നഷ്ടക്കയത്തില്‍ നിന്ന് കോടികളുടെ ലാഭത്തിലേക്ക് ഫാക്ടിന്റെ ആവേശകരമായ മാറ്റത്തിന്റെ കഥ!

തിരുവിതാംകൂര്‍ ദിവാനായിരുന്ന സി പി രാമസ്വാമി അയ്യര്‍ പെരിയാറിന്റെ കരയില്‍ ശേഷസായി സഹോദരന്മാര്‍ക്ക് രാസവള കമ്പനി തുടങ്ങാന്‍ 1943ല്‍ അനുമതി നല്‍കുമ്പോള്‍ ഇന്ത്യയില്‍ ഒരു പുതിയ ചരിത്രം പിറക്കുകയായിരുന്നു. രാജ്യത്തെ ആദ്യത്തെ ഫെര്‍ട്ടിലൈസര്‍ കമ്പനി അങ്ങനെ മലയാള നാട്ടില്‍ സ്ഥാപിതമായി. കേരളമെന്ന സംസ്ഥാനം രൂപമെടുക്കും മുമ്പേ ദി ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് ( എഫ് എ സി ടി) ഏലൂരിനടുത്ത് ഉദ്യോഗമണ്ഡലില്‍ വിറക് ഇന്ധനമാക്കി 1947ല്‍ വളം നിര്‍മാണം ആരംഭിച്ചു.

രാജ്യത്തെ ഒരു മഹാസംഭവം!
1960 ആഗസ്ത് 15ന് കേരള സര്‍ക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായി എഫ് എ സി ടി മാറി. 1962ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രധാന ഓഹരി ഉടമയായി മാറിയതോടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമെന്ന നിലയിലേക്ക് അത് മാറി.

1950കളില്‍ രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളെയെല്ലാം തന്നെ കേരളത്തിലേക്ക് ആകര്‍ഷിച്ചുകൊണ്ടുവരുന്നതില്‍ മുഖ്യപങ്ക് വഹിച്ച വ്യവസായശാലയായിരുന്നു എഫ് എ സി ടി. ആധുനിക മൈസൂരിന്റെ ശില്‍പ്പിയായിരുന്ന, ലോകപ്രശസ്ത ഇന്ത്യന്‍ എന്‍ജിനീയര്‍ എം. വിശ്വേശ്വരയ്യ തന്റെ 94ാം വയസില്‍ എഫ് എ സി ടി സന്ദര്‍ശിക്കാനെത്തി.

ഇന്ത്യയുടെ നൊബേല്‍ സമ്മാനജേതാവ് സര്‍ സി വി രാമന്‍, ഉദ്യോഗമണ്ഡലിലെ എഫ് എ സി ടിയില്‍ ആദരം ഏറ്റുവാങ്ങാനെത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, പിന്നീട് പ്രധാനമന്ത്രിമാരായ ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവര്‍ ഒറ്റഫ്രയ്മില്‍ നില്‍ക്കുന്ന ഫോട്ടോ എഫ് എ സി ടിയുടെ ചുവരിലുണ്ട്. 1952ല്‍ നെഹ്‌റു നടത്തിയ സന്ദര്‍ശനത്തിന്റെ മായാത്ത ചിത്രമാണത്!

എഫ് എ സി ടി എന്ന നാല് അക്ഷരങ്ങള്‍ രാജ്യം മുഴുവന്‍ കേരളത്തിന്റെ പെരുമ പേറി തലയുയര്‍ത്തി നിന്നു. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പടര്‍ന്നു കയറി പെരുമയ്‌ക്കൊത്ത പ്രകടനവും വ്യവസായശാല കാഴ്ചവെച്ചുകൊണ്ടുമിരുന്നു.

1960 മുതല്‍ 1971വരെ എഫ്എസിടിയെ നയിച്ച ദീര്‍ഘദര്‍ശിയായ മാനേജ്‌മെന്റ് പ്രതിഭ എം കെ കെ നായര്‍, കേരളത്തിന്റെ അഭിമാനമായ ഈ വ്യവസായശാലയെ അത്യുന്നതതലത്തിലേക്കാണ് ഉയര്‍ത്തിയത്. എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി വിഭാഗമായ ഫെഡോ, ഫാബ്രിക്കേഷന്‍ യൂണിറ്റായ ഫ്യു(FEW), അമ്പലമേട്ടില്‍ മറ്റൊരു ഡിവിഷന്‍, ഉല്‍പ്പാദന വര്‍ധന എന്നിവയെല്ലാം സാധ്യമാക്കിയ എം കെ കെ നായര്‍, കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രമായി എഫ്എസിടിയെ രൂപപ്പെടുത്തുകയും ചെയ്തു.

കേരളത്തിലെ അഭ്യസ്തവിദ്യരായ യുവസമൂഹത്തിന്റെ അദമ്യമായ അഭിലാഷങ്ങളില്‍ ഒന്നായിരുന്നു എഫ് എ സി ടിയിലെ ഉദ്യോഗം!

പക്ഷേ, പിന്നീട് ഈ പ്രതാപകാലം മങ്ങാന്‍ തുടങ്ങി. പ്രവര്‍ത്തന മൂലധനമില്ലാതെ, ബാങ്കുകളില്‍ നിന്നുള്ള വായ്പകളുടെ ഉയര്‍ന്ന പലിശ അടയ്ക്കാന്‍ പോലുമാകാതെ തലപ്പൊക്കം നഷ്ടപ്പെട്ടൊരു വമ്പനെ പോലെ എഫ് എ സി ടി ശോഷിച്ചു. അപ്പോഴും ഫാക്ടംഫോസ് എന്ന വിശ്വസ്ത രാസവളത്തിന് കര്‍ഷകരുടെ മനസ്സില്‍ മായാത്ത ഇടം തന്നെയുണ്ടായിരുന്നു.

2019 ആയതോടെ, സഞ്ചിതനഷ്ടം കുമിഞ്ഞുകൂടി. പ്രവര്‍ത്തന മൂലധനം ഒട്ടുമില്ല. എഫ് എ സി ടി നിലനില്‍ക്കുമോ അടച്ചുപൂട്ടുമോ എന്ന ആശങ്ക പടര്‍ന്ന കാലം.

പക്ഷേ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ എഫ്എസിടി പുറത്തുവിട്ട പ്രവര്‍ത്തനഫലം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. വ്യവസായശാലയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ലാഭം 352 കോടി രൂപ നേടിയിരിക്കുന്നു. ഒരുകാലത്തും 2,000 കോടി രൂപയ്ക്ക് അപ്പുറം കടക്കാതിരുന്ന വിറ്റുവരവ് ഇക്കാലത്ത് 3,259 കോടി രൂപയായി. ഫാക്ടംഫോസിന്റെ ഉല്‍പ്പാദനവും സര്‍വകാല റെക്കോര്‍ഡായ 8.61 ലക്ഷം ടണ്‍ തൊട്ടു. അമോണിയം സള്‍ഫേറ്റിന്റെ ഉല്‍പ്പാദനവും റെക്കോര്‍ഡിട്ടു. 2000-01ലെ വില്‍പ്പന റെക്കോര്‍ഡ് ഫാക്ടംഫോസും ഇക്കാലത്ത് മറികടന്നു.

അടുത്തിടെ, 2012ല്‍ പ്രവര്‍ത്തനം നിലച്ചിരുന്ന കാപ്രോലാക്ടം പ്ലാന്റും എഫ് എ സി ടിയില്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചു. വളക്കമ്പനിയായ എഫ്എസിടിയില്‍ നിന്നുള്ള ഏക പെട്രോകെമിക്കല്‍ ഉല്‍പ്പന്നമാണ് നൈലോണ്‍ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുവായ കാപ്രോലാക്ടം.

എങ്ങനെ ഇത് സാധ്യമായി?
2019 ഫെബ്രുവരിയിലെ പുതിയ തുടക്കം
എഫ് എ സി ടിയുടെ ഇപ്പോഴത്തെ മാറ്റത്തിന്റെ ആരംഭം കുറിക്കുന്നത് 2019 ഫെബ്രുവരിയിലാണ്. അന്നാണ് നേതൃത്വത്തില്‍ ഏറെക്കാലമായി എഫ്എസിടി അനുഭവിക്കുന്ന പ്രശ്‌നത്തിന് പരിഹാരം കൂടിയായി കിഷോര്‍ റുംഗ്ത ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായി ചുമതലയേല്‍ക്കുന്നത്. ''എവിടെയും ക്യാപ്റ്റന്‍ മാറുമ്പോള്‍ മാറ്റമുണ്ടാകാറുണ്ടല്ലോ? ഇവിടെയും പുതിയ ക്യാപ്റ്റന്റെ വരവ് ഏറെ മാറ്റമുണ്ടാക്കി; ഒരു സംശയവുമില്ല. എന്നും എഫ്എസിടിയും വിറ്റുവരവ് 2000 കോടി രൂപയ്ക്ക് താഴെയായിരുന്നു. പുതിയ സിഎംഡി ചുമതലയേറ്റ് രണ്ടുമാസം കഴിഞ്ഞപ്പോള്‍ ഉല്‍പ്പാദനം കൂട്ടാനുള്ള തീരുമാനമാണെടുത്തത്. വളരെ അഗ്രസീവായി തന്നെ കമ്പനി മുന്നോട്ട് പോകാന്‍ തുടങ്ങി,'' ചീഫ് ജനറല്‍ മാനേജര്‍ (കോര്‍പ്പറേറ്റ് പ്ലാനിംഗ്) ഡോ. ജയചന്ദ്രന്‍ കെ പറയുന്നു.

പ്രവര്‍ത്തന മൂലധനമില്ലാത്ത, സഞ്ചിത നഷ്ടം കോടികളുള്ള, വായ്പക്കായി സമീപിക്കുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അമിത പലിശ വാഗ്ദാനം ചെയ്യുന്ന കാലത്ത് എഫ് എ സി ടി എങ്ങനെയാണ് ഉല്‍പ്പാദനം കൂട്ടി അഗ്രസീവായത്? ഇവിടെയാണ് കോസ്റ്റ് എക്കൗണ്ടന്റും നിയമബിരുദധാരിയുമായ കിഷോര്‍ റുംഗ്ത എന്ന മാനേജ്‌മെന്റ് വിദഗ്ധന്റെ ഇടപെടല്‍ ശ്രദ്ധേയമാകുന്നത്. ''സീറോ ഇന്‍വെന്ററി എന്ന സംവിധാനത്തിലേക്ക് കമ്പനിയെ മാറ്റി. ഉല്‍പ്പാദിപ്പിക്കുന്ന വളം അതിവേഗം വിപണിയില്‍ വിറ്റഴിച്ചാല്‍ പണം പെട്ടെന്ന് കൈയില്‍ വരും. ഫാക്ടില്‍ കാലങ്ങളായി കാഷ് ആന്‍ഡ് കാരി ബിസിനസാണ്. റൊക്കം പണം തന്നാല്‍ വളം നല്‍കും. പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്നവ അതിവേഗം ഡെസ്പാച്ച് ചെയ്യാന്‍ തുടങ്ങി. ഡിസ്ട്രിബ്യൂട്ടര്‍മാരുടെ അടുത്ത് എത്തുന്ന സ്റ്റോക്ക് ഉടന്‍ വിറ്റഴിക്കാനുള്ള നീക്കം നടത്തി. ഒരിടത്തും സ്‌റ്റോക്ക് കെട്ടികിടക്കുന്നില്ലെന്ന് കൃത്യമായി മോണിട്ടര്‍ ചെയ്തു,'' സിഎംഡിയായി ചുമതലയേറ്റ് ആദ്യമെടുത്ത തീരുമാനങ്ങളില്‍ ഒന്നിനെ കിഷോര്‍ റുംഗ്ത വിശദീകരിക്കുന്നു.

കേള്‍ക്കുമ്പോള്‍ ലളിതമെങ്കിലും എഫ്എസിടിയെ അടിമുടി മാറ്റിയ ഈ തീരുമാനം കിഷോര്‍ റുംഗ്ത എടുത്ത രീതിയും നടപ്പാക്കിയ രീതിയും വ്യത്യസ്തമായിരുന്നു. ''അതിസൂക്ഷ്മതലത്തിലുള്ള പ്ലാനിംഗായിരുന്നു ഇതിനായി സ്വീകരിച്ചത്,'' ഡോ. ജയചന്ദ്രന്‍ പറയുന്നു. കമ്പനി കരകയറിയില്ലെങ്കില്‍ അടച്ചുപൂട്ടിയേക്കുമെന്ന ഭീതി ടീമിലും ഉണ്ടായിരുന്നതോടെ മാറ്റത്തിനായി ജീവനക്കാരും കൂടെ നിന്നു.

എഫ് എ സി ടിയുടെ മുഖ്യ ഉല്‍പ്പന്നമായ രാസവളത്തിന്റെ ഉപഭോക്താക്കള്‍ കര്‍ഷകരാണ്. ഖരിഫ്, റാബി രണ്ട് സീസണുകളിലാണ് രാസവളം വിറ്റഴിയുന്നത്. കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെ കര്‍ശനമായ ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നാണ് രാജ്യത്തെ രാസവള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതും. വിപണി നിശ്ചയിക്കല്‍, വില നിശ്ചയിക്കല്‍, ഉല്‍പ്പന്നത്തിന്റെ വിതരണം എന്നിങ്ങനെ എല്ലാതലത്തിലും നിയന്ത്രണങ്ങളുണ്ട്. കേരളം, തമിഴ്‌നാട്, തെലുങ്കാന, ആന്ധ്ര, കര്‍ണാടക എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് എഫ് എ സി ടിയുടെ വളത്തിന്റെ വിപണി. മെയ് - സെപ്തംബര്‍ കാലത്തെ ഖരീഫ് വിള സീസണിലും ഒക്ടോബര്‍ - ഡിസംബര്‍ കാലത്തെ റാബി സീസണിലും ഓരോ സംസ്ഥാനത്തിനും എത്രമാത്രം വളം എഫ് എ സി ടി വിതരണം ചെയ്യണമെന്നുമെല്ലാം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ടാകും. ഇത്ര നിയന്ത്രിതമായുള്ള വിപണിയില്‍ കിഷോര്‍ റുംഗ്തയുടെ നേതൃത്വത്തില്‍ കമ്പനി ശക്തവും സൂക്ഷ്മവുമായ ഇടപെടലാണ് നടത്തിയത്.
  • ശരിയായ സമയത്ത്, ശരിയായ അളവില്‍, ശരിയായ വിധം കര്‍ഷകന്‍ വളം ചേര്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എഫ്എസിടിക്ക് മുമ്പേയുണ്ടായിരുന്ന കാര്‍ഷിക ബോധവല്‍ക്കരണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കി. ഏറ്റവും താഴെത്തട്ടിലുള്ള, ഫാക്ടംഫോസ് എന്ന ബ്രാന്‍ഡിനെ നെഞ്ചേറ്റുന്ന കര്‍ഷകന്‍ വളപ്രയോഗത്തെ കുറിച്ച് കൂടുതല്‍ ബോധവാനായി.
  • കര്‍ഷകര്‍ക്ക് വേണ്ട സമയത്ത് വളം അവര്‍ക്ക് അരികില്‍ കിട്ടി. ഇതിനായി ഉല്‍പ്പാദനം മുതല്‍ വില്‍പ്പന വരെയുള്ള ഘട്ടം കുറ്റമറ്റതാക്കി.
  • സീസണില്‍ വളം കൃത്യമായി ലഭിക്കാന്‍ വില ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനങ്ങള്‍ അതിവേഗത്തിലാക്കി. ഒരു സ്വകാര്യകമ്പനിക്ക് സമം നില്‍ക്കുന്നപോലെ പ്രവര്‍ത്തനം ഉത്തേജിപ്പിച്ചു.
  • എഫ് എ സി ടി ഉല്‍പ്പാദിപ്പിക്കുന്ന വളം വിറ്റുപോകാത്ത സാഹചര്യം ഒരിക്കലും ഉണ്ടായിരുന്നില്ല. ആ ബ്രാന്‍ഡിന്റെ ഈ കരുത്ത് തിരിച്ചറിഞ്ഞ് കിഷോര്‍ റുംഗ്ത ഉല്‍പ്പാദനം പത്ത് ലക്ഷം ടണ്ണാക്കുകയെന്ന ധീരമായ തീരുമാനമെടുത്തു. ''ആദ്യം ഇത്തരമൊരു ലക്ഷ്യം കേട്ടപ്പോള്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു. അതുവരെ 8.6 ലക്ഷം ടണ്ണായിരുന്നു ഉല്‍പ്പാദനം. പക്ഷേ ഉല്‍പ്പാദനം കൂടാന്‍ തുടങ്ങിയതോടെ ആ സംശയങ്ങള്‍ അസ്ഥാനത്തായി. ഇപ്പോള്‍ ഉല്‍പ്പാദനം 11 ലക്ഷമാണ്. ഇതിനപ്പുറം ഇനി പോകാന്‍ പറ്റില്ല,'' ഡോ. ജയചന്ദ്രന്‍ പറയുന്നു.
  • എഫ് എ സി ടി എന്ന ബ്രാന്‍ഡിന്റെ കരുത്ത് കൃത്യമായി അറിഞ്ഞ കിഷോര്‍ റുംഗ്ത വളം ഇറക്കുമതി ചെയ്ത് വിപണനം ചെയ്യുന്നതും സജീവമാക്കി. ആദ്യം 27,000 ടണ്‍ മാത്രമായിരുന്നു ഇറക്കുമതിയെങ്കില്‍ പിന്നീട് അത് 1.9 ലക്ഷം ടണ്ണാക്കി. തൂത്തുകുടി തീരത്ത് ഇറക്കുമതി ചെയ്തതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള വിപണിയിലേക്ക് കുറഞ്ഞ നിരക്കില്‍ വളം എത്തിക്കാനും സാധിച്ചു.
  • ഇതൊടൊപ്പം വിപുലീകരണത്തിനും നടപടികള്‍ സ്വീകരിച്ചു. കരിമ്പ്, പുകയില, ചണം എന്നിവ ഏറെ വിളയുന്ന പശ്ചിമബംഗാളിലേക്കായിരുന്നു ആദ്യ വിപണി വിപുലീകരണം. എച്ച് ഐ എല്ലിന്റെ വിപണനശൃംഖലയുടെ പങ്കാളിത്തത്താല്‍ അവിടെ വളമെത്തിക്കുന്നു. പിന്നീട് മഹാരാഷ്ട്ര, ഒറീസ്സ എന്നിവിടങ്ങളിലേക്ക് വിപണി വിപുലീകരിച്ചു. അടുത്ത പടിയായി ഗുജറാത്തിലേക്കും വ്യാപിക്കാന്‍ തയ്യാറെടുക്കുന്നു. ഇതോടെ ഒരു പ്രത്യേക സ്ഥലത്ത് മാത്രം ഒതുങ്ങി നില്‍ക്കുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെ മറികടക്കാന്‍ എഫ് എ സി ടിക്ക് സാധിക്കുന്നു. ദക്ഷിണേന്ത്യയില്‍ സീസണ്‍ മോശമായാലും മറ്റ് വിപണികളിലൂടെ വില്‍പ്പന സാധ്യമാക്കാന്‍ പറ്റും.
  • പരമാവധി ഉല്‍പ്പാദനം സാധ്യമാക്കാന്‍ കാര്യക്ഷമത വന്‍തോതില്‍ കൂട്ടി. കണ്‍ട്രോള്‍ സംവിധാനങ്ങള്‍ ആധുനികമാക്കി.

    ഇതൊടൊപ്പം മറ്റ് രണ്ട് ഘടകങ്ങള്‍ കൂടി എഫ്എസിടിയുടെ പ്രകടനമുന്നേറ്റത്തിനായി കാരണമായിട്ടുണ്ട്. 2018, 2019, 2020, 2021 വര്‍ഷങ്ങളിലെല്ലാം നല്ല രീതിയില്‍ മഴ രാജ്യത്ത് ലഭിച്ചു. ഇത് കാര്‍ഷികോല്‍പ്പാദനം കൂട്ടാന്‍ സഹായിച്ചു. വള ഉപഭോഗവും കൂടി. മറ്റൊന്ന് കേന്ദ്ര സര്‍ക്കാരിന്റെ അനുകൂല നടപടികളാണ്. സബ്‌സിഡിയിനത്തില്‍ കമ്പനികള്‍ക്ക് നല്‍കാനുള്ള തുക നല്‍കി. ബജറ്റ് വിഹിതത്തിന് പുറമേ പതിനായിരക്കണക്കിന് കോടി രൂപ ഈയിനത്തില്‍ രാജ്യത്തെ ഫെര്‍ട്ടിലൈസര്‍ കമ്പനികള്‍ക്കായി വിതരണം ചെയ്യുകയും ചെയ്തു. ഇതേ കാലയളവില്‍ തന്നെ തമിഴ്‌നാട് വിപണിയില്‍ വളമെത്തിക്കുന്ന മദ്രാസ് ഫെര്‍ട്ടിലൈസര്‍ പോലുള്ള കമ്പനികളുടെ പ്രവര്‍ത്തനം മങ്ങിയതും എഫ്എസിടിക്ക് ഗുണമായി.

    ''ഇതുപോലെ അനുകൂല അവസരങ്ങള്‍ ഇതിനുമുമ്പും എഫ്എസിടിക്ക് ഉണ്ടായിട്ടുണ്ട്. പക്ഷേ അന്നൊന്നും ഇല്ലാതിരുന്ന മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇപ്പോള്‍ സാധിച്ചിട്ടുണ്ട്. അതില്‍ കിഷോര്‍ റുംഗ്തയുടെ പങ്കും നിര്‍ണായകമാണ്. അമ്പലമേടിലെ 480 ഏക്കര്‍ ഭൂമി വില്‍പ്പന നടത്തി ആ പണം എഫ് എ സി ടിയിലേക്ക് എത്തിക്കാന്‍ അദ്ദേഹം അശ്രാന്തപരിശ്രമമാണ് നടത്തിയത്. അതുപോലെ തന്നെ എല്‍ എന്‍ ജിക്കുവേണ്ടി ദീര്‍ഘകാല കരാര്‍ ഒപ്പിട്ടു. എടുത്തുപറയേണ്ട മറ്റൊന്ന് കാപ്രോലാക്ടം പ്ലാന്റ് പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ റുംഗ്ത നടത്തിയ നീക്കങ്ങളാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് വേണ്ട സഹായത്തിനും പിന്തുണയ്ക്കുമായി അക്ഷീണം നടത്തിയ പരിശ്രമങ്ങള്‍ കൊണ്ടുകൂടിയാണ് കിഷോര്‍ റുംഗ്ത എഫ് എ സി ടിയെ ഇങ്ങനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത്,'' ബി പി സി എല്‍ കൊച്ചിയുടെ റിഫൈനറിയുടെ മുന്‍ എക്‌സിക്യുട്ടീവ് ഡയറക്റ്ററും ഇപ്പോള്‍ നയാരാ റിഫൈനറിയുടെ ഡയറക്റ്ററും ഹെഡ്ഡുമായി പ്രസാദ് കെ പണിക്കര്‍ പറയുന്നു.
    സടകുടഞ്ഞെഴുന്നേറ്റ് പഴയ പ്രതാപത്തിലേക്ക്

    എഫ് എ സി ടിയുടെ സ്ഥലകൈമാറ്റത്തിലൂടെ ലഭിച്ച പണം കടം തീര്‍ക്കാനോ വര്‍ക്കിംഗ് കാപ്പിറ്റലിനോ മാറ്റാതെ വികസന പ്രവര്‍ത്തനത്തിന് തന്നെയാണ് വിനിയോഗിക്കുന്നതെന്ന് കിഷോര്‍ റുംഗ്ത പറയുന്നു. അഞ്ച് ലക്ഷം ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള മറ്റൊരു പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള കരാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിര്‍മാണം തുടങ്ങി 24-26 മാസങ്ങള്‍കൊണ്ട് പുതിയ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകും. ''മാനേജ്‌മെന്റ് തലത്തില്‍ വന്ന സ്ഥിരത, ഉല്‍പ്പാദനം കൂടിയത്; ഇതിലൂടെ കമ്പനിയുടെ കോസ്റ്റ് കുറയ്ക്കാന്‍ പറ്റി, ശക്തമായ മാര്‍ക്കറ്റിംഗ്, അതുപോലെ തന്നെ നല്ല മഴ ലഭിച്ച സീസണുകള്‍ ഇവയെല്ലാം എഫ് എ സി ടിയുടെ മികച്ച പ്രകടനത്തിന് കാരണമായിട്ടുണ്ട്. ഇതില്‍ തന്നെ കിഷോര്‍ റുംഗ്തയുടെ മാനേജ്‌മെന്റ് മികവും എടുത്തുപറയേണ്ടതാണ്,'' എഫ് എ സി ടിയുടെ മുന്‍ സിഎംഡി ജോര്‍ജ് സ്ലീബ അഭിപ്രായപ്പെടുന്നു.

    ഒരു ദശകത്തിന് മുമ്പേ, കമ്പനിയുടെ മാനേജ്‌മെന്റ് തലത്തില്‍ കാര്യക്ഷമതയും മനുഷ്യവിഭവശേഷിയുടെ മികച്ച വിനിയോഗവും മെച്ചപ്പെടുത്താന്‍ തുടക്കമിട്ട കാര്യങ്ങളും ഇപ്പോള്‍ ഗുണകരമായിട്ടുണ്ട്. ഡീലെയറിംഗ് പ്രോസസിലൂടെ മാനേജ്‌മെന്റ് തലത്തിലെ പോസ്റ്റുകളുടെ എണ്ണം കുറച്ചു. കമ്പനി നഷ്ടത്തിലായ നാളുകളില്‍ നിയമനങ്ങള്‍ നടന്നിരുന്നില്ല. ഓരോ വര്‍ഷവും വിരമിക്കല്‍ നടക്കുമ്പോഴും കമ്പനിയില്‍ നിലവില്‍ ഉള്ളവര്‍ ആ റോളുകള്‍ കൂടി ഏറ്റെടുത്ത് നിര്‍വഹിച്ചു. മാത്രമല്ല, പുറംകരാറുകളും നല്‍കാന്‍ സാധിച്ചു. ഒരുകാലത്ത് എഫ് എ സി ടിയുടെ റോളില്‍ 10,000ത്തോളം ജീവനക്കാരുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അതിന്റെ മൂന്നിലൊന്നോളമേ വരൂ. ഇതെല്ലാം വേതനയിനത്തിലെ ചെലവ് കുറയാനും കാരണമായിട്ടുണ്ട്.

    2007ല്‍ എഫ് എ സി ടിയില്‍ പത്തുവര്‍ഷത്തെ വേതനകരാര്‍ ഒപ്പിടാന്‍ സാധിച്ചതും പ്രവര്‍ത്തങ്ങളെ നല്ല രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. ''എത്രയേറെ അനുകൂലഘടങ്ങളുണ്ടായാലും അത് കമ്പനിക്ക് ഗുണകരമാക്കി മാറ്റാനും മാനേജ്‌മെന്റ് മികവ് വേണം. അത് കിഷോര്‍ റുംഗ്തയിലുള്ളതുകൊണ്ടു കൂടിയാണ് എഫ് എ സി ടിയില്‍ ഇങ്ങനെയൊരു ടേണ്‍ എറൗണ്ട് സാധ്യമായത്,'' ജോര്‍ജ് സ്ലീബ വിലയിരുത്തുന്നു.

    കാപ്രോലാക്ടം പ്ലാന്റ് പ്രവര്‍ത്തനം പുനരാരംഭിച്ചതോടെ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 700 കോടി രൂപയുടെങ്കിലും അധിക വിറ്റുവരവ് നേടാന്‍ കമ്പനിക്ക് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ''അഞ്ചുവര്‍ഷത്തേക്കാണ് എനിക്കിവിടെ നിയമനം. ഇക്കാലം കൊണ്ട് എഫ് എ സി ടിയെ സാധ്യമായത്ര ഉയരങ്ങളിലേക്ക് എത്തിക്കുക തന്നെയാണ് ലക്ഷ്യം,'' കിഷോര്‍ റുംഗ്ത പറയുന്നു.


Related Articles
Next Story
Videos
Share it