കോവിഡ് ചികിത്സയ്ക്ക് ആദായ നികുതി കിഴിവ് ലഭിക്കുമോ?

കോവിഡ് 19 ന്റെ രണ്ടാം തരംഗം ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തില്‍ ആദായനികുതി വകുപ്പ് വളരെയധികം കിഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് ചികിത്സയ്ക്ക് വേണ്ടി വരുന്ന ചെലവുകള്‍ക്ക് ആദായനികുതി കിഴിവ് ലഭിക്കുമോ? നികുതിദായകര്‍ അറിഞ്ഞിരിക്കേണ്ട കാര്യമാണിത്.

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട കിഴിവുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. ജൂണ്‍ 25ന് ആദായനികുതി വകുപ്പ് പ്രഖ്യാപിച്ച നികുതി ഇളവുകള്‍:

കോവിഡ് ചികിത്സയ്ക്കു വേണ്ടി തൊഴിലുടമയില്‍ നിന്നോ മറ്റു വ്യക്തികളില്‍ നിന്നോ ധനസഹായം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിനെ വരുമാനമായി കണക്കാക്കി ആദായ നികുതി കൊടുക്കേണ്ട ആവശ്യമില്ല. 2019-2020 സാമ്പത്തിക വര്‍ഷത്തിലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇത് ബാധകമാണ്.

2. ആദായനികുതി നിയമത്തിലെ വകുപ്പ് 80D പ്രകാരമുള്ള കിഴിവ്:

ആദായനികുതി നിയമത്തിലെ 80 D അനുസരിച്ച് ചികിത്സാ ചെലവുകള്‍ പരമാവധി 50,000 രൂപ വരെ ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ്. ഏതൊക്കെ അസുഖങ്ങള്‍ക്കാണ് ലഭിക്കുക എന്നത് നിയമത്തില്‍ വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ കോവിഡ് -19ന്റെ ചികിത്സാ ചെലവുകള്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നതാണ്. താഴെ ചേര്‍ക്കുന്ന വ്യക്തികള്‍ക്കാണ് 80D അനുസരിച്ച് ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ള വ്യക്തികള്‍ക്ക് ഇങ്ങനെ ക്ലെയിം ചെയ്യുവാന്‍ സാധിക്കില്ല. കൂടാതെ പണമായി (കാഷ് മോഡ്) നടത്തുന്ന ചെലവുകളും ഇങ്ങനെ ക്ലെയിം ചെയ്യുവാന്‍ സാധിക്കില്ല.

a. മുതിര്‍ന്ന പൗരന്മാര്‍ക്ക്

b. മുതിര്‍ന്ന പൗരന്മാരുടെ അച്ഛന്റെ അല്ലെങ്കില്‍ അമ്മയുടെ ചികിത്സയ്ക്കു വേണ്ടി

c. മുതിര്‍ന്ന പൗരന്മാരുടെ ഭാര്യ, മക്കള്‍ , ആശ്രിതര്‍ തുടങ്ങിവരുടെ ചികിത്സയ്ക്ക് വേണ്ടി

d. മുതിര്‍ന്ന പൗരന്മാര്‍ അല്ലാത്തവരുടെ 60 വയസ്സ് കഴിഞ്ഞ അച്ഛന്റെ അല്ലെങ്കില്‍ അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി

3. ആദായനികുതി നിയമത്തിലെ വകുപ്പ് 80DDB അനുസരിച്ച് ചില രോഗങ്ങളുടെ ചികിത്സയ്ക്ക് വേണ്ടി വരുന്ന ചെലവുകള്‍ കിഴിവായി ലഭിക്കുന്നതാണ്. എന്നാല്‍ കോവിഡ് - 19 ആ 'പ്രത്യേക' രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.
Related Articles

Next Story

Videos

Share it