

ജിഎസ്ടി കണക്കില്‍ വ്യത്യാസം കണ്ടാല്‍ ഉടന്‍ തട്ടിപ്പെന്ന് മുദ്രകുത്തി നികുതിയും കനത്ത പിഴയും ആവശ്യപ്പെടുന്ന രീതിക്ക് നിയന്ത്രണം. നികുതി വെട്ടിക്കാന്‍ മനഃപൂര്‍വം ശ്രമിച്ചുവെന്നതിന് വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ തട്ടിപ്പുമായി ബന്ധപ്പെട്ട കടുത്ത വ്യവസ്ഥകള്‍ പ്രയോഗിക്കാവൂ എന്ന് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര പരോക്ഷ നികുതി-കസ്റ്റംസ് ബോര്‍ഡ് (സിബിഐസി) നിര്‍ദേശം.
നികുതി അടച്ചില്ല, റിട്ടേണുകളുടെ പരിശോധനയില്‍ പൊരുത്തക്കേട് കണ്ടെത്തി എന്നിവ മാത്രം ശിക്ഷാ നടപടിക്ക് മതിയായ കാരണമാകില്ല. തട്ടിപ്പ് നടന്നുവെന്ന നിഗമനത്തിലെത്താന്‍ സഹായിച്ച തെളിവുകള്‍ കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തമാക്കണം. സിജിഎസ്ടി നിയമത്തിലെ വകുപ്പ് 74(1), വകുപ്പ് 74എ(5)(ii) എന്നിവ പ്രയോഗിക്കുന്നതിലാണ് പുതിയ സര്‍ക്കുലര്‍ വ്യക്തത വരുത്തുന്നത്.
റിട്ടേണിലും രേഖകളിലും കണ്ടെത്തുന്ന എല്ലാ വീഴ്ചകള്‍ക്കും ഒരേ സ്വഭാവമല്ലെന്നതാണ് നിര്‍ദേശത്തിന്റെ കാതല്‍. ഒരു വിവരം വിട്ടുപോയതാണോ, നിയമ വ്യാഖ്യാനത്തിലെ തര്‍ക്കമാണോ, അതോ നികുതി കുറയ്ക്കാന്‍ ബോധപൂര്‍വം നടത്തിയ നീക്കമാണോ എന്ന് അന്വേഷണത്തിലൂടെ തിരിച്ചറിയണം. രേഖകള്‍ പരിശോധിക്കുന്നതിന്റെ ലക്ഷ്യം പ്രശ്‌നം കണ്ടെത്തുകയും അതിന്റെ സ്വഭാവം മനസ്സിലാക്കുകയുമാണ്; തട്ടിപ്പ് നടന്നുവെന്ന് മുന്‍കൂട്ടി ഉറപ്പിക്കലല്ലെന്ന് സിബിഐസി വിശദീകരിക്കുന്നു.
റിട്ടേണിലോ മറ്റ് രേഖകളിലോ നിര്‍ബന്ധമായും നല്‍കേണ്ട വിവരം വെളിപ്പെടുത്താതിരിക്കല്‍, ഉദ്യോഗസ്ഥര്‍ പ്രത്യേകം ആവശ്യപ്പെട്ട വിവരം നല്‍കാതിരിക്കല്‍ എന്നിവ വസ്തുതകള്‍ മറച്ചുവെക്കുന്നതിന്റെ നിയമപരമായ നിര്‍വചനത്തില്‍ ഉള്‍പ്പെടും. എന്നാല്‍, തട്ടിപ്പുസംബന്ധിയായ വ്യവസ്ഥകള്‍ ചുമത്താന്‍ ഇതുമാത്രം പോരാ. നികുതി ബാധ്യത ഒഴിവാക്കാനോ കുറയ്ക്കാനോ ലക്ഷ്യമിട്ടുള്ള പ്രവൃത്തിയായിരുന്നു അതെന്ന് തെളിയിക്കണം. ശരിയായ വിവരം നല്‍കുന്നതിലെ കേവലമായ വിട്ടുപോകലിനെ മനഃപൂര്‍വമായ മറച്ചുവെക്കലായി കാണാനാവില്ല.
സംരംഭങ്ങള്‍ക്ക് ഈ വ്യക്തത വരുത്തല്‍ നിര്‍ണായകമാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട നടപടികളില്‍ നികുതിത്തുകയുടെ 15 ശതമാനം മുതല്‍ 100 ശതമാനം വരെ പിഴ വരാം. കാരണം കാണിക്കല്‍ നോട്ടീസിനും തുടര്‍നടപടികള്‍ക്കും ആനുപാതികമായി ഏത് ഘട്ടത്തില്‍ പണമടയ്ക്കുന്നു എന്നതിനെ ആശ്രയിച്ചാണ് പിഴയുടെ തോത് മാറുന്നത്. അതുകൊണ്ടുതന്നെ സാധാരണ വീഴ്ചയെ തട്ടിപ്പായി കണക്കാക്കുന്നത് സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യത കുത്തനെ ഉയര്‍ത്താം.
സുപ്രീംകോടതിയുടെയും ഹൈക്കോടതികളുടെയും വിധികള്‍ പരാമര്‍ശിച്ചാണ് സിബിഐസി ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം ഓര്‍മിപ്പിച്ചിരിക്കുന്നത്. തട്ടിപ്പ്, മനഃപൂര്‍വമായ തെറ്റായ പ്രസ്താവന, വസ്തുതകള്‍ മറച്ചുവെക്കല്‍ എന്നീ ആരോപണങ്ങള്‍ നോട്ടീസില്‍ ആവര്‍ത്തിച്ചാല്‍ മാത്രം മതിയാകില്ല. അവയ്ക്ക് ആധാരമായ സംഭവങ്ങളും തെളിവുകളും വ്യക്തമാക്കണം.
ഒക്ടോബര്‍ എട്ടിന് നടന്ന 57ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലെ തീരുമാനങ്ങളുടെ തുടര്‍ച്ചയായാണ് സര്‍ക്കുലര്‍. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, ജിഎസ്ടി നിയമത്തിലെ ക്രിമിനല്‍ നടപടികള്‍ ലഘൂകരിക്കുന്നതിനുള്ള മാറ്റങ്ങള്‍ക്കും തീരുമാനമെടുത്തിരുന്നു. നികുതി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം ഒഴിവാക്കുക, പ്രോസിക്യൂഷന്‍ നടപടിക്കുള്ള പരിധി ഒരു കോടി രൂപയില്‍നിന്ന് അഞ്ച് കോടി രൂപയാക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഈ മാറ്റങ്ങള്‍ ഇതിനകം അതേപടി പ്രാബല്യത്തിലായെന്ന് കരുതാനാവില്ല. നിയമഭേദഗതികള്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമാണ്. 2027 ഏപ്രില്‍ ഒന്നുമുതല്‍ അവ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനരീതിയില്‍ വരുത്തേണ്ട മാറ്റങ്ങളാണ് ഇപ്പോള്‍ സര്‍ക്കുലറുകളിലൂടെ നിര്‍ദേശിക്കുന്നത്.
പുതിയ നിര്‍ദേശം നികുതി കുടിശികയ്ക്കുള്ള പൊതുമാപ്പുമല്ല. തട്ടിപ്പ് തെളിയിക്കാനായില്ലെങ്കിലും നിയമപ്രകാരം അടയ്ക്കാനുള്ള നികുതിയും ബാധകമായ പലിശയും നിലനില്‍ക്കും. എന്നാല്‍, അതിനൊപ്പം തട്ടിപ്പിന്റെ പേരിലുള്ള കടുത്ത പിഴ ആവശ്യപ്പെടണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി വ്യക്തമായ തെളിവ് മുന്നോട്ടുവെക്കേണ്ടിവരും.
Read DhanamOnline in English
Subscribe to Dhanam Magazine