ജി.എസ്.ടി തട്ടിപ്പുകള്‍ക്കെതിരെ കടുത്ത നടപടികളുമായി കൗണ്‍സില്‍

ചരക്കു സേവന നികുതി (GST) സംബന്ധിച്ച് തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളവര്‍ക്കെതിരെ കടുത്ത നടപടികള്‍ എടുത്തേക്കുമെന്ന് കൗണ്‍സില്‍ (Goods and Services Tax Council)ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അനുസരിച്ച് ജൂലൈ 11 ന് ചേരുന്ന യോഗത്തില്‍ വ്യാപാരികള്‍ക്കെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളും.

ജി.എസ്.ടി രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ള 60,000 സ്ഥാപനങ്ങൾ സംശയത്തിന്റെ നിഴലിൽ ആണെന്നും, അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.

തെറ്റായ ബില്ലിംഗിന് പിഴ

ബില്ലുകള്‍ മാത്രമല്ല, ജി.എസ്.ടി ബില്ലിംഗിലെ തെറ്റുകള്‍, ക്രമക്കേടുകള്‍ തുടങ്ങിയവയ്ക്ക് പിഴ വര്‍ധിപ്പിച്ചേക്കും. വ്യാജ ജി.എസ്.ടി ഇന്‍വോയ്‌സ് റാക്കറ്റ് സംബന്ധിച്ച് അന്വേഷണവും തുടര്‍ നടപടികളും ജൂലൈ 11 ന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും.

പിഴ വര്‍ധിപ്പിക്കല്‍, സ്ഥാപനത്തിലേക്ക് നിര്‍ബന്ധിത ഫിസിക്കല്‍ വേരിഫിക്കേഷന്‍ സന്ദര്‍ശനം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നവരുടെ ജി.എസ്.ടി രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ എന്നിങ്ങനെയാവും നടപടികള്‍.

10,000 വ്യാജന്മാര്‍

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി 10,000 വ്യാജ ജി.എസ്.ടി രജ്‌സ്‌ട്രേഷന്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. 15,000 കോടിയുടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തിരിമറിയാണ് ഇത്തരത്തില്‍ നടന്നത്. കൂടാതെ നോയ്ഡ, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ ഈയടുത്ത് നടന്ന പരിശോധനയില്‍ 6,000 വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനുകളും വ്യാജ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ അധിക കേസുകളും കണ്ടെത്താന്‍ ഈ നടപടി സഹായിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് ഇന്റലിജന്‍സിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേണം തുടരുകയാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it