വേണു രാജാമണിയുടെ വിജയത്തിന്റെ വഴികള്‍

''ധൈര്യമായി മുന്നോട്ട് പോവുക. വലിയ സ്വപ്നങ്ങള്‍ കാണുക. അതിനായി പരിശ്രമിക്കുക. ലോകത്തെ മറ്റെവിടെയുമുള്ള യുവജനതയ്‌ക്കൊപ്പം കിടപ്പിടിക്കുന്നവരാണ് കേരളത്തിലെ യുവത്വവും.'' പറയുന്നത് മറ്റാരുമല്ല. മൂന്നരപതിറ്റാണ്ടായി വിദേശരാജ്യങ്ങളിലും സമുന്നത രാജ്യാന്തര വേദികളിലും ഇന്ത്യയുടെ ശബ്ദമായി നിറഞ്ഞുനിന്നിരുന്ന വേണു രാജാമണി.

മലയാളി യുവത്വത്തോട് ഇദ്ദേഹം ഇങ്ങനെ ഉറപ്പിച്ചു പറയുന്നത് ലോകപരിചയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല, സ്വന്തം ജീവിതയാത്രയുടെ അനുഭവപശ്ചാത്തലത്തില്‍ നിന്നുകൂടിയാണ്. തിരുവനന്തപുരത്ത് ജനിച്ച് കൊച്ചിയിലും ന്യൂഡല്‍ഹിയിലും പഠിച്ച് യാത്രകളിലൂടെ ഇന്ത്യയെയും ലോകത്തെയും അറിഞ്ഞ് കരിയറില്‍ പടവുകള്‍ ചവിട്ടിക്കയറിയ വേണു രാജാമണിയുടെ വിജയയാത്ര അദ്ദേഹത്തിന്റെ വാക്കുകളിലൂടെ. നയതന്ത്രജ്ഞന്‍ എന്ന നിലയില്‍ 34 വര്‍ഷത്തിലേറെ അനുഭവപരിചയമുള്ള വേണു രാജാമണി ഇപ്പോള്‍ ഹരിയാനയിലെ സോനിപത് ആസ്ഥാനമായുള്ള ഒ പി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയുടെ ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂളില്‍ പ്രൊഫസര്‍ ഓഫ് ഡിപ്ലോമാറ്റിക് പ്രാക്ടീസ് ആയി സേവനമനുഷ്ഠിക്കുന്നു.

ഞാന്‍ കൊച്ചിയില്‍ താമസമാക്കിയപ്പോള്‍ ഒരിക്കല്‍ ഒരു രക്ഷിതാവ് എന്നെ സമീപിച്ചു അദ്ദേഹത്തിന്റെ പത്താംതരത്തില്‍ പഠിക്കുന്ന കുട്ടിയുടെ സ്വപ്‌നമായ സിവില്‍ സര്‍വീസിലെത്തിക്കാന്‍ മാര്‍ഗം ആരാഞ്ഞു. ഇങ്ങനെ വലിയ സ്വപ്‌നങ്ങള്‍ കാണുന്നവരോട് എനിക്ക് എന്റെ ജീവിതത്തിന്റെ അടിസ്ഥാനത്തില്‍ പറയാനുള്ള കാര്യങ്ങള്‍ ഇതാണ്.

  • പത്താംതരത്തിലും പ്ലസ്ടുവിലും പഠിക്കുമ്പോള്‍ മികച്ച അടിത്തറയിടാന്‍ വേണ്ടി പരിശ്രമിക്കുക. ഈ പ്രായത്തില്‍ കുട്ടികളോട് സിവില്‍ സ്വപ്‌നം പോലെ വലിയ കാര്യങ്ങള്‍ പറയേണ്ടതില്ല. പറ്റുന്നത്ര ഭാഷകള്‍ കുട്ടികള്‍ ഇക്കാലത്ത് പഠിച്ചിരിക്കണം.

  • മഹാരാജാസ് കോളെജിലും അത് കഴിഞ്ഞ് ന്യൂഡെല്‍ഹിയില്‍ ജെ എന്‍ യുവിലും പഠിക്കുമ്പോഴെല്ലാം പാഠ്യേതര പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായിരുന്നു. കോളെജ് പഠനകാലത്തെ സജീവമായൊരു സാമൂഹ്യജീവിതം പില്‍ക്കാലത്ത് നമുക്ക് ഏറെ ഉപകാരപ്പെടും. സംഘാടക മികവൊക്കെ ആര്‍ജ്ജിക്കാന്‍ സഹായിക്കുന്ന ഘടകം അതാണ്.

  • വളരെ ചെറിയ പ്രായത്തില്‍ തന്നെ പത്രവായന എന്റെ ശീലമായിരുന്നു. എന്റെ വളര്‍ച്ചയില്‍ ഏറെ സഹായിച്ച ഘടകം പത്രവായനയാണ്.

  • യാത്ര നല്ലൊരു വിദ്യാഭ്യാസമാണെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ഒരാളാണ് എന്റെ പിതാവ്. വളരെ ചെറുപ്പത്തില്‍ തന്നെ ഒരുപാട് യാത്ര നടത്താന്‍ ഭാഗ്യം കിട്ടി. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എന്‍ സി സി കേഡറ്റ് എന്ന നിലയില്‍ കാനഡയില്‍ പോയി. അത് കഴിഞ്ഞുവന്ന് ഇന്ത്യയിലെമ്പാടും സഞ്ചരിച്ചു. ചെന്നൈയില്‍ നിന്ന് കപ്പലില്‍ കയറി സിംഗപ്പൂര്‍ പോയി. റോഡ് മാര്‍ഗം തെക്ക് കിഴക്കേ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ജെ എന്‍ യുവില്‍ പഠിക്കുമ്പോള്‍ അവിടെയുള്ള മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പോയി അവിടം മുഴുവന്‍ സഞ്ചരിച്ചു. ഈ യാത്രകളാണ് എന്നെ പാകപ്പെടുത്തിയ ഒരു ഘടകം. വിദേശ രാജ്യത്ത് എല്ലാവരും തന്നെ യാത്ര ചെയ്യാന്‍ വേണ്ടി യാത്ര ചെയ്യുന്നവരാണ്. നമ്മളും മക്കളെ ഇതുപോലെ അഴിച്ചുവിടണം. അവരെ ചിറകുകള്‍ വിടര്‍ത്തി പറക്കാന്‍ അനുവദിക്കണം. നമ്മുടെ പേടികളുടെ പേരില്‍ അവരെ തളച്ചിടരുത്.

  • മഹാരാജാസില്‍ വെച്ച് സംഘാടന മികവൊക്കെ ആര്‍ജ്ജിച്ചിരുന്നെങ്കിലും അത് തേച്ചുമിനുക്കപ്പെട്ടത് ജെ എന്‍ യു ജീവിതകാലത്താണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നുമെല്ലാമുള്ള കുട്ടികളും അധ്യാപകരുമുള്ള ക്യാംപസുകള്‍ യുവതലമുറയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കും.

    ഞാന്‍ കോളെജ് വിദ്യാര്‍ത്ഥിയായിരിക്കെ, അക്കാലത്ത് കണ്ട ഒരു മുതിര്‍ന്ന ഐ എ എസ് ഓഫീസറോട് എനിക്കും സിവില്‍ സര്‍വീസില്‍ പ്രവേശിക്കണമെന്നുണ്ട് എന്ന ആഗ്രഹം പറഞ്ഞു. അന്ന് അദ്ദേഹം എന്നോട് പറഞ്ഞത്. ധൈര്യമായി മുന്നോട്ട് പോകൂ. നിങ്ങള്‍ക്കും അത് സാധിക്കുമെന്നാണ്.

    ഇന്ന് യുവതലമുറയോട് ഞാനും അത് പറയുന്നു. സിവില്‍ സര്‍വീസ് മാത്രമായി സ്വപ്‌നങ്ങള്‍ ഒതുക്കരുത്. അത് നല്ല സാധ്യതയാണ്. അതിനൊപ്പം മറ്റനേകം രംഗങ്ങളില്‍ അവസരങ്ങളുണ്ട്. നമുക്കും എന്തുകൊണ്ട് ഗൂഗഌനെ പോലെ ഫേസ് ബുക്കിനെ പോലെ ആപ്പിള്‍ ഐ ഫോണിനെ പോലെ ലോകോത്തരമികവുള്ള കാര്യങ്ങള്‍ സൃഷ്ടിച്ചുകൂടാ എന്ന് ചിന്തിക്കുന്നവരാകണം യുവതലമുറ. ആ വലിയ ലക്ഷ്യങ്ങളെ പിന്തുടരുക. നക്ഷത്രങ്ങളെ ലക്ഷ്യമാക്കി നിങ്ങള്‍ ഉയര്‍ന്നു ചാടുക. ആകാശം നിങ്ങളുടെ വിരല്‍തുമ്പാല്‍ തൊടാനാകും.


Related Articles
Next Story
Videos
Share it