Begin typing your search above and press return to search.
പാന്‍ 2.0: നിലവില്‍ പാന്‍ ഉള്ളവര്‍ പുതിയതെടുക്കണോ? പാന്‍ നമ്പര്‍ മാറുമോ? എല്ലാ സംശയങ്ങള്‍ക്കും ഉത്തരം ഇതാ
കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിസഭാ യോഗം പുതിയ പാന്‍ 2.0 പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഇതേ തുടര്‍ന്ന് പല സംശയങ്ങളും ഉയര്‍ന്നിരുന്നു. നിലവില്‍ പാന്‍ (Permanent Account Number/PAN) ഉള്ളവര്‍ പുതിയതിന് അപേക്ഷിക്കണോ? നിലവിലെ പാന്‍ നമ്പറില്‍ മാറ്റം വരുമോ? തുടങ്ങി സംശയങ്ങള്‍ ധാരാളമുണ്ട്. ഇതിനെല്ലാം മറുപടി പുറത്തിറക്കിയിരിക്കുകയാണ് ധനകാര്യമന്ത്രാലയം.
♦ എന്താണ് പാന്‍ 2.0 പദ്ധതി?
പാന്‍, ടാന്‍ എന്നിവ വിതരണം ചെയ്യുന്ന പ്രക്രിയ ആധുനികവല്‍ക്കരിക്കാനും പോരായ്മകള്‍ പരിഹരിക്കാനും ലക്ഷ്യമിട്ട് നികുതി വകുപ്പ് അവതരിപ്പിച്ചതാണ് പാന്‍ 2.0 പദ്ധതി. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി, നികുതി വകുപ്പ് ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളിലും ഒരു പൊതു തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ കൂടി ലക്ഷ്യമിടുന്നതാണിത്.
♦ എന്തുമാറ്റമാണ് പാന്‍ 2.0 കൊണ്ടു വരിക?
നിലവില്‍ പല പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് പാന്‍ അധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്നത്. ഇ-ഫയലിംഗ് പോര്‍ട്ടല്‍, യു.ടി.ഐ.ഐ.ടി.എസ്.എല്‍ പോര്‍ട്ടല്‍, പ്രോട്ടീന് ഇ-ഗവ് പോര്‍ട്ടല്‍ എന്നിവ വഴിയെല്ലാം പാനുമായി ബന്ധപ്പെട്ട സേവനങ്ങളുണ്ട്. പാന്‍ 2.0 നടപ്പാകുന്നതോടെ ഇതെല്ലാം ഒറ്റ സംയോജിത പോര്‍ട്ടലിലേക്ക് മാറും. പാനിന് അപേക്ഷിക്കാനും തെറ്റു തിരുത്താനും ആധാര്‍ ബന്ധിപ്പിക്കുന്നതിനും ഓണ്‍ലൈന്‍ പാന്‍ വാലിഡേഷനുമൊക്കെ ഈ ഒറ്റ പ്ലാറ്റ് ഫോം വഴി സാധിക്കും. കാലതാമസം ഒഴിവാക്കി പരാതികള്‍ കുറച്ചുകൊണ്ട് ഈ പ്രക്രിയകള്‍ എളുപ്പത്തിലാക്കാന്‍ ഇത് സഹായിക്കും. പൂര്‍ണമായും കടലാസ് രഹിതമായിട്ടാണ് പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുക.
♦ പണം അടയ്‌ക്കേണ്ടി വരുമോ?
പുതിയ പാന്‍ അനുവദിക്കുന്നതും നിലവിലുള്ള പാനില്‍ തിരുത്തലുകള്‍ വരുത്തുന്നതും പൂര്‍ണമായും സൗജന്യമായാണ്. അച്ചടിച്ച പാന്‍ കാര്‍ഡ് വേണമെങ്കില്‍ 50 രൂപ അടയ്ക്കണം. ഇന്ത്യയ്ക്ക് പുറത്താണെങ്കില്‍ 15 രൂപയും പോസ്റ്റല്‍ ചാര്‍ജും അധികമായി നല്‍കണം. പാനിന്റെ ഡിജിറ്റല്‍ പതിപ്പ് (ഇ-പാന്‍) മാത്രമാണ് സൗജന്യമായി പി.ഡി.എഫ് രൂപത്തില്‍ ഇ-മെയിലില്‍ ലഭിക്കുക.
♦ നിലവിലെ പാന്‍ ഉടമകള്‍ പുതിയ പാനിന് അപേക്ഷിക്കണോ? പാന്‍ നമ്പര്‍ മാറുമോ?
നിലവില്‍ പാന്‍ കാര്‍ഡ് ഉള്ളവര്‍ പുതിയതായി അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. നിലവിലെ പാന്‍ നമ്പറില്‍ മാറ്റം വരില്ല.
♦ നിലവിലെ പാനിലെ തെറ്റു തിരുത്താനും മാറ്റങ്ങള്‍ വരുത്താനും സാധിക്കുമോ?
പാന്‍ 2.0 പദ്ധതി ആരംഭിച്ചതിനു ശേഷം നിലവിലെ പാന്‍ ഉടമകള്‍ക്ക് പേര്, ജനനത്തീയതി, മൊബൈല്‍ നമ്പര്‍ തുടങ്ങിവയില്‍ തെറ്റുണ്ടെങ്കിലോ മാറ്റമുണ്ടെങ്കിലോ അത് സൗജന്യമായി മാറ്റാം. ഇത് നടപ്പാകുന്നതു വരെ ആധാര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ സംവിധാനം വഴിയും മാറ്റം വരുത്താം.
♦ ക്യു.ആര്‍ കോഡ് പുതിയ പാനില്‍ മാത്രമാണോ?
2017-18 മുതലുള്ള എല്ലാ പാന്‍ കാര്‍ഡുകളിലും ക്യു.ആര്‍ കോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പാന്‍ 2.0യിലും തുടരും. ക്യു.ആര്‍ കോഡില്ലാത്ത പാന്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് പുതിയതിന് ഇപ്പോഴും അപേക്ഷിക്കാന്‍ അവസരമുണ്ട്.
♦ ഒരാള്‍ക്ക് ഒന്നിലേറെ പാനുണ്ടെങ്കില്‍ എങ്ങനെ നീക്കം ചെയ്യും?
ആദായ നികുതി നിയമപ്രകാരം ഒരാള്‍ക്ക് ഒന്നിലധികം പാന്‍ കൈവശം വയ്ക്കാന്‍ പാടില്ല. ഇനി അബദ്ധവശാല്‍ രണ്ട് തവണ പാന്‍ നേടിയിട്ടുള്ളവര്‍ അസെസിംഗ് ഓഫീസറെ സമീപിച്ച് അധിക പാന്‍ ഇല്ലാതാക്കാം. പാന്‍ 2.0യില്‍ സാങ്കേതിക വിദ്യ അപ്‌ഗ്രേഡ് ചെയ്യുന്നതിനാല്‍ ഒരാള്‍ ഒന്നിലേറെ പാന്‍ കൈവശം വയ്ക്കുന്നത് തടയും.
Next Story
Videos