ഡിമാന്‍ഡ് വര്‍ധന; കോര്‍പ്പറേറ്റ് നികുതി വരുമാനം ജിഡിപിയുടെ 3% കവിഞ്ഞു

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2021-22-ല്‍ കോര്‍പ്പറേറ്റ് നികുതി വരുമാനം ജിഡിപിയുടെ 3 ശതമാനം കവിഞ്ഞു. ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഡിമാന്‍ഡ് വര്‍ധിച്ചത് ഇന്ത്യല്‍ കമ്പനികളുടെ ലാഭത്തില്‍ മൊത്തത്തിലുള്ള വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നു. 2018-19 ല്‍ കോര്‍പ്പറേറ്റ് നികുതി പിരിവ് ജിഡിപിയുടെ 3.51 ശതമാനം കവിഞ്ഞതാണ് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. 2021-22 ലെ മൊത്തം കോര്‍പ്പറേറ്റ് നികുതി പിരിവ് 7.12 ലക്ഷം കോടി രൂപയാണ്. മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) നിലവിലെ വിപണി വിലയില്‍ 236.64 ലക്ഷം കോടി രൂപയാണ്.

2019 സെപ്റ്റംബറില്‍ നികുതി നിരക്ക് കുറയ്ക്കുമ്പോള്‍, 2019 ഒക്ടോബര്‍ 1-നോ അതിനുശേഷമോ സംയോജിപ്പിച്ച ഏതൊരു പുതിയ ആഭ്യന്തര കമ്പനിക്കും ഉല്‍പ്പാദനത്തില്‍ പുതിയ നിക്ഷേപം നടത്തുകയാണെങ്കില്‍, 15 ശതമാനം നിരക്കില്‍ ആദായനികുതി അടയ്ക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു.2023 മാര്‍ച്ച് 31-നോ അതിനുമുമ്പോ വരെയായിരുന്നു ഇതിന്റെ കാലാവധി. പിന്നീട് ഈ കാലയളവ് 2024 മാര്‍ച്ച് വരെ നീട്ടി. കൂടാതെ ഇളവുകളും പ്രോത്സാഹനങ്ങളും ഉപേക്ഷിച്ചാല്‍ 22 ശതമാനം കുറഞ്ഞ നിരക്കില്‍ നികുതി അടയ്ക്കാനുള്ള ഓപ്ഷനും ആഭ്യന്തര കമ്പനികള്‍ക്ക് നല്‍കി.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, മൊത്ത കോര്‍പ്പറേറ്റ് നികുതി പിരിവ് 7.20 ലക്ഷം കോടി രൂപയായി ബജറ്റ് കണക്കാക്കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ഡിസംബര്‍ മധ്യത്തില്‍ അറ്റ കോര്‍പ്പറേറ്റ് നികുതി പിരിവ് 6.06 ലക്ഷം കോടി രൂപയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപിയുടെ മുന്‍കൂര്‍ എസ്റ്റിമേറ്റ് ജനുവരി 6 ന് പുറത്തുവിടും. അതേസമയം ഈ സാമ്പത്തിക വര്‍ഷത്തെ കോര്‍പ്പറേറ്റ് നികുതി പിരിവിന്റെ പുതുക്കിയ എസ്റ്റിമേറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ പുറത്തിറക്കും.

Related Articles

Next Story

Videos

Share it