
ഒക്ടോബർ ഒന്നുമുതൽ ആമസോണും ഫ്ലിപ്കാർട്ടും പോലുള്ള ഇ-കോമേഴ്‌സ് പ്ലാറ്റ് ഫോമുകൾ തങ്ങളുടെ സപ്ലയർമാരിൽ നിന്നും ഒരു ശതമാനം ടാക്സ് കളക്ഷൻ അറ്റ് സോഴ്സ് (ടിസിഎസ്) ഈടാക്കും.
ടാക്സ് കളക്ഷൻ അറ്റ് സോഴ്സ് അഥവാ സ്രോതസ്സിൽ നിന്നും നേരിട്ട് നികുതി ശേഖരിക്കുന്ന നടപടി ജൂലൈ ഒന്ന് മുതൽ നടപ്പാക്കായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
കേന്ദ്ര ധനമന്ത്രാലയം ഇതു സംബന്ധിച്ച നോട്ടിഫിക്കേഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. നോട്ടിഫിക്കേഷൻ അനുസരിച്ച് ഇ-കോമേഴ്‌സ് പ്ലാറ്റ് ഫോമിലൂടെ വില്പന നടത്തുന്ന ഒരു വ്യാപാരി സംസ്ഥാനത്തിനകത്ത് നടത്തുന്ന 2.5 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക് അവയുടെ വിലയുടെ 0.5 ശതമാനം ടിസിഎസ് ആയി ഇ-കോമേഴ്‌സ് കമ്പനിക്ക് നൽകേണ്ടി വരും.
ഇതുകൂടാതെ 0.5 ശതമാനം എസ്.ജി.എസ്.ടി ((SGST) ആയും നൽകേണ്ടി വരും. ഇതുസംബന്ധിച്ച നോട്ടിഫിക്കേഷൻ സംസ്ഥാന സർക്കാരുകൾ വൈകാതെ പുറത്തിറക്കുമെന്നാണ് അറിയുന്നത്. സംസ്ഥാനത്തിന് പുറത്തുള്ള 2.5 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക് രണ്ട് ശതമാനം ഇന്റഗ്രേറ്റഡ് ജിഎസ്ടിയാണ് (IGST) ഈടാക്കുക.
ഓരോ സാധനങ്ങളും വിറ്റുപോകുമ്പോൾ ഇപ്പറഞ്ഞ നികുതി കിഴിച്ച് വേണം ഇ-കോമേഴ്‌സ് കമ്പനി സെല്ലറിന് തുക കൈമാറാൻ. ഇ-കോമേഴ്‌സ് കമ്പനികൾ ജിഎസ്ടി യിൽ രജിസ്റ്റർ ചെയ്തിരിക്കണം.
നികുതി ശരിയായി അടക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താനും ഇത്തരം പണമിടപാടുകൾ നിരീക്ഷിക്കാനും വേണ്ടി സർക്കാർ ഏർപ്പെടുത്തിയതാണ് ടിസിഎസ്.
ചെറുതും വലുതുമായ വളരെയധികം വിൽപനക്കാർ ഇ-കോമേഴ്‌സ് പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കുന്നതിനാൽ, ടാക്സ് കോംപ്ലയൻസ് കൂടുതൽ സങ്കീർണമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine