ഭീഷണി വേണ്ട; നികുതി അടക്കുന്നവരോട് മാന്യമായി പെരുമാറണമെന്ന് കേന്ദ്ര ബോര്‍ഡ്

ഭീഷണിപ്പെടുത്തി ആദായ നികുതിയടപ്പിക്കുന്നത് നിര്‍ത്തണമെന്നും നികുതിദായകരോട് മാന്യമായി പെരുമാറണമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ചെയര്‍മാന്റെ കര്‍ശന നിര്‍ദേശം. ആദായ നികുതി ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വത്തോടെയും സുതാര്യതയോടെയുമാണ് ജോലി ചെയ്യേണ്ടതെന്നും ബോര്‍ഡ് ചെയര്‍മാന്‍ രവി അഗര്‍വാള്‍ ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. നികുതി പിരിക്കുന്നതിന് സര്‍ക്കാര്‍ വ്യക്തമായ മാർഗനിർദേശങ്ങൾ നല്‍കുന്നുണ്ട്. ഇത് ഉപയോഗിക്കുന്നതിന് പകരം നികുതിദായകരെ ഭീഷണിപ്പെടുത്തുന്നത് ശരിയല്ല. അവരോടുള്ള ഇടപെടലുകള്‍ വിവേകത്തോടു കൂടിയുള്ളതാകണമെന്നും ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി.

ഉന്നത തലത്തില്‍ അഴിച്ചുപണി

അതിനിടെ, രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരടക്കം ആദായ നികുതി വകുപ്പിലെ നിരവധി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി കേന്ദ്ര റവന്യു വകുപ്പില്‍ വന്‍ അഴിച്ചുപണി. പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍, ചീഫ് കമ്മീഷണര്‍ പദവികളിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 60 പേരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റിയത്. ഇതില്‍ ഒമ്പത് പേര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ തസ്തികയില്‍ ഉള്ളവരാണ്. നാല്‍പത് പേര്‍ക്ക് പ്രൊമോഷനോടു കൂടിയുള്ള സ്ഥലം മാറ്റമാണ്. 20 പേരെ വകുപ്പിലെ മറ്റ് ഓഫീസുകളിലേക്കാണ് മാറ്റിയത്.

Related Articles

Next Story

Videos

Share it