₹9,000 കോടി നികുതി വെട്ടിച്ചു; ഓപ്പോയ്ക്കും ഷവോമിക്കും വിവോയ്ക്കുമെതിരെ കേന്ദ്ര അന്വേഷണം

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ (Oppo), വിവോ (Vivo), ഷവോമി (Xiaomi) എന്നിവയും കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ലെനോവോയും (Lenovo) ഇന്ത്യയില്‍ 9,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇറക്കുമതി തീരുവ (customs duty), ജി.എസ്.ടി (GST) എന്നിവയാണ് വെട്ടിച്ചതെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭയില്‍ പറഞ്ഞു. 2018-19നും 2022-23നും മദ്ധ്യേയാണ് വെട്ടിപ്പ് നടത്തിയത്. കമ്പനികള്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

വെട്ടിപ്പില്‍ മുന്നില്‍ ഓപ്പോ
5,086 കോടി രൂപയുടെ നികുതി വെട്ടിച്ച് ഓപ്പോയാണ് ഇക്കാര്യത്തില്‍ മുന്നിലെന്ന് മന്ത്രി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 4,403 കോടി രൂപ ഇറക്കുമതി തീരുവയും 683 കോടി രൂപ ജി.എസ്.ടിയുമാണ്.
2,923.25 കോടി രൂപയാണ് വിവോ വെട്ടിച്ചത്. 2,875 കോടി രൂപയുടെ ഇറക്കുമതി തീരുവയും 48.25 കോടി രൂപയുടെ ജി.എസ്.ടിയും ചേരുന്നതാണിത്. ഷവോമി 851.14 കോടി രൂപയും വെട്ടിച്ചിട്ടുണ്ട്. ഇതില്‍ 682.51 കോടി രൂപ ഇറക്കുമതി തീരുവയാണ്; 168.63 കോടി രൂപ ജി.എസ്.ടിയും.
കമ്പനികളില്‍ നിന്ന് 1,629.87 കോടി രൂപ തിരിച്ചുപിടിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ഓപ്പോയില്‍ നിന്ന് 1,214.83 കോടി രൂപയും വിവോയില്‍ നിന്ന് 168.25 കോടി രൂപയും ഷവോമിയില്‍ നിന്ന് 92.8 കോടി രൂപയും തിരിച്ചുപിടിചിട്ടുണ്ട്. കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ലെനോവോ 42.36 കോടി രൂപ വെട്ടിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് അനധികൃതമായി ചൈനയിലെ മാതൃസ്ഥാപനത്തിലേക്ക് പണംതിരിമറി നടത്തിയാണ് കമ്പനികള്‍ നികുതി വെട്ടിച്ചത്. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുടെ വാര്‍ഷിക വിറ്റുവരവ് ഇന്ത്യയില്‍ 2021-22ല്‍ 1.5 ലക്ഷം കോടി രൂപയായിരുന്നു; 75,000ഓളം ജീവനക്കാരുമുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it