

ഓഹരി വിപണിയിലെ ട്രേഡർമാരിലും നിക്ഷേപകരിലും ഭൂരിഭാഗം പേരും ഇൻകം ടാക്സ് റിട്ടേൺ (ITR) ഫയൽ ചെയ്യാൻ അവസാന നിമിഷം വരെ കാത്തിരിക്കുന്നവരാണ്. ജൂലൈ മാസത്തിലെ അവസാന ദിവസങ്ങളിലെ തിരക്കിൽ പെട്ട് റിട്ടേൺ സമർപ്പിക്കുന്ന ഈ 'ലാസ്റ്റ് മിനിറ്റ് ഫയലിംഗ്' രീതി ട്രേഡർമാർക്ക് വരുത്തിവെക്കുന്നത് വലിയ സാമ്പത്തിക ബാധ്യതകളാണ്. വെറുമൊരു നികുതി അടയ്ക്കൽ എന്നതിനപ്പുറം കൃത്യമായ സ്ട്രാറ്റജിയോടെ സമീപിക്കേണ്ട ഒന്നാണ് ട്രേഡർമാരുടെ ടാക്സ് ഫയലിംഗ്. അവസാന നിമിഷം ഐടിആർ ഫയൽ ചെയ്യുമ്പോൾ സംഭവിക്കുന്ന 4 പ്രധാന അബദ്ധങ്ങൾ ഇവയാണ്:
ഓഹരി വിപണിയിലെ വ്യാപാരത്തിൽ ലാഭം പോലെ തന്നെ സ്വാഭാവികമാണ് നഷ്ടങ്ങളും. ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്ഷൻസ് (F&O), ഇൻട്രാഡേ ട്രേഡിംഗ് എന്നിവയിൽ സംഭവിക്കുന്ന നഷ്ടങ്ങൾ (Trading Losses) അടുത്ത വർഷങ്ങളിലെ ലാഭവുമായി അഡ്ജസ്റ്റ് ചെയ്യാനും (Set-off), വരും വർഷങ്ങളിലേക്ക് മാറ്റിവെക്കാനും (Carry forward) ആദായനികുതി നിയമപ്രകാരം സാധിക്കും. എന്നാൽ ജൂലൈ 31 എന്ന നിശ്ചിത സമയപരിധി കഴിഞ്ഞ് റിട്ടേൺ ഫയൽ ചെയ്താൽ (Belated Return) ഈ ആനുകൂല്യം പൂർണ്ണമായും നഷ്ടമാകും. ഇത് ഭാവിയിൽ നിങ്ങളുടെ നികുതി ബാധ്യത ലക്ഷക്കണക്കിന് രൂപ വർദ്ധിപ്പിക്കാൻ ഇടയാക്കും.
നിങ്ങൾ വിപണിയിൽ നടത്തുന്ന ഓരോ ഇടപാടും ഓഹരികളിൽ നിന്നുള്ള ഡിവിഡന്റും ബ്രോക്കർമാർ കൃത്യമായി ആദായനികുതി വകുപ്പിന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് നിങ്ങളുടെ ആനുവൽ ഇൻഫർമേഷൻ സ്റ്റേറ്റ്‌മെന്റിൽ (AIS) പ്രതിഫലിക്കും. പലപ്പോഴും ബ്രോക്കർ നൽകുന്ന പ്രോഫിറ്റ് ആൻഡ് ലോസ് (P&L) സ്റ്റേറ്റ്‌മെന്റും ടാക്സ് പോർട്ടലിലെ വിവരങ്ങളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടാകാറുണ്ട്. അവസാന നിമിഷമാണ് ഫയൽ ചെയ്യുന്നതെങ്കിൽ ഇവ പരിശോധിച്ച് തിരുത്താൻ സമയം ലഭിക്കില്ല. ഇത് പിന്നീട് ഡിഫെക്റ്റീവ് റിട്ടേൺ നോട്ടീസുകൾ (Defective Return Notices) ലഭിക്കുന്നതിന് കാരണമാകും.
ഓഹരി വിപണിയിൽ നിന്നുള്ള എല്ലാ വരുമാനവും ഒരേ കാറ്റഗറിയിലല്ല വരുന്നത്. ഡെലിവറി അടിസ്ഥാനമാക്കിയുള്ള നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം ക്യാപിറ്റൽ ഗെയിൻ ആയി കാണിച്ച് ഐടിആർ-2 (ITR-2) ആണ് ഫയൽ ചെയ്യേണ്ടത്. എന്നാൽ എഫ് ആൻഡ് ഒ (F&O), ഇൻട്രാഡേ ട്രേഡിംഗ് നടത്തുന്നവർ ഇതിനെ ഒരു ബിസിനസ് വരുമാനമായി കണക്കാക്കി നിർബന്ധമായും ഐടിആർ-3 (ITR-3) ഫോം വേണം തിരഞ്ഞെടുക്കാൻ. അവസാന നിമിഷത്തെ തിരക്കിൽ തെറ്റായ ഫോം തിരഞ്ഞെടുക്കുന്നത് വലിയ നിയമക്കുരുക്കുകൾക്ക് വഴിവെക്കും.
എഫ് ആൻഡ് ഒ ട്രേഡിംഗ് ടേണോവർ നിശ്ചിത പരിധി കടക്കുകയോ, അല്ലെങ്കിൽ ട്രേഡിംഗിൽ വലിയ നഷ്ടം സംഭവിക്കുകയും അതേസമയം നിങ്ങളുടെ ആകെ വരുമാനം നികുതി പരിധിക്ക് മുകളിലാവുകയും ചെയ്താൽ അക്കൗണ്ടുകൾ ഒരു ചാർട്ടേഡ് അക്കൗണ്ടന്റിനെക്കൊണ്ട് (CA) ഓഡിറ്റ് ചെയ്യിക്കേണ്ടതുണ്ട്. ജൂലൈ അവസാന വാരം മാത്രമാണ് ഓഡിറ്റ് ആവശ്യമുണ്ടെന്ന് തിരിച്ചറിയുന്നതെങ്കിൽ കൃത്യസമയത്ത് ഇത് പൂർത്തിയാക്കാൻ സാധിക്കാതെ വരികയും പിഴയൊടുക്കേണ്ടി വരികയും ചെയ്യും.
നികുതി വിദഗ്ധരുടെ അഭിപ്രായത്തിൽ, ട്രേഡർമാർക്ക് ടാക്സ് ഫയലിംഗ് എന്നത് കൃത്യമായ ആസൂത്രണം ആവശ്യമുള്ള ഒന്നാണ്. നേരത്തെ തന്നെ ഫയലിംഗ് പൂർത്തിയാക്കുന്നത് കോംപ്ലയൻസ് ഭാരങ്ങൾ ഒഴിവാക്കാനും നിങ്ങളുടെ നഷ്ടങ്ങൾ കൃത്യമായി ക്ലെയിം ചെയ്ത് നികുതി ലാഭിക്കാനും സഹായിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine