പ്രവാസിയുടെ വീടോ കെട്ടിടമോ വാടകയ്‌ക്കെടുത്തിട്ടുണ്ടോ? ഇക്കാര്യം ചെയ്തില്ലെങ്കില്‍ ഇന്‍കം ടാക്‌സില്‍ നിന്ന് പണികിട്ടും, എച്ച്.ആര്‍.എ ക്ലെയിം ചെയ്യുന്നവരും ശ്രദ്ധിക്കണം

ടി.ഡി.എസും സര്‍ചാര്‍ജുമടക്കം 31.2 ശതമാനം നികുതി പിടിക്കണം
rented property
canva
Published on

പ്രവാസികളില്‍ (NRI) പലരുടെയും നാട്ടിലെ പ്രധാന വരുമാന മാര്‍ഗമാണ് വാടക. വീടായും കൊമേഴ്‌സ്യല്‍ സ്‌പേസായുമൊക്കെ വലിയ നിക്ഷേപങ്ങള്‍ പ്രവാസികള്‍ നാട്ടില്‍ നടത്താറുണ്ട്. മിക്കവരും ഇത്‌ വാട്കയ്ക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. പക്ഷെ ഇവരില്‍ നിന്ന് വീടും വാണിജ്യ കെട്ടിടങ്ങളുമൊക്കെ വാടകയ്ക്ക് എടുക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നല്ല പണികിട്ടും. എന്താണെന്ന് വിശദമായി പറയാം.

ആരാണ് എന്‍.ആര്‍.ഐ

ആദ്യം എന്‍.ആര്‍.ഐ എന്ന നിര്‍വചനത്തില്‍ വരുന്നവര്‍ ആരാണെന്നു നോക്കാം. നിശ്ചിത സാമ്പത്തിക വര്‍ഷം 182 ദിവസത്തില്‍ താഴെ മാത്രം ഇന്ത്യയില്‍ താമസിക്കുന്നവര്‍, അല്ലെങ്കില്‍ കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷത്തിനിടെ 365 ദിവസത്തില്‍ താഴെ മാത്രം ഇന്ത്യയില്‍ ചെലവഴിച്ചിട്ടുള്ളവരോ അല്ലെങ്കില്‍ നിശ്ചിത സാമ്പത്തിക വര്‍ഷത്തില്‍ 60 ദിവസത്തില്‍ താഴെ മാത്രം ഇന്ത്യയിൽ താമസിച്ചിട്ടുള്ളവരോ ആണെങ്കിൽ അവരെ എന്‍.ആര്‍.ഐ ആയാണ് കണക്കാക്കുന്നത്. ഇന്ത്യയില്‍ നിന്ന് നേടുന്ന വരുമാനത്തിന് മാത്രമാണ് പ്രവാസികള്‍ ആദായ നികുതി അടയ്‌ക്കേണ്ടത്. രാജ്യത്തുള്ള പ്രോപ്പര്‍ട്ടിയില്‍ നിന്ന് ലഭിക്കുന്ന വാടക വരുമാനം ഉള്‍പ്പെടെയുള്ളവ ഇതില്‍ ഉള്‍പ്പെടും.

മുന്‍സിപ്പല്‍ ടാക്‌സുകളും മെയിന്റനന്‍സ് ആന്‍ഡ് റിപ്പയറിനുള്ള 30 ശതമാനം സ്റ്റാന്‍ഡേഡ് ഡിഡക്ഷനും കഴിഞ്ഞുള്ള വാടക വരുമാനത്തിനാണ് ടി.ഡി.എസ് (സ്രോതസ്സില്‍ നിന്നുള്ള് നികുതി കിഴിവ് /TDS) ഈടാക്കുന്നത്. 1961ലെ ആദായ നികുതി നിയമം അനുസരിച്ച് നിര്‍ദ്ദിഷ്ട സേവനങ്ങള്‍ക്കായി നടത്തുന്ന ഏതെങ്കിലും പേയ്‌മെന്റുകളില്‍ നിന്ന് ചില വ്യക്തികളോ സ്ഥാപനങ്ങളോ ടി.ഡി.എസ് കുറയ്‌ക്കേണ്ടതുണ്ട്.

ഇന്‍കം ടാക്‌സ് ആക്റ്റ് 195 പ്രകാരം 30 ശതമാനമാണ് പ്രവാസികളായ കെട്ടിട ഉടമയില്‍ നിന്ന് ടി.ഡി.എസ് പിടിക്കേണ്ടത്. ഇതിനൊപ്പം സര്‍ചാര്‍ജും മറ്റും ചേരുമ്പോള്‍ 31.2 ശതമാനം വരും. നാട്ടിലുള്ളവരുടെ കെട്ടിടമാണെങ്കില്‍ 50,000 രൂപയ്ക്ക് മുകളിൽ വാടക അടക്കുന്നുവെങ്കിലാണ് ടി.ഡി.എസ് പിടിക്കേണ്ടത്. 10 ശതമാനമാണ് ഇവിടെ ടി.ഡി.എസ്‌. എന്നാല്‍ പ്രവാസികള്‍ക്ക് ഇതു ബാധകമല്ല. എത്ര ചെറിയ തുകയാണെങ്കിലും 31.2 ശതമാനം ടി.ഡി.എസ് പിടിക്കണം.

എന്‍.ആര്‍.ഐയുടെ പേരില്‍ നികുതി വകുപ്പില്‍ ഈ തുക അടയ്ക്കുകയും വേണം. ഇതില്‍ വീഴ്ചവരുത്തിയാല്‍ പ്രവാസിയും വാടകക്കാരനും പിഴയൊടുക്കേണ്ടി വരും. ഇത് ഒഴിവാക്കാന്‍ പ്രവാസികള്‍ തന്റെ വാടകക്കാരെ ആദ്യം തന്നെ ഇതേക്കുറിച്ച് ധരിപ്പിക്കണം.

എച്ച്.ആര്‍.എ ക്ലെയിം ചെയ്യുന്ന ജീവനക്കാരനാണോ?

എച്ച്.ആര്‍.എ (House Rent Allowance/HRA) ക്ലെയിം ചെയ്യുന്ന ജീവനക്കാരാണെങ്കില്‍ ഇപ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് എച്ച്.ആര്‍.എ ക്ലെയിം ചെയ്യുന്നവര്‍ക്ക് നോട്ടീസ് അയക്കുന്നുതായി വാര്‍ത്തകളുണ്ട്. ഇന്‍കം ടാക്‌സ് സ്‌റ്റേറ്റ്‌മെന്റില്‍ എച്ച്.ആര്‍.എ ക്ലെയിം ചെയ്യുന്ന, എന്നാല്‍ വാടക ടി.ഡി.എസ് ഫയല്‍ ചെയ്യാത്ത ജീവനക്കാര്‍ക്കാണ് ഇന്‍കം ടാക്‌സ് നോട്ടീസ് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രോപ്പര്‍ട്ടി ഉടമയുടെ ടി.ഡി.എസ് പിടിക്കുന്നുണ്ടോ? ടാന്‍ (TAN) എടുത്ത് അത് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് അടയ്ക്കുന്നുണ്ടോ എന്നൊക്കെ വ്യക്തമാക്കാനാണ് ആവശ്യം. എന്‍.ആര്‍.ഐയാണ് പ്രോപ്പര്‍ട്ടി ഉടമയെങ്കില്‍ നേരത്തെ പറഞ്ഞതു പോലെ എത്ര ചെറിയ തുകയ്ക്കും ടി.ഡി.എസ് പിടിച്ച് അത് അടയ്ക്കണം. സാധാരണ പൗരന്മാരില്‍ നിന്നുള്ളതാണെങ്കില്‍ 50,000 രൂപയ്ക്ക് മുകളിലുള്ള വാടകയ്ക്ക് ടി.ഡി.എസ് പിടിച്ച് അവര്‍ക്ക് വേണ്ടി ആദായ നികുതി വകുപ്പില്‍ അടയ്ക്കണമെന്നതാണ് നിയമം.

ടി.ഡി.എസ് കട്ട് ചെയ്തിട്ടില്ലെങ്കില്‍ ഒരു ശതമാനം മാസ പലിശ ഈടാക്കും. ടി.ഡി.എസ് പിടിച്ചിട്ട് അടയ്ക്കാതിരുന്നാല്‍ 1.5 ശതമാന പലിശ പിഴയായി ഈടാക്കും. ഇ-ടി.ഡി.എസ് ഫയല്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായാല്‍ ലേറ്റ് ഫീയായി പ്രതിദിനം 200 രൂപ വീതം ഈടാക്കും. ടി.ഡിഎസ് തുകയക്ക് തുല്യമായ തുകയാണ് ഉയര്‍ന്ന പരിധി. നോട്ടീസ് കിട്ടുന്നവരെ സെക്ഷന്‍ 201 പ്രകാരം കുടിശികക്കാരായി കണക്കാക്കും. വ്യാജ എച്ച്.ആര്‍.എ ക്ലെയിം കൂടുന്ന സാഹചര്യത്തിലാണ് നികുതി വകുപ്പിന്റെ നീക്കം.

വാടക ചെലവുകള്‍ക്കായി തൊഴിലുടമ തന്റെ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളത്തിന്റെ ഭാഗമാണ് വീട്ടു വാടക അലവന്‍സ് (എച്ച്.ആര്‍.എ). വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് നികുതി ലാഭിക്കാന്‍ ഇത് സഹായിക്കും.

പ്രവാസിയുടെ വരുമാനവും നികുതിയും

പ്രവാസിയുടെ ഇന്ത്യന്‍ വരുമാനത്തിനൊപ്പം വാടക വരുമാനം കൂടിച്ചേര്‍ത്ത് മൊത്തം തുകയ്ക്കാണ് നികുതി കണക്കാക്കകുക. ഈ വരുമാനം 2.5 ലക്ഷമെന്ന അടിസ്ഥാന പരിധിക്ക് മുകളിലാണെങ്കില്‍ (പുതിയ നികുതി സമ്പ്രദായത്തില്‍ 3,00,000) ആദായ നികുതി അടയ്ക്കണം.

മിക്ക രാജ്യങ്ങളുമായും ഇന്ത്യക്ക് ഇരട്ട നികുതി ഒഴിവാക്കല്‍ ഉടമ്പടിയുണ്ട്. അതുകൊണ്ട് അതും കൂടി കണക്കിലെടുക്കണം.

പല പ്രവാസികള്‍ക്കും ഇന്ത്യയില്‍ വലിയ വരുമാനം കാണില്ല. നിലവിലെ നികുതി അനുസരിച്ച് മൊത്ത വരുമാനം (എഫ്.ഡിയില്‍ നിന്നുള്ള പലിശ ഉള്‍പ്പെടെ) 12 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിച്ച് ഇന്ത്യയില്‍ വരുമാനമില്ല എന്ന സര്‍ട്ടിഫിക്കറ്റ് നേടാനാകും. ഇതു വഴി ടി.ഡി.എസില്‍ നിന്നൊഴിവാകാം. എല്ലാ വര്‍ഷവും ഈ സര്‍ട്ടിഫിക്കറ്റ് പുതുക്കികൊണ്ടിരിക്കണം.

എന്‍.ആര്‍.ഐ വാടക വരുമാനത്തിലെ ഒഴിവാക്കലുകളും കിഴിക്കലുകളും

സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍: സാധാരണ ഇന്ത്യന്‍ റസിഡന്റ്‌സിനെ പോലെ പ്രവാസികള്‍ക്കും മൊത്തം വാടക വരുമാനത്തിന്റെ 30 ശതമാനം സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ക്ലെയിം ചെയ്യാം.

മുന്‍സിപ്പല്‍ ടാക്‌സുകള്‍: പ്രോട്ടര്‍ട്ടിക്ക് നല്‍കുന്ന എല്ലാ മുന്‍സിപ്പല്‍ ടാക്‌സുകളും മൊത്തം വാടക വരുമനത്തില്‍ നിന്ന് കുറയ്ക്കാവുന്നതാണ്.

ഭവന വായ്പയുടെ പലിശ: പ്രോപ്പര്‍ട്ടി വാങ്ങാനായി പ്രവാസി ഭവന വായ്പയെടുത്തിട്ടുണ്ടെങ്കില്‍ അതിന് അടച്ച പലിശ കിഴിക്കാം.

ഇത് പ്രവാസികളുടെ നികുതി ബാധക തുകയില്‍ കുറവു വരുത്താന്‍ സഹായിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com