ബഹ്‌റൈനിലെ പ്രവാസികള്‍ക്ക് നികുതി വരുന്നു; തിരിച്ചടിയാകുമെന്ന് ഉദ്യോഗസ്ഥര്‍; ഷുറാ കൗണ്‍സിലിന്റെ അംഗീകാരം നിര്‍ണായകം

വിദേശത്തേക്ക് അയക്കുന്ന പണത്തിന് 2 ശതമാനം നികുതി ഈടാക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി
Building in Gulf countries
Canva
Published on

ബഹ്‌റൈനില്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പടുത്താനുള്ള നീക്കങ്ങള്‍ സജീവം. 2 ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള കരട് ബില്ലിനാണ് ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ അംഗങ്ങള്‍ ഐക്യകണ്‌ഠേന അംഗീകാരം നല്‍കിയത് ഇതോടെ നികുതി എര്‍പ്പെടുത്തുന്നതിനുള്ള നടപടികളുടെ ആദ്യഘട്ടം പൂര്‍ത്തിയായി. പാര്‍ലമെന്റിന്റെ തീരുമാനത്തിന് ഷുറാ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ദേശീയ അസംബ്ലിയുടെ ഉപരിസഭയായ ഷുറ കൗണ്‍സില്‍ ഈ നിര്‍ദേശം തള്ളിയാല്‍ ദേശീയ അസംബ്ലിയില്‍ ജോയിന്റ് കൗണ്‍സിലില്‍ വോട്ടിനിട്ട് തീരുമാനിക്കും.

ഷുറാ കൗണ്‍സിലിന് എതിര്‍പ്പ്

പ്രവാസി പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തെ ഷുറാ കൗണ്‍സില്‍ പിന്തുണക്കുന്നില്ല. കഴിഞ്ഞ വര്‍ഷം ഇതേ ആവശ്യം പാര്‍ലമെന്റ് പരിഗണിച്ചിരുന്നു. അന്ന് എംപി മാര്‍ പിന്തുണച്ചെങ്കിലും ഷുറാ കൗണ്‍സില്‍ നിരാകരിക്കുകയായിരുന്നു. പാര്‍ലമെന്റിന്റെ സാമ്പത്തിക കാര്യ കമ്മിറ്റിയാണ് വീണ്ടും നികുതി നിര്‍ദേശം മുന്നോട്ടു വെച്ചത്. ഇത്തവണ ഷുറാ കൗണ്‍സില്‍ എന്ത് നിലപാട് എടുക്കുമെന്നത് നിര്‍ണായകമാണ്.

ബഹ്‌റൈന്‍ എണ്ണവരുമാനത്തിലുള്ള അമിത ആശ്രയത്വം കുറക്കുന്നതിനായി നികുതികള്‍ ഉള്‍പ്പെടെയുള്ള ഇതര മാര്‍ഗങ്ങള്‍ തേടി വരികയാണ്. പ്രവാസികള്‍ക്കുള്ള നികുതിയും ഈ നിലയിലുള്ളതാണെന്നാണ് സാമ്പത്തിക കാര്യ കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ് അല്‍ സലൂം വ്യക്തമാക്കിയിട്ടുള്ളത്. 2 ശതമാനം നികുതിയിലൂടെ കാര്യമായ വരുമാനം പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇത്തരത്തിലുള്ള വിവിധ വരുമാന മാര്‍ഗങ്ങള്‍ രാജ്യം തേടേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

രാജ്യത്തിന് തിരിച്ചടിയാകുമെന്ന് ആശങ്ക

അതേസമയം, പ്രവാസികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നത് ബഹ്‌റൈന്റെ സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയാകുമെന്ന അഭിപ്രായം സാമ്പത്തിക വിദഗ്ധര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. പ്രവാസി ജോലിക്കാരില്‍ 72 ശതമാനം പേരും 200 ബഹ്‌റൈന്‍ ദിനാര്‍ (46,000 രൂപ) മാസ വരുമാനമുള്ളവരാണ്. ഇവര്‍ മിച്ചം വെക്കുന്ന പണം നാട്ടിലേക്ക് അയക്കുമ്പോള്‍ നികുതി നല്‍കേണ്ടി വരുന്നത് അവരെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. പണം അയക്കുമ്പോള്‍ ബാങ്കുകള്‍ നികുതി സ്വീകരിച്ച് സര്‍ക്കാരിലേക്ക് നല്‍കുകയാണ് വേണ്ടത്. നികുതി തുക സ്‌പോണ്‍സര്‍മാര്‍ വഹിക്കേണ്ട സാഹചര്യവുമുണ്ടാകും. ബാങ്കുകളെ ഒഴിവാക്കി കുഴല്‍പണ ശൃഖലകളിലൂടെ വിദേശത്ത് പണം അയക്കുന്ന അവസ്ഥയും രൂപപ്പെടുമെന്ന് സാമ്പത്തിക വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു. നികുതി വരുന്നതോടെ മികച്ച പ്രൊഫഷണലുകള്‍ ബഹ്‌റൈന്‍ വിട്ട് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാനുള്ള സാധ്യതയും അവര്‍ ഉയര്‍ത്തിക്കാട്ടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com