അഡ്വാന്‍സ് ടാക്‌സ് അടയ്ക്കാന്‍ മറക്കല്ലേ; ഓഹരി നിക്ഷേപകരെയും 'അവധി' ഇടപാടുകാരെയും ഓര്‍മ്മിപ്പിച്ച് സീറോധയുടെ നിതിന്‍ കാമത്ത്

ഈ സാമ്പത്തിക വര്‍ഷത്തെ അഡ്വാന്‍സ് ടാക്‌സിന്റെ നാലാം ഗഡു അടയ്ക്കാനുള്ള അവസാന തീയതി നാളെ, ഫയല്‍ ചെയ്യേണ്ടതെങ്ങനെയെന്നറിയാം
Tax
Image : Canva
Published on

നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) മുന്‍കൂര്‍ നികുതി (അഡ്വാന്‍സ് ടാക്‌സ്) അടയ്ക്കാനുള്ള അവസാന തീയതിയാണ് നാളെ. നോട്ടീസ് കിട്ടുന്നതും കാത്തിരിക്കാതെ ഉടനടി മുന്‍കൂര്‍ നികുതി അടയ്ക്കാന്‍ ഓഹരി നിക്ഷേപകരെയും അവധി (F&O) വ്യാപാര ഇടപാടുകാരെയും ഓര്‍പ്പിക്കുകയാണ് പ്രമുഖ സ്റ്റോക്ക് ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമായ സീറോധയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ നിതിന്‍ കാമത്ത്. സ്റ്റോക്ക് ബ്രോക്കര്‍ പ്ലാറ്റ്‌ഫോമില്‍ നല്‍കിയിട്ടുള്ള ക്വിക്ക് ഗൈഡ് പരിശോധിക്കാനും അദ്ദേഹം ട്രേഡര്‍മാരോട് സാമൂഹ്യമാധ്യമമായ എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചു.

ആക്ടീവായ ട്രേഡര്‍മാര്‍ നികുതി കൃത്യ സമയത്ത് അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മിക്കവരും ഇത് അവഗണിക്കുകയും ഒടുവില്‍ ഇന്‍കം ടാക്‌സ് വകുപ്പില്‍ നിന്ന് നികുതി നോട്ടീസ് വിളിച്ചു വരുത്തുകയുമാണ് ചെയ്യുന്നതെന്ന് നിതിന്‍ കാമത്ത് പറയുന്നു. മിക്ക ട്രേഡര്‍മാരും ഇത് അവര്‍ക്ക് ബാധകമല്ലെന്നാണ് ചിന്തിക്കുന്നത്.

നാലാമത്തെ ഗഡു

നാളെയാണ് (മാര്‍ച്ച് 15) അഡ്വാന്‍സ്ഡ് ടാക്‌സ് അടയക്കാനുള്ള അവസാന തീയതി. നിശ്ചിത സാമ്പത്തിക വര്‍ഷത്തില്‍ നാല് തവണയായാണ് നികുതി ദായകര്‍ അഡ്വാന്‍സ് ടാക്‌സ് അടയ്‌ക്കേണ്ടത്. ജൂണ്‍, സെപ്റ്റംബര്‍, ഡിസംബര്‍, മാര്‍ച്ച് എന്നിവയാണ് ഈ തവണകള്‍. ഈ വര്‍ഷത്തെ നാലാമത്തെ അഡ്വാന്‍സ് ടാക്‌സ് ഗഡുവാണ് മാര്‍ച്ച് 15ന് മുമ്പ് അടയ്‌ക്കേണ്ടത്.

ഉറവിടത്തില്‍ നിന്നുള്ള നികുതി (tax deducted at source /TDS) പിടിച്ചതിനുശേഷം നികുതി ബാധ്യത 10,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ അഡ്വാന്‍സ് ടാക്‌സ് അടയ്ക്കണം. അല്ലെങ്കില്‍ പിഴപ്പലിശ നല്‍കേണ്ടി വരും. ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് (F&O), ഇന്‍ട്രാഡേ എന്നിവയില്‍ നിന്നുള്ള ലാഭവും ബിസിനസ് വരുമാനമായി കണക്കാക്കും ട്രേഡര്‍മാര്‍ മുഴുവന്‍ സാമ്പത്തിക വര്‍ഷത്തേക്കും അവരുടെ ലാഭം കണക്കാക്കുകയും ബാധകമായ അഡ്വാന്‍സ്ഡ് ടാക്‌സ് അടയ്ക്കുകയും വേണം.

ട്രേഡര്‍മാരെ അഡ്വാന്‍സ് ടാക്‌സ് ഫയലിംഗിന് സഹായിക്കാനായി ക്വിക്ക് ഗൈഡ് സീറോധയുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. അഡ്വാന്‍ഡ് ടാക്‌സ് എന്താണെന്നും അതുമായി ബന്ധപ്പെട്ട മിഥ്യാധാരണകള്‍ എന്തൊക്കെയാണെന്നും അഡ്വാന്‍സ് ടാക്‌സ് ഫയല്‍ ചെയ്യേണ്ടതെങ്ങനെയും വിശദീകരിക്കുന്ന ക്വിക്ക്‌കോയുടെ സ്ഥാപകന്‍ വിശ്വജിത് സോനഗരയുടെ വീഡിയോയും ഗൈഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള അഡ്വാന്‍സ് ടാക്‌സിനായി ഇ-കാംപെയിന്‍ അവതരിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇ-മെയില്‍ വഴിയും എസ്.എം.എസ് വഴിയും മാര്‍ച്ച് 15ന് മുമ്പായി അഡ്വാന്‍സ് ടാക്‌സ് അടയ്ക്കാന്‍ അറിയിപ്പു നല്‍കി വരുന്നുണ്ട്.

അഡ്വാന്‍സ് ടാക്‌സ് എങ്ങനെ ഫയല്‍ ചെയ്യാം?

1. ഐ.ടി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇ-ഫയലിംഗ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

2. ഇതിലെ ഇ-ടാക്‌സ് പോര്‍ട്ടലില്‍ ക്ലിക്ക് ചെയ്യുക.

3. പാന്‍ അക്കൗണ്ട് നമ്പര്‍ നല്‍കുക, ഉറപ്പാക്കാനായി ഒരു തവണ കൂടി നല്‍കണം. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ നല്‍കുക. ശേഷം മൊബൈലില്‍ ലഭിക്കുന്ന ആറക്ക ഒ.ടി.പി എന്റര്‍ ചെയ്യുക.

4. ഇന്‍കം ടാക്‌സ് എന്ന് പേര് നല്‍കിയിട്ടുള്ള ബോക്‌സിനു താഴെയുള്ള പ്രൊസീഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യാം.

5. ഇനി അസസ്‌മൈന്റ് വര്‍ഷം 2024-25 എന്നത് തിരഞ്ഞെടുക്കുക. ടൈപ്പ് ഓഫ് പേയ്മെന്റ് അഡ്വാന്‍സ് ടാക്‌സ് എന്ന് നല്‍കി മുന്നോട്ടു പോകാം.

6. ഇനി അനുയോജ്യമായ പേയ്‌മെന്റ് മെത്തേഡ് തിരിഞ്ഞെടുക്കുക. സ്‌ക്രീനില്‍ വരുന്ന വിശദാംശങ്ങളുടെ പ്രിവ്യൂ പരിശോധിക്കുക. ഇതിനുശേഷം പേയ്‌മെന്റ് നടത്താം.

7. പേയ്‌മെന്റ് പൂര്‍ത്തിയാകുമ്പോള്‍ സ്‌ക്രീനില്‍ അറിയിപ്പു ലഭിക്കും. ഈ ടെക്സ്റ്റ് രസീപ്റ്റ് ഭാവി റഫറന്‍സിനും ഐ.ടി.ആര്‍ ഫയല്‍ ചെയ്യാനുമായി സൂക്ഷിച്ചുവയ്ക്കണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com