയര്‍മാനാകുന്നത് ആദ്യം.
നെസ്റ്റര്‍ബോയ്‌ലേഴ്‌സ് എന്ന കമ്പനിയിലെ ആദ്യ ജോലി ഉപേക്ഷിച്ച് എല്‍&ടി തെരഞ്ഞെടുക്കാനുള്ള കാരണവും മറ്റൊന്നല്ല. 'കരുത്തുള്ള ഇന്ത്യ എന്നതായിരുന്നു എന്റെ സ്വപ്‌നം. അന്ന് മറ്റാരും ചെയ്യാത്ത ഒരുപാട് കാര്യങ്ങള്‍ നിര്‍മാണ മേഖലയില്‍ എല്‍&ടി ചെയ്യുന്നുണ്ടായിരുന്നു. ഒരു മികച്ച പ്ലാറ്റ്‌ഫോം ലഭിച്ചാല്‍ നമുക്ക് പലതും സാധ്യമാക്കാന്‍ കഴിയും എന്ന് എനിക്കറിയാമായിരുന്നു. ഇതിനെല്ലാം വേണ്ട ചേരുവകള്‍ ഞാന്‍ എല്‍&ടിയിലാണ് കണ്ടെത്തിയത്.'
എല്ലാം ഇന്ത്യയ്ക്കു വേണ്ടി
വിദേശത്ത് ജോലി ചെയ്യാനുള്ള അവസരവും ഉപേക്ഷിച്ചാണ് ഈ എന്‍ജിനീയര്‍ പുതിയ കമ്പനിയിലെത്തുന്നത്. ചെറിയ ജോലികളില്‍ തുടങ്ങിയതുകൊണ്ട് എല്ലാ ചെറിയ കാര്യങ്ങളും പഠിക്കാന്‍ നായിക്കിന് കഴിഞ്ഞു. അതോടൊപ്പം ജീവനക്കാരുടെ ചിന്താഗതി മനസിലാക്കാനും ഇത് സഹായിച്ചു. ആയിരക്കണക്കിന് തൊഴിലാളികളുണ്ടായിരുന്ന ഒരു സ്ഥാപനത്തില്‍ എ.എം നായിക് എന്ന വ്യക്തിയെ വ്യത്യസ്തനാക്കിയത് കഠിനമായി അധ്വാനിക്കാനുള്ള മനസും ജോലിയോടുള്ള കടുത്ത പാഷനും ഇന്ത്യയുടെ വികസനം എന്ന ലക്ഷ്യവും തന്നെ.
ദിവസം പതിനാറ് മണിക്കൂര്‍ വരെ ജോലി ചെയ്തിരുന്ന നായിക് അവധിയെടുത്തിരുന്നത് വളരെ അപൂര്‍വമായി മാത്രം. ഞായറാഴ്ചകളിലും ജോലി ചെയ്തിരുന്ന ഒരു മാനേജര്‍ എങ്ങനെ ഉയരങ്ങള്‍ കീഴടക്കാതിരിക്കും? കൂടെ ജോലി ചെയ്യുന്നവരില്‍ നിന്നും ഈ ആത്മാര്‍ഥത തന്നെ പ്രതീക്ഷിച്ച നായിക് ജീവനക്കാരുടെ മികവ് വര്‍ദ്ധിപ്പിക്കാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു.
ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് വേണ്ടിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഫോക്കസ് ചെയ്യാനുള്ള നായിക്കിന്റെ തീരുമാനവും വളരെ തന്ത്രപ്രധാനമായി. മിസൈലുകളുടെയും ആയുധ സാമഗ്രികളുടെയും സപ്ലൈയില്‍ പ്രമുഖ സ്ഥാനം ഇന്ന് ഈ കമ്പനിക്കാണ്. അതോടൊപ്പം ഒട്ടേറെ ഗവേഷണ- വികസന പദ്ധതികളുടെയും ബഹിരാകാശ ഗവേഷണത്തിന്റെയും ഭാഗമാകാനും എല്‍&ടിയെ പ്രാപ്തമാക്കിയത് ഈ നേതൃത്വ മികവ് തന്നെ.
2012 മുതല്‍ 2017 വരെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായിരുന്ന നായിക് ഇനി നോണ്‍ - എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ എന്ന നിലയിലാണ് കമ്പനിയുടെ ഭാഗമായി തുടരുന്നത്. വയസ് 75ലും പഴയതുപോലെ ആക്റ്റീവ് തന്നെ ഈ ലീഡര്‍. ദൈനംദിന ജോലികളില്‍ നിന്നൊഴിഞ്ഞു കമ്പനിയുടെ ഭാവി പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിലാണ് ഇപ്പോള്‍ നായിക്കിന്റെ ശ്രദ്ധ.
മികവിന്റെ മാനേജ്‌മെന്റ്
നായിക് എന്ന എന്‍ജിനീയറെ ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് പ്രൊഫഷണല്‍ ആക്കി മാറ്റിയത് എന്താണ്?
വിശാലമായ കാഴ്ചപ്പാട്, ദീര്‍ഘകാലപ്ലാനിംഗ്, ഗ്ലോബല്‍വിഷന്‍
- എച്ച് ആര്‍, ട്രെയിനിംഗ് എന്നിവയ്ക്ക് മികച്ച പ്രാധാന്യം നല്‍കി ഏറ്റവും കഴിവുള്ളവരെ കമ്പനിയുടെ ഭാഗമാക്കി.
ജീവനക്കാര്‍ക്ക് ഓഹരികള്‍ നല്‍കി കമ്പനിയുടെ വളര്‍ച്ചയില്‍ അവരെ പങ്കാളികളാക്കി.
- ഏറ്റവും വളര്‍ച്ചയുള്ള മേഖലകളിലും രാജ്യത്തിന്റെ പ്രതിരോധവും ബഹിരാകാശ ഗവേഷണവും പോലെ തന്ത്രപ്രധാനമായ രംഗങ്ങളിലും കമ്പനിയുടെ സാന്നിധ്യം വര്‍ധിപ്പിച്ചു.
- ജോലിയോടുള്ള ആത്മാര്‍ത്ഥതയും പാഷനും ഓരോ ചെറിയ കാര്യങ്ങളിലും ഉണ്ടാകാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമായി.
എല്ലാ പ്രധാന ജോലികള്‍ക്കും ആഗോളനിലവാരം നിര്‍ബന്ധമാക്കി.
- കമ്പനിയുടെ വളര്‍ച്ചയ്ക്ക് ശക്തമായ ഓഹരിമൂല്യം ഉറപ്പുവരുത്തി. വിപണി മൂല്യം കുറഞ്ഞാല്‍ ആര്‍ക്കും കമ്പനിയെ ഏറ്റെടുക്കാന്‍ കഴിയും, അതൊഴിവാക്കണം എന്നകാര്യം ഒരു നയം പോലെ പിന്തുടരാന്‍ ജീവനക്കാരെ പ്രോത്സാഹിപ്പിച്ചു.
അധ്വാനത്തിന് മികച്ച മാതൃക സ്വയം സൃഷ്ടിച്ചു. പലപ്പോഴും പതിനാറ് മണിക്കൂര്‍വരെ ജോലി ചെയ്ത നായിക് ഷിഫ്റ്റിനു മുന്‍പ് ഓഫീസിലെത്തുന്നതും പതിവായിരുന്നു.
- മൈക്രോ മാനേജ്‌മെന്റില്‍ ഏറെ വിശ്വാസമായിരുന്നു നായിക്കിന്. ഒരു ദിവസത്തെ ഓരോ മിനിറ്റും എങ്ങനെ ചെലവഴിക്കുമെന്നും പ്ലാന്‍ ചെയ്തിരിക്കും. ഏത് സമയത്തും ഏത് ജീവനക്കാരനെയും വിളിക്കാന്‍ മടിയില്ല, പറയുന്ന കാ്യങ്ങള്‍ അവര്‍ പൂര്‍ണ്ണ ശ്രദ്ധയോടെ കേള്‍ക്കണം എന്ന നിര്‍ബന്ധവുമുണ്ട്.