നികുതി പരിഷ്‌കരണം നികുതി ദായകന് തിരിച്ചടിയാകുമോ?

ബജറ്റിലെ നികുതി പരിഷ്‌കരണം വ്യക്തിഗത വരുമാന നികുതി ദായകര്‍ക്ക് തിരിച്ചടിയായേക്കും. പുതിയ കുറഞ്ഞ നികുതി ഓപ്ഷന്‍ തെരഞ്ഞെടുക്കുമ്പോള്‍ നിലവിലുള്ള നികുതിയിളവുകളും ഒഴിവുകളും ലഭിക്കില്ലെന്നതാണ് പ്രശ്‌നം.

സെക്ഷന്‍ 80 പ്രകാരം പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ പെന്‍ഷന്‍ സ്‌കീം, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയ നിക്ഷേപങ്ങളില്‍ വ്യക്തികള്‍ക്ക് നിലവില്‍ നികുതിയിളവ് ലഭിക്കുന്നുണ്ട്. മാത്രമല്ല എച്ച്ആര്‍എ പ്രകാരം ഭവനവായ്പയുടെ പലിശയിനത്തിലും ഇത് ബാധിക്കും. വികലാംഗര്‍ക്കുള്ള ഇളവുകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനയിലും ലഭിച്ചിരുന്ന ഇളുവകളും ഇല്ലാതാകും.

വിവിധ ഇളവുകളും ഒഴിവുകളും വേണ്ടെന്ന് വെച്ച് കുറഞ്ഞ നികുതി നിരക്കിലേക്ക് നികുതി ദായകന് മാറുന്നതിനുള്ള സൗകര്യമാണ് ബജറ്റ് മുന്നോട്ട് വെച്ചിരിക്കുന്നത്. നികുതി ബാധ്യതകളെ കുറിച്ച് നല്ല രീതിയില്‍ പഠിച്ച ശേഷം മാത്രമേ ഏതാണ് അനുയോജ്യമായതെന്ന് ഒരാള്‍ക്ക് തീരുമാനിക്കാനാകൂ.


പുതിയ രീതി തെരഞ്ഞെടുക്കുമ്പോള്‍ നഷ്ടപ്പെടുന്ന പ്രധാന ആനുകൂല്യങ്ങള്‍ ഇവയാണ്:

  • നാലുവര്‍ഷത്തില്‍ രണ്ടു തവണയായി ശമ്പളക്കാരായ നികുതി ദായകര്‍ക്ക് ലഭിച്ചിരുന്ന് ലീവ് ട്രാവല്‍ അലവന്‍സിന്മേലുളള നികുതിയൊഴിവ്.

  • ശമ്പളത്തിനൊപ്പം നല്‍കിയിരുന്ന ഹൗസ് റെന്റ് അലവന്‍സില്‍ വാടകയ്ക്ക് താമസിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ലഭിച്ചിരുന്ന ഒഴിവ്.

  • ശമ്പളക്കാരനായ നികുതി ദായകന് ലഭിച്ചിരുന്ന 50000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍

  • സെക്ഷന്‍ 16 പ്രകാരം ലഭിച്ചിരുന്ന എന്റര്‍ടെയ്ന്‍മെന്റ് അലവന്‍സിനുള്‌ല കിഴിവ്.
  • ഭവന വായ്പയുടെ പലിശയന്മേല്‍ ലഭിച്ചിരുന്ന നികുതി ആനുകൂല്യങ്ങള്‍

  • ഫാമിലി പെന്‍ഷന് സെക്ഷന്‍ 57 ക്ലോസ് ഐഐഎ പ്രകാരം ലഭിച്ചിരുന്ന 15000 രൂപയുടെ ഇളവ്

  • സെക്ഷന്‍ 80 സി പ്രകാരം അപേക്ഷിച്ചിരുന്ന ഇളവുകള്‍ എല്ലാം. പിഎഫ്, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം, കുട്ടികള്‍ക്കുള്ള സ്‌കൂള്‍ ട്യൂഷന്‍ ഫീസ്, നിക്ഷേപ പദ്ധതികളായ ഇഎല്‍എസ്എസ്, എന്‍പിഎസ്, പിപിഎഫ് എ്ന്നിവയ്ക്ക് ലഭിച്ചിരുന്ന ഇളവുകളെല്ലാം ഇതില്‍ പെടുന്നു.

  • അതേസമയം, സെക്ഷന്‍ 80 സിസിഡിയിലെ സബ് സെക്ഷന്‍ 2 പ്രകാരമുള്ള (എന്‍പിഎസ് ഉള്‍പ്പടെയുള്ള പെന്‍ഷന്‍ സ്‌കീമുകളില്‍ ജീവനക്കാരുടെ വിഹിതത്തിന്മേലുള്ളത്), ആനുകൂല്യവും പുതിയ തൊഴിലുമായി ബന്ധപ്പെട്ട സെക്ഷന്‍ 80 ജെജെഎഎ പ്രകാരമുള്ള ആനുകൂല്യവും തുടര്‍ന്നു ലഭിക്കുകയും ചെയ്യും.

  • സെക്ഷന്‍ 80 ഡി പ്രകാരം മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്മേലുള്ള ഇളവ് ലഭിക്കില്ല

  • സെക്ഷന്‍ 80 ഇ പ്രകാരം വിദ്യാഭ്യാസ വായ്പയിന്മേല്‍ ലഭിച്ചിരുന്ന നികുതിയിളവും പുതിയ പദ്ധതി തെരഞ്ഞെടുത്താല്‍ കിട്ടില്ല.

  • ചാരിറ്റി സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സംഭാവനകളിന്മേല്‍ 80 ജി പ്രകാരം ലഭിച്ചിരുന്ന ആനുകൂല്യവും ഇല്ലാതാവും.

  • ചുരുക്കത്തില്‍, സെക്ഷന്‍ 80സി, 80 സിസിസി, 80 സിസിഡി, 80 ഡി, 80 ഡിഡി, 80 ഡിഡിബി, 80 ഇ, 80 ഇഇ, 80ഇഇഎ, 80 ഇഇബി, 80 ജി, 80ജിജി, 80ജിജിഎ, 80ജിജിസി, 80ഐഎ, 80 ഐഎബി, 80 ഐഎസി, 80 ഐബി, 80 ഐബിഎ തുടങ്ങിയിലൂടെ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Ajaya Kumar
Ajaya Kumar  

Senior Correspondent

Related Articles
Next Story
Videos
Share it