മുകേഷ് ബന്‍സാല്‍: ഡിജിറ്റല്‍ പോരില്‍ ഇനി ടാറ്റയുടെ വജ്രായുധം

ആമസോണും റിലയന്‍സും എല്ലാം ഡിജിറ്റല്‍ യുദ്ധക്കളത്തില്‍ ആയുധങ്ങള്‍ തേച്ചുമിനുക്കി പോരിനിറങ്ങുമ്പോള്‍ പൂഴിക്കടകന്‍ തന്നെ പുറത്തെടുത്ത് ടാറ്റ ഗ്രൂപ്പ്. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്തെ അതികായനായ ടാറ്റ ഗ്രൂപ്പിന്റെ ഡിജിറ്റല്‍ വിഭാഗത്തിന്റെ പ്രസിഡന്റായി മുകേഷ് ബന്‍സാലിനെ നിയമിച്ചിരിക്കുകയാണ്.

ഹരിദ്വാറില്‍ ജനിച്ച് ഐഐടി കാണ്‍പൂരില്‍ പഠിച്ച് സിലിക്കണ്‍ വാലിയില്‍ ഒരു ദശാബ്ദം ചെലവിട്ട് ഇന്ത്യയില്‍ തിരിച്ചെത്തി ഫാഷന്‍, ഫിറ്റ്‌നസ് മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുടക്കമിട്ട മുകേഷ് ബന്‍സാലിന്റെ നിയമനം ടാറ്റ കണക്കുകൂട്ടി നടത്തിയിരിക്കുന്ന നീക്കം തന്നെയാണ്.

മുകേഷ് ബന്‍സാലിന്റെ ഫിറ്റ്‌നസ് ആപ്പായ ക്യുയര്‍ഫിറ്റില്‍ 75 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്തിയ ടാറ്റ ഡിജിറ്റല്‍, മുകേഷ് ബന്‍സാലിനെ പുതിയ പ്രസിഡന്റായി നിയമിച്ചതിനൊപ്പം തുടര്‍ന്നും ക്യുയര്‍ഫിറ്റിനെ നയിക്കാനുള്ള ദൗത്യം അദ്ദേഹത്തെ തന്നെ ഏല്‍പ്പിക്കുകയും ചെയ്തു. ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എമരിറ്റസ് രത്തന്‍ ടാറ്റ നിക്ഷേപം നടത്തിയ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാണ് ക്യുയര്‍ഫിറ്റ്. ആമസോണ്‍ ഇന്ത്യയും റിലയന്‍സും വാള്‍മാര്‍ട്ട് - ഫഌപ്പ്കാര്‍ട്ടും ഇ - കോമേഴ്‌സ്, ഡിജിറ്റല്‍ രംഗത്ത് വന്‍ പദ്ധതികളുമായി മുന്നോട്ട് പോകുമ്പോള്‍ ടാറ്റ വന്‍ ഏറ്റെടുക്കലുകളിലൂടെയും ഭാവിയെ മുന്നില്‍ കണ്ടുള്ള ചുവടുവെപ്പുകളിലൂടെയുമാണ് പോര്‍ക്കളത്തിലുള്ളത്. മുകേഷ് ബന്‍സാലിനെ ടാറ്റ ഡിജിറ്റലിന്റെ പ്രസിഡന്റ് ആക്കിയതോടെ രാജ്യത്തെ മികച്ച ഒരു ടെക് എന്റര്‍പ്രണറെ തന്നെ ഗ്രൂപ്പിന് കീഴില്‍ കൊണ്ടുവരാന്‍ സാധിച്ചു. മുകേഷിന്റെ നിയമനം ഗ്രൂപ്പിന് വലിയ മൂല്യം പകര്‍ന്നേകുമെന്നാണ് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെടുന്നത്.
ബന്‍സാലിന്റെ സംരംഭക യാത്ര
2007ലാണ് മുകേഷ് ബന്‍സാല്‍ ഇന്ത്യയില്‍ തന്റെ സംരംഭക യാത്ര തുടങ്ങുന്നത്. മിന്ത്ര സ്ഥാപിച്ചുകൊണ്ട്. ഐഐടിയില്‍ തന്റെ ജൂനിയേഴ്‌സായിരുന്ന അശുതോഷ് ലവാനിയ, വിനീത് സക്‌സേന എന്നിവര്‍ക്കൊപ്പം ചേര്‍ന്നായിരുന്നു അത്. പേഴ്‌സണലൈസ്ഡ് ഗിഫ്റ്റിംഗ് സ്റ്റാര്‍ട്ടപ്പായി തുടങ്ങിയ മിന്ത്ര പിന്നീട് ഫാഷന്‍, ലൈഫ് സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ വിപണന രംഗത്തേക്ക് ചുവടുമാറ്റി. പല ഏറ്റെടുക്കലുകളിലൂടെയും മറ്റും മിന്ത്ര രാജ്യത്തെ പ്രമുഖ ഫാഷന്‍ സൈറ്റായി പിന്നീട് വളര്‍ന്നു.

2014ല്‍ മിന്ത്രയെ ഫഌപ്പ്കാര്‍ട്ടിന് വിറ്റു. അക്കാലത്തെ ഏറ്റവും വലിയ ഇ - കോമേഴ്‌സ് ഏറ്റെടുക്കലുകളില്‍ ഒന്നുകൂടിയായിരുന്നു അത്. അങ്ങനെ ഫഌപ്പ്കാര്‍ട്ടിന്റെ കോമേഴ്‌സ് ആന്‍ഡ് അഡ്വര്‍ടൈസിംഗ് ബിസിനസ് മേധാവിയായി മാറിയ മുകേഷ് ബന്‍സാല്‍ മിന്ത്ര ബോര്‍ഡ് ചെയര്‍മാന്‍ പദവി കൂടി വഹിച്ചു. തനിക്ക് ഒരിക്കലും പശ്ചാത്താപം തോന്നാത്ത കാര്യമായിരുന്നു എന്നാണ് പിന്നീട് ഒരിക്കല്‍ ഈ വില്‍പ്പനയെ കുറിച്ച് മുകേഷ് ബന്‍സാല്‍ പറഞ്ഞത്.

മിന്ത്ര വന്‍ വിജയമാകുകയും ഫഌപ്കാര്‍ട്ട് മികച്ചൊരു ടീമിനുകീഴില്‍ മുന്നോട്ട് പോകുകയും ചെയ്യുന്ന ഘട്ടത്തില്‍ മുകേഷ് ബന്‍സാല്‍ വീണ്ടും സ്വന്തം വഴിതേടിയിറങ്ങി. ഇന്ത്യയിലെ ഹെല്‍ത്ത്, ഫിറ്റ്‌നസ് രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പ് നടത്തുകയായിരുന്നു ലക്ഷ്യം. അങ്ങനെയാണ് ഫഌപ്കാര്‍ട്ടിലെ മുന്‍ ചീഫ് ബിസിനസ് ഓഫീസറായിരുന്ന അങ്കിത് നഗോരിയുമായി ചേര്‍ന്ന് ക്യുയര്‍ഫിറ്റ് സ്ഥാപിക്കുന്നത്. ക്യുയര്‍ ഡോട്ട് ഫിറ്റ് എന്ന വെബ്‌സൈറ്റും ആപ്പും വഴി യോഗ, ഹെല്‍ത്തി മീല്‍സ്, മനഃസ്വാസ്ഥ്യം, പ്രാഥമിക പരിചരണം എന്നിവയിലാണ് സേവനം നല്‍കിയത്. കള്‍ട്ട ഫിറ്റ്‌നെസ് സെന്ററും ഈറ്റ് ഡോട്ട് ഫിറ്റ് എന്ന ഹെല്‍ത്ത് ഫുഡ് പ്ലാറ്റ്‌ഫോമും മൈന്‍ഡ് ഡോട്ട് ഫിറ്റ് എന്ന മെന്റല്‍ ഹെല്‍ത്ത് പ്ലാറ്റ്‌ഫോമും ഇതിന്റെ ഭാഗമായുണ്ട്. ഈ സ്റ്റാര്‍ട്ടപ്പിന്റെ സീരീസ് എ ഫണ്ടിംഗില്‍ തന്നെ 15 ദശലക്ഷം ഡോളറാണ് സമാഹരിച്ചത്. പിന്നീട് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള തെമസക് പോലും ഇതില്‍ നിക്ഷേപം നടത്തി.

ടാറ്റ ഗ്രൂപ്പ് സ്റ്റാര്‍ട്ടപ്പ് രംഗത്ത് നടത്തുന്ന ഏറ്റവും വലിയ മൂന്നാമത്തെ നിക്ഷേപമാണ് ക്യുയര്‍ ഫിറ്റിലേത്. ഇ -ഗ്രോസറായ ബിഗ് ബാസ്‌ക്കറ്റിനെ നേരത്തെ ടാറ്റ ഏറ്റെടുത്തിരുന്നു. പിന്നീട് ഇ ഫാര്‍മസിയായ 1MG യെ ഏറ്റെടുത്തു. ഈ രണ്ട് രംഗത്തും ആമസോണിനും റിലയന്‍സിനും സാന്നിധ്യമുണ്ട്. എന്നാല്‍ ക്യുയര്‍ഫിറ്റിന്റെ ഏറ്റെടുക്കിലിലൂടെ വ്യത്യസ്തമായ രംഗത്തേക്ക് ടാറ്റ ഡിജിറ്റല്‍ കടന്നുവന്നിരിക്കുകയാണ്.


Related Articles
Next Story
Videos
Share it