ഉത്തര്‍പ്രദേശിന് സാമ്പത്തിക കുതിപ്പാകാന്‍ അയോധ്യ; ടൂറിസം നികുതിയായി മാത്രം ₹25,000 കോടിയുടെ ബോണസ്

അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നതിനൊപ്പം ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ തന്നെ സംഭവിക്കുന്നത് അടിമുടി മാറ്റം. വ്യവസായ, വാണിജ്യ, ടൂറിസം രംഗങ്ങളിലാകെ അയോധ്യയുടെ കരുത്തില്‍ കുതിപ്പിനൊരുങ്ങുകയാണ് ഉത്തര്‍പ്രദേശ്. അയോധ്യ രാമക്ഷേത്രം പ്രതിവര്‍ഷം 5 കോടിയിലധികം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു പുതിയ ടൂറിസ്റ്റ് ഹോട്ട്സ്പോട്ടായേക്കും. പുതിയ വിമാനത്താവളം, നവീകരിച്ച റെയില്‍വേ സ്റ്റേഷന്‍, ടൗണ്‍ഷിപ്പ്, മെച്ചപ്പെട്ട റോഡ് കണക്റ്റിവിറ്റി ഉള്‍പ്പെടെ 84,000 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് അയോധ്യയില്‍ നടത്തിയത്. ഇതും വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയ്ക്ക് ഉത്തേജനമേകും.

1,400 കോടി രൂപ ചെലവില്‍ അയോധ്യ വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം അടുത്തിടെ പ്രവര്‍ത്തനക്ഷമമായി. ഇതുവഴി 10 ലക്ഷം പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. 2025 ഓടെ ഇത് 60 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഒരു അന്താരാഷ്ട്ര ടെര്‍മിനലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളം മാത്രമല്ല, റെയില്‍വേ സ്റ്റേഷനും പ്രതിദിനം 60,000 യാത്രക്കാര്‍ എന്ന നിലയില്‍ ശേഷി ഇരട്ടിയാക്കി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ റോഡ് കണക്റ്റിവിറ്റി വര്‍ധിപ്പിക്കും. ഇവയെല്ലാം തന്നെ വിനോദസഞ്ചാര മേഖലയെ വളര്‍ത്തും.

നികുതിയിനത്തില്‍ 25,000 കോടി രൂപ

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും യു.പി സംസ്ഥാന സര്‍ക്കാര്‍ സംരംഭങ്ങളും ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്തെ വിനോദസഞ്ചാര ചെലവ് 4 ലക്ഷം കോടി രൂപയ്ക്ക് മുകളിലാക്കുമെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ട് പറയുന്നു. ഇത് 2024-25ല്‍ സംസ്ഥാനത്തിന് നികുതി വരുമാനത്തില്‍ 20,000-25,000 കോടി രൂപ അധികമായി ലഭ്യമാക്കിയേക്കും. 2022ല്‍ യു.പി 32 കോടി ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിച്ചു. ഇതില്‍ 2.21 കോടി പേര്‍ അയോധ്യ സന്ദര്‍ശിച്ചു. രാമക്ഷേത്രം ഉയര്‍ന്നതോടെ ഈ കണക്ക് ഇനിയും വര്‍ധിക്കും.

ഈ ഓഹരികള്‍ ഉയര്‍ന്നേക്കാം

വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ച അയോധ്യയെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റാലിറ്റി, ട്രാവല്‍, ടൂറിസം മേഖലകളിലെ ഓഹരികള്‍ ഉയരാന്‍ സഹായിച്ചേക്കും. അഹമ്മദാബാദ് ആസ്ഥാനമായി 2005ല്‍ സ്ഥാപിതമായ പ്രവേഗ് എന്ന കമ്പനിയുടെ ഓഹരികള്‍ ഉയര്‍ന്നേക്കും. എക്സിബിഷന്‍, ഇവന്റ് മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണിത്. അയോധ്യ, റാന്‍ ഓഫ് കച്ച്, വാരണാസി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ കമ്പനിക്ക് ആഡംബര റിസോര്‍ട്ടുകളും ടെന്റുകളുമുണ്ട്. ബി.എസ്.ഇയില്‍ 1,070 രൂപയാണ് പ്രവേഗിന്റെ നിലവിലെ ഓഹരി വില.

താജ് ഹോട്ടല്‍സ്, വിവാന്ത തുടങ്ങിയ പ്രശസ്ത ബ്രാന്‍ഡുകളെ നയിക്കുന്ന ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ രണ്ട് ഹോട്ടലുകള്‍ അയോധ്യയില്‍ വരും. അതിനാല്‍ ബി.എസ്.ഇയില്‍ നിലവില്‍ 479 രൂപയുള്ള ഈ ഓഹരി ഉയര്‍ന്നേക്കും. ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ (ഇന്‍ഡിഗോ) ഓഹരികള്‍ ഈ വര്‍ഷം ഇതുവരെ 3 ശതമാനം ഉയര്‍ന്ന് ജനുവരി 18ന് 3,052.65 രൂപയായി. ഈ ഓഹരികള്‍ ഉയര്‍ന്നേക്കും. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് പ്രയോജനം നേടിയേക്കാവുന്ന വ്യോമയാന മേഖലയില്‍ നിന്നുള്ള മറ്റൊരു കമ്പനിയാണ് സ്പൈസ് ജെറ്റ്. 2024 ഫെബ്രുവരി 1 മുതല്‍ അയോധ്യയെ ചെന്നൈ, ബെംഗളൂരു, മുംബൈ എന്നിവയുമായി ബന്ധിപ്പിക്കുന്ന നോണ്‍-സ്റ്റോപ്പ് ഫ്‌ലൈറ്റുകള്‍ ആരംഭിക്കുമെന്ന് സ്‌പൈസ്‌ജെറ്റ് പ്രഖ്യാപിച്ചു. ഇതിന്റെ ഓഹരികളും ഉയര്‍ന്നേക്കും.

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ആദ്യ 100 ദിവസങ്ങളില്‍ (ജനുവരി 19 മുതല്‍) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 1,000 ട്രെയിനുകള്‍ അയോധ്യയിലേക്ക് ഓടിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിട്ടിട്ടുണ്ട്. ജനുവരി 23 മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറക്കുന്നതോടെ ഐ.ആര്‍.സി.റ്റി.സിയുടെ വരുമാനത്തില്‍ വര്‍ധനയുണ്ടാകും. ഐ.ആര്‍.സി.റ്റി.സിയുടെയുടെ ഓഹരികള്‍ ജനുവരി 1 മുതല്‍ 18 വരെ ഏകദേശം 5 ശതമാനം ഉയര്‍ന്നു.

അപ്പോളോ സിന്ദൂരി ഹോട്ടല്‍സിന്റെയും ലക്ഷ്വറി, മിഡ് സെഗ്മെന്റ് ഹോട്ടല്‍ ബിസിനസിലെ മുന്‍നിര കമ്പനികളിലൊന്നായ കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഐ.ടി.സിയുടെയും ഓഹരികള്‍ ഉയര്‍ന്നേക്കും. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ രാവിലെ 11.30ന് ആരംഭിച്ചു.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it