കെ വി ഷംസുദ്ദീന്‍ ഗള്‍ഫുകാരുടെ പ്രിയപ്പെട്ട വ്യവസായി

1970. അംബര ചുംബികളായ വന്‍ കെട്ടിടങ്ങളോ സമ്പത്തിന്റെ ആര്‍ഭാടമോ അന്ന് ഗള്‍ഫ് നാടുകള്‍ക്ക് അന്യം. അക്കാലത്ത് ജോലി തേടി ഗള്‍ഫിലെത്തിയ ഒരു യുവാവ്, ഇന്ന് 50 വര്‍ഷം തികയുമ്പോള്‍ ഗള്‍ഫുകാരുടെ പ്രിയങ്കരനായ വ്യവസായിയാണ്. അവരുടെ ജീവിത വിജയത്തിന് കൂടെ നിന്ന്, സമാധാനകരമായ ജീവിതം സമ്മാനിച്ച ആ വ്യവസായി മറ്റാരുമല്ല, ബര്‍ജീല്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഡയറക്റ്റര്‍ കെ വി ഷംസുദ്ദീനാണ്. 'സമ്പാദ്യശീലത്തിന്റെ സുവിശേഷകന്‍' എന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ അത് ഷംസുദ്ദീനെ ആയിരിക്കും. പ്രവാസികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ഒന്നുകൊണ്ടു മാത്രമാണ് ഈ വിശേഷണത്തിന് അര്‍ഹമാകുന്നത്.

ഗള്‍ഫ് നാടുകളില്‍ ചോര നീരാക്കി അധ്വാനിക്കുന്ന സാധാരണക്കാരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ പതിറ്റാണ്ടുകളായി ഷംസുദ്ദീന്‍ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ചെയ്തിരിക്കുന്ന കാര്യങ്ങള്‍ നിരവധിയാണ്. പ്രവാസി സമൂഹത്തിനിടയില്‍ സാമ്പത്തിക ആസൂത്രണത്തെ സംബന്ധിച്ച് ഇതുവരെ എടുത്തിരിക്കുന്നത് ഒട്ടനവധി ക്ലാസുകള്‍, 1000ത്തിലേറെ റേഡിയോ പരിപാടികള്‍, 800 ലേറെ ടെലിവിഷന്‍ പരിപാടികള്‍. കോവിഡ് മഹാമാരി വന്നപ്പോള്‍ കോവിഡ് കാലത്തും അതിനുശേഷവും എന്തായിരിക്കും സംഭവിക്കുക എന്ന് ഓരോ പ്രവാസിയെയും ബോധവല്‍ക്കരിക്കാനായി ഇദ്ദേഹം നടത്തിയത് നൂറോളം വെബിനാറുകള്‍. ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളും ഗള്‍ഫില്‍ കഴിയുന്നവരും ഷംസുദ്ദീനെ നെഞ്ചേറ്റുന്നത് അവരുടെ ജീവിതത്തില്‍ അദ്ദേഹം കൊണ്ടുവന്ന സുരക്ഷിതത്വം ഒന്നുകൊണ്ടുമാത്രമാണ്.

ബോംബെയിലേക്ക് ടിക്കറ്റ് എടുക്കാന്‍ പണമില്ലാതെ ആ രണ്ടുപേര്‍!
സാധാരണക്കാര്‍ക്കിടയില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുക മാത്രമല്ല ഷംസുദ്ദീന്‍ ചെയ്തത്. വിദേശ ഇന്ത്യക്കാര്‍ക്ക് കൂടി ഇന്ത്യന്‍ കമ്പനികളുടെ ഐ പി ഒകളില്‍ നിക്ഷേപം നടത്താന്‍ പറ്റും വിധമുള്ള നിയമനിര്‍മാണത്തിന് അദ്ദേഹം കാരണമായിട്ടുണ്ട്. യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആദ്യ വിദേശ ഏജന്റും ഷംസുദ്ദീനാണ്.

''ഒരു ദിവസം ജോലികഴിഞ്ഞ് ഞാന്‍ താമസ സ്ഥലത്ത് ചെല്ലുമ്പോള്‍ രണ്ടുപേര്‍ ഏറെ ദയനീയ അവസ്ഥയില്‍ ഇരിക്കുന്നു. അവര്‍ക്ക് ആരോഗ്യം മോശമായി. ഇനി ഗള്‍ഫില്‍ ജോലി ചെയ്യാന്‍ പറ്റില്ല. തിരികെ നാട്ടില്‍ പോകാനുള്ള പണം അവരുടെ കൈയിലില്ല. വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്യുന്നവരാണ്. എന്നിട്ടാണ് ഈ ഗതി. എന്തുകൊണ്ട് ഇവരെ പോലുള്ളവര്‍ ജീവിതസായാഹ്നത്തില്‍ കഷ്ടസ്ഥിതിയിലായെന്ന് ഞാന്‍ ചിന്തിച്ചു നോക്കി,'' ഷംസുദ്ദീന്‍ തന്റെ ജീവിതത്തിലെ വഴിത്തിരിവായ സംഭവം ഓര്‍മിക്കുന്നു.

അക്കാലത്ത് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഭൂരിഭാഗം പേരും അനൗദ്യോഗിക മാര്‍ഗങ്ങളിലൂടെയാണ് പണം വീട്ടിലേക്ക് അയച്ചിരുന്നത്. ''ഇത്തരം രീതിയില്‍ പണം കൈപ്പറ്റുന്ന വീട്ടുകാര്‍ അപ്പോള്‍ തന്നെ അതെല്ലാം വിവിധ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ച് തീര്‍ക്കും. പ്രവാസികള്‍ക്കിടയിലെ ഈ ശീലമാണ് ഞാന്‍ ആദ്യം മാറ്റിയത്. നാട്ടിലെ ബാങ്കില്‍ ഞാനൊരു എന്‍ ആര്‍ ഇ എക്കൗണ്ട് തുറന്നു. ആ ബാങ്കുമായി ബന്ധപ്പെട്ട് എക്കൗണ്ട് തുറക്കാനുള്ള അമ്പതോളം അപേക്ഷകള്‍ ഞാന്‍ ഗള്‍ഫിലെത്തിച്ചു. പരിചയക്കാരെ കൊണ്ടെല്ലാം ബാങ്ക് എക്കൗണ്ട് എടുപ്പിച്ചു,'' ഷംസുദ്ദീന്‍ പറയുന്നു.

പ്രവാസികള്‍ എക്കൗണ്ട് വഴി പണം അയക്കാന്‍ തുടങ്ങിയതോടെ കുടുംബാംഗങ്ങള്‍ ബാങ്കില്‍ പോയി പണം കൈപ്പറ്റാന്‍ തുടങ്ങി. അവര്‍ മുഴുവന്‍ പണവും ഒറ്റയടിക്ക് എടുക്കാതെ ആവശ്യത്തിന് എടുക്കുകയും കുറച്ച് തുക എക്കൗണ്ടില്‍ നിക്ഷേപമായി കിടക്കുകയും ചെയ്തു. ''ഇങ്ങനെ കുറച്ച് തുക ബാങ്ക് ബാലന്‍സ് വന്നതോടെ ഏവരിലും നല്ല മാറ്റമുണ്ടാക്കി. സമ്പാദ്യശീലത്തെ കുറിച്ച് എന്റെ ചുറ്റിലുമുള്ളവരിലേക്ക് ആദ്യപാഠം പകര്‍ന്നതിങ്ങനെയാണ്,'' ഷംസുദ്ദീന്‍ പറയുന്നു.

കുഞ്ഞേ, കുഞ്ഞിന് ഒരു പ്രതിഫലവും കിട്ടുന്നില്ലല്ലോ!

ബാങ്കില്‍ കുറച്ച് തുക ബാലന്‍സ് വന്നതുകൊണ്ട് പ്രവാസികളുടെ ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം വരില്ലെന്ന് ഷംസുദ്ദീന് അറിയാമായിരുന്നു.
ഗള്‍ഫില്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം നല്ല നേട്ടം കിട്ടുന്ന പോലെ നിക്ഷേപിക്കണം. ''അക്കാലത്ത് യുടിഐ മാത്രമാണ് പൊതുസമൂഹത്തിന്റെ നിക്ഷേപം സ്വീകരിച്ച് കോര്‍പ്പറേറ്റ് ഇന്‍വെസ്റ്റ്മെന്റ് രംഗത്തേക്ക് അതിനെ വഴി തിരിച്ചുവിട്ടിരുന്ന പൊതുമേഖലാ സ്ഥാപനം. യു ടി ഐയില്‍ ബന്ധപ്പെട്ട് നിക്ഷേപത്തിനുള്ള ആപ്ലിക്കേഷന്‍ ഫോമുകള്‍ സംഘടിപ്പിച്ച് പ്രവാസികള്‍ക്കിടയില്‍ വിതരണം ചെയ്തു. അവരോട് ആ നിക്ഷേപത്തിന്റെ പ്രാധാന്യം പറഞ്ഞു. ഏറെ പേര്‍ നിക്ഷേപം നടത്താന്‍ തയ്യാറായി,'' ഷംസുദ്ദീന്‍ പറയുന്നു.

അക്കാലത്ത് യുടിഐയുടെ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എ പി കുര്യന്‍ (പിന്നീട് ആംഫി ചെയര്‍മാന്‍ ഒക്കെയായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്) ഷംസുദ്ദീന്റെ പ്രവര്‍ത്തനം ശ്രദ്ധിച്ചു. ''ഒരിക്കല്‍ എ പി കുര്യന്‍ എന്നോട് പറഞ്ഞു, കുഞ്ഞേ, കുഞ്ഞ് ഞങ്ങള്‍ക്ക് ഒരുപാട് ബിസിനസ് തരുന്നുണ്ട്. പക്ഷേ കുഞ്ഞിന് അതുകൊണ്ട് പത്തുപൈസ പ്രതിഫലം കിട്ടുന്നില്ല. അതിനി വേണ്ട. ഞാന്‍ കുഞ്ഞിനെ ഞങ്ങളുടെ ഫോറിന്‍ ഏജന്റായി നിയമിക്കാം. അങ്ങനെയാണ് യുടിഐയുടെ ആദ്യ വിദേശ ഏജന്റായി ഞാന്‍ നിയമിതനാകുന്നത്,'' ഷംസുദ്ദീന്‍ പറയുന്നു.

ചരിത്രം തിരുത്തിയ ടെല്‍കോ

1970കളില്‍ ഇന്ത്യന്‍ കമ്പനികള്‍ ഐ പി ഒ നടത്തുമ്പോള്‍ അതില്‍ നിക്ഷേപിക്കാന്‍ വിദേശ ഇന്ത്യക്കാര്‍ക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ മികച്ച കമ്പനികളുടെ ഗ്രോത്ത് സ്റ്റോറികളില്‍ പങ്കാളികളായി സമ്പത്ത് ആര്‍ജ്ജിക്കാനും അവര്‍ക്ക് അവസരം ലഭിച്ചിരുന്നില്ല. പ്രവാസി ഇന്ത്യക്കാര്‍ക്കും ഐ പി ഒകളില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഷംസുദ്ദീനും കേന്ദ്ര സര്‍ക്കാരിനും മറ്റ് ഏജന്‍സികള്‍ക്കുമെല്ലാം കത്തെഴുതി. ഈ ആവശ്യം പല തലങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നതോടെ നയം മാറ്റത്തിന് കളമൊരുങ്ങി. 1979ല്‍ ടാറ്റ എന്‍ജിനീയറിംഗ് ആന്‍ഡ് ലോകോമോട്ടീവ് കമ്പനി (ടെല്‍കോ) എന്‍ ആര്‍ ഐകള്‍ക്കു കൂടി അവസരം നല്‍കി ഐ പി ഒ നടത്തി. പ്രവാസികള്‍ക്ക് ഇതില്‍ നിക്ഷേപിക്കാന്‍ വേണ്ട കാര്യങ്ങള്‍ ഷംസുദ്ദീന്‍ തന്നെ ചെയ്തു കൊടുത്തു. അതൊരു തുടക്കമായിരുന്നു. ഷംസുദ്ദീന്റെ മാര്‍ഗനിര്‍ദേശത്താല്‍ ഒട്ടനവധി പ്രവാസികള്‍ നിരവധി ബ്ലൂചിപ്പ് കമ്പനികളില്‍ നിക്ഷേപം നടത്തി. ടിസിഎസ്, ഐടിസി, ഡോ. റെഡ്ഡീസ് തുടങ്ങി അന്ന് നിക്ഷേപം നടത്തിയ കമ്പനികള്‍ പ്രവാസികള്‍ക്ക് നല്‍കിയത് കണ്ണും മനസ്സും നിറയ്ക്കുന്ന നേട്ടമാണ്. ''1983ല്‍ ഐടിസിയില്‍ 5000 രൂപ നിക്ഷേപിച്ചവര്‍ക്ക് അത് ഒന്നരക്കോടി വരെയായി ഉയര്‍ന്നു. ആയിരക്കണക്കിന് പ്രവാസികളാണ് ഇങ്ങനെ ഓഹരി നിക്ഷേപത്തിലൂടെ കോടീശ്വരന്മാരായത്,'' നിറഞ്ഞ ചിരിയോടെ ഷംസുദ്ദീന്‍ പറയുന്നു.

നിക്ഷേപകര്‍ക്കുള്ള മാര്‍ഗനിര്‍ദേശം നല്‍കുന്നത് അതുവരെ പാര്‍ട്ട് ടൈം ജോലിയായി കരുതിയിരുന്ന ഷംസുദ്ദീന്‍ പിന്നീട് സര്‍ക്കാര്‍ ജോലി വിട്ട് പൂര്‍ണസമയം അതിലേക്ക് ഇറങ്ങി. ഷാര്‍ജയില്‍ സ്വന്തമായൊരു ഓഫീസ് തുറക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ട് നടന്നില്ല. അപ്പോഴാണ് ഷാര്‍ജ രാജകുടുംബത്തിലെ ഷെയ്ഖ് സുല്‍ത്താന്‍ സൗദ് അല്‍ ഖസ്മിയിലേക്ക് എത്താന്‍ ഷംസുദ്ദീന് മുന്നില്‍ ഒരു വഴിതുറന്നത്. കലയെയും കലാകാരന്മാരെയും സ്നേഹിക്കുന്ന അദ്ദേഹവുമായുള്ള പങ്കാളിത്തമാണ് ഇന്നത്തെ ബര്‍ജീല്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ പിറവിക്ക് കാരണമായത്. ബര്‍ജീല്‍ ആര്‍ട്ട് ഫൗണ്ടേഷന്റെ സ്ഥാപകനായ ഷെയ്ഖ് സുല്‍ത്താന്‍ സൗദ് അല്‍ ഖസ്മി സാമ്പത്തിക സേവന സ്ഥാപനവുമായി പങ്കാളിത്തം സ്ഥാപിച്ചപ്പോഴും ബര്‍ജീല്‍ എന്ന പേര് കൈവിട്ടില്ല. കേരളത്തിലെ പ്രമുഖ സാമ്പത്തിക സേവന കമ്പനിയായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസുമായി ചേര്‍ന്ന് 2000ത്തില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ ബര്‍ജീല്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എല്‍ എല്‍ സി ആയി. ഇന്നും സുല്‍ത്താന്‍ സൗദ് അല്‍ ഖസ്മി തന്നെയാണ് സ്ഥാപനത്തിന്റെ ചെയര്‍മാന്‍. ഷംസുദ്ദീന്‍ ഡയറക്റ്ററും. എന്‍ ആര്‍ ഐ കാറ്റഗറിയില്‍ ബെസ്റ്റ് പെര്‍ഫോമിംഗ് ഫിനാന്‍ഷ്യല്‍ അഡൈ്വസറായി വര്‍ഷങ്ങളോളം തുടര്‍ച്ചയായി പുരസ്‌കാരങ്ങളും ബര്‍ജീല്‍ ജിയോജിത് നേടിവരുന്നു.

പ്രതിദിനം 18 മണിക്കൂറോളം പ്രവര്‍ത്തന നിരതന്‍, പ്രവാസികളുടെ ബന്ധു

എല്ലാ ദിവസവും പതിനെട്ടുമണിക്കൂറോളം ഷംസുദ്ദീന്‍ പ്രവര്‍ത്തനനിരതനാണ്. പണം സമ്പാദിക്കുക എന്ന ഏക ലക്ഷ്യത്തോടെയല്ല ഇത്. തനിക്ക് ചുറ്റിലുമുള്ള സമൂഹത്തെ സാമ്പത്തിക ഭദ്രതയിലേക്ക് പിടിച്ചുയര്‍ത്തി സുരക്ഷിതമായ ജീവിതം ഉറപ്പാക്കാന്‍ കൂടിയാണ്. പ്രവാസികളുടെ കുടുംബത്തെ കൂടി സാമ്പത്തിക അച്ചടക്കം പഠിപ്പിച്ചാല്‍ മാത്രമേ അവര്‍ സാമ്പത്തികമായി ഉന്നമനം പ്രാപിക്കുകയുള്ളൂവെന്ന് ബോധ്യം വന്നതോടെ കേരളത്തിലേക്കും ഷംസുദ്ദീന്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 2001ല്‍ പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് സ്ഥാപിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കി. പ്രവാസി കുടുംബങ്ങളിലേക്ക് സാമ്പത്തിക അച്ചടക്കത്തിന്റെ പാഠങ്ങള്‍ എത്തിച്ചു. സ്ത്രീധനം പോലുള്ള അനാചാരങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തി. കടക്കെണിയില്‍ വീഴാതെ ജീവിക്കാനുള്ള വഴികള്‍ പറഞ്ഞു നല്‍കി.

അമ്പതുവര്‍ഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന ഷംസുദ്ദീന്‍ ഇപ്പോള്‍ മറ്റൊരു ദൗത്യത്തിലാണ്. ''ഗള്‍ഫ് നാടുകളിലെ പ്രവാസികളെ സാമ്പത്തിക ഭദ്രതയിലേക്ക് നയിക്കാന്‍ നിരവധി പേര്‍ മാര്‍ഗനിര്‍ദേശക രംഗത്തുവേണം. അങ്ങനെയുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ ശ്രമിക്കുകയാണ്. യുഎഇയുടെ പിതാവ് ഷെയ്ഖ് സയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പ്രസിദ്ധമായ ഒരു ഉദ്ധരണിയുണ്ട്. പരമകാരുണികന്‍ നമുക്ക് സമ്പത്ത് നല്‍കുന്നത് അത് അത്യാവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനാണ്. നമ്മള്‍ സമ്പത്തിന്റെ വെറും സൂക്ഷിപ്പുകാര്‍ മാത്രമാണ്. മറിച്ച് അതിന്റെ യഥാര്‍ത്ഥ ഉടമകളല്ല. ഈ വാക്കുകള്‍ ഉള്‍ക്കൊണ്ട് ഒരു ചാരിറ്റബ്ള്‍ ട്രസ്റ്റിനും രൂപം നല്‍കി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള പിന്തു
ണ നല്‍കുകയാണ് ലക്ഷ്യം,'' ഷംസുദ്ദീന്‍ പറയുന്നു. എല്ലാത്തിനുമുപരി ഗള്‍ഫ് രാജ്യങ്ങളില്‍ നിസ്വാര്‍ത്ഥമായ, നന്മനിറഞ്ഞ പ്രവര്‍ത്തനം കൊണ്ട് ഇന്ത്യയുടെ അനൗദ്യോഗിക അംബാസഡറായി ഷംസുദ്ദീന്‍ മാറിയിരിക്കുന്നു.

സമ്പത്ത് ആര്‍ജ്ജിക്കാന്‍ ലളിത ഫോര്‍മുല!

ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ തേടി പോയപ്പോള്‍, ഷംസുദ്ദീന് പിതാവ് രണ്ട് ഉപദേശങ്ങളാണ് നല്‍കിയത്. ഒരുകാലത്തും ഹവാല ഇടപാടുകളുമായി ബന്ധപ്പെടാന്‍ പാടില്ല. രണ്ട്, സ്വര്‍ണത്തിന്റെ വലിയൊരു മല മുന്നില്‍ വന്നാല്‍ പോലും അതിലേക്ക് തിരിഞ്ഞുനോക്കരുത്. ഇതു രണ്ടും ഇന്നും ഷംസുദ്ദീന്‍ പാലിക്കുന്നു. ഇത്രയും കാലം വളരെ ചിട്ടയോടെ ജീവിതം നയിക്കുകയും മറ്റുള്ളവരിലേക്ക് ആ ശീലം പകര്‍ന്നേകുകയും ചെയ്യുന്ന ഷംസുദ്ദീന്‍ സമ്പത്ത് ആര്‍ജ്ജിക്കാന്‍ ഒരു ലളിതമായ ഫോര്‍മുല പറയുന്നുണ്ട്. ഓരോരുത്തരും അവരുടെ വരുമാനത്തിലെ 20 ശതമാനം ആദ്യമേ തന്നെ നിക്ഷേപത്തിനായി മാറ്റിവെയ്ക്കുക. ഇതിന് ഒറ്റ വഴിയേ ഉള്ളൂ, സ്വന്തം വരുമാനം ഇപ്പോള്‍ ലഭിക്കുന്നതിന്റെ 80 ശതമാനമാണെന്ന് കരുതി വ്യക്തിഗത ബജറ്റും കുടുംബ ബജറ്റും തയ്യാറാക്കുക. ബാക്കി 20 ശതമാനം നേരെ നിക്ഷേപത്തിലേക്ക് മാറ്റുക.

ഈ ലളിത ഫോര്‍മുലയാണ് പതിനായിരക്കണക്കിന് പ്രവാസികളെ ജീവിത സുരക്ഷിതത്വത്തിലേക്ക് നയിച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Related Articles
Next Story
Videos
Share it