സോഹന്‍ റോയ്: ബഹുമുഖ പ്രതിഭയുടെ വിജയയാത്ര

സോഹന്‍ റോയ്: ബഹുമുഖ പ്രതിഭയുടെ വിജയയാത്ര
Published on

പഠിക്കുന്ന കാലത്തേ തന്നെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിച്ച വിദ്യാര്‍ത്ഥിയായിരുന്നു സോഹന്‍ റോയ്. അന്നേ സംരംഭകന്‍ ആകുകയായിരുന്നു ലക്ഷ്യമെങ്കിലും മെര്‍ച്ചന്റ് നേവിയില്‍ ചേര്‍ന്നു.

പഠനശേഷം ഷിപ് ഇന്‍സ്‌പെക്ഷന്‍ & ഡിസൈനിംഗില്‍ സ്വന്തമായി സംരംഭത്തിന് തുടക്കമിട്ടു. കൊല്ലം ജില്ലയിലെ പുനലൂരില്‍ ജനിച്ചുവളര്‍ന്ന സോഹന്‍ റോയ് ജോലിയുമായി ബന്ധപ്പെട്ട് ഷാര്‍ജയിലേക്ക് പോയി. 1998ല്‍ യു.എ.ഇയിലാണ് സംരംഭത്തിന് തുടക്കമിടുന്നത്. 21 വര്‍ഷങ്ങള്‍. 49 സ്ഥാപനങ്ങള്‍. 16 രാജ്യങ്ങളില്‍ സാന്നിധ്യം. 4750ഓളം സംതൃപ്തരായ ഉപഭോക്താക്കള്‍. ആത്മാര്‍ത്ഥതയുള്ള ഒരു കൂട്ടം ജീവനക്കാര്‍… ഈ നേട്ടങ്ങള്‍ ഇന്ന് ഏരീസ് ഗ്രൂപ്പിന് സ്വന്തം. സ്വന്തം ജോലി തന്നെയാണ് ഏറ്റവും വലിയ ആരാധനയെന്ന് വിശ്വസിക്കുന്ന സംരംഭകന്റെ വിജയമാണിത്.

മറൈന്‍, മെഡിക്കല്‍ ടൂറിസം, മീഡിയ, സിനിമ തുങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പിന് 1600 ജീവനക്കാരാണ് ഉള്ളത്. ഇന്ത്യയില്‍ 400ഓളം ജീവനക്കാരുണ്ട്. ഫോബ്‌സ് മിഡില്‍ ഈസ്റ്റ് പുറത്തിറക്കിയ മിഡില്‍ ഈസ്റ്റ് 2017 പട്ടികയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും സാന്നിധ്യമുള്ള ഇന്ത്യക്കാരില്‍ ഇടംപിടിച്ച വ്യക്തിയാണ് സോഹന്‍ റോയ്.

സമയമാണ് പണം… സെക്കന്‍ഡുകള്‍ പോലും എണ്ണപ്പെട്ടതാണ്- എന്ന സന്ദേശമാണ് സോഹന്‍ റോയ് തന്റെ കൂടെയുള്ളവര്‍ക്ക് നല്‍കുന്നത്. ജോലിയില്‍ ഉല്‍പ്പാദനക്ഷമത ലഭിക്കണമെങ്കില്‍ ജീവനക്കാരുടെ ക്ഷേമത്തിനായി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണം എന്ന് അദ്ദേഹം പറയുന്നു. ജീവനക്കാര്‍ക്ക് എല്ലാ ദിവസവും ചെയ്യേണ്ട ജോലികളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്, എല്ലാ ദിവസവും ടാര്‍ഗറ്റുമുണ്ട്. ജോലിയില്‍ വ്യക്തത വരുത്തി വീണ്ടും വീണ്ടും ചെയ്യേണ്ട ആവശ്യകത ഒഴിവാക്കുന്നു. ആഴ്ചയില്‍ അഞ്ചു ദിവസം മാത്രമാണ് ഇവിടെ പ്രവൃത്തിദിനങ്ങള്‍.

സംരംഭകത്വത്തില്‍ മാത്രം ഒതുങ്ങി

നില്‍ക്കുന്നില്ല സോഹന്‍ റോയ് എന്ന ബഹുമുഖ പ്രതിഭയുടെ ജീവിതം. ഷിപ്പ് ഡിസൈനിംഗ് ആണ് പ്രധാന പ്രവര്‍ത്തന മേഖലയെങ്കിലും കുട്ടിക്കാലം മുതലേ സിനിമയോടുള്ള താല്‍പ്പര്യം സോഹന്‍ റോയിയെ ഈ മേഖലയിലും വിജയിയായ സംരംഭകനാക്കി. മോഹന്‍ലാലിന്റെ വിസ്മയാ മാക്‌സ് സ്റ്റുഡിയോ കോംപ്ലക്‌സ് വാങ്ങി കേരളത്തിലെ ആദ്യത്തെ ഡിറ്റിഎസ് സ്റ്റുഡിയോ തിരുവനന്തപുരത്ത് സ്ഥാപിച്ചുകൊണ്ടാണ് അദ്ദേഹം സിനിമാരംഗത്ത് സജീവമാകുന്നത്. ഇതിനിടയില്‍ ഓസ്‌കാര്‍ അവാര്‍ഡ് നോമിനേഷന്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഡാം 999 എന്ന ഹോളിവുഡ് സിനിമ

നിര്‍മിച്ചു. 2012ല്‍ സെയ്ന്റ് ഡ്രാക്കുള 3ഡി നിര്‍മിച്ചു.

ഇന്‍ഡിവുഡ് എന്ന വിപ്ലവം

ഇന്ത്യന്‍ ശതകോടീശ്വരന്മാരെയും വന്‍കിട വ്യവസായികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സിനിമാമേഖലയില്‍ വലിയൊരു വിപ്ലവം സൃഷ്ടിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ സോഹന്‍ റോയ്. ഇന്‍ഡിവുഡ് കണ്‍സോര്‍ഷ്യം എന്ന വലിയൊരു കൂട്ടായ്മയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 10 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് കണ്‍സോര്‍ഷ്യം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇന്‍ഡിവുഡ് ബില്യണയേഴ്‌സ് ക്ലബിന്റെ വിവിധ ചാപ്റ്ററുകള്‍ വിവിധ യിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. രാജ്യത്താകമാനം 4ഗ നിലവാരത്തിലുള്ള 10,000 മള്‍ട്ടിപ്ലക്‌സ് സ്‌ക്രീനുകള്‍, ഒരു ലക്ഷം 2K ഹോം തിയറ്ററുകള്‍, രാജ്യാന്തര നിലവാരത്തിലുള്ള ഫിലിം സ്‌കൂളുകള്‍, 8K, 4K സിനിമ സ്റ്റുഡിയോകള്‍, 100 ആനിമേഷന്‍/വിഎഫ്എക്‌സ് സ്റ്റുഡിയോകള്‍ തുടങ്ങിയ ലോകോത്തര സംവിധാനങ്ങളാണ് ഇന്‍ഡിവുഡ് വിഭാവനം ചെയ്യുന്നത്.

ഭാഷാ അടിസ്ഥാനത്തില്‍ പല തട്ടുകളിലായി കിടക്കുന്ന ഇന്ത്യന്‍ സിനിമ വ്യാവസായത്തെ ഭാഷകള്‍ക്ക് അതീതമായി ഒന്നിപ്പിക്കുകയും ഈ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുകയുമാണ് ഇന്‍ഡിവുഡിന്റെ പ്രധാന ലക്ഷ്യം. ഹോളിവുഡിനെക്കാള്‍ മികച്ച രീതിയില്‍ ഇന്ത്യയ്ക്ക് സിനിമ നിര്‍മിക്കാന്‍ സാധിക്കും എന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് സോഹന്‍ റോയ് പറയുന്നു.

സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളിലും സജീവമായ സോഹന്‍ റോയ് പുല്‍വാമയില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് ഇന്‍ഡിവുഡ് പദ്ധതിയിലൂടെ സഹായം നല്‍കിത്തുടങ്ങി. ഇതിനായി ഇന്‍ഡിവുഡ് ശതകോടീശ്വര ക്ലബിലെ അംഗങ്ങള്‍ വഴി സ്‌പോണ്‍സര്‍ഷിപ്പും ധനസഹായവും ലഭ്യമാക്കും. എല്ലാ ജവാന്മാരുടെയും കുടുംബങ്ങള്‍ക്ക് നേരിട്ട് സഹായം എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ഭാര്യയ്ക്ക് വിവാഹസമ്മാനമായി ഏഴ് കോടി രൂപ വിലമതിക്കുന്ന റോള്‍സ് റോയ്‌സ് കാര്‍ നല്‍കി സോഹന്‍ റോയ് ഈയിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. വ്യക്തിജീവിതവും പ്രൊഫഷണല്‍ ജീവിതവും തമ്മിലുള്ള സന്തുലനം വളരെ നന്നായി കാത്തുസൂക്ഷിക്കുന്നതാണ് തന്റെ വിജയത്തിന് കാരണങ്ങളിലൊന്നായി ഇദ്ദേഹം പറയുന്നത്. 24 മണിക്കൂറിനെ മൂന്നായി തിരിച്ചിരിക്കുന്നു. ഇതില്‍ ഒരു ഭാഗം ജോലി ചെയ്യാനുള്ളതും ഒരു ഭാഗം നിങ്ങളുടെ പ്രിയപ്പെട്ടവര്‍ ക്കുള്ളതും മറ്റേ ഭാഗം നിങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതും ആയിരിക്കണം എന്ന് അദ്ദേഹം പറയുന്നു. ഇതില്‍ ഒരു കാര്യത്തിന് കൂടുതല്‍ സമയം കൊടുക്കുമ്പോള്‍ മറ്റേതിന് സമയം കുറഞ്ഞു പോകും. ഈ രീതി കൃത്യമായി പാലിച്ചാല്‍ ജീവിതം മനോഹര മാകും.

50% ഓഹരികള്‍ ജീവനക്കാര്‍ക്ക്

മികച്ച നേതൃപാടവം കൊണ്ട് ശ്രദ്ധ നേടിയിട്ടുള്ള ഇദ്ദേഹം ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ 50 ശതമാനം ഓഹരികള്‍ ജീവനക്കാര്‍ക്ക് നല്‍കിക്കൊണ്ട് കോര്‍പ്പറേറ്റ് ലോകത്തെ ഞെട്ടിക്കുകയുണ്ടായി. ഏരീസ് ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ ജീവനക്കാരുടെ പങ്ക് വളരെ വലുതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കമ്പനിയുടെ സ്ഥിര ജീവനക്കാര്‍ക്കെല്ലാം ഓഹരികള്‍ നല്‍കിയത്. കമ്പനിയുടെ കഴിഞ്ഞ വാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ 15 കോടി വിലമതിക്കുന്ന ഓഹരികളാണ് അദ്ദേഹം മുതിര്‍ന്ന ജീവനക്കാര്‍ക്ക് നല്‍കിയത്. ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് ഉള്‍പ്പടെ പെന്‍ഷന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥാപനം കൂടിയാണ് ഏരീസ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com