ഇ-ഇന്‍വോയിസിംഗ്; 5 കോടി മുതല്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയേക്കും

5 കോടി രൂപയ്ക്കും അതിന് മുകളിലും വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് കേന്ദ്രം ജിഎസ്ടി ഇ-ഇന്‍വോയിസിംഗ് നിര്‍ബന്ധമാക്കിയേക്കും. നിലവില്‍ 20 കോടി മുതല്‍ വിറ്റുവരവുള്ളവയ്ക്കാണ് ഇ-ഇന്‍വോയിസിംഗ്. ഈ സാമ്പത്തിക വര്‍ഷം രണ്ട് ഘട്ടങ്ങളായി ഇ-ഇന്‍വോയിസിംഗിന്റെ പരിധി കുറയ്ക്കുമെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

ആദ്യം 10 കോടിയിലേക്കും പിന്നീട് 5 കോടിയിലേക്കും പരിധി താഴ്ത്തും. ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത വരുത്തുകയും ഡിജിറ്റലൈസ് ചെയ്യുകയുമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഓട്ടോമാറ്റിക് ഡാറ്റ എന്‍ട്രി, തെറ്റുകള്‍ ഒഴിവാക്കല്‍ തുടങ്ങിയവയും ഇ-ഇന്‍വോയിസിംഗ് നടപ്പാക്കുന്നതോടെ സാധ്യമാവും. കുറഞ്ഞത് ആറ് ഇന്‍വോയിസ് രജിസ്‌ട്രേഷന്‍ പോര്‍ട്ടലുകളെങ്കിലും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ജിഎസ്ടിഎന്‍. നിലവില്‍ എ്ല്ലാ ബിസിനസുകള്‍ക്കുമായി ഒരു പോര്‍ട്ടലാണ് ഉള്ളത്.

നികുതി വെട്ടിപ്പുകള്‍ കുറയ്ക്കാനും സര്‍ക്കാരിന്റെ വരുമാനം ഉയരാനും ഇ-ഇന്‍വോയിസിംഗ് സഹായിക്കുമെന്നാണ് മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയ്ക്ക് ഇത്തരം വ്യവസ്ഥാപിതമായ സമീപനം ആവശ്യമാണ്. ഇ-ഇന്‍വോയിസിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സൗകര്യങ്ങള്‍ രാജ്യത്തെ എല്ലാ മേഖലയിലും ഉണ്ടോ എന്നത് സംശയമാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റും വിബിവി & അസോസിയേറ്റ്‌സിന്റെ പാര്‍ട്ടറുമായ വര്‍ഗിസ് ജോസഫ് എം പറഞ്ഞു. നെറ്റ്‌വര്‍ക്ക്, അക്കൗണ്ടന്റുമാര്‍ തുടങ്ങി സ്ഥാപനങ്ങള്‍ക്ക് അധികച്ചെലവും ഇ-ഇന്‍വോയിംഗ് നടപ്പാക്കുമ്പോള്‍ ഉണ്ടാവും.

2020 ഒക്ടോബറിലാണ് കേന്ദ്രം ഇ-ഇന്‍വോയിസിംഗ് നടപ്പാക്കുന്നത്. അ്ന്ന് 500 കോടിക്കും അതിന് മുകളിലും വിറ്റുവരവുള്ള കമ്പനികള്‍ക്കായിരുന്നു ഇ-ഇന്‍വോയിസിംഗ്. പിന്നീട് പരിധി 100 കോടി, 50 കോടി,20 കോടി എന്നിങ്ങനെ യാഥാക്രമം കുറച്ചിരുന്നു.

Related Articles
Next Story
Videos
Share it