Begin typing your search above and press return to search.
മാരാരി ഫ്രഷ്; പറന്നുയരാന്‍ കൊതിക്കുന്ന ഒരു സംരംഭകൻ
മാരാരി ഫ്രഷ് ഒരു മൊബൈല്‍ ആപ്ലിക്കേഷനാണ്. പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്ന സാധാരണ ആപ്പ്. എന്നാല്‍ മറ്റ് ഇ-കൊമേഴ്‌സ് ആപ്പുകളില്‍ നിന്ന് മാരാരി ഫ്രഷിനെ വ്യത്യസ്മാക്കുന്നത് അസാധാരണ വഴിത്തിരുവുകളൊന്നും ഇല്ലാത്ത, തന്റെ മൂപ്പത്തിയെട്ടാം വയസില്‍ സംരംഭകനായി മാറിയ നിഷാദ് തന്നെയാണ് .
സ്വകാര്യ ജീവിതത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2016ല്‍ മാര്‍ക്കറ്റിംഗ് രംഗത്തെ ജോലി ഉപേക്ഷിച്ച ആളാണ് ചേര്‍ത്തല കഞ്ഞിക്കുഴി സ്വദേശി നിഷാദ്. സന്തോഷം കണ്ടെത്താനാണ് വീട്ടില്‍ ചെറിയ രീതിയില്‍ കൃഷി ആരംഭിച്ചത്. എന്നാല്‍ പതിയെ ഇതൊരു ജീവിതമാര്‍ഗമാക്കിയാലോ എന്ന ചിന്തയായി. അങ്ങനെയാണ് 2017ല്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് പച്ചമുളക് കൃഷി തുടങ്ങിയത്.
പച്ചമുളക് കൃഷി പച്ചപിടിച്ചപ്പോള്‍ വില്‍പ്പന ഒരു പ്രശ്‌നമായി മാറി. ധാരാളം വിളവ് ഉണ്ടെന്ന് കണ്ടതോടെ പ്രദേശത്തെ കച്ചവടക്കാര്‍ നിഷാദിൻ്റെ പച്ചമുളകിന് മനപ്പൂര്‍വം വിലകുറച്ചു. തൻ്റെ അവസ്ഥ വിവരിച്ച് നിഷാദ് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു. കേരളത്തിൻ്റെ നാനാ ഭാഗത്തുനിന്നും ആ പോസ്റ്റിന് വലിയ പ്രതികരണമാണ് ലഭിച്ചത്. അതോടെ കൂടുതല്‍ ആത്മവിശ്വസമായി.
പച്ചമുളക് കൊണ്ട് മാത്രം കാര്യമില്ലെന്ന് കണ്ടതോടെ മറ്റ് വിളകളും പരീക്ഷിച്ചു തുടങ്ങി. അങ്ങനെയാണ് ചേര്‍ത്തലക്കാര്‍ക്ക് അധികം പരിചയമില്ലാത്ത കോളിഫ്ലവറും തണ്ണിമത്തനുമൊക്കെ നിഷാദിൻ്റെ കൃഷിയിടത്തില്‍ ഇടംപിടിച്ചത്.
മാരാരി ഫ്രഷ് മുതല്‍ ഫാര്‍മേഴ്‌സ് ഫസ്റ്റ് വരെ
കൂടുതല്‍ വിളകള്‍ കൃഷി ചെയ്തതോടെ വിപണം വലിയൊരു പ്രശ്‌നമായി മാറി. പരിഹാരമെന്നോണം ആദ്യം നിഷാദ് ചെയ്തത് പച്ചക്കറികള്‍ പായ്ക്കു ചെയത് കടകളില്‍ എത്തിച്ചു കൊടുക്കലാണ്. എന്നാല്‍ പ്രതിക്ഷിച്ച രീതിയില്‍ അത് വിജയമായില്ല. അങ്ങനെയാണ് 2018ല്‍ മാരാരി ഫ്രഷ് എന്ന വെബ്‌സൈറ്റ് ആരംഭിക്കുന്നത്.
ആഴ്ചയില്‍ രണ്ടുതവണ വെബ്‌സൈറ്റിലൂടെ പച്ചക്കറി കിറ്റുകളുടെ ഡെലിവറി. ആലപ്പുഴയില്‍ മുതല്‍ ആലുവവരെ നിഷാദ് നേരിട്ട് പച്ചക്കറികള്‍ എത്തിച്ചു. 2018ല്‍ മാരാരി ഫ്രഷ് എന്ന മൊബൈല്‍ ആപ്പ് അവതരിപ്പിച്ചു. "വെബ്‌സൈറ്റോ ആപ്പോ ആളുകള്‍ പെട്ടന്ന് സ്വീകരിക്കുമെന്ന് കരുതിയല്ല തുടങ്ങിയത്. കാര്‍ഷിക വിളകളുടെ സാധാരണ മാര്‍ക്കറ്റിംഗില്‍ നിന്ന് നിന്ന് വ്യത്യസ്തമായ ഒരു രീതി വികസിപ്പിച്ചെടുക്കുകയായിരുന്നു ലക്ഷ്യം" നിഷാദ് പറയുന്നു.
കൊവിഡ് കാലത്താണ് ആപ്പിലേക്ക് കൂടുതല്‍ ഉപഭോക്താക്കള്‍ എത്തിയത്. എന്നാല്‍ ആ സമയം ആപ്പില്‍ യുപിഐ, കാര്‍ഡ് പേയ്‌മെൻ്റ് സംവിധാനങ്ങള്‍ ഇല്ലായിരുന്നു. ഇത് തിരിച്ചടിയായി. കൊവിഡ് രണ്ടാം തരംഗത്തിൻ്റെ സമയത്ത് താല്‍ക്കാലികമായി ആപ്പിൻ്റെ സേവനം നിര്‍ത്തി വെയ്‌ക്കേണ്ടിയും വന്നു.
മാരാരി ഫ്രഷിൻ്റെ ഹോള്‍സെയില്‍ വില്‍പ്പനയ്ക്ക് ആയാണ് ഫാര്‍മേഴ്‌സ് ഫസ്റ്റ് എന്ന ആപ്പ് തുടങ്ങിയത്. രജിസ്റ്റര്‍ ചെയ്ത കര്‍കര്‍ക്ക് ഈ ആപ്പിലൂടെ വില്‍പ്പന നടത്താം. കച്ചവടക്കാര്‍ക്ക് ഇവിടെ നിന്നും പച്ചക്കറികള്‍ വാങ്ങാം. നിലവില്‍ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ ഫാര്‍മേഴ്‌സ് ഫസ്റ്റിന്റെ സേവന ലഭ്യമാണ്. കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ക്ക് വിപണി കണ്ടെത്താന്‍ സഹായിക്കുകയാണ് ഫാര്‍മേഴ്‌സ് ഫസ്റ്റിലൂടെ നൗഷാദ്.
വളരുന്ന സ്വപ്‌നം
ചേര്‍ത്തലയില്‍ മാരാരി ഫ്രഷിൻ്റെ ആദ്യ ഔട്ട്‌ലെറ്റ് 2021ല്‍ തുറന്നു. കൂടാതെ മാരാരി ഫ്രഷിൻ്റെ ഫ്രാഞ്ചൈസികളും നല്‍കാന്‍ ആരംഭിച്ചു. ഈ വര്‍ഷം നൗഷാദ് മാരാരി ഫ്രഷ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തു. അഞ്ചുവര്‍ഷം മുമ്പ് പച്ചമുളക് നട്ടുതുടങ്ങിയ നിഷാദ് ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളിലേക്ക് കൃഷി വ്യാപിപ്പിച്ചു.
ഫണ്ടിംഗിലൂടെ മാരാരി ഫ്രഷിന്റെ പ്രവര്‍ത്തനങ്ങള്‍ വിപൂലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് നിഷാദ്. ആദ്യ ഘട്ടത്തില്‍ ഒന്നരക്കോടിയോളം സമാഹരിക്കാനാണ് പദ്ധതി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളില്‍ മാരാരി ഫ്രഷിൻ്റെ ഔട്ട്‌ലെറ്റുകള്‍ തുറക്കുകയാണ് ലക്ഷ്യം.
നിലവില്‍ മാരാരി ഫ്രഷ് ആപ്പ് ചേര്‍ത്തലയില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. നവംബര്‍ മുതല്‍ എറണാകുളത്ത് ഡെലിവറി പുനരാരംഭിക്കും. കൂടാതെ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലേക്കും ആപ്പിൻ്റെ സേവനം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നിഷാദ്. മാരാരി ഫ്രഷിന് കീഴില്‍ വില്‍ക്കുന്ന എല്ലാ ഉത്പന്നങ്ങളും GAP(good agricultural practice ) സര്‍ട്ടിഫിക്കറ്റോട് കൂടിയതാണ്. ഭാവിയില്‍ പൂര്‍ണമായും ജൈവ രീതിയില്‍ വിളയിക്കുന്ന ഉത്പന്നങ്ങളിലേക്ക് മാറാന്‍ ലക്ഷ്യമിട്ടാണ് നിഷാദിൻ്റെ പ്രവര്‍ത്തനങ്ങള്‍.
Next Story
Videos