നമുക്ക് വേണ്ടത് വലിയ ആശുപത്രികളല്ല, കാര്യക്ഷമതയുള്ള ഹോസ്പിറ്റലുകള്‍; കേണല്‍ രാജീവ് മണ്ണാളി മനസു തുറക്കുന്നു

34 വര്‍ഷം നീണ്ട സൈനിക സേവനത്തിന് ശേഷം ഹെല്‍ത്ത്കെയര്‍ രംഗത്തേക്ക് എത്തിയ ഇദ്ദേഹം വിവിധ ഹോസ്പിറ്റലുകളില്‍ ഉന്നതപദവികള്‍ വഹിച്ച ശേഷമാണ് എസ്.യു.ടിയുടെ സാരഥ്യത്തിലേക്ക് എത്തുന്നത്
നമുക്ക് വേണ്ടത് വലിയ ആശുപത്രികളല്ല, കാര്യക്ഷമതയുള്ള ഹോസ്പിറ്റലുകള്‍; കേണല്‍ രാജീവ് മണ്ണാളി മനസു തുറക്കുന്നു
Published on

ചികിത്സാ ചെലവ് നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുമോ? കേരളത്തിന്റെ ഹെല്‍ത്ത്കെയര്‍ രംഗത്ത് വരേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണ്? എസ്.യു.ടി പട്ടം സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സിഇഒ കേണല്‍ രാജീവ് മണ്ണാളി അഭിപ്രായങ്ങള്‍ തുറന്നുപറയുന്നു.

34 വര്‍ഷം നീണ്ട സൈനിക സേവനത്തിന് ശേഷം ഹെല്‍ത്ത്കെയര്‍ രംഗത്തേക്ക് എത്തിയ ഇദ്ദേഹം വിവിധ ഹോസ്പിറ്റലുകളില്‍ ഉന്നതപദവികള്‍ വഹിച്ച ശേഷമാണ് എസ്.യു.ടിയുടെ സാരഥ്യത്തിലേക്ക് എത്തുന്നത്

? മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ രംഗത്ത് എസ്യുടി പട്ടം എങ്ങനെയാണ് വ്യത്യസ്തമായി നില്‍ക്കുന്നത്?

39 വര്‍ഷമായി ഈ രംഗത്ത് നില്‍ക്കുന്നവരാണ് ഞങ്ങള്‍. തുടക്കം മുതല്‍ എസ്.യു.ടി പട്ടം മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാണ്. ഒരുപക്ഷേ ലോകത്ത് ആദ്യമായിട്ടായിരിക്കും ഒരു പൗരാണിക രാജകൊട്ടാരത്തില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി പ്രവര്‍ത്തിക്കുന്നത്. അത്തരമൊരു പാരമ്പര്യത്തിന്റെ മൂല്യവും പുതിയ കാലത്തിന്റെ ആധുനിക ചികിത്സാ രീതികളും ഇവിടെ ഒരുമിക്കുന്നു.

അത്യാധുനിക ചികിത്സാ രീതികള്‍ ഇവിടെ മുമ്പും കൊണ്ടുവന്നിട്ടുണ്ട്. ഇനിയും അത് തുടരും. ഞങ്ങളുടെ മുഖവാചകം 'Pulse before purse' എന്നതാണ്. പണമല്ല പ്രധാനം, മനുഷ്യന്റെ ആരോഗ്യമാണ്. ലാഭം മാത്രമല്ല ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ പൊതുസമൂഹത്തിനും ജനങ്ങള്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നത്. ഞങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സാമൂഹിക പ്രതിബദ്ധത കാണാന്‍ സാധിക്കും. അതാണ് എസ്യുടിയുടെ സവിശേഷതയും. എല്ലാ കാര്യങ്ങളിലും 'Patient First' എന്ന ശൈലിയാണ് ഞങ്ങള്‍ പിന്തുടരുന്നത്.

? രോഗികള്‍ക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കാന്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുന്നത്?

രോഗികള്‍ക്ക് തന്നെയാണ് മുന്തിയ പരിഗണന നല്‍കുന്നതെന്ന് ഉറപ്പാക്കാന്‍ മാനേജര്‍മാരുടെയും ഇന്‍ചാര്‍ജുകളുടെയും ഭാഗത്തുനിന്നും നിരന്തര അവലോകനം എല്ലായ്‌പ്പോഴുമുണ്ട്. മാനേജ്‌മെന്റും ഇത് പ്രോത്സാഹിപ്പിക്കുന്നു. നമ്മള്‍ ചെയ്യുന്നത് ശരിയാവുന്നുണ്ടോ? നമ്മള്‍ കൊടുക്കുന്ന സേവനത്തെ കുറിച്ച് രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും എന്ത് തോന്നുന്നു എന്നതിനെ കുറിച്ച് നിരന്തരം ഞങ്ങള്‍ ചോദിച്ചറിയും. ഇങ്ങനെ നിരന്തരം അഭിപ്രായങ്ങള്‍ ആരായുന്നതുകൊണ്ട് അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും വേണ്ടിടത്ത് മാറ്റങ്ങള്‍ വരുത്താനുമൊക്കെ ഞങ്ങള്‍ക്ക് സാധിക്കുന്നു.

ഗൂഗിള്‍ റിവ്യൂ ഒരു മാനദണ്ഡമാണെങ്കില്‍ ഞങ്ങളുടേത് ഇപ്പോള്‍ 4.8 ആണ്. അഞ്ച് വര്‍ഷം മുമ്പ് ഇത് 3.3 ആയിരുന്നു. ഇനിയും അത് ഉയര്‍ത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. രോഗികളുടെയും അവരുടെ കൂട്ടിരിപ്പുക്കാരുടെയും അഭിപ്രായങ്ങളും പ്രതികരണങ്ങളും ഞങ്ങള്‍ എപ്പോഴും മാനിക്കുന്നു.

ഏറ്റവും മികച്ച സേവനം നല്‍കാന്‍ എല്ലാ തലത്തില്‍പ്പെട്ടവര്‍ക്കും നിരന്തരം പരിശീലനവും പ്രചോദനവും നല്‍കാനും ശ്രമിക്കുന്നു.

? ഏതെല്ലാം മേഖലകളിലാണ് എസ്യുടി പട്ടത്തിന് കൂടുതല്‍ മികവുള്ളത്?

ടെര്‍ഷ്യറി, ക്വാര്‍ട്ടര്‍നെറി തലത്തിലുള്ള ആശുപത്രിയെന്ന നിലയില്‍ എല്ലാ മേഖലകള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. അത് ചെയ്യുന്നുമുണ്ട്. അതേസമയം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 42 വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഇവിടെ വിജയകരമായി നടന്നിട്ടുണ്ട്. ന്യൂറോളജിയില്‍ മികവുറ്റ ടീമുണ്ട്. സ്‌ട്രോക്ക് മാനേജ്‌മെന്റ് നല്ല രീതിയില്‍ നടക്കുന്നു.

കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക് വിഭാഗവും ശക്തമാണ്. മികച്ച മാതൃ-ശിശു ആശുപത്രിക്കുള്ള പുരസ്‌കാരവും സമീപകാലത്ത് കിട്ടിയിട്ടുണ്ട്. കൂടാതെ വിവിധ രംഗങ്ങളില്‍ ഇതുപോലെ മികവിനുള്ള ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സിഐഐയുടെ മികച്ച ആശുപത്രിക്കുള്ള പുരസ്‌കാരവും നേടി.

? എസ്.യു.ടിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?

വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ ക്യാമ്പസില്‍ തന്നെ 54 സെന്റ് ഞങ്ങള്‍ വാങ്ങി. നേഴ്‌സിങ് കോളെജ് ആരംഭിക്കുന്നതിനായി ആറര ഏക്കര്‍ സ്ഥലം കന്യാകുളങ്ങരയില്‍ വാങ്ങിയിട്ടുണ്ട്.

? കേരളത്തിലെ ഹെല്‍ത്ത്കെയര്‍ രംഗത്തേക്ക് വലിയ തോതില്‍ നിക്ഷേപം വരുന്ന കാലമാണിത്. ഈ പ്രവണതയെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായമെന്താണ്?

എന്റെ അഭിപ്രായത്തില്‍ നമുക്ക് വേണ്ടത് വലിയ ആശുപത്രികളല്ല. മറിച്ച് കാര്യക്ഷമതയുള്ള ആശുപത്രികളാണ്. സ്മാര്‍ട്ടായ ആശുപത്രികളാണ് നമുക്ക് വേണ്ടത്. പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപത്തോടെയുള്ള ആശുപത്രികളില്‍ വളരെ ഉയര്‍ന്ന നിക്ഷേപമുണ്ടാകും. ഏറ്റവും മികച്ച ടെക്‌നോളജിയുണ്ടാകും. അതൊന്നും വേണ്ടെന്നല്ല പറയുന്നത്. വേണ്ടിടത്ത് അത് വേണം. പക്ഷേ മാനുഷിക സ്പര്‍ശത്തോടെയാകണം ചികിത്സ.

മനുഷ്യനില്‍ അധിഷ്ഠിതമായി ടെക്‌നോളജിയുടെ പിന്‍ബലത്തില്‍ മികച്ച ചികിത്സ നല്‍കണം. അത്യാധുനിക ടെക്‌നോളജികള്‍ ആശുപത്രികളില്‍ ഉള്‍ക്കൊള്ളിച്ചതിന്റെ ഭാരം രോഗികളില്‍ അടിച്ചേല്‍പ്പിക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല.

പുതിയ ടെക്‌നോളജികള്‍ വരുമ്പോള്‍ സ്വാഭാവികമായും ചികിത്സാ നിരക്കുകള്‍ ഉയരും. പക്ഷേ താങ്ങാവുന്ന നിരക്കിലുള്ളതാകണം ചികിത്സ എന്നതിനാകണം ഊന്നല്‍. വലിയ നിക്ഷേപം വരുമ്പോള്‍ ലാഭത്തിന് സ്വാഭാവികമായും ഊന്നല്‍ നല്‍കും. അത് ചികിത്സാ ചെലവ് ഉയര്‍ത്തിയേക്കും. അതുണ്ടാകാതെ നോക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന ചിന്തയും ഞങ്ങള്‍ക്കുണ്ട്.

? ചികിത്സാ ചെലവ് നിയന്ത്രിച്ചു നിര്‍ത്താന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യമാണോ?

തീര്‍ച്ചയായും. ഏഴര വര്‍ഷമായി എസ്യുടിയില്‍ നിരക്കുകള്‍ ഉയര്‍ത്തിയിട്ടില്ല. അവിശ്വസനീയമായി തോന്നാം. പക്ഷേ അതാണ് വാസ്തവം. അപ്പോള്‍ പിന്നെ എങ്ങനെ നിലനില്‍ക്കുന്നുവെന്ന ചോദ്യം വരാം. ഞങ്ങളുടെ ചെലവുകള്‍, വേസ്റ്റേജ് എന്നിവയെല്ലാം കഴിയുന്നിടത്തോളം ചുരുക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ആശുപത്രി വേണ്ടിയുള്ള എന്ത് കാര്യത്തിലും ഏറ്റവും മികച്ച രീതിയില്‍ കൂടിയാലോചന നടത്തിയിരിക്കും.

കിട്ടാവുന്നതില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ മാത്രമെ ഞങ്ങള്‍ എന്തും വാങ്ങുകയുള്ളൂ. ഓരോ രൂപയിലും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചെലവ് നിയന്ത്രിച്ച് നിര്‍ത്തുന്നത്. കോസ്റ്റ് ഒപ്റ്റിമൈസേഷനിലാണ് ഞങ്ങളുടെ വിജയമിരിക്കുന്നത്. നമുക്ക് വേണ്ടിയും രോഗികള്‍ക്ക് വേണ്ടിയും ചെലവ് ചുരുക്കല്‍ ആവശ്യമാണെന്ന ചിന്ത ടീമംഗങ്ങളില്‍ കൊണ്ടുവന്നാല്‍ തന്നെ ഇതല്ല, ഇതിനപ്പുറവും സാധ്യമാണ് എന്നാണ് എന്റെ അനുഭവം.

? കേരളത്തിന്റെ ഹെല്‍ത്ത്കെയര്‍ രംഗത്ത് എന്ത് മാറ്റമാണ് വരേണ്ടത്?

രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ നോക്കുന്നതിലാകണം നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. രോഗം വരാതെ നോക്കാന്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്താനാവുമോ അതെല്ലാം ചെയ്യുക. പ്രിവന്‍ഷന്‍ ഒരു മോട്ടോ ആക്കി മാറ്റുക. അതുപോലെ നമ്മുടെ ഹെല്‍ത്ത്കെയര്‍ രംഗത്തും മാറ്റം വരണം. പ്രാഥമിക, ദ്വിതീയ തലങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ നിലനിര്‍ത്തുക.

ടെര്‍ഷ്യറി കെയറും അതിനപ്പുറവും ചികിത്സ ലഭ്യമാക്കേണ്ടയിടങ്ങളില്‍ നിക്ഷേപം വലിയ തോതില്‍ വേണം. അവിടെ പൊതു-സ്വകാര്യ പങ്കാളിത്തം കൊണ്ടുവന്നാല്‍ നമ്മുടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ ഇന്ന് കാണുന്ന രോഗികളുടെ ബാഹുല്യവും മികച്ച ചികിത്സക്കുള്ള കാത്തിരിപ്പും പരിമിതികളുമെല്ലാം ഒരു പരിധി വരെ കുറക്കാം. അര്‍ഹരായവര്‍ക്ക് മികച്ച ചികിത്സ ലഭിക്കാന്‍ സര്‍ക്കാര്‍ പിന്തുണ ലഭ്യമാക്കിയാല്‍ മതി.

? എസ്.യു.ടിയുടെ ഭാവി പദ്ധതികള്‍ എന്തൊക്കെയാണ്?

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ക്ക് എല്ലാ വിഭാഗത്തിലും മികവിന്റെ കേന്ദ്രമായി മാറാന്‍ സാധിക്കണമെന്നാണ് പ്ലാന്‍. കഴിയുന്നത്ര പേഷ്യന്റ്-ഫ്രണ്ട്‌ലി ആയിരിക്കണം. ആഗോള നിലവാരമുള്ള സൗകര്യങ്ങള്‍ നല്‍കി, രാജ്യാന്തരതലത്തില്‍ നിന്നുള്ള രോഗികളെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ സാധിക്കണമെന്നാണ് ഞങ്ങളുടെ ലക്ഷ്യം. നിലവില്‍ കിടക്കകളുടെ എണ്ണം 220 ആണ്. അഞ്ച് വര്‍ഷം കൊണ്ട് അത് 300-320 ആക്കാനാണ് ശ്രമം.

ഫെബ്രുവരി 15 ലക്കം ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com