നാല് വര്‍ഷം, 24 സെന്ററുകള്‍, ഓഫീസ് സങ്കല്‍പങ്ങള്‍ മാറ്റിയെഴുതുന്ന സ്‌പേസ്‌വണ്‍

മാനേജ്ഡ് വര്‍ക്ക് ഓഫീസ് രംഗത്ത് പ്രീമിയം ചോയ്സായി പ്രൊഫഷണല്‍ സംരംഭകരുടെ ഈ ഉദ്യമം
നാല് വര്‍ഷം, 24 സെന്ററുകള്‍, ഓഫീസ് സങ്കല്‍പങ്ങള്‍ മാറ്റിയെഴുതുന്ന സ്‌പേസ്‌വണ്‍
Published on

ഒരു ഓഫീസ് തുടങ്ങാന്‍ എന്തൊക്കെ തടസങ്ങള്‍ മറികടക്കണം അല്ലെ? നിങ്ങള്‍ക്ക് നേരിട്ട് പരിചയമില്ലാത്ത നഗരത്തില്‍ ആണെങ്കില്‍ പറയുകയും വേണ്ട. വാടക കെട്ടിടം കണ്ടെത്തണം, ഇന്റീരിയര്‍ ചെയ്യണം, തടസമില്ലാത്ത ഇന്റര്‍നെറ്റും വൈദ്യുതിയും ഉറപ്പുവരുത്തണം, കാര്‍ പാര്‍ക്കിങ്, സെക്യൂരിറ്റി... ഇതിനേക്കാളുപരി ഒറ്റത്തവണ വലിയ നിക്ഷേപവും വേണം. കോര്‍പറേറ്റ് കമ്പനികള്‍ മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരെ നേരിടുന്ന ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന കോ-വര്‍ക്കിങ് സ്പേസുകള്‍, അഥവാ മാനേജ്ഡ് ഓഫീസ്.

ഒരു ലാപ്ടോപുമായി വന്ന് അടുത്ത നിമിഷം ജോലി തുടങ്ങാവുന്ന വിധത്തില്‍ സജ്ജമാക്കിയ ഓഫീസ് ഇടങ്ങളാണ് മാനേജ്ഡ് ഓഫീസുകളുടെ പ്രത്യേകത. ഈ രംഗത്ത് കേരളത്തില്‍ മുന്നേ നടക്കുന്ന ഒരു സ്ഥാപനമുണ്ട്; കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പേസ്‌വണ്‍. ഓഫീസ് തുടങ്ങേണ്ട ഒരു ലൊക്കേഷന്‍ മാത്രം പറഞ്ഞാല്‍ മതി എല്ലാവിധ സൗകര്യങ്ങളോടെയുമുള്ള മാനേജ്ഡ് ഓഫീസ് സ്പേസുകള്‍ ആവശ്യപ്പെടുന്ന സമയത്തിനുള്ളില്‍ സ്പേസ്വണ്‍ സജ്ജമാക്കി നല്‍കും.

നാല് വര്‍ഷം, 24 സെന്ററുകള്‍

2021ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്പേസ് വണ്ണിന് നിലവില്‍ 24ഓളം സ്ഥലങ്ങളില്‍ മാനേജ്ഡ് ഓഫീസുകളുണ്ട്. കൊച്ചിയില്‍ മാത്രമുള്ളത് 12 സെന്ററുകളാണ്. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒരോ സെന്റര്‍ വീതം നിലവിലുണ്ട്. സംസ്ഥാനത്ത് നാലോളം പുതിയ സെന്ററുകള്‍ക്കായി ചര്‍ച്ചകള്‍ നടക്കുന്നു. കേരളത്തിന് പുറത്ത് കോയമ്പത്തൂരില്‍ ആറ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത് കൂടാതെ ഒരെണ്ണം കൂടി സജ്ജമാക്കുന്നുണ്ട്.

ബംഗളൂരുവില്‍ വൈറ്റ് ഫീല്‍ഡില്‍ ഒരു സെന്റര്‍ അടുത്തിടെ ലോഞ്ച് ചെയ്യുകയും ചെയ്തു. ചെന്നൈയിലും ഹൈദരാബാദിലും ആറ് മാസത്തിനുള്ളില്‍ സെന്ററുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്. ഇതോടെ സൗത്ത് ഇന്ത്യയില്‍ എല്ലായിടത്തും സാന്നിധ്യം ഉറപ്പാക്കാനാകുമെന്ന് സ്പേസ്വണ്‍ സൊല്യൂഷന്‍സ് അക്വിസിഷന്‍ ഡയറക്റ്റര്‍ സിജോ ജോസ് പറയുന്നു. നിലവില്‍ 5.5 ലക്ഷം ചതുരശ്ര അടി സ്ഥലമാണ് വിവിധ സെന്ററുകളിലായി കമ്പനി മാനേജ് ചെയ്യുന്നത്. ഇതിലൂടെ ഏകദേശം 8,000 പേര്‍ക്ക് ജോലി ചെയ്യാനാകും.

2027ഓടെ മൊത്തം 40 സെന്ററുകളും 15 ലക്ഷം ചതുരശ്ര അടി സ്പേസുമാക്കി പ്രവര്‍ത്തനം വിപുലീകരിക്കാനാണ് പദ്ധതി. ഇതുവഴി മൊത്തം 23,000 പേര്‍ക്കുള്ള സീറ്റുകളും തയാറാകുമെന്ന് മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ ജെയിംസ് തോമസ് പറയുന്നു.

വമ്പന്‍മാര്‍ മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരെ

റിലയന്‍സ്, ടെക് മഹീന്ദ്ര, എയ്ഞ്ചല്‍ വണ്‍, ടൈംസ് ഓഫ് ഇന്ത്യ പോലുള്ള രാജ്യത്തെ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ തുടങ്ങി രാജ്യാന്തര സ്ഥാപനങ്ങളും സ്പേസ് വണ്ണിന്റെ ഉപയോക്താക്കളാണ്. മൊത്തം ക്ലയ്ന്റ്സിന്റെ 50 ശതമാനവും വിദേശ സ്ഥാപനങ്ങളാണ്. യുഎസ്, യുകെ, ദുബൈ, ബ്രൂണെ, ന്യൂസിലന്റ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളാണ് പ്രധാനമായും ഉള്ളത്.

വിദേശ ക്ലയ്ന്റുകള്‍ കൂടുതലായുള്ളതു കൊണ്ട് തന്നെ 24 മണിക്കൂറും പിന്തുണ നല്‍കുന്നുവെന്ന പ്രത്യേകതയും സ്പേസ് വണ്‍ സെന്ററുകള്‍ക്കുണ്ട്. കുറച്ച് ജീവനക്കാര്‍ മാത്രമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായും സ്പേസ് വണ്‍ മാനേജ്ഡ് സ്പേസുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവില്‍ ഒരു ഫ്ളോര്‍ മുതല്‍ നാലും അഞ്ചും ഫ്ളോറുകള്‍ വരെ ഒറ്റ കമ്പനികള്‍ക്കായി നല്‍കിയിട്ടുണ്ട്.

എത്ര വലിയ സ്പേസ് വേണമെങ്കിലും എഴുപത് ദിവസത്തിനുള്ളില്‍ തന്നെ സജ്ജമാക്കി താക്കോല്‍ കൈമാറാനാകുമെന്നാണ് സ്‌പേസ്വണ്‍ സാരഥികള്‍ പറയുന്നത്. 200 മുതല്‍ 300 വരെയുള്ള സീറ്റുകളോടു കൂടിയ നിരവധി സെന്ററുകള്‍ പല സ്ഥലത്തും ഇപ്പോള്‍ ഒരുക്കിയിട്ടുണ്ട്. കൊച്ചിയില്‍ ഓരോ മൂന്ന് കിലോമീറ്ററിലും സ്പേസ്‌വണ്ണിന്റെ സെന്ററുകളുണ്ടെന്ന് സാരഥികള്‍ പറയുന്നു. കൊച്ചി മെട്രോയോട് ചേര്‍ന്നാണ് കൂടുതല്‍ സെന്ററുകളും വരുന്നത്.

പ്രീമിയം സേവനങ്ങള്‍

പ്രൈം ലൊക്കേഷനും പ്രീമിയം ബില്‍ഡിങ്ങുകളുമാണ് സ്പേസ് വണ്ണിനെ ശ്രദ്ധേയമാക്കുന്നത്. എല്ലാത്തരം ലീഗല്‍ കംപ്ലയന്‍സസും പാലിക്കുന്ന ബില്‍ഡിങ്ങുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തുന്നത്. കമ്പനികള്‍ക്ക് ഭാവിയില്‍ അവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് കസ്റ്റമൈസ് ചെയ്യാവുന്ന വിധത്തിലാണ് സ്പേസുകള്‍ ഒരുക്കിയിരിക്കുന്നത്.

സീറ്റിംഗ് മുതലെല്ലാം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നതോടൊപ്പം 24 ഓളം സേവനങ്ങളും സെന്ററുകളില്‍ ലഭ്യമാക്കുന്നു. സീറോ കാര്‍ബണ്‍, ഐജിബിസി, പവര്‍ സേവിങ്സ്, ഓട്ടോമാറ്റിക്‌ലൈറ്റിങ്സ്, നാച്വറല്‍ ലൈറ്റ്സ് കവര്‍ ചെയ്യുന്ന വിധത്തിലുള്ള ഇന്റീരിയര്‍ എന്നിവയും സ്പേസ്വണ്‍ സെന്ററുകളുടെ പ്രത്യേകതയാണ്. സെക്യൂരിറ്റി, ഹൗസ്‌കീപ്പിങ് എന്നിവയെല്ലാം പ്രൊഫഷണലായ കമ്പനികളുടെ മേല്‍നോട്ടത്തിലാണ്. പല സ്ഥലങ്ങളിലും സ്ഥാപനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നം പാര്‍ക്കിങ്ങാണ്.

ഇത് പരിഹരിക്കാനായി എല്ലാ സെന്ററുകളോടും ചേര്‍ന്ന് പ്രത്യേകം പാര്‍ക്കിങ് ഏരിയകളും ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സെന്ററുകളിലും സെന്റര്‍ മാനേജര്‍മാരുടെ സേവനവും സ്പേസ്വണ്‍ ഉറപ്പാക്കുന്നുണ്ട്. കമ്പനികള്‍ക്ക് പൊതുവില്‍ ഉപയോഗിക്കാവുന്ന മീറ്റിങ് റൂം, ഫോണ്‍ ബൂത്ത്, സിക്ക് റൂം, കൊളാബ് റൂം എന്നിവയൊക്കെ സ്പേണ്‍വണ്‍ സെന്ററുകളിലുണ്ട്. കമ്പനികള്‍ക്ക് ജോബ് റിക്രൂട്ട്മെന്റുകള്‍ നടത്താനും മറ്റുമുള്ളസൗകര്യങ്ങളുമുണ്ട്. ഓരോ സ്ഥലത്തിന്റെയും പ്രത്യേകത അനുസരിച്ചാണ് സ്പേസുകള്‍ക്ക് വാടക നിശ്ചയിക്കുന്നത്.

കോര്‍പറേറ്റ് അനുഭവസമ്പത്ത്

കോര്‍പ്പറേറ്റ് മേഖലയിലെ ദീര്‍ഘകാല അനുഭവസമ്പത്തുമായാണ് സിജോ ജോസും ജെയിംസ് തോമസും സംരംഭക രംഗത്തേക്ക് ചുവടുവെക്കുന്നത്. ആദ്യം 2018ല്‍ പ്രോപ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിലായിരുന്നു തുടക്കം. ബംഗളൂരുവില്‍ ഒരു ഓഫീസ് തുടങ്ങാന്‍ സ്ഥലം അന്വേഷിക്കുന്നതിനിടയിലാണ് കോ വര്‍ക്കിങ് എന്ന ആശയത്തെ കുറിച്ച് ഇരുവരും മനസിലാക്കുന്നത്. തുടര്‍ന്ന് ഈ രംഗത്തെ നോര്‍ത്ത് ഇന്ത്യന്‍ കമ്പനിയില്‍ പാര്‍ട്ണറായി ഒന്നര വര്‍ഷത്തോളം പ്രവര്‍ത്തിക്കുകയും, പിന്നീട് സ്വന്തമായി ബിസിനസ് തുടങ്ങുകയും ചെയ്തു.

എച്ച്ഡിഎഫ്‌സി ഹൗസിങ് ഫിനാന്‍സില്‍ ടെറിറ്ററി മാനേജറായിരുന്ന സിജോ ജോസിനും ഡിഎല്‍എഫിന്റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് മേധാവിയായിരുന്ന ജെയിംസ് തോമസിനും റിയല്‍ എസ്റ്റേറ്റ് രംഗവുമായി നല്ല പരിചയമുണ്ടായിരുന്നു. നല്ല സ്പേസുകള്‍ കണ്ടെത്താനും മറ്റും ഈ രംഗത്തെ ബന്ധങ്ങള്‍ സഹായിച്ചു. കൊച്ചി നൂക്ലിയസ് മാളില്‍ 5,000 ചതുരശ്ര അടിയുള്ള ഓഫീസ് സ്പേസാണ് ആദ്യം ഒരുക്കിയത്. അതിന് ലഭിച്ച പ്രതികരണമാണ് കൂടുതല്‍ ഓഫീസ് സ്പേസുകള്‍ മാനേജ് ചെയ്യുന്നതിലേക്ക് ഇരുവരെയും നയിച്ചത്.

സ്പേസ്‌വണ്ണിന്റെ തുടക്കത്തില്‍ 10,000 ചതുരശ്ര അടിയുള്ള ഓഫീസ് സ്പേസുകളായിരുന്നു എടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ 25,000-30,000 ചതുരശ്ര അടിയുള്ള സെന്ററുകളാണ് കൂട്ടിച്ചേര്‍ക്കുന്നത്.

ധനം മാഗസിന്‍ ജനുവരി 15 ലക്കം പ്രസിദ്ധീകരിച്ചത്

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com