പുതുവര്‍ഷ സമ്മാനം! കേരളത്തിന് മുന്‍കൂറായി കേന്ദ്രത്തിന്റെ ₹1,400 കോടി നികുതി വിഹിതം

കേന്ദ്രത്തിന്റെ നികുതി സമാഹരണത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതമായി 2024 ജനുവരി 10ന് നല്‍കേണ്ട തുക ഉത്സവകാലവും പുതുവര്‍ഷവും പരിഗണിച്ച് നേരത്തേ വിതരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. മൊത്തം 72,961.21 കോടി ഡിസംബര്‍ 11ന് തന്നെ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തുവെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

സാമൂഹിക ക്ഷേമ പദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസന സ്‌കീമുകള്‍ തുടങ്ങിയവയ്ക്ക് പ്രയോജനപ്പെടുത്താനായാണ് നികുതിവിഹിതം കൈമാറിയത്.
കേരളത്തിന് ₹1,404 കോടി
കേരളത്തിന് 1,404.50 കോടി രൂപയാണ് അനുവദിച്ചതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി. സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന സംസ്ഥാന സര്‍ക്കാരിന് ക്രിസ്മസ്-പുതുവത്സര കാലത്ത് കിട്ടിയ 'സമ്മാനമായി' നേരത്തേയുള്ള ഈ നികുതിവിഹിത വിതരണം മാറിയിട്ടുണ്ട്.
ക്ഷേമ പെന്‍ഷന്‍ വിതരണത്തിനടക്കം പണം കണ്ടെത്തായി ഈയാഴ്ച ആദ്യം 2,000 കോടി രൂപ കടമെടുത്ത സംസ്ഥാന സര്‍ക്കാര്‍, ക്രിസ്മസിന് ശേഷം 1,100 കോടി രൂപ കൂടി കടമെടുക്കുമെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ്, കേന്ദ്രത്തിന്റെ നികുതിവിഹിതം നേരത്തേ ലഭിക്കുന്നത്.
ഏറ്റവും കൂടുതല്‍ യു.പിക്ക്
ധനമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇപ്പോഴത്തെ നികുതിവിഹിത വിതരണത്തില്‍ ഏറ്റവുമധികം തുക ലഭിക്കുന്നത് ഉത്തര്‍പ്രദേശിനാണ് (13,088.51 കോടി രൂപ). ബിഹാറിന് 7,338.44 കോടി രൂപയും മധ്യപ്രദേശിന് 5,727.44 കോടി രൂപയും ബംഗാളിന് 5,488.88 കോടി രൂപയും ലഭിച്ചു. ഏറ്റവും കുറവ് ഗോവയ്ക്കും (281.63 കോടി രൂപ) സിക്കിമിനുമാണ് (283.10 കോടി രൂപ).
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it