37 ലക്ഷത്തോളം കണക്ഷനുകള്‍, 1,000 കോടി രൂപ വരുമാനം; ചെറുകിട സംരംഭകരുടെ കൂട്ടായ്മയില്‍ നിന്ന് ഉദിച്ചുയര്‍ന്ന ഒരു 'കേരള മോഡല്‍' വിജയകഥ!

ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍, ചീഫ് ടെക്നോളജി ഓഫീസര്‍ ടെക്നിക്കല്‍ ഹെഡ്ഡ് തുടങ്ങിയ പ്രൊഫഷണലുകളുടെ കീഴിലായി പതിനഞ്ചില്‍പ്പരം വിവിധ വകുപ്പുകളും 500 ജീവനക്കാരും കേരള വിഷന്‍ ഗ്രൂപ്പ് കമ്പനികള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്നു
കേരള വിഷന്‍ സാരഥികളായ സുരേഷ് പി.ബി, പ്രവീണ്‍ മോഹന്‍, കെ. ഗോവിന്ദന്‍, സുരേഷ് കുമാര്‍ പി.പി എന്നിവര്‍.
കേരള വിഷന്‍ സാരഥികളായ സുരേഷ് പി.ബി, പ്രവീണ്‍ മോഹന്‍, കെ. ഗോവിന്ദന്‍, സുരേഷ് കുമാര്‍ പി.പി എന്നിവര്‍.
Published on

ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ ക്ഷേമത്തിനായി കേരളത്തില്‍ രൂപംകൊണ്ട ഒരു സംഘടന ഇന്ന് രാജ്യത്തിന് മാതൃകയാവുന്ന സഹകരണ തത്വത്തില്‍ ഊന്നിയ പ്രൊഫഷണല്‍ കമ്പനികള്‍ രൂപീകരിച്ച് നിലനില്‍പ്പിന് ഇങ്ങനെയും ഒരു മാര്‍ഗമുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. 1,000 കോടി വരുമാനമെന്ന നാഴികക്കല്ല് പിന്നിട്ട് കേരള വിഷന്‍ സൃഷ്ടിച്ചിരിക്കുന്നു, ഒരു പുതിയ 'കേരള മോഡല്‍'.

വന്‍കിടക്കാര്‍ മേല്‍ക്കൈ നേടുമ്പോള്‍ ചെറുകിട, ഇടത്തരക്കാര്‍ തളര്‍ന്നുപോകുന്ന കാഴ്ചയാണ് പല മേഖലകളിലും സാധാരണ കാണുക. നിലനില്‍പ്പിനായി ന്യായമായ ആവശ്യങ്ങള്‍ പറഞ്ഞ് സമരപാത സ്വീകരിക്കുന്നവരുണ്ട്. കോര്‍പ്പറേറ്റുകളോട് തുല്യം നിന്ന് പോരാടാന്‍ സ്വയമൊരു കോര്‍പ്പറേറ്റായി മാറുകയാണ് വഴിയെന്ന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുന്നവരുമുണ്ട്.

അത്തരത്തില്‍ പുതിയൊരു മാതൃക കേരളത്തില്‍ സൃഷ്ടിച്ചിരിക്കുകയാണ് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ അസോസിയേഷന്‍. സഹകരണ തത്വത്തില്‍ ഊന്നിയുള്ള കോര്‍പ്പറേറ്റ് കമ്പനികള്‍ രൂപീകരിച്ച്, ഓഹരിയുടമകളായ ചെറുകിടക്കാരുടെ ക്ഷേമത്തിനും നിലനില്‍പ്പിനുമായി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അതും ടെക്നോളജി മികവ് ഏറ്റവും അത്യാവശ്യമായ രംഗത്ത്. ഇന്ന് രാജ്യത്തെ മള്‍ട്ടി സിസ്റ്റം ഓപ്പറേറ്റര്‍മാരുടെ നിരയില്‍ 30 ലക്ഷത്തിലേറെ കണക്ഷനുമായി നാലാം സ്ഥാനത്താണ് കേരളത്തിലെ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ അസോസിയേഷന്‍ പിറവി കൊടുത്ത കേരള കമ്മ്യൂണിക്കേറ്റേഴ്സ് കേബിള്‍ ലിമിറ്റഡ്.

സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ഹൈസ്പീഡ് ഇന്റര്‍നെറ്റ് സംവിധാനം എത്തിക്കുന്ന ഇന്റര്‍നെറ്റ് സേവന ദാതാവായ കേരള വിഷന്‍ ബ്രോഡ്ബാന്‍ഡ് ലിമിറ്റഡ് എന്ന മറ്റൊരു കമ്പനി 12 ലക്ഷത്തിലേറെ കണക്ഷനുമായി രാജ്യത്തെ 1500 ഓളം വരുന്ന ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ പട്ടികയില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്നു.

ഈ രണ്ട് കമ്പനികളുടെയും മൊത്തം വരുമാനം അടുത്തിടെ 1,000 കോടി കവിയുകയും ചെയ്തു. കേരളത്തിലെ ചെറുകിട പ്രാദേശിക കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയായി കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ (സിഒഎ) 1996ലാണ് രൂപം കൊള്ളുന്നത്. ഇലക്ട്രിക് പോസ്റ്റുകളിലൂടെ കേബിള്‍ വലിക്കാനുള്ള അവകാശം വന്‍കിടക്കാര്‍ സ്വന്തമാക്കുകയും പെയ്ഡ് ചാനലുകള്‍ വലിയ വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയും വന്ന കാലത്ത് സര്‍ക്കാര്‍ നയങ്ങള്‍ക്കും ചട്ടങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്താന്‍ വേണ്ടിയാണ് ഈ കൂട്ടായ്മ രൂപീകരിക്കപ്പെട്ടത്.

സമര പരിപാടികള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ പരിമിതികളുണ്ടെന്ന തിരിച്ചറിവില്‍ അംഗങ്ങള്‍ക്കെല്ലാം ക്ഷേമം ഉറപ്പാക്കുന്ന, അവരുടെ ബിസിനസ് മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടു പോകാന്‍ പറ്റുന്ന സഹകരണ തത്വങ്ങളില്‍ ഉറച്ചു നിന്നുള്ള കമ്പനി രൂപീകരിക്കാന്‍ സിഒഎ തീരുമാനിക്കുകയായിരുന്നു. അതിനു മുമ്പേ കൃത്യമായ ഭരണഘടനയും സംഘടനാ സംവിധാനവും സിഒഎ സജ്ജമാക്കിയിരുന്നു. ''കോഓപ്പറേറ്റ് കോര്‍പ്പറേറ്റ് എന്ന ബിസിനസ് മോഡലിന് ലോകമെമ്പാടും സ്വീകാര്യതയുണ്ട്.

എല്ലാവരുടെയും ക്ഷേമത്തിനായി, എല്ലാവരാലും നടത്തപ്പെടുന്ന പ്രൊഫഷണല്‍ കമ്പനികളാണവ. സിഒഎ അത്തരമൊരു സൈദ്ധാന്തിക അടിത്തറയാണ് കേരള കമ്മ്യൂണിക്കേറ്റേഴ്സ് കേബിള്‍ ലിമിറ്റഡ് (കെസിസിഎല്‍) എന്ന മാതൃകമ്പനിക്ക് നല്‍കിയത്,'' കേരള വിഷന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ കെ. ഗോവിന്ദന്‍ പറയുന്നു.

പരിമിതമായ സാങ്കേതിക സംവിധാനവും അംഗങ്ങളില്‍ നിന്ന് പിരിച്ച ചെറിയ തുകകളും ഉപയോഗിച്ചാണ് കെസിസിഎല്‍ യാത്ര തുടങ്ങിയത്. ഓഹരിയുടമകളില്‍ ഒരു ശതമാനത്തിലേറെ ഓഹരി പങ്കാളിത്തമുള്ളവര്‍ തന്നെ വിരളമാണ്. പക്ഷേ മാറി മാറിവരുന്ന സാങ്കേതിക വിദ്യകള്‍ കേരളത്തിലെ കേബിള്‍ ടെലിവിഷന്‍ രംഗത്ത് കൊണ്ടുവരാന്‍ മുമ്പേ നടക്കുകയായിരുന്നു കെസിസിഎല്‍. ഇതിനായി മികവുറ്റ സാങ്കേതിക അടിസ്ഥാന സൗകര്യം ഇവര്‍ ഒരുക്കി. മികച്ച പ്രൊഫഷണലുകളെ കൂടെ ചേര്‍ത്തു.

'ഒരു കോര്‍പ്പറേറ്റ് കമ്പനിയുടെ മാനേജ്‌മെന്റ് എങ്ങനെയാണ് അവിടെയുള്ള പ്രൊഫഷണലുകളെ വിനിയോഗിക്കുന്നത്, അതുപോലെ തന്നെയാണ് ഞങ്ങളും ഇവിടെ ചെയ്യുന്നത്. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍, ചീഫ് ടെക്നോളജി ഓഫീസര്‍ ടെക്നിക്കല്‍ ഹെഡ്ഡ് തുടങ്ങിയ പ്രൊഫഷണലുകളുടെ കീഴിലായി പതിനഞ്ചില്‍പ്പരം വിവിധ വകുപ്പുകളും 500 ജീവനക്കാരും കേരള വിഷന്‍ ഗ്രൂപ്പ് കമ്പനികള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്നു,'' കെ. ഗോവിന്ദന്‍ പറയുന്നു. മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗിന്റെ രേഖകള്‍ പ്രകാരം ആകെ 37 ലക്ഷത്തോളം കണക്ഷനുകളാണ് കെസിസിഎല്ലിനുള്ളത്.

കേബിള്‍ ടിവി രംഗത്തുനിന്ന് ഇന്റര്‍നെറ്റ് സേവനദാതാവെന്ന തലത്തിലേക്ക് കൂടി പിന്നീട് കെസിസിഎല്‍ വളരുകയായിരുന്നു. കെസിസിഎല്ലിന്റെ വന്‍ വിജയത്തിന് ശേഷം 2016ല്‍ ഇന്റര്‍നെറ്റ് സേവന വിഭാഗത്തിന് വേണ്ടി പ്രത്യേകമായൊരു കമ്പനിക്ക് നേതൃത്വം നല്‍കാന്‍ അസോസിയേഷന്‍ ചുമതല നല്‍കിയത് കെ. ഗോവിന്ദന്‍ എംഡിയായിക്കൊണ്ടുള്ള ഒരു ഡയറക്റ്റര്‍ ബോര്‍ഡിനെ ആയിരുന്നു. കേരള വിഷന്‍ ബ്രോഡ്ബാന്റ് ലിമിറ്റഡ് കെവിബിഎല്‍ അങ്ങനെ പ്രവര്‍ത്തനമാരംഭിച്ചു.

12 ലക്ഷത്തിലേറെ കണക്ഷനുകളാണ് കെവിബിഎല്ലിന് കേരളത്തിലുള്ളത്. സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ വീടുകളില്‍ പോലും ഇന്റര്‍നെറ്റ് കടന്നെത്താന്‍ കെവിബിഎല്‍ വഹിച്ചിരിക്കുന്ന പങ്കും വളരെ വലുതാണ്.

സ്വീകരണ മുറിയിലെ കേരള വിഷന്‍!

കേരള വിഷന്‍ മലയാളികള്‍ക്ക് ഏറെ പരിചിതമാണ്. അവരുടെ നാട്ടിലും തൊട്ടടുത്ത പ്രദേശത്തെയും വാര്‍ത്തകള്‍ അറിയാം. സര്‍ക്കാരില്‍ നിന്നുള്ള അറിയിപ്പുകള്‍ കൃത്യമായി അറിയാം. ഒപ്പം എല്ലാ വാര്‍ത്ത, വിനോദ ടെലിവിഷന്‍ ചാനലുകളും അവരിലേക്ക് കേരള വിഷന്‍ എത്തിക്കുകയും ചെയ്യുന്നു. സംസ്ഥാനത്തെമ്പാടുമുള്ള സിഒഎയിലെ അംഗങ്ങളായ കേബിള്‍ ഓപ്പറേറ്റര്‍മാരാണ് ഓരോ ഉപഭോക്താവിന്റെയും വീട്ടുപടിക്കല്‍ ഈ സേവനമെത്തിക്കുന്നത്. സാറ്റ്ലൈറ്റ് ചാനലും ഭൂതല സംപ്രേഷണവും, പുറമേ പ്രാദേശികമായ നൂറോളം ചാനലുകളും കേരള വിഷനുണ്ട്. മലയാളികളുടെ ഇഷ്ട ബ്രാന്‍ഡായി കേരള വിഷനെ മാറ്റിയത് അതിശക്തമായ ഈ ചാനല്‍ നെറ്റ്വര്‍ക്കാണ്.

പ്രാദേശിക ചാനലുകളെ പ്രൊഫഷണല്‍ പരിശീലനം നല്‍കിക്കൊണ്ട് ഒരു ബദല്‍ മാധ്യമ പ്രസ്ഥാനമായി വളര്‍ന്നു. അതുപോലെ തന്നെ ലോക്കല്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തി, അവരെയും ശാക്തീകരിക്കുന്നു. മികച്ച ഉള്ളടക്കവും മികവുറ്റ സാങ്കേതിക പശ്ചാത്തലവും പ്രാദേശിക തലത്തിലെ ഓരോ വീടുകളുമായുള്ള അടുത്ത ബന്ധവും പ്രൊഫഷണല്‍ മികവും ഒരുപോലെ ഉപയോഗപ്പെടുത്തി കേരള വിഷന്‍ ഗ്രൂപ്പ് കമ്പനികള്‍ മുന്നേറുമ്പോള്‍ അതിന്റെ ഗുണം സാധാരണക്കാരായ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്ക് ലഭിക്കുകയും ചെയ്യുന്നു.

ഫണ്ടിനും ടെക്നോളജിക്കും തനത് വഴി

സാധാരണ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ തന്നെയാണ് കേരള വിഷന്‍ ഗ്രൂപ്പ് കമ്പനികളുടെ ഓഹരിയുടമകള്‍. ഇവരില്‍ നിന്നാണ് ഫണ്ട് സമാഹരണവും. അസോസിയേഷന്റെയും കമ്പനികളുടെയും സാരഥ്യത്തിലുള്ളവരും ടീമിലെ പ്രൊഫഷണലുകളും ദേശീയ, രാജ്യാന്തര തലത്തില്‍ നടക്കുന്ന എക്സ്പോകളിലും മറ്റ് പ്രദര്‍ശന വേദികളിലും മുടങ്ങാതെ സന്ദര്‍ശനം നടത്തിയും കാര്യങ്ങള്‍ ആഴത്തില്‍ പഠിച്ചുമാണ് പുതിയ സാങ്കേതിക വിദ്യകള്‍ അതിവേഗം അവതരിപ്പിക്കുന്നത്.

നിരന്തരം പഠിക്കാനും നവീകരിക്കാനും അസോസിയേഷന്റെ സാരഥ്യത്തിലുള്ളവര്‍ നടത്തുന്ന ശ്രമങ്ങള്‍ കേരള വിഷന്‍ ഗ്രൂപ്പ് കമ്പനികളുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഇപ്പോള്‍ സിഒഎയുടെ പ്രസിഡന്റ് പ്രവീണ്‍ മോഹനാണ്. ജനറല്‍ സെക്രട്ടറി സുരേഷ് പി.ബിയും.

സംസ്ഥാനത്ത് അടുത്തിടെ നടന്ന ആഗോള നിക്ഷേപസംഗമത്തില്‍ രണ്ട് പുതിയ പദ്ധതികള്‍ കൂടി കേരള വിഷന്‍ അവതരിപ്പിച്ചിട്ടുണ്ട്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഭൂഗര്‍ഭ ഫൈബര്‍ കേബിള്‍ ശൃംഖല സ്ഥാപിക്കുന്നതാണ് ഒരു പദ്ധതി. മറ്റൊന്ന് ടൂറിസം രംഗത്താണ്. കേരളത്തിന്റെ അതിരുകള്‍ കടന്ന് കേരള വിഷന്‍ വളരുകയാണ്. ഡിജിറ്റല്‍ കേബിള്‍ ടിവി രംഗത്തെ ചെറുകിടക്കാരെ സംരക്ഷിക്കാനുള്ള 'കേരള മോഡലി'നെ രാജ്യമെമ്പാടും പടര്‍ത്തുക എന്ന ലക്ഷ്യത്തോടെ.

ബിസിനസുകളുടെ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷനും

ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ബിസിനസുകളുടെ നിലനില്‍പ്പിന് ഇന്ന് പ്രധാനമാണ്. മാളുകള്‍ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെ എല്ലാ വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങള്‍ക്കും വേണ്ട സമ്പൂര്‍ണ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സജ്ജമാക്കി നല്‍കുന്ന കമ്പനി എന്ന നിലയിലേക്കും കേരള വിഷന്‍ വളരുകയാണ്. ഇതിന്റെ

ഭാഗമായി ടോട്ടല്‍ സര്‍വീസ് പ്രൊവൈഡര്‍ എന്ന പുതിയ വിഭാഗം രൂപീകരിച്ചിട്ടുണ്ട്. സര്‍വൈലന്‍സ് സംവിധാനം മുതല്‍ ഡാറ്റ സെന്റര്‍, സൈബര്‍ സെക്യൂരിറ്റി എന്നിങ്ങനെ എല്ലാം ഈ വിഭാഗം നല്‍കും. ഐടി, ഐടി അധിഷ്ഠിത സേവനങ്ങള്‍, ഇലക്ട്രോണിക്സ് സെക്യൂരിറ്റി സിസ്റ്റം, കോള്‍സെന്റര്‍ സംവിധാനമൊക്കെ

ഉള്‍പ്പെടുന്ന ഓഡിയോ വിഷ്വല്‍ സിസ്റ്റം, ഇന്റഗ്രേറ്റഡ് ബില്‍ഡിംഗ് മാനേജ്മെന്റ് സിസ്റ്റം എന്നിവയെല്ലാം ടോട്ടല്‍ സര്‍വീസ് പ്രൊവൈഡര്‍ - ടിഎസ്പി ലഭ്യമാക്കും.

മുമ്പേ നടക്കാന്‍ ശ്രമം

ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്ത് വരാനിരിക്കുന്ന കാര്യങ്ങള്‍ കണ്ടറിഞ്ഞ് അത് എത്രയും പെട്ടെന്ന് അവതരിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് കേരള വിഷന്‍ ഗ്രൂപ്പ് ഓഫ് കമ്പനികളെ വ്യത്യസ്തമാക്കുന്നതെന്ന് മാനേജിംഗ് ഡയറക്റ്റര്‍ സുരേഷ് കുമാര്‍ പി.പി പറയുന്നു. ''ഇന്ത്യയ്ക്കകത്തും പുറത്തും നടക്കുന്ന ഈ മേഖലകളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഇവന്റുകളില്‍ കേരള വിഷന്‍ ടീം ടെക്നോളജി രംഗത്തുള്ള പ്രൊഫഷണലുകള്‍ക്കൊപ്പം സംബന്ധിക്കും.

ടെക്നോളജിയുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഈ രംഗത്ത് നടക്കുന്ന ഓരോ മാറ്റവും ഞങ്ങള്‍ നിരന്തരം സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യാറുണ്ട്. പുതിയ കാര്യങ്ങള്‍ പഠിക്കാനും അത് എത്രയും വേഗത്തില്‍ നടപ്പാക്കാനും നടത്തുന്ന ശ്രമങ്ങളാണ് ഞങ്ങളെ ഈ രംഗത്തെ മുന്‍നിരയില്‍ നിര്‍ത്തുന്നത്,'' സുരേഷ് കുമാര്‍ വിശദീകരിക്കുന്നു.

കേരളത്തില്‍ നടന്ന ആഗോള നിക്ഷേപക സംഗമം- ഇന്‍വെസ്റ്റ് കേരളയില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ അണ്ടര്‍ ഗ്രൗണ്ട് ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും കേരള വിഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്.

'വളരണം, രാജ്യമെമ്പാടും'

ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ ജില്ലാ തലത്തില്‍ സംഘടിച്ച് ഒറ്റക്കെട്ടായി നിന്ന് തങ്ങളുടെ നിലനില്‍പ്പിനായി ബദല്‍ രൂപീകരിച്ചത് രാജ്യത്ത് തന്നെ ആദ്യമായി വയനാട് ജില്ലയിലാണ്. അതിന് മുന്നില്‍ നിന്നത് കെ. ഗോവിന്ദനായിരുന്നു. അനിവാര്യമായ കാര്യങ്ങള്‍ വരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ചെറുകിടക്കാരെ പ്രാപ്തരാക്കാന്‍ കൂടിയാണ് വയനാട്ടില്‍ ആദ്യമായി കൂട്ടായ്മ വന്നത്.

ഇത് വിവിധ ജില്ലകള്‍ക്ക് പ്രചോദനമായി, ജില്ലാതല കമ്പനികള്‍ രൂപീകരിക്കപ്പെട്ടു. സംസ്ഥാന തലത്തില്‍ ഓപ്പറേറ്റര്‍മാരുടെ സംരംഭത്തിന് തുടക്കം കുറിച്ചത് ഈ അനുഭവസമ്പത്തില്‍ നിന്നാണ്. കേരള വിഷന്‍ ചെയര്‍മാന്‍ കെ. ഗോവിന്ദന്‍ കേരള വിഷന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പ്രവര്‍ത്തനങ്ങളും ഭാവി പദ്ധതികളും വിശദീകരിക്കുന്നു

? കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ നിലനില്‍പ്പിനും ക്ഷേമത്തിനും വേണ്ടി രൂപീകരിച്ച സംഘടനയില്‍ നിന്ന് കേരള കമ്മ്യൂണിക്കേറ്റേഴ്സ് കേബിള്‍ ലിമിറ്റഡ് എന്ന കമ്പനി ഉണ്ടാവുക. ഇതെങ്ങനെ സാധ്യമായി

ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്ന സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കും ചട്ടങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്താന്‍ വേണ്ടിയാണ് കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ രൂപീകരിച്ചത്. വന്‍കിട കോര്‍പ്പറേറ്റുകളുടെ കടന്നുവരവ്, ടെക്നോളജി രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയെ എല്ലാം പ്രതിരോധിക്കാന്‍ പരസ്പര മത്സരമില്ലാതെ പങ്കാളിത്തത്തോടെ മുന്നോട്ട് പോവുകയാണ് മാര്‍ഗമെന്ന ബോധ്യമുണ്ടായിരുന്നു.

വയനാട്ടില്‍ ഞങ്ങള്‍ ജില്ലാതലത്തില്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ സംഘടിച്ച് രാജ്യത്ത് ആദ്യമായി ഈ രംഗത്തെ ഒരു ബദല്‍ മുന്നേറ്റം സൃഷ്ടിച്ചിരുന്നു. 2002 ഓടെ സിഒഎയ്ക്ക് ഭരണഘടനയൊക്കെ വന്നു. ലോക്കല്‍ ചാനലിന്റെ ഉള്ളടക്കവും സാങ്കേതിക വിദ്യയും കൂടുതല്‍ പ്രൊഫഷണല്‍ ആക്കാന്‍ വേണ്ടി ഒട്ടനവധി പരിശീലന പരിപാടികളും ഇക്കാലഘട്ടത്തില്‍ സംഘടിപ്പിക്കപ്പെട്ടു.

ഈ രംഗത്തുള്ളവരുടെ നിലനില്‍പ്പിനുള്ള വഴി സഹകരണ തത്വങ്ങളില്‍ അധിഷ്ഠിതമായ കോര്‍പ്പറേറ്റ് സംരംഭം കെട്ടിപ്പടുക്കുകയാണെന്ന ബോധ്യത്തില്‍ നിന്ന് അത്തരമൊരു കമ്പനി സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ക്രാന്തദര്‍ശിയായ സംഘാടകനും സിഒഎയുടെ മുന്‍ പ്രസിഡന്റ് കൂടിയായ നാസര്‍ ഹസ്സന്‍ അന്‍വറിനെ അത്തരമൊരു കമ്പനി രൂപീകരിക്കാന്‍ 2006 ഓടെ ചുമതലപ്പെടുത്തി. കെസിസിഎല്ലിന്റെ പ്രഥമ ചെയര്‍മാന്‍ എന്‍.എച്ച് അന്‍വറും മാനേജിംഗ് ഡയറക്റ്റര്‍ കെ. ഗോവിന്ദനുമായിരുന്നു. കേരള കമ്മ്യൂണിക്കേറ്റേഴ്സ് കേബിള്‍ ലിമിറ്റഡ് (കെസിസിഎല്‍) അങ്ങനെയാണ് രൂപീകരിക്കപ്പെടുന്നത്.

? കമ്പനിയുടെ പ്രവര്‍ത്തനത്തിന് ഫണ്ട് വേണം. മാത്രമല്ല വന്‍കിടക്കാര്‍ ഉള്‍പ്പെടെയുള്ള മേഖലയാണ്. സാങ്കേതിക വിദ്യയും അനുദിനം മാറിവന്നു. ഇത്തരം വെല്ലുവിളികളെ എങ്ങനെയാണ് നേരിട്ടത്

കമ്പനിയുടെ ഓഹരിയുടമകളില്‍ നിന്നുതന്നെയാണ് ഫണ്ട് സമാഹരിച്ചത്. ആരില്‍ നിന്നും വലിയ തുക സമാഹരിച്ചിട്ടുമില്ല. കമ്പനിയില്‍ ഒരു ശതമാനത്തില്‍ കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ളവര്‍ വിരളമാണ്. കെസിസിഎല്‍ രൂപീകൃതമായപ്പോള്‍ അത്യാധുനിക സാങ്കേതികവിദ്യയൊന്നും അന്ന് കമ്പനിയുടെ കൈവശമില്ലായിരുന്നു.

2012-13ല്‍ രാജ്യത്ത് ഡിജിറ്റല്‍ ടിവി ശൃംഖലയിലേക്കുള്ള മാറ്റം തുടങ്ങിയപ്പോള്‍ അതിനുള്ള എക്വിപ്മെന്റുകളും ടെക്നോളജിയുമെല്ലാം അതിവേഗം കെസിസിഎല്‍ കേരളത്തില്‍ കൊണ്ടുവന്നു. മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ചതുകൊണ്ട് കേരളത്തിലെ കേബിള്‍ ടിവി വിപണിയില്‍ 65 ശതമാനവും കെസിസിഎല്ലിന് ഇപ്പോഴുണ്ട്. കേരളത്തിലെ ഏറ്റവും വലിയ മള്‍ട്ടി സിസ്റ്റം ഓപ്പറേറ്ററാണിന്ന് കെസിസിഎല്‍. രാജ്യത്തെ ഡിജിറ്റല്‍ കേബിള്‍ ടെലിവിഷന്‍ പ്രൊവൈഡര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തും.

? എങ്ങനെയാണ് ഇത്തരമൊരു നേട്ടത്തിലേക്ക് എത്താന്‍ കെസിസിഎല്ലിന് സാധിച്ചത്

കെസിസിഎല്ലിന്റെ ഏറ്റവും വലിയ കരുത്ത് 6000ത്തോളം വരുന്ന പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരാണ്. ഇവരെല്ലാം തന്നെ പ്രാദേശിക തലത്തില്‍ അടുത്ത ബന്ധമുള്ളവരാണ്. കെസിസിഎല്‍ കമ്പനിക്കും വ്യക്തമായ ഓര്‍ഗനൈസേഷന്‍ ചട്ടക്കൂടുണ്ട്. അങ്ങേയറ്റം സുതാര്യത കെസിസിഎല്ലിന്റെ ഘടനയിലുണ്ട്. പ്രാദേശിക ടെലിവിഷന്‍ ശൃംഖലകള്‍ അതത് നാട്ടിലെ പ്രശ്നങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. ജനങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ അറിയിക്കുന്നു. അതുപോലെ തന്നെ

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ രംഗങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നു. കേരള വിഷന്റെ ബ്രാന്‍ഡിംഗ് കെസിസിഎല്ലിന്റെ വളര്‍ച്ചയെ ഏറെ സഹായിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ പരാതികളും പ്രശ്നങ്ങളും അതിവേഗം പരിഹരിക്കാനുള്ള സംവിധാനങ്ങളുമുണ്ട്.

? കേരള വിഷന്‍ ബ്രോഡ്ബാന്‍ഡ് ലിമിറ്റഡ് എന്ന കമ്പനി കൂടിയുണ്ടല്ലോ ഗ്രൂപ്പില്‍. ഇന്റര്‍നെറ്റ് സേവനദാതാവ് എന്ന തലത്തിലേക്കുള്ള വളര്‍ച്ച എങ്ങനെയായിരുന്നു

ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ എന്ന നിലയില്‍ തുടക്കം കെസിസിഎല്ലിന് കീഴില്‍ തന്നെയായിരുന്നു. പിന്നീടാണത് കേരള വിഷന്‍ ബ്രോഡ്ബാന്‍ഡ് ലിമിറ്റഡ് എന്ന പ്രത്യേകകമ്പനിയായത്. ഈ കമ്പനിയുടെ 50 ശതമാനം ഓഹരികളും കെസിസിഎല്ലിന്റെ കൈവശമാണ്. മള്‍ട്ടി സിസ്റ്റം ഓപ്പറേറ്റര്‍ എന്ന നിലയില്‍ നിന്നുള്ള സ്വാഭാവികമായൊരു വളര്‍ച്ചയായിരുന്നു ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ രംഗത്തേക്ക്. ഇന്ന് 12 ലക്ഷത്തിലേറെ ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ കമ്പനി നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഏതാണ്ട് 1500 ഓളം ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്സ് ഉണ്ടെന്നാണ് കണക്ക്. അതില്‍ ആറാം സ്ഥാനം കെവിബിഎല്ലിനുണ്ട്.

? ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ രംഗത്തും ടെലികോം കമ്പനികള്‍ ഉള്‍പ്പെടെ കോര്‍പ്പറേറ്റുകള്‍ ഏറെയുണ്ട്. എന്നിട്ടും എങ്ങനെയാണ് കേരളത്തില്‍ കെവിബിഎല്ലിന് ശക്തമായ സാന്നിധ്യമാകാന്‍ സാധിച്ചത്

പ്രാദേശികമായി അടുത്ത ബന്ധമുള്ള കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ തന്നെയാണ് ഇന്റര്‍നെറ്റ് കണക്ഷനുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. വന്‍കിട കോര്‍പ്പറേറ്റുകളുടെ സേവനങ്ങള്‍ തേടുമ്പോള്‍ ഇന്റര്‍നെറ്റ് തടസം നേരിട്ടാല്‍ ആരെ വിളിക്കണം, എവിടെ ബന്ധപ്പെടണമെന്നു പോലും പലര്‍ക്കും അറിയില്ല. ഞങ്ങളുടെ ഉപഭോക്താക്കളില്‍ 90 ശതമാനത്തിലധികവും ഗാര്‍ഹിക ഉപഭോക്താക്കളാണ്. അവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് പരിചയമുള്ളവരെ ബന്ധപ്പെടാനും പ്രശ്നങ്ങള്‍ പരിഹരിക്കാനുമാണ് കൂടുതല്‍ താല്‍പ്പര്യം. ഈ ഇഴയടുപ്പമുള്ള ബന്ധമാണ് ഒരു കാരണം.

രണ്ടാമത്തേത് കെവിബിഎല്ലിന്റെ വിലനിര്‍ണയം അങ്ങേയറ്റം മത്സരാധിഷ്ഠിതമാണ്. ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ ഒന്നുമില്ല. പ്രാദേശികമായി വേരുകളുള്ള കമ്പനികളോട് കേരളീയര്‍ കാണിക്കുന്ന ആഭിമുഖ്യവും കെവിബിഎല്ലിന്റെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. അതുകൊണ്ട് തന്നെ രാജ്യത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് വമ്പന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് കേരളത്തില്‍ വിപണി പിടിക്കാന്‍ സാധിച്ചിട്ടില്ല.

വളരെ സുദൃഢമായ ബിസിനസ് മോഡലാണ് കെവിബിഎല്ലിന്റേത്. 30 ഡിസ്ട്രിബ്യൂട്ടര്‍മാര്‍, 148 സബ് ഡിസ്ട്രിബ്യൂട്ടര്‍മാര്‍, 6000ത്തില്‍ പരം കേബിള്‍ ഓപ്പറേറ്റര്‍മാര്‍ എന്നിങ്ങനെ പല തലങ്ങളിലായുള്ള സുസജ്ജമായ സംവിധാനമുള്ളതുകൊണ്ട് കേരളത്തിലെ വിദൂരഗ്രാമത്തിലുള്ളവര്‍ക്ക് പോലും മികച്ച സേവനം നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നു.

മാത്രമല്ല, എല്ലാ തലത്തിലുള്ളവര്‍ക്കും ആനുപാതികമായി വരുമാന വിഭജനം നടത്തുന്നതുകൊണ്ട് പ്രാദേശിക തലത്തിലുള്ള കേബിള്‍ ഓപ്പറേറ്റര്‍ വരെ അങ്ങേയറ്റം ആത്മാര്‍പ്പണത്തോടെ തന്റെ സ്വന്തം കമ്പനി എന്ന നിലയില്‍ പ്രവര്‍ത്തം കാഴ്ചവെയ്ക്കും. ഇത് സേവന നിലവാരം വലിയ തോതില്‍ മെച്ചപ്പെടാന്‍ ഉപകരിക്കുന്നുണ്ട്. ഭാവിയില്‍ ഇന്‍ഫര്‍മേഷന്‍, എന്റര്‍ട്ടെയ്ന്‍മെന്റ് രംഗത്ത് വരുന്ന ഏതാവശ്യവും, അത് ഗാര്‍ഹികമാകട്ടെ ബിസിനസ് സംബന്ധമാകട്ടെ നല്‍കാന്‍ പര്യാപ്തമായ സുസജ്ജമായ ഡിസ്ട്രിബ്യൂഷന്‍ ശൃംഖലയും സാങ്കേതിക മികവും കെവിബിഎല്ലിനുണ്ട്.

ഗ്രാമീണ മേഖലയില്‍ ബ്രോഡ്ബാന്‍ഡ് പ്രചാരം വര്‍ധിപ്പിക്കുന്നതില്‍ കെവിബിഎല്‍ നിര്‍ണായക പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്റെ റിപ്പോര്‍ട്ട് പ്രകാരം റൂറല്‍ ബ്രോഡ്ബാന്‍ഡ് പ്രൊവൈഡര്‍ രംഗത്ത് രാജ്യത്ത് ബിഎസ്എന്‍എല്ലിന് പുറകിലായി രണ്ടാം സ്ഥാനത്താണ് കെവിബിഎല്ലിന്റെ സ്ഥാനം.

? കേരള വിഷന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാവി പദ്ധതികളെന്തൊക്കെയാണ്

ലോകമെമ്പാടും ഏറെ അംഗീകരിക്കപ്പെടുന്ന, സുസ്ഥിര വികസന മാതൃകയായി ചൂണ്ടിക്കാട്ടപ്പെടുന്ന കോഓപ്പറേറ്റീവ് കോര്‍പ്പറേറ്റ് ബിസിനസ് മോഡലാണ് കേരള വിഷന്റേത്. വന്‍കിട കോര്‍പ്പറേറ്റുകള്‍ കടന്നുവരുമ്പോഴും സാങ്കേതിക വിദ്യയില്‍ അതിവേഗ മാറ്റങ്ങള്‍ നടക്കുമ്പോഴും ഡിജിറ്റല്‍ കേബിള്‍ ടിവി, ഇന്റര്‍നെറ്റ് സേവനദാതാവ്, സാറ്റ്ലൈറ്റ് ചാനല്‍, ബിസിനസ് കണക്റ്റിവിറ്റി സേവനങ്ങള്‍, ഇന്‍ഫര്‍മേഷന്‍, എന്റര്‍ട്ടെയ്ന്‍മെന്റ് രംഗത്തെ മൂല്യവര്‍ധിത സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന ചെറുകിടക്കാര്‍ക്കും സംഘടിതമായ പ്രവര്‍ത്തനത്തിലൂടെ നിലനില്‍ക്കാനും വളരാനും സാധിക്കുമെന്നാണ് കേരള വിഷന്‍ ഇക്കാലം കൊണ്ട് കേരളത്തില്‍ തെളിയിച്ചത്. അതായത് ഈ രംഗത്തെ ഒരു 'കേരള മോഡലാ'ണിത്. ആ മോഡലിനെ രാജ്യമെമ്പാടും വ്യാപിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

തമിഴ്നാട്, കര്‍ണാടക, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലേക്ക് ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. മുംബൈയിലേക്കും കടക്കുന്നു. ഇവിടങ്ങളില്‍ സംയുക്ത സംരംഭങ്ങള്‍ സ്ഥാപിച്ചുകൊണ്ടാകും പ്രവര്‍ത്തനം. രാജ്യമെമ്പാടും വളരുക എന്നത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. കൂടാതെ ടോട്ടല്‍ സര്‍വീസ് പ്രൊവൈഡര്‍ എന്ന പുതിയൊരു വെര്‍ട്ടിക്കല്‍ കൂടി ഈവര്‍ഷം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

ധനം മാഗസിന്‍ ജൂലൈ 31 ലക്കം പ്രസിദ്ധീകരിച്ചത്‌

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com