ഖിമത് റായ് ഗുപ്ത; അധ്യാപകനില്‍ നിന്ന് ഹാവെല്‍സിന്റെ ഉടമയിലേക്ക് എത്തിയ കഥ

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് കമ്പനികളുടെ പട്ടികയെടുത്താല്‍ ആദ്യ സ്ഥാനങ്ങളില്‍ ഒന്ന് ഇന്ത്യയുടെ ഹാവെല്‍സായിരിക്കും. അധ്യാപകനില്‍ നിന്ന് സംരംഭകനിലേക്ക് ഖിമത് റായ് ഗുപ്ത എന്ന പഞ്ചാബുകാരന്‍ നടത്തിയ യാത്രയാണ് ഹാവെല്‍സ് എന്ന ബ്രാന്‍ഡിന് പിന്നില്‍. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്, 2014ല്‍ തന്റെ 77ആം വയസില്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ ഫോബ്സിന്റെ ഇന്ത്യന്‍ ശതകോടീശ്വരപ്പട്ടികയില്‍ നാല്‍പ്പത്തിയെട്ടാമനായിരുന്നു ഗുപ്ത.

തുടക്കം ഇലക്ട്രോണിക്സ് കടയില്‍ നിന്ന്

1958ല്‍ തന്റെ ഇരുപത്തിയൊന്നാം വയസിലാണ് ഖിമത് റായ് ഗുപ്ത ഡല്‍ഹിയില്‍ എത്തുന്നത്. പഞ്ചാബില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഗുപ്ത് അവധിക്കാലം ചെലവിടാനായിരുന്നു ഡല്‍ഹിയിലെത്തിയത്. അവിടെ തന്റെ അമ്മാവന്റെ ഇലക്ട്രോണിക്സ് കച്ചവടത്തില്‍ താല്‍പ്പര്യം തോന്നിയ അദ്ദേഹം പിന്നെ മറ്റൊന്നിലേക്കും തിരിഞ്ഞില്ല.

10000 രൂപ മുതല്‍മുടക്കില്‍ ഡല്‍ഹിയില്‍ ഗുപ്താജീ ആന്‍ഡ് കമ്പനി എന്ന സ്ഥാപനം തുടങ്ങിക്കൊണ്ട് ഖിമത് റായ് ഗുപ്ത സംരംഭക ജീവിതത്തിലേക്ക് കാലെടുത്തു വെച്ചു. ഫിക്‌സ്‌ചേഴ്‌സും കേബിള്‍ വയറുകളുമാണ് കമ്പനി വിറ്റത്. 1971ല്‍ ഹാവെല്‍സ് എന്ന ബ്രാന്‍ഡിനെ സ്വന്തമാക്കിയതായിരുന്നു ഗുപ്തയുടെ ജീവിതത്തിലെ വഴിത്തിരിവ്. ഹവേലി റായ് ഗുപ്ത എന്ന ബിസിനസുകാരനില്‍ നിന്ന് 7 ലക്ഷം രൂപയ്ക്കാണ് സ്വിച്ച് ഗിയറുകള്‍ നിര്‍മിച്ചിരുന്ന ഹാവല്‍സിനെ ഗുപ്ത ഏറ്റെടുക്കുന്നത്.

സ്വിച്ചുകളില്‍ തുടങ്ങി ഫാന്‍, ലൈറ്റിംഗ് തുടങ്ങി ഹാവെല്‍സിന്റെ ഉല്‍പ്പന്ന നിരയില്‍ വൈവിധ്യങ്ങള്‍ കൊണ്ടുവന്നത് ഗുപ്തയാണ്. പിന്നീട് ഹാവെല്‍സിനും ഗുപ്തയ്ക്കും വളര്‍ച്ചയുടെ കാലമായിരുന്നു. 1993ല്‍ ഇന്ത്യന്‍ ഓഹരി വിപണികളില്‍ (എല്‍എസ്ഇ, ബിഎസ്ഇ) ഹാവെല്‍സ് ലിസ്റ്റ് ചെയ്യപ്പെട്ടു. 2007ല്‍ യുറോപ്യന്‍ ലൈറ്റിംഗ് കമ്പനി സില്‍വാനിയയെ ഏറ്റെടുത്തതോടെ ഹാവെല്‍സ് വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചു (പിന്നീട് ചൈനീസ് കമ്പനിക്ക് വിറ്റു).

2014ല്‍ ഖിമത് റായ് ഗുപ്തയുടെ മരണ ശേഷം മകന്‍ അനില്‍ റായ് ഗുപ്ത ഹാവെല്‍സിന്റെ നേതൃത്വം ഏറ്റെടുത്തു. 2021 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ (2021-22) 3271.33 കോടിയുടെ വരുമാനമുണ്ടായിരുന്ന ഹാവെല്‍സിന്റെ അറ്റാദായം 305.82 കോടി രൂപയായിരുന്നു. ഇന്ന് ലോയിഡ്, ക്രാബ് ട്രീ, കോണ്‍കോര്‍ഡ്, ലൂമിനന്‍സ്, സ്റ്റാര്‍ഡേര്‍ഡ് അടക്കമുള്ള ബ്രാന്‍ഡുകളുമായി അമ്പതോളം രാജ്യങ്ങളില്‍ ഹാവെല്‍സിന് സാന്നിധ്യമുണ്ട്.

Related Articles

Next Story

Videos

Share it