ജി.എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ പൊരുത്തക്കേട്; പുതിയ മാറ്റങ്ങള്‍ ഇതാണ്

1. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ITC) തെറ്റായി എടുക്കുകയോ ഉപയോഗിക്കുകയോ ചെയ്താല്‍ ഇവ കണ്ടുപിടിച്ചു ഡിമാന്‍ഡ് ചെയ്യുന്ന സമയം ദീര്‍ഘിപ്പിച്ചിരിക്കുന്നു എന്നറിയാന്‍ കഴിഞ്ഞു. ഇതിന്റെ സമയപരിധിയെ കുറിച്ച് വിശദമാക്കാമോ?

ജി.എസ്.ടി നിയമം സെക്ഷന്‍ 73 പ്രകാരം നികുതി കുറച്ച് അടയ്ക്കുന്നത്, തെറ്റായി റീഫണ്ട് കൊടുക്കുന്നത് അല്ലെങ്കില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തെറ്റായി പ്രയോജനപ്പെടുത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നത് ( Input tax credit wrongly availed and utilized ) ഈ സന്ദര്‍ഭങ്ങളില്‍ നികുതിദായകരുടെ പക്കല്‍ നിന്ന് ടാക്സുകള്‍ ഡിമാന്‍ഡ് ചെയ്യാനും ഒപ്പം സെക്ഷന്‍ 50 പ്രകാരം പലിശയും പിഴയും ചുമത്താനുള്ള അധികാരം ഓഫീസര്‍മാര്‍ക്കുണ്ട്.

ഇതില്‍ വഞ്ചന, വസ്തുതയെ മന:പൂര്‍വം മറച്ചുവെയ്ക്കല്‍ എന്നിവ ബാധകമല്ല. ഇങ്ങനെ നികുതി ചോര്‍ച്ച കണ്ടുപിടിച്ചാല്‍ ഓഫീസര്‍മാര്‍ കാരണംകാണിക്കല്‍ നോട്ടീസ് അയക്കുകയും പിഴ ആവശ്യപ്പെടുകയും ചെയ്യുന്നു. സെക്ഷന്‍ 73 (1) പ്രകാരം നോട്ടീസ് അയക്കുമ്പോള്‍ കുറഞ്ഞത് സെക്ഷന്‍ 73 (10) പ്രകാരം പറയുന്ന സമയപരിധിക്കു മൂന്നുമാസം മുന്‍പായിട്ടെങ്കിലും അയച്ചിരിക്കണം. സെക്ഷന്‍ 73 (10) പറയുന്നത് ഒരു സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക വരുമാനം ഫയല്‍ ചെയ്യേണ്ട അവസാന തീയതി മുതല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഓര്‍ഡര്‍ ഇഷ്യൂ ചെയ്തിരിക്കണം എന്നുള്ളതാണ്.

Notification No. 13/2022 cetnral tax dated 5.07.2022 പ്രകാരം 2017-18 സാമ്പത്തിക വര്‍ഷത്തിലെ സെക്ഷന്‍ 73(9) ഓര്‍ഡര്‍ 2023 സെപ്റ്റംബര്‍ 30 വരെ നീട്ടിയിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ 2017-18ലെ ഡിമാന്റുമായി ബന്ധപ്പെട്ട നോട്ടീസ് 2023 ജൂണ്‍ 30ന് മുമ്പായി ഇഷ്യൂ ചെയ്താല്‍ മാത്രമേ സെക്ഷന്‍ 73 പ്രകാരമുള്ള ഡിമാന്‍ഡിന് നിയമപരമായി നിലനില്‍പുള്ളൂ. സുപ്രീകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2020 മാര്‍ച്ച് തുടങ്ങി 2022 ഫെബ്രുവരി വരെ പരിമിതി കാലയളവ് സെക്ഷന്‍ 73 (10) പ്രകാരം നീട്ടിക്കൊടുത്തിട്ടുണ്ട്.

2. ജി.എസ്.ടി നിയമത്തിലെ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ GSTR 2 A, GSTR 3 B പൊരുത്തക്കേട് (Mismatching) വരുന്നുണ്ട്. ഇപ്രകാരം നിരവധി നോട്ടീസുകള്‍ നികുതി ദായകര്‍ക്കു ലഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും പുതിയ മാറ്റങ്ങള്‍ഉണ്ടോ?

ജി.എസ്.ടി നിയമത്തിലെ തുടക്കത്തില്‍ പ്രത്യേകിച്ച് മൂന്ന് വര്‍ഷത്തോളം മേല്‍പ്പറഞ്ഞ പൊരുത്തക്കേട് മിക്ക വ്യാപാരികള്‍ക്കും ഇരുട്ടടിയായി. കണ്‍സള്‍ട്ടന്റുമാരും വ്യവസായി സമൂഹവും നിരവധി അപേക്ഷകള്‍ നല്‍കിയതിന്റെ വെളിച്ചത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ ഒരു സര്‍ക്കുലര്‍ ഇതുമായി ബന്ധപ്പെട്ടു പുറപ്പെടുവിക്കുകയുണ്ടായി. സര്‍ക്കുലര്‍ No. 183 ല്‍ രേഖപ്പെടുത്തിയത് പോലെ GSTR 2A & GSTR 3B റിട്ടേണ്‍ പ്രകാരം ഐ.ടിസിയുടെ വ്യത്യാസം നികുതി ഇനത്തില്‍ ഒരുവര്‍ഷം 5 ലക്ഷത്തില്‍ കുറവാണെങ്കില്‍ നികുതി ദായകര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു ഡിക്ലറേഷന്‍ കൊടുത്താല്‍ മതിയാകും.

ഇവിടെ സാക്ഷ്യപ്പെടുത്തേണ്ട കാര്യം വില്‍ക്കല്‍, വാങ്ങല്‍ തുടങ്ങിയവ ശരിയാണെന്നും goods അഥവാ service ലഭിച്ചിട്ടുണ്ടെന്നും കൃത്യമായി റിട്ടേണ്‍ ഫയല്‍ ചെയ്തു എന്നുള്ള കാര്യങ്ങളാണ്. എന്നിരുന്നാലും മേല്‍പ്പറഞ്ഞ വ്യത്യാസം 5 ലക്ഷത്തിനു മുകളിലാണെങ്കില്‍ ഒരു സി.എ അഥവാ സി.എം.എയെ സാക്ഷ്യപ്പെടുത്തി വേണം ഇതു ഓഫീസര്‍ക്കു മുന്‍പാകെ സമര്‍പ്പിക്കാന്‍. ഈ പറഞ്ഞ ആനുകൂല്യം Circular 183 GST നിയമത്തിലെ ആരംഭവര്‍ഷങ്ങളായ 2017-18, 2018-19ലുമാണ് ബാധകമാകുന്നത്. ഇതിന്റെ വെളിച്ചത്തില്‍ ഓഫീസര്‍മാര്‍ പൊരുത്തക്കേട് (mismatch) പ്രകാരമുള്ള ഡിമാന്റുകള്‍ ഒഴിവാക്കേണ്ടതാണ്. അസസ്മെന്റ് നടന്നുകൊണ്ടിരിക്കുന്ന അവസ്ഥയിലും അപ്പീല്‍ ഫയല്‍ ചെയ്ത കേസിലും ഈ സര്‍ക്കുലര്‍ ബാധകമാണ്്.

(തയ്യാറാക്കിയത്: സി. എ സ്റ്റാൻലി ജെയിംസ് -എറണാകുളത്തെ പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും ജി.എസ്.ടി കണ്‍സള്‍ട്ടന്റുമായ ലേഖകന്‍ Saju & Coയിലെ മാനേജിംഗ് പാര്‍ട്ണറും H&S കണ്‍സള്‍ട്ടന്റ് കമ്പനിയുടെ ഡയറക്റ്ററുമാണ്. ജി.എസ്.ടി എന്ത്, എങ്ങനെ എന്ന പുസ്തകവും രചിച്ചിട്ടുണ്ട് Mob: 98471 48622)

(This story was published in the15th April 2023 issues of Dhanam Magazine)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it