ഗൂഗ്‌ളിലെ ജോലിയും ഒരു കോടി രൂപ ശമ്പളവും; ഇത് പോരാടി ജയിച്ച 24 കാരിയുടെ കഥ

പണ്ട് ഗൂഗ്‌ളിലെ ജോലി തേടി പോയ തൃശൂര്‍ക്കാരന്‍ യുവാവിന്റെ കഥ ഇന്ത്യന്‍ മാധ്യമങ്ങള്‍ കൊണ്ടാടിയിരുന്നു. ഇപ്പോള്‍ ഗൂഗ്‌ളില്‍ ബ്രാന്‍ഡ് ഇവാഞ്ചലിസ്റ്റ് ആയ കാലിഫോര്‍ണിയക്കാരുടെ ഇഷ്ട യോഗ ട്യൂട്ടറായ ഗോപി കല്ലയില്‍. ഇത് അദ്ദേഹത്തിന്റെ കഥയല്ല, അദ്ദേഹത്തെ പോലെ ഗൂഗ്‌ളിലെ ജോലി സ്വപ്‌നം കണ്ട് ബീഹാറിലെ ഒരു ചെറിയ പ്രദേശത്തു നിന്നും ഗൂഗ്‌ളിലെ ഒരു കോടി ശമ്പളം നേടുന്ന മികച്ച ജോലി സമ്പാദിച്ച 24 കാരിയുടെ കഥ.

ഓരോ ദിവസവും ദശലക്ഷക്കണക്കിന് ആളുകള്‍ വിവിധ തരത്തിലുള്ള ജോലികള്‍ക്കായി അഭിമുഖം നേരിടുന്നത്. പ്രാരംഭ ശ്രമങ്ങളില്‍ ചിലര്‍ തോറ്റുപിന്മാറും. എന്നാല്‍ തോല്‍ക്കില്ല എന്നുറച്ച് മുന്നോട്ട് പോയാല്‍ വൈകിയാലും സ്വപ്ന ജോലി സ്വന്തമാക്കാമെന്ന് തെളിയിക്കുന്നു സംപ്രീതി യാദവ്.
ലണ്ടനിലെ ഗൂഗ്ള്‍ ഓഫീസിലെ ജോലിയാണ് തന്റെ ഒരു കോടി ശമ്പളത്തെക്കാള്‍ ആകര്‍ഷിക്കപ്പെട്ടതെന്ന് സംപ്രീതി പറയുന്നു. മാത്രമല്ല, തന്റെ ബയോഡേറ്റ തള്ളിക്കളഞ്ഞ കമ്പനികളോട് ഒരു മധുര പ്രതികാരം.
സ്ഥിരോത്സാഹമാണ് പ്രൊഫഷണല്‍ വളര്‍ച്ചയുടെ താക്കോല്‍
'നിങ്ങള്‍ എത്ര തവണ തളര്‍ന്നാലും പരാജയപ്പെട്ടാലും, നിങ്ങളുടെ ലക്ഷ്യങ്ങള്‍ സ്ഥിരമായി പിന്തുടരുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതിഫലം കാണും. നിങ്ങള്‍ വലിയ സ്വപ്നം കാണുന്നുവെങ്കില്‍, തള്ളിപ്പോകുന്ന ഇ-മെയിലുകള്‍, പരാജയപ്പെട്ട അഭിമുഖങ്ങള്‍, സമപ്രായക്കാരുടെ സമ്മര്‍ദ്ദം, മറ്റ് നിരുത്സാഹപ്പെടുത്തലുകള്‍ എന്നിവയൊന്നും നിങ്ങളെ ബാധിക്കില്ല' സംപ്രീതി പറയുന്നു.
1.10 കോടി രൂപയുടെ ജോലി നേടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മകളായി സാധാരണ സ്‌കൂളിംഗും കോളെജും കഴിഞ്ഞ മികച്ച ജോലി സ്വപ്‌നം കണ്ട പെണ്‍കുട്ടിയാണ്. എന്നാല്‍ ജോലി തിരസ്‌കരിക്കപ്പെട്ടപ്പോള്‍ ഒന്നും തളര്‍ന്നു പോയില്ല എന്നതാണ് ഈ നിലയിലേക്ക് സംപ്രീതിയെ എത്തിച്ചത്.
ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് 2021 മെയ് മാസത്തില്‍ ആണ് സംപ്രീതി യാദവ് ബിടെക് പൂര്‍ത്തിയാക്കിയത്.
അച്ഛന്‍ രാംശങ്കര്‍ യാദവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി ചെയ്യുന്നു. അമ്മ ശശി പ്രഭ ബീഹാറിലെ പ്ലാനിംഗ് ആന്‍ഡ് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ അസിസ്റ്റന്റ് ഡയറക്ടറാണ്.
'എന്റെ മാതാപിതാക്കള്‍ ദിവസവും കഠിനാധ്വാനം ചെയ്യുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. എന്റെ അമ്മ തുടര്‍ച്ചയായി മത്സര പരീക്ഷകള്‍ എഴുതുന്നത് നിത്യ കാഴ്ചയായിരുന്നു. പഠനമോ പാഠ്യേതര പ്രവര്‍ത്തനമോ ആകട്ടെ, എന്റെ പരമാവധി പരിശ്രമം നടത്താന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ മാതാപിതാക്കളില്‍ നിന്നും സമപ്രായക്കാരില്‍ നിന്നും ഞാന്‍ പ്രചോദനം ഉള്‍ക്കൊള്ളുന്നു, കാരണം നമ്മള്‍ കണ്ടുമുട്ടുന്ന എല്ലാവരില്‍ നിന്നും എന്തെങ്കിലും പഠിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,' സംപ്രീതി പറയുന്നു.
സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവരോട് സംപ്രീതി പറയുന്നത് ഇതാണ്. സോഷ്യല്‍മീഡിയ വിനോദത്തിനു മാത്രമല്ല ലിങ്ക്ഡ് ഇന്‍ പോലെ നെറ്റ്വര്‍ക്കിംഗിനും ഉപയോഗിക്കൂ. അവനവന്റെ ലക്ഷ്യത്തിലേക്കുള്ള സമയം കൊല്ലാതെ മിതത്വം പാലിക്കാന്‍ എപ്പോളും ഓര്‍ക്കണം. പതിയെ പോയാലും ലക്ഷ്യത്തിലേക്ക് തന്നെ നടക്കൂ, നിങ്ങള്‍ അവിടെ എത്തുക തന്നെ ചെയ്യും.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it