കേരളം കടമെടുത്തത് 27,839 കോടി; നികുതി കുടിശ്ശികയായി പിരിച്ചെടുക്കാനുള്ളത് 13,000 കോടി

സംസ്ഥാനത്ത് വാറ്റ്, കെജിഎസ്ടി (വില്‍പന നികുതി), ആഡംബര നികുതി തുടങ്ങിയ ഇനത്തില്‍ കുടിശ്ശികയായി പിരിച്ചെടുക്കാനുള്ളത് കോടികള്‍. വാറ്റ് ഇനത്തില്‍ മാത്രം 10,867.64 കോടി രൂപയാണ് പിരിക്കാനുള്ളത്. വില്‍പന നികുതിയിനത്തില്‍ 2029.42 കോടിയും കാര്‍ഷിക ആദായ നികുതിയായി 26.19 കോടി രൂപയും കുടിശ്ശികയായി കിടക്കുകയാണെന്ന് ധനവകുപ്പ് പറയുന്നു.

കേരളത്തിന്റെ കടം

കഴിഞ്ഞ വര്‍ഷം പൊതു വിപണിയില്‍ നിന്ന് 27,839 കോടി രൂപ സര്‍ക്കാര്‍ കടമെടുത്തിരിക്കെയാണിത്. സിഎജിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഫെബ്രുവരി അവസാനം വരെ കേരളത്തിന്റെ കടം 24,684 കോടിയാണ്. വാറ്റ് ഇനത്തില്‍ 5654.34 കോടി റവന്യൂ റിക്കവറി നടത്താനുള്ളതും നടന്നിട്ടില്ല. കെജിഎസ്ടി, എഐടി ഇനത്തില്‍ യഥാക്രമം 1069.92 കോടി, 15.56 കോടി രൂപയും റിക്കവറിയായി പിരിച്ചെടുക്കാനുണ്ട്.

വില്‍പന നികുതി പ്രധാനമായും പെട്രോള്‍ ഡീസല്‍ എന്നിവയിലൂടെയും ബാറുകളിലൂടെയുമാണ്. കാര്‍ഷിക ആദായ നികുതി വന്‍കിട തോട്ടം ഉടമകള്‍ അടയ്ക്കേണ്ട നികുതിയാണ്. ഇത്രയും തുക പിരിച്ചെടുക്കാതെയാണ് 5000 കോടി രൂപയുടെ അധിക നികുതി ഭാരം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിച്ചിരിക്കുന്നത്.

ആംനെസ്റ്റി പദ്ധതി

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയായ ആംനെസ്റ്റി പദ്ധതി വഴി ലക്ഷ്യമിട്ടതൊന്നും പ്രതീക്ഷിച്ച പോലെ നടക്കാതെ പരാജയപ്പെട്ടതായി ധനമന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലൂടെ വ്യക്തമാകുന്നു. ആംനെസ്റ്റി പദ്ധതി പരാജയമായതിനാല്‍ ഇത്തവണത്തെ ബജറ്റില്‍ നിന്ന് അത് ഒഴിവാക്കിയിട്ടുമുണ്ട്. അതേസമയം കുടിശ്ശിക പിരിച്ചെടുക്കാനായി വകുപ്പ് പുനഃസംഘടനയുടെ ഭാഗമായി എല്ലാ ജില്ലയിലും പ്രത്യേക വിഭാഗം രൂപീകരിച്ചതായി ധനവകുപ്പ് പറയുന്നു.

ഐജിഎസ്ടി വഴിയും നഷ്ടം

ബജറ്റില്‍ ഇന്ധന സെസ് ഏര്‍പ്പെടുത്തി പ്രതിവര്‍ഷം 750 കോടി രൂപ നേടാമെന്നു പ്രതീക്ഷിച്ചിരിക്കെ സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്ടി) വഴി സര്‍ക്കാര്‍ പ്രതിവര്‍ഷം 5000 കോടി രൂപയാണ് നഷ്ടപ്പെടുത്തുന്നത്. ഐജിഎസ്ടി റിട്ടേണുകള്‍ ഘടനാപരമായി പരിഷ്‌കരിക്കാത്തതിനാല്‍ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തിനു ശരാശരി 25,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നികുതി കുടിശ്ശിക പിരിക്കാതിരുന്നതിലൂടെ സര്‍ക്കാരിന് 21,797.86 കോടി രൂപയുടെ നഷ്ടമുണ്ടായതായി സിഎജി റിപ്പോര്‍ട്ട് പറയുന്നു

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it