എഐ ഉപയോ​ഗിച്ച് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാമോ? പിന്നീട് ഇത് വള്ളിക്കെട്ടാകുമോ?

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ എഐ ടൂളുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുമ്പോഴും തെറ്റായ വിവരങ്ങൾ, ഡാറ്റ സുരക്ഷാ പ്രശ്നങ്ങൾ, നിയമപരമായ ബാധ്യതകൾ എന്നിവ കാരണം എഐയെ മാത്രം ആശ്രയിക്കുന്നത് അപകടകരമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു
Income Tax Return Filing Using AI Pros and cons
പ്രതീകാത്മക ചിത്രംImage Source: Canva
Published on

ഈ വർഷത്തെ ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കുന്നതിനുള്ള അവസാന തീയതി അടുത്തുവരുമ്പോൾ, സംശയങ്ങൾ തീർക്കാനും റിട്ടേൺ തയ്യാറാക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകളെ ആശ്രയിക്കുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്. സങ്കീർണമായ നികുതി നിയമങ്ങൾ ലളിതമായി വിശദീകരിക്കാനും അതുവഴി നികുതി ആസൂത്രണം കാര്യക്ഷമമാക്കാനും ഒക്കെ എഐ ടൂളുകളെ കൊണ്ട് സാധിക്കും. എങ്കിലും എഐ ടൂൾ മാത്രം ഉപയോഗപ്പെടുത്തി നേരിട്ട് ടാക്സ് റിട്ടേൺ സമർപ്പിക്കുന്നത് വലിയ സാമ്പത്തിക-നിയമ കുരുക്കുകൾക്ക് വഴിവെക്കാമെന്നും നികുതി വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

എഐ പരാജയപ്പെടുന്ന പ്രധാന മേഖലകൾ

  • എഐ ടൂളുകൾ തെറ്റായ വിവരങ്ങൾ നൽകിയാലും വളരെ ലളിതവും ആധികാരികവുമായ ഭാഷയിലായിരിക്കും അത് അവതരിപ്പിക്കുക (Confidence Trap). ഒരേ ചോദ്യം വ്യത്യസ്തമായി ചോദിച്ചാൽ വ്യത്യസ്ത ഉത്തരങ്ങൾ ലഭിക്കാനുള്ള സാധ്യത. ഇതൊക്കെ തുടക്കക്കാരേയും സാധാരണക്കാരായ നികുതിദായകരെയും തെറ്റിദ്ധരിപ്പിക്കാം.

  • ഫോം 26-എ.എസ്, ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്‌മെന്റ് (AIS) എന്നിവയിലെ വിവരങ്ങളും വ്യക്തി​യുടെ വരുമാനവും തമ്മിലുള്ള വ്യത്യാസങ്ങൾ എഐ ശ്രദ്ധിക്കാതെ പോയേക്കാം.

  • ഒന്നിലധികം വരുമാന സ്രോതസ്സ്: ശമ്പള വരുമാനത്തിന് പുറമെ ഓഹരി വിപണിയിൽ നിന്നുള്ള ലാഭം (Capital Gains), ബിസിനസ് വരുമാനം, വിദേശ വരുമാനം, ഇ.എസ്.ഒ.പി (Employee Stock Ownership Plans), വീട്ടുവാടക എന്നിങ്ങനെ ഒന്നിലധികം സ്രോതസ്സുകളിൽ നിന്നും വരുമാനമുള്ളവർ എഐ ടൂൾ മാത്രം ഉപയോഗപ്പെടുത്തി ടാക്സ് റിട്ടേൺ സമർപ്പിക്കുന്നത് അപകടകരമായിരിക്കും. ഉദാഹരണത്തിന്, ക്യാപിറ്റൽ ഗെയിൻസിലെ ഗ്രാൻഡ്ഫാദറിംഗ് റൂളുകൾ (Grandfathering rules), ഇൻഡക്സേഷൻ ആനുകൂല്യങ്ങൾ, സെക്ഷൻ 54/54F/54EC എന്നിവ പ്രകാരമുള്ള നികുതി ഇളവുകൾ ഒക്കെ കൃത്യമായി പ്രയോഗിക്കാൻ ജനറേറ്റീവ് എഐക്ക് സാധിക്കണമെന്നില്ല.

  • ടാക്സ് നോട്ടീസ്: എ.ഐ.എസ് സന്ദേശങ്ങൾ, ബാങ്ക് പലിശകൾ, ഡിവിഡന്റുകൾ എന്നിവയിലെ ചെറിയ വൈരുദ്ധ്യങ്ങൾ പോലും നികുതി വകുപ്പിന്റെ എഐ സാങ്കേതികവിദ്യ പെട്ടെന്ന് കണ്ടെത്തും. ഇത് റീഫണ്ടുകൾ വൈകുന്നതിനോ അല്ലെങ്കിൽ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കുന്നതിനോ കാരണമാകാം.

ഡാറ്റ സുരക്ഷയും നിയമപരമായ ബാധ്യതയും

  • നിയമപരമായ ഉത്തരവാദിത്തം: ഇൻകം ടാക്സ് റിട്ടേണിൽ എഐ വരുത്തുന്ന പിഴവുകളുടെയോ തെറ്റായ തരംതിരിക്കലുകളുടെയോ പൂർണ ഉത്തരവാദിത്തം നികുതിദായകന് മാത്രമായിരിക്കും. എഐ നൽകിയ തെറ്റായ മറുപടിയാണെന്ന വാദം നികുതി നിർണയ വേളയിൽ സ്വീകരിക്കപ്പെടില്ലെന്നും വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

  • സുരക്ഷാ ഭീഷണി: പാൻ (PAN), ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയൊക്കെ പൊതു എഐ ടൂളുകളിൽ അപ്‌‍ലോഡ് ചെയ്യുന്നത് വലിയ ഡാറ്റ സുരക്ഷാ ഭീഷണി ഉയർത്തുന്നു. തേഡ് പാർട്ടി (Third-party) എഐ ആപ്പുകളിൽ ഫോം-16 അപ്‌‍ലോഡ് ചെയ്യുന്നത് കമ്പനിയുടെ ഡാറ്റ സുരക്ഷാ നയങ്ങൾക്ക് (Data-handling policies) വിരുദ്ധമായേക്കാം.

ചുരുക്കത്തിൽ ആശയങ്ങൾ മനസ്സിലാക്കുന്നതിനപ്പുറം സാമ്പത്തിക കണക്കുകളിലോ റിട്ടേൺ ഫയലിംഗിലോ എഐ ടൂളുകളെ നേരിട്ട് ഇടപെടീക്കാത്തിടത്തോളം ഇത് ഉപകാരപ്രദമാണ്. എന്നാൽ സങ്കീർണതയേറിയ റിട്ടേൺ സമർപ്പിക്കുന്നതിനായി അംഗീകൃത നികുതി വിദ​ഗ്ധരേയോ ചാർട്ടേഡ് അക്കൗണ്ടന്റുമാരെയോ തന്നെ ആശ്രയിക്കുന്നതാണ് ഉചിതം.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com