ജിഎസ്ടി തർക്കങ്ങളും കേസുകളും കുറയ്ക്കാൻ പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗൺസിൽ

പ്രത്യേക പിഴകൾ നിശ്ചയിച്ചിട്ടില്ലാത്ത ലംഘനങ്ങൾക്ക് ഈടാക്കുന്ന പൊതുവായ പിഴ 25,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറച്ചു
GST
GST
Published on: 

നികുതിദായകർക്കും ബിസിനസുകൾക്കും വൻ ആശ്വാസം നൽകുന്ന നിർണായക തീരുമാനങ്ങളുമായി 57-ാമത് ജിഎസ്ടി കൗൺസിൽ. ജിഎസ്ടി നിരക്കുകളിൽ മാറ്റം വരുത്താതെ, നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനാണ് യോഗത്തിൽ മുൻഗണന നൽകിയത്.

പ്രധാന തീരുമാനങ്ങൾ

• അറസ്റ്റ് ചെയ്യാനുള്ള അധികാരം ഒഴിവാക്കി: ജിഎസ്ടി ഉദ്യോഗസ്ഥർക്ക് നികുതിദായകരെ അറസ്റ്റ് ചെയ്യാനുള്ള അധികാരം കൗൺസിൽ എടുത്തുമാറ്റി.

• പ്രോസിക്യൂഷൻ പരിധി ഉയർത്തി: ക്രിമിനൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുന്നതിനുള്ള നികുതി വെട്ടിപ്പ് പരിധി 1 കോടി രൂപയിൽ നിന്ന് 5 കോടി രൂപയായി ഉയർത്തി.

• ചെറിയ തുകകൾക്ക് നോട്ടീസ് ഇല്ല: 10,000 രൂപയിൽ താഴെയുള്ള നികുതി കുടിശ്ശികകൾക്ക് ജിഎസ്ടി നോട്ടീസുകൾ അയക്കില്ല.

• പൊതു പിഴ കുറച്ചു: പ്രത്യേക പിഴകൾ നിശ്ചയിച്ചിട്ടില്ലാത്ത ലംഘനങ്ങൾക്ക് ഈടാക്കുന്ന പൊതുവായ പിഴ 25,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറച്ചു.

• കോടതികളുടെ വിവേചനാധികാരം: ജിഎസ്ടി നിയമപ്രകാരമുള്ള കുറഞ്ഞ ശിക്ഷാ വ്യവസ്ഥ ഒഴിവാക്കി. ഗുരുതര കുറ്റകൃത്യങ്ങളിൽ പിഴ വേണോ തടവുശിക്ഷ വേണോ അതോ രണ്ടും വേണോ എന്ന് ഇനി കോടതികൾക്ക് തീരുമാനിക്കാം.

• വേഗത്തിലുള്ള റീഫണ്ട്: റീഫണ്ട് അപേക്ഷകളുടെ പരിശോധനാ സമയം 15 ദിവസത്തിൽ നിന്ന് 10 ദിവസമായി കുറച്ചു.

• ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) ആനുകൂല്യം: ജീവനക്കാരുടെ ഹെൽത്ത്-ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങൾ, ടെലികോം ടവറുകൾ, ഫാക്ടറിക്ക് പുറത്തുള്ള പൈപ്പ്‌ലൈനുകൾ എന്നിവയ്ക്ക് തൊഴിലുടമകൾ നൽകുന്ന ജിഎസ്ടിക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അവകാശപ്പെടാം. സപ്ലയർമാർ നികുതി അടയ്ക്കാത്തത് കാരണം യഥാർത്ഥ വ്യാപാരികൾക്ക് ഐടിസി നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ പ്രത്യേക ഉദ്യോഗസ്ഥ സമിതിയെയും നിയോഗിച്ചു.

• ചരക്കുനീക്ക പരിശോധനകളിൽ നിയന്ത്രണം: റോഡ് മാർഗമുള്ള ചരക്കുനീക്ക വേളയിൽ വഴിമധ്യേയുള്ള സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് വാഹനം തടയാനാകില്ല. ചരക്ക് പുറപ്പെടുന്ന സംസ്ഥാനത്തെ അല്ലെങ്കിൽ അത് ചെന്നെത്തേണ്ട സംസ്ഥാനത്തെ ജോയിന്റ് കമ്മീഷണർ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ അനുമതിയോടെ മാത്രമേ പരിശോധന നടത്താൻ പാടുള്ളൂ

• ചെറുകിട വ്യാപാരികൾക്ക് ആശ്വാസം: 5 കോടി രൂപ വരെ ടേണ്‍ ഓവര്‍ ഉള്ള, B2C സപ്ലൈകള്‍ മാത്രം നടത്തുന്ന വ്യാപാരികൾക്ക് നികുതി പാദവാർഷികമായി അടച്ച് റിട്ടേൺ വർഷത്തിൽ ഒരിക്കൽ മാത്രം സമർപ്പിക്കാനുള്ള സ്കീമിന് കൗൺസിൽ തത്വത്തിൽ അംഗീകാരം നൽകി. ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴി വിൽപന നടത്തുന്ന ചെറുകിട വ്യാപാരികൾക്ക് മറ്റ് സംസ്ഥാനങ്ങളിലെ ഗോഡൗണുകൾ തങ്ങളുടെ ബിസിനസ് കേന്ദ്രമായി കാണിക്കുന്നതിനുള്ള നിയമങ്ങൾ ലളിതമാക്കി.

ഈ പരിഷ്കാരങ്ങളിൽ ഭൂരിഭാഗവും വരും സാമ്പത്തിക വർഷം അതായത് 2027 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. കൂടാതെ, ജിഎസ്ടി നിരക്കുകളിലെ മാറ്റങ്ങൾ ഇനി മുതൽ വർഷത്തിൽ ഒരിക്കൽ മാത്രമായിരിക്കും പരിഗണിക്കുകയെന്നും ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com